നാറിയോനെ ചുമന്നാല്‍...
മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍പെട്ട പയ്യനല്ലൂര്‍ ഗവ.ഹൈസ്കൂളിലാണ് ഞാന്‍ അഞ്ചാം ക്ലാസ്സു മുതല്‍ പത്തുവരെ പഠിച്ചത് (1970-75). പഠനത്തോടൊപ്പം സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടുനടന്ന ഞാന്‍ ഒന്‍പതിലും പത്തിലും സ്കൂള്‍ സ്പീക്കറുമായി (ഇന്നത്തെ ചെയര്‍മാന്‍). സ്കൂളിനടുത്തുള്ള പ്രമുഖ കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ അധ്യാപകര്‍ക്കെല്ലാം എന്നെ അറിയാമായിരുന്നു എങ്കിലും വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ ഞാന്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു.
ഒരു വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അകാരണമായി മര്‍ദ്ദിച്ചതിന്‍റെ പേരിലാണ് ഞാന്‍ ആദ്യമായി സമരരംഗത്തെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പേടി സ്വപ്നമായ, നാട്ടിലെ പ്രമാണികൂടിയായ ആ അദ്ധ്യാപകന്‍ എന്‍റെ ബന്ധുവായിരുന്നു. ഈ സംഭവം ഉപജീവിച്ച് പില്‍ക്കാലത്തെഴുതിയ \'വിദ്യാര്‍ത്ഥിഐക്യം (ബാലയുഗത്തില്‍ പ്രസിദ്ധീകരിച്ചു) എന്ന ഏകാംഗനാടകമാണ് അച്ചടിമഷി പുരണ്ട എന്‍റെ ആദ്യത്തെ സൃഷ്ടി.
വിദ്യാര്‍ത്ഥിരാഷ്