Archives / May 2019

ആര്യ എ,ജെ, മാർ ഇവനിയോസ് കോളേജ് തിരുവനന്തപുരം
ഹരിതാഭത്തിൻ വാസ്തവം

പൂർവ്വികർ പാടിടും കൊയ്ത്തുപാട്ടിൽ
നിറഞ്ഞു തുളുമ്പുമാ ഭൂമി ഗീതം
വീഴുന്ന തുള്ളിയെ, ഉണ്ണിയോടെന്ന പോൽ
മാറോടണച്ചിടും മാതൃസ്നേഹം.
ആരുമേ കണ്ടില്ല മുത്തശ്ശി ചൊല്ലിയ
പച്ചപ്പിൻ ഗോപുരം ഇവിടെങ്ങുമേ,
ഉരിയാടൻ വെമ്പുമാ കുഞ്ഞിളം മൊട്ടുകൾ
അവയേയും പിന്നാരും കണ്ടതില്ല...
പ്രഭയിൽ കുളിച്ചിടും പ്രഭാകരനെ വെല്ലും
കരുത്തുറ്റ ഉടലിൻ ഉടമകൾ,
കാത്തു സൂക്ഷിച്ചൊരി ഹരിതലോകത്തെ
മനുഷ്യകുലത്തിനായി വിട്ടു നൽകി.
നാമോ മാനവർ, നന്ദികേടിൻ പര്യായം
കൊന്നൊടുക്കിയില്ലേ ആ നന്മയെ,
നീലയും മഞ്ഞയും പച്ചയുമെല്ലാം
കറുപ്പായി മാറ്റിയില്ലേ നാമങ്ങനെ.
ഞാനും മനുഷ്യൻ, നീയും മനുഷ്യൻ
സ്വയമാർത്തു വിളിക്കും കൊലയാളികൾ,
കനിവൊട്ടുമില്ലാത്ത മാംസപിണ്ഠങ്ങൾ
ആയുധം പേറിടും അസുരഗണങ്ങൾ.
ഞാനിന്നു കണ്ടു, എൻ ദൃഷ്ടിയിൽ
മൺമറഞ്ഞു പോയൊരാ നന്മയെ,

എന്നുള്ളിൽ ആശ്വാസ പുഞ്ചിരി വിടരവേ
മറക്കുവാൻ ഓർത്തു ഞാനീ വാസ്തവം;
"ഹരിതാഭമിവിടം കിനാക്കളിൽ മാത്രം
യാഥാർത്യം ഇന്നിപ്പോൾ മരുഭൂമി മാത്രം!"

Share :