Archives / May 2019

മുല്ലശ്ശേരി
വൃദ്ധൻ .... ചുമലിൽ ഭാണ്ഡം

നോവൽ 

 

(ഇരുപത് )

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 -ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചു മുതൽ പതിനെട്ട് വരെ archives ഏപ്രിൽ 2019- ലും പത്തൊൻപത് ഹോം പേജിലും വായിക്കാം)

         നിധിൻ ഒന്ന് രണ്ട് ദിവസമായി എന്നോട് ഒരു പ്രത്യേകത കാണിക്കുന്നുണ്ടു. മാത്രവുമല്ല എന്നോട് എന്തോ പറയാനുണ്ടെന്ന മുഖഭാവവും അവനിലുണ്ടു. പക്ഷേ അവന് എന്ത്കൊണ്ടോ അത്  എന്നോട് പറയാനാവുന്നുമില്ലെന്ന ഭാവം മുഖത്ത് വരുമ്പോൾ അവൻ വിഷമിക്കുന്നുമുണ്ട്.

     ഞാൻ അതൊന്നും തന്നെ കാര്യമാക്കാതെ മിക്കപ്പോഴും മുൻവശത്തുള്ള  ചെയറിലിരിക്കുകയാണ് പതിവ്. വായിക്കാനും ഒരു താല്പര്യമില്ലായ്മ എന്നിൽ കടന്ന് കൂടിയിട്ടുണ്ടു. ചിലപ്പോൾ അങ്ങനെയാണ് ആകെയൊരു മൂഡില്ലാത്ത യവസ്ഥ. അപ്പോൾ ഞാൻ തീരെ ലക്ഷ്യബോധമില്ലാത്തവനാകും.

          പെട്ടെന്നാണ് അയാൾ അത് വഴി പോകുന്നതായി എനിക്ക് തോന്നി. ഞാൻ എഴുന്നേറ്റ് ഗേറ്റിലൂടെ നോക്കുമ്പോൾ അയാൾ നടന്നു് പോകുന്നു. വളവ് തിരിഞ്ഞത് കൊണ്ട് ശരിക്കും കണ്ടില്ല. അയാളുടെ വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു. അയാൾ ഗേറ്റിലൂടെ അകത്ത് കയറുന്നത് പോലെ തോന്നി. ഞാൻ ഗേറ്റിനടുത്തെത്തി.  ഗേറ്റ് ഒരാളിന് കടന്ന് പോകാൻ പാകത്തിനു് തുറന്നിട്ടിട്ടുണ്ട്. അതിലൂടെ ഞാൻ അകത്ത് കയറി. മാച്ചിംഗ് നിറത്തിലുള്ള ടൈൽസിട്ട് മുറ്റം മോടിപിടിപ്പിച്ചിട്ടുണ്ടു. രണ്ടു ഭംഗിയുള്ള പൂച്ചകൾ ആ മുറ്റത്തു കളിക്കുന്നു. സിറ്റൗട്ടിൽ കയറി കാളിംഗ് ബെൽ അമർത്തി. ബെൽ ശബ്ദം എനിക്ക് കേൾക്കാം.പക്ഷേ അകത്ത് നിന്നും ആരും വന്നില്ല. '' കയറി ഇരിക്കു'' എന്ന് അകത്ത് നിന്നും ആരോ പറഞ്ഞത് പോലെ എനിക്ക് തോന്നി. അകത്ത് ഡ്രായിംഗ് റൂമിൽ കയറിയിരുന്നു. ഭിത്തിയിൽ ടി.വിയുണ്ട്. ഞാൻ ഇരുന്ന സെറ്റിക്ക് എതിരെ മരത്തിൽ കൊത്തിയെടുത്ത വേദന വിഴുങ്ങുന്ന ഒരു മനുഷ്യരൂപം ,ആ മനുഷ്യൻ അപൂർണ്ണനാണെങ്കിലും , ആ വേദന വല്ലാത്തൊരു പൂർണ്ണത  അതിനെ നോക്കുന്നവർക്ക് സമ്മാനിക്കുന്നുണ്ടു. അത് കൊണ്ട് തന്നെ ആ നോട്ടം ഞാൻ പിൻവലിച്ചു.  അയാളുടെ എഴുത്ത് കസേരക്ക് എതിരെയുള്ള ടീപ്പോയിൽ എഴുത്ത് പലകയിൽ എഴുതിയ പേപ്പറുകൾ ക്ലിപ് ചെയ്ത് വെച്ചിട്ടുണ്ടു. അലക്ഷ്യമായി പത്രങ്ങളും വാരികകളും കിടപ്പുണ്ടു. പല വാരികളുടെ റാപ്പർ പോലും പൊട്ടിച്ചിട്ടില്ല. വായിച്ച് കൊണ്ടിരുന്ന ഒരു ഇംഗ്ലീഷു പുസ്തകം ആ പേജിൽ തന്നെ കമഴ്ത്തി അടുത്തുള്ള മറ്റൊരു സെറ്റിൽ വെച്ചിട്ടുണ്ട്. ഒരു ദിവസത്തിൽ ,,കുടുതൽ സമയവും ആ റൂമിലാണ് അയാൾ ഇരിക്കാറുള്ളതെന്നു് എനിക്ക് തോന്നി. മാത്രവുമല്ല ഗസ്റ്റുകളില്ലാത്തൊരു ഡ്രായിംഗ് റൂമായതിനെ വിശേഷിപ്പിക്കുന്നതാവും കൂടുതൽ ഉചിതം. കൂട്ടത്തിൽ ഒരു ഡയറിയും കണ്ടു. ഡയറിക്കകത്ത് പേന വെച്ചിട്ടുണ്ട്. പകുതിയോളം പേന പുറത്ത് കാണുന്നുണ്ട്. 

