Archives / May 2019

കെ.ആർ.കണ്ണന്നൂർ
ആധാർ ബന്ധം

ഒറ്റപ്പെട്ട സഞ്ചിയുമായി, 

റേഷൻ കടയുടെ

 മുന്നിലെ ക്യൂവിൽ 

അവൾ ഒടിഞ്ഞു,

 തുങ്ങി നിന്നു.

അസ്ഥിയോടൊട്ടിയ പൊക്കിൾക്കുഴി പതിവിലേറെ ആഴത്തിലേക്ക് പോയിട്ടും കീറിപ്പറിഞ്ഞ

കുപ്പായത്തിനിടയിലൂടെ പുറത്തേക്കെത്തി നോക്കി.

സാറേ ..... അരി !

ഓട്ടപ്പെട്ട സഞ്ചിയിലൂടെ അരി താഴെ വീഴാതിരിക്കാൻ ചുള്ളിക്കമ്പു പോലുള്ള വിരലുകൾ കൊണ്ട് അവർത്തിപ്പിടിച്ചു.

റേഷൻ കാർഡ് തിരിച്ചു നീട്ടിയ കൈകൾ അവളെ തുറിച്ചു നോക്കി .

ഇത് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല ....

അയ്യോ... സാറേ ...

ഓരാഴ്ചത്തെ പട്ടിണി മണ്ണിലേക്ക് നെഞ്ചിടിച്ച് പതിച്ച് നേർത്ത തേങ്ങലുകൾ മുഴങ്ങി.

പുല്ലരിഞ്ഞ് കിട്ടിയ രണ്ടക്ക സംഖ്യകൾ അഞ്ചാറു വയറിനുള്ളിൽ ആത്മഹത്യ ചെയ്തു കൊണ്ടിരുന്നു.

ജരാനര ബാധിച്ച ഭരണകൂടം

കഴുത്തിൽ വരിഞ്ഞ് മുറുകുകയാണ്. 

കലണ്ടറിലെ ചുവന്ന അക്കങ്ങൾ ആരുടെയൊക്കെയോ രക്തങ്ങളെ ഊറ്റിക്കുടിച്ചു.

അമ്മേ... വിശക്കുന്നു...

അവളിലെ അവസാനത്തെ ജീവന്റെ കണികയെ വിശപ്പ് തീന്നു തീർക്കുമ്പോൾ വിറയ്ക്കുന്ന ചുണ്ടിലേക്കിറ്റിയ കണ്ണീർത്തുള്ളികൾ കരഞ്ഞു പറഞ്ഞു.

മോളേ... ഇന്നും അവധിയാണ്...

അന്തരീക്ഷം ചീഞ്ഞുനാറിത്തുടങ്ങിയപ്പോൾ

ആരോ പറയുന്നത് കേട്ടു ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും അത് ആരുടെയൊക്കെയോ വിശപ്പാറ്റുന്നുണ്ട്...

 

 

 

Share :