*കഥകളുമായി ഒരേകാകിയുടെ അലച്ചിൽ*
കഥക്ക് വേണ്ടിയുള്ള അശാന്തമായ അലച്ചിലിൽ പ്രവാസ ജീവിതത്തിന്റെ ഉപ്പ് കാറ്റേറ്റ് തീവ്രമായ അനുഭവതലത്തെ തനിക്കുമാത്രമായി വരച്ചിടാവുന്ന ഒരു രചനാ പാടവം നേടിയെടുത്ത എഴുത്തുകാരനാണ് സുറാബ്. കഥകളിലൊക്കെ ഒരേകാകിയുടെ ഹൃദയം സ്പന്ദിക്കുന്നത് കാണാം. സുറാബിന്റെ കഥകളെ പറ്റി സിവി ബാലകൃഷ്ണൻ പറയുന്നു *"എഴുത്തുകാരുടെ മാർഗ്ഗങ്ങൾ, ജീവിതംപോലെതന്നെ, പരസ്പരഭിന്നവും വിചിത്രവുമത്രെ. സ്വന്തം സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സുറാബ് വ്യഥാഭരിതമായ ചില വാക്കുകൾ ഇവിടെ കുറിച്ചിടുന്നുണ്ട്. പഴയ കളിവഞ്ചിയുടെയും മൈലാഞ്ചിചോപ്പിന്റെയും കുപ്പിവളകളുടെയും ഓർമകൾ നെഞ്ചിലേറ്റിയുള്ള അശാന്തമായ അലച്ചിലുകൾക്കിടയിൽ സാന്ത്വനമായിത്തീരുന്നത് പറയാത്ത കഥകളായിരിക്കണം. അവ പറഞ്ഞുകേൾപ്പിക്കുമ്പോൾ സുറാബ് സാധിക്കുന്നത് ഉള്ളിലെ തീവ്രമായ ഗൃഹാതുരത്വം പങ്കിടുകയാണ്. പ്രവാസ ജീവിതത്തിന്റെ ഊഷരതയെ, അതുളവാക്കുന്ന അസംതൃപ്തികളെ അങ്ങനെ അതിജീവിക്കാമെന്നു സുറാബ് കരുതുന്നു. ഒരു ഏകാകിയുടെ ഹൃദയം ഈ കഥകളിലൊക്കെയും സ്പന്ദിക്കുന്നുണ്ട്"* കുഞ്ഞു കഥകളിലൂടെ വിശാലമായ ഒരിടം വായനക്കാരന് മുന്നിൽ തുറന്നു വെക്കാൻ ഈ കഥകൾക്കാവുന്നുണ്ട്.
*ബിയ്യാത്തുവിന്റെ പരാതികൾ* എന്ന കഥയിലെ ബിയ്യാത്തു നമ്മെ സങ്കടപെടുത്തുന്നത് കൈവിട്ടുപോയ ജീവവിതത്തിന്റെ പുകച്ചിലായാണ്, എന്നാൽ കഥ വളരെ ലളിതമായി പറയുന്ന ആഴമേറിയ ചില അർത്ഥങ്ങൾ കൂടി അതിലടങ്ങിയിട്ടുണ്ട്. ഖബറുവെട്ടുകാരൻ മമ്മത്മാർ നമുക്കിടയിൽ തന്നെ ധാരാളം ഉണ്ട്. ഇരുട്ടിൽ കരഞ്ഞു തീർക്കുന്ന ബിയ്യാത്തുമാരും. ചിലർ സ്വയം ഒരു തീവണ്ടിയുടെ കനിവിലേക്ക് ആരും കാണാതെ ഇഴഞ്ഞു പോകുന്നു. പിന്നെയവർ പനിനീർ ചെടിയായി കിളിർക്കുന്നു.
*കുമാരസംഭവം* എന്നു കേൾക്കുമ്പോൾ നമ്മളിലേക്ക് സ്വാഭാവികമായും വരുന്ന ഒന്നല്ല ഈ കഥ. കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേരുന്ന ഒരു കുഞ്ഞുകഥ. കഥയുടെ അവസാനം കൂട്ടിച്ചേർത്ത വരികൾ അതിനെ സാധൂകരിക്കുന്നു.
*"സംവാദം: ചക്ക, മാങ്ങ പോലെ വാഴക്കുലകളും സാഹിത്യത്തിൽ വ്യാപകമായി അപഹരിക്കപ്പെടുന്നുണ്ട്"* വാഴക്കുലമോഷണത്തിലൂടെ കഥ പറയുന്നതും അതൊക്കെ തന്നെ.