        എഴുത്ത് പലകയിൽ ക്ലിപ് ചെയ്തു വെച്ചിട്ടുള്ള പേപ്പറിൽ എന്റെ ശ്രദ്ധ പതിഞ്ഞു  , ഒരു പേപ്പറിൽ കുറിച്ചിരിക്കുന്നതു്: 

''ദൈവത്തെക്കുറിച്ചുള്ള ധാരണ ,പലർക്കും വ്യത്യസ്തമാണ് -- മനുഷ്യനും വ്യത്യസ്തനാണല്ലോ ---  വ്യത്യസ്ത മനുഷ്യർ ഉണ്ടാക്കിയ വ്യത്യസ്ത അളവ്കോൽ കൊണ്ട് അളക്കുമ്പോഴാണ് ദൈവത്തിന് ''ദൈവീക '' പരിവേഷം വരുന്നത്. എങ്കിൽ ദൈവത്തെ അളക്കാൻ ''അളവ്കോൽ'' ഉണ്ടാക്കിയ മനുഷ്യർ ഇവിടെ നിന്ന് കടന്ന് പോകുമ്പോഴും ദൈവം ഇവിടെ തന്നെയുണ്ടു. അപ്പോൾ ദൈവം ആരാണ്? എന്താണ്?  അവിടെയാണ് ദൈവം പ്രകൃതി ശക്തി മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടത് - ഒപ്പം ദൈവത്തിന്റെ നിമയങ്ങൾ പ്രകൃതി നിയമങ്ങളുമാണ് -പക്ഷേ  പലതരം പരിവേഷം ദൈവത്തിന് ചാർത്തിക്കൊടുക്കലാണ് നമ്മുടെ ഇഷ്ട വിനോദം ഇതിന് വേണ്ടി എല്ലാ മതങ്ങളും മത്സരിക്കുന്നു. പക്ഷേ , ഈ മത്സരത്തിൽ ദൈവം മാത്രം പങ്കെടുക്കുന്നതേയില്ല............. ''

       മറ്റൊരു പേപ്പറിൽ എഴുതിയിരിക്കുന്നത്:   

''വാനമ്പാടി രാവിലെ പാടുന്നത് ദൈവത്തെ സ്തുതിച്ചാണ് -- എല്ലാ പക്ഷിമൃഗാദികളും ഉറക്കത്തിൽ നിന്നുണരുമ്പോൾ തീർച്ചയായും മനോഹരമാണെങ്കിലും അല്ലെങ്കിലും അവയുടെ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടു -- ഒരു സങ്കീർത്തനം പോലെ .  പക്ഷേ മനുഷ്യന് മാത്രം  കാലവും നേരവും നോക്കി ഇറങ്ങും ദൈവത്തെ സ്തുതിക്കാൻ....... ഒന്ന് ഉറപ്പലേ ?സർവ്വ വ്യാപിയായ ദൈവത്തെ സ്തുതിക്കാൻ കാലവും നേരവും നോക്കണമോ?....: ''

  മറ്റൊരിടത്ത്:

ഉള്ളിൽ അടിഞ്ഞ വീർപ്പുമുട്ടലുകൾ
ഒരു തേങ്ങലായെങ്കിലും പുറത്ത് പോയെങ്കിൽ ........

ഈ ജന്മം
----------------
   എന്റെ ഈ ജന്മത്തിന് തെറ്റ് പറ്റി.   കഴിഞ്ഞ ജന്മത്തിന്റെ ബാക്കിപത്രമായി വേണം ഈ ജന്മം ജനിക്കേണ്ടത്.    ഈ മണ്ണിൽ എന്റെ നാമ്പില്ല.
വേരില്ലാത്തിടത്ത് എങ്ങനെ നാമ്പ് വരാൻ?

മരണത്തിന്റെ മുഖം
------------------------------- 
      മരണത്തിന് പ്രത്യേക മുഖമില്ല. എപ്പോൾ വേണമെങ്കിലും ആരുടെ മുഖവും എടുത്തണിയാം. അപ്പോൾ പിന്നെ മരണത്തിനു് പ്രത്യേക മുഖം വേണ്ടല്ലോ !

     ഞാൻ ഒക്കെയും വായിച്ച് കൊണ്ടിരുന്നു.
ഒരിടത്ത് എത്തിയപ്പോൾ ഞാൻ അറിയാതെ പകച്ചു പോയി.

       വൃദ്ധൻ
        -------------
               ഒറ്റപ്പെട്ട് പോയ ഒരു വൃദ്ധന്റെ മനസ് - നിങ്ങൾക്കറിയുമോ? ആ മനസിൽ നിങ്ങളെക്കാളേറെ ,സ്നേഹം ഒളിച്ച് വെച്ചാണ് അയാൾ നടക്കുന്നത് . അയാളുടെ കണ്ണകളെ നിങ്ങൾ നോക്കിയിട്ടുണ്ടോ?  ഇല്ല. അതിന് നിങ്ങൾക്കു് സമയമില്ല. തിരക്കാണ് നിങ്ങൾക്കെന്നും , എങ്കിലും യാദൃശ്ചികമായിയെങ്കിലും ഒന്ന് ആ കണ്ണുകളിലേക്ക് നോക്കണം. അപ്പോൾ നിങ്ങൾക്കറിയാനാകും ആ കണ്ണുകളിൽ ഒളിച്ച് വെച്ചിട്ടുള്ള സ്നേഹം ,വാത്സല്യം , ഒക്കെ......'

       നിരത്തിലൂടെ നടന്ന് പോകുന്ന ബാല്യങ്ങളെ നോക്കി അയാൾ വാത്സല്യം പങ്കിടാൻ നോക്കുമ്പോൾ നിങ്ങളത് കണ്ടില്ലെന്ന് നടിക്കും. ആ ബാല്യങ്ങളെ അയാളിൽ നിന്നും മാറ്റി പിടിക്കാൻ നിങ്ങൾ നോക്കും. അപ്പോഴും ആ വൃദ്ധൻ നിങ്ങളെ നിവൃത്തികേടിൽ നോക്കും -പങ്കിടാൻ വന്ന ആ വാത്സല്യത്തെ --- നിങ്ങൾ തട്ടിക്കളഞ്ഞ ആ വാത്സല്യത്തെ ,  അയാൾക്ക് തിരികെ ഉൾക്കൊൾള്ളണ്ടതാണല്ലോ --- അവിടെയാണ് അയാളും നിന്ന് വിറച്ച് പോകുന്നത് -- എന്ത്ചെയ്യണമെന്നറിയാതെ.

          എങ്കിൽ , ആ വൃദ്ധന് നിങ്ങളെ ഭയവുമാണ്-- കാരണം അയാൾക്കറിയാവുന്നവരിൽ ഒരാളാണ് നിങ്ങൾ .  അതു പോലെ അയാളെ അറിയാവുന്ന ഒരാളും നിങ്ങളാണ് --- ആ നിങ്ങൾ കൂടി  അയാളെ അറിയില്ലെന്ന് നടിച്ചാലോ ?

       ഇത്രയും വായിച്ചപ്പോഴേക്കും എന്റെ മനസാന്നിധ്യം നഷ്ടപ്പെടുന്നത് പോലെ തോന്നി.  എഴുത്ത് പലക തിരികെ അവിടെ വെച്ച് ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി നടന്നു.

(തുടരും)

Share :