നീല പേന നീട്ടിയവൾ
പ്ലസ് വണ്ണിന്റെ ക്ലാസ്സൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ ,അവളെ കണ്ടു ലൈബ്രറിയുടെ സമീപത്തുവെച്ച് അവളെനിക്കു തന്നത് ഡയറിയും, ഒരു നീലപേനയുമാണ്. എന്നിട്ടവൾ പറഞ്ഞത് ;ഇനി മുതൽ നിന്റെ മനസ്സിനെ നോട്ടുബുക്കിന്റെ താളിൽ വരച്ചിടരുത്. നിനക്ക് സ്വപ്നം കാണാനും. പറക്കാനുമാണ് ഞാനീ ഡയറിയും പേനയും തന്നത് '.
അതും പറഞ്ഞ് ഞങ്ങളിരുവരും നടന്നു നീങ്ങി. 2 മാസത്തെ വെക്കേഷനിലാണ് അടുത്തുള്ള ലൈബ്രറിയിലെ ഭൂരിഭാഗം പുസ്തകങ്ങളും വായിക്കുന്നത്. രാവിലെ പത്തു മണിക്കു വീട്ടിൽ നിന്നിറങ്ങിയാൽ വൈകിട്ട് 4.30 നേ വീട്ടിലെത്തൂ.
അന്നൊന്നും ഫോണിലില്ലാത്തതു കൊണ്ട് ശ്രീലക്ഷ്മിയെ വിളിക്കാറൊന്നും ഇല്ല.കത്തെഴുതും.
അങ്ങനെയിരിക്കെ ശ്രീയുടെ ഒരു കത്തു വന്നു. കത്തിൽ ' നീ എന്തായാലും ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കണം ,സ്വന്തമായി വാങ്ങിച്ചു സൂക്ഷിച്ചു വെയ്ക്കുകയും വേണം' എന്ന്.
ഞാൻ മറുപടിയെഴുതി ' എന്താ കാര്യം? വാങ്ങാനൊന്നും ഞാനില്ല ,ലൈബ്രറിയിൽ പോയി വായിക്കാം' എന്നു മാത്രം.
ലൈബ്രറിയിൽ ചെന്നപ്പോൾ ആഴ്ചപ്പതിപ്പ് ആരോ കൊണ്ടുപോയിരുന്നു.
അപ്പോഴുണ്ട് 2 ദിവസം കഴിഞ്ഞ് ശ്രീ എന്നെ തേടി വീട്ടിലേക്ക്, വീട്ടിലെത്തിയപ്പോ ഞാൻ ലൈബ്രറിയിലാണെന്നു അറിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചില്ലേ ? എന്നു ചോദിച്ചു കൊണ്ടാണ് ലൈബ്രറിയുടെ മുൻപിലുള്ള ഇടിഞ്ഞ പടവുകൾ കയറി അവൾ വരുന്നു.
എന്റെ മുഖഭാവം കണ്ട് അവൾക്ക് മനസ്സിലായി വായിച്ചിട്ടില്ല എന്ന്, ഫിദൽ കാസ്ട്രോയുടെ മുഖചിത്രമുള്ള ചുവപ്പണിഞ്ഞ മാതൃഭൂമി ആഴ്ചപ്പതിപ്പ് എനിക്കു നേരെ നീട്ടി. ഞാനതു വാങ്ങി അപ്പോൾ അവൾ പറഞ്ഞു അതിലെ അവസാന ഭാഗം ( കോളേജ് പംക്തി) ആദ്യം വായിക്കൂ. എന്നിട്ടുമതി ബാക്കിയൊക്കെ. അവളു പറഞ്ഞ പോലെ ഞാൻ മറിച്ചു നോക്കി ; മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വീണ്ടും കവിത പ്രത്യക്ഷപ്പെട്ടു.
അങ്ങനെ വെക്കേഷൻ കഴിഞ്ഞു. റിസൽട്ട് വരുന്നതിനു മുൻപു തന്നെ പ്ലസ്ടുവിലായി .പ്ലസ്സ് വണ്ണിന്റെ പരീക്ഷ കഴിഞ്ഞു.റിസൽട്ട് അറിഞ്ഞിട്ടില്ല. ഞാനും ശ്രീയും ഒരു സ്കൂളിലായിരുന്നില്ല. കവിതാ രചനാ മത്സരത്തിൽ വെച്ചാണ് അവളെ കാണുന്നതും പരിചയപ്പെടുന്നതും.
'ഒരേ ദിശയിലൊഴുകുന്ന രണ്ട് പുഴകൾ' എന്നാണ് ഞങ്ങളെ വിജയൻ മാഷു വിളിക്കാറുള്ളത്.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അവസാനമായി അവളുടെ കത്തു വരുന്നത്. എന്നെ കാണണം, കത്തു കിട്ടിയാലുടനെ തന്നെ നീ വരണം, എന്നായിരുന്നു കത്തിൽ.
അന്നാണ് ഞാനാദ്യമായി ഒറ്റയ്ക്ക് കോഴിക്കോട്ടേയ്ക്ക് പോകുന്നത്.മെഡിക്കൽ കോളേജ് എന്താണ് എന്നൊന്നും അറിയില്ല. ചോദിച്ചറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. അവിടെയുള്ളവർക്കു തന്നെ വഴി തെറ്റുന്നു.പിന്നെയാണോ എന്റെ കാര്യം. ഞാൻ ഏതിലൊക്കെയോ പോയി. വിവരം പറയാൻ ഫോണും ഇല്ല. ഒരുപാട് കറങ്ങി തിരിഞ്ഞ് ശ്രീ കിടക്കുന്ന റൂമിലെത്തി.തലയിൽ മുടിയില്ലാത്ത അവളെ കണ്ടതു മാത്രം . പിന്നെ സംഭവിച്ചതെല്ലാം അവ്യക്തം.
ശ്രീയുടെ ചേച്ചി എന്റെ കൈ പിടിച്ച് അവൾക്കരികിലേക്ക് കൊണ്ടു പോയി. ശ്രീ എന്റെ കൈ പിടിച്ചു ഒന്നും സംസാരിക്കാതെ... ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു.രണ്ടു പേരുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. കുറെ സമയം അങ്ങനെ നിന്നു. അവൾ എന്തൊക്കെയോ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചേച്ചി എന്നെയും കൂട്ടി വരാന്തയിലിരുന്നു. അച്ഛനും അമ്മയും ഡോക്ടറുടെ കൂടെ റൂമിലേക്കു പോയി.അവൾക്കരികിൽ ഒരു ഡോക്ടറും, നേഴ്സും ഉണ്ട് .
സമയം ശരവേഗത്തിലാണ് പായുന്നത്. എന്തൊക്കെ സംഭവിച്ചാലും അവളെ വിട്ട് പോവില്ല എന്നുറച്ച തീരുമാനത്തോടെ ഞാൻ വരാന്തയിലിരുന്നു. പക്ഷേ അവളെന്നെ തോല്പിച്ചു. എന്നെ തനിച്ചാക്കി നീണ്ട മൗനത്തിലേക്ക് പോയി മറഞ്ഞു .
ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും നിനക്കു വേണ്ടിയുള്ള കാത്തിരിപ്പിലിന്നു ......
കാലത്തു നേരത്തു ചന്ദ്രനുദിക്കുന്ന കാലം വരെ ആ കാത്തിരിപ്പ് തുടരുക തന്നെ ചെയ്യും.
അവളറിയാൻ അവളെഴുതുന്നു!