രണ്ടു കാലങ്ങളുടെ വ്യത്യാസങ്ങൾ ജീവിതങ്ങളുടെ അസന്തുലിതാവസ്ഥയുമൊക്കെ ഒരു വീടുപണിയുടെ ടെണ്ടറിലൂടെ പറയുന്ന കഥയാണ് *ടെണ്ടർ* കുഞ്ഞമ്പു മെയ്‌സിരിയുടെ പഴയ കാലം അല്ല ഇന്ന് ആധുനിക വിദ്യ കയ്യാളുന്ന ചെറുപ്പക്കാരുടെ കാലമാണ്. അതിലെ കറുപ്പും വെളുപ്പും കഥയിൽ കാണാം. *"ആഘോഷത്തിമിർപ്പിൽ കുഞ്ഞമ്പുമെയ്സിരിയെ എല്ലാവരും മറന്നു. അയാളൊരു പഴഞ്ചനാണ്. മാറ്റി പണിയാൻ കഴിയാത്ത മുൻവശത്തെ തൂണാണ്"* കഥ ഇങ്ങനെ അവസാനിക്കുമ്പോൾ കാര്യങ്ങൾ വ്യക്തം.
*ആവിഷ്‌ക്കാരം* എന്ന കുഞ്ഞുകഥ എഴുതുലോകത്തെ വഴിവിട്ട പ്രവണതകളെ വിമർശനത്തിലൂടെ കാണുന്ന കഥയാണ്.
ശിവരാമന്റെ എഴുതുന്നു* പ്രവാസികൾ നേരിട്ട അവസ്ഥയാണ്. നീണ്ട കാലത്തെ രസകരമായി കത്തുകളിലൂടെ കൊണ്ടുപോകുന്നു.
*പുക* എന്ന കുഞ്ഞുകഥ കാലങ്ങൾ കുഴിച്ചുമൂടുന്ന ഓർമ്മകളെ വരച്ചു വെക്കുന്ന ഒന്നാണ്.
ഈ പുസ്തകത്തിലെ മികച്ച കഥകളിലൊന്നാണ് *കാഴ്ച*
*പാത്തുമ്മയും ഒരു ആടായിരുന്നു* എന്ന കഥയിൽ പറയുന്ന പ്രതീകാത്മകമായ വിവരണങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ എത്തിനോക്കി പോയവയായിരിക്കും. കഥയിലെ കുഞ്ഞിപ്പാത്തുമ്മയും മുത്തുക്കോയയും രണ്ടു മിത്തുകളെന്ന പോലെ കഥയിൽ നിറഞ്ഞു നിൽക്കുന്നു.
*ഒരിടത്ത് ഒരു മരമുണ്ട്* പുസ്തകത്തിന്റെ ശീര്ഷകവും ഇതാണ്. സർവ ലോകരെ അതിസംബോധനം ചെയ്യുന്ന കഥയാണ് ഇത് കാലമോ ദേശമോ മാറിയാലും മാറാത്ത കഥകളുണ്ട്. കഥപറച്ചിൽ തന്നെ ഒരു കഥയാക്കിയുള്ള രീതി കഥയെ കൂടുതൽ മെച്ചപ്പെടുത്തുന്നു. *"മരുഭൂമിയിൽ ഒരിടത്ത് ഒരു മരമുണ്ട്. മഴ നനയാത്ത മരുഭൂമിയിൽ..." അടുത്ത തലമുറയോട് കഥ ഇങ്ങനെതുടങ്ങുമ്പോൾ മൽസ്യം മോതിരം വിഴുങ്ങുന്ന പോലെ ആ മരം പണ്ടൊരാൾ ഈന്തപ്പഴത്തിന്റെ കുരു വിഴുങ്ങി ഉണ്ടായതാണെന്നു പറയാൻ മടിയ്ക്കുമോ എന്തോ... അല്ലെങ്കിലും എല്ലാ ചരിത്രത്തിലും പറയാൻ മടിക്കുന്നത് മറച്ചുവയ്ക്കൽ നമ്മുടെ ശീലമാണല്ലോ..."* കഥയിങ്ങനെ തീരുമ്പോൾ അവസാനിക്കുകയല്ല കഥ തുടങ്ങുകയാണ്.
ഈ പുസ്തകത്തിൽ ഇത്തരത്തിൽ കഥക്ക് ശേഷം നമ്മെ നടത്തിക്കുന്ന കഥകൾ ഇനിയും ഉണ്ട്. *അഞ്ച് ആധുനിക വർത്തമാനങ്ങൾ, അലക്ക്, എഴുത്തിന്റെ വഴികൾ..* ഇങ്ങനെ ചെറുതും വലുതുമായ പഴയ കളിവഞ്ചിയുടെയും മൈലാഞ്ചി ചോപ്പിന്റെയും ഓർമ്മകളെ തഴുകുന്ന കഥകൾ. കഥയിലും നോവലിലും തന്റേതായ ഒരു വഴി വെട്ടിത്തെളിച്ചു സ്വയം ചൂട്ടുകത്തിച്ചു വെളിച്ചം പകർന്നു മരുഭൂമിയിലൂടെ കടന്നുപോയി നാടിന്റെ പച്ചപ്പിൽ തന്റെ സർഗ സപര്യ തുടരുന്ന എഴുത്തുകാരനാണ് സുറാബ്. സുറാബിന്റെ രചനകളെ വേണ്ടവിധത്തിൽ മലയാള സാഹിത്യലോകം തുറന്നു നോക്കിയില്ല എന്നത് ഇതിനോട് ചേർത്തു വായിക്കണം. സുറാബ് കൃതികളുടെ വായന ഇനിയും നടക്കട്ടെ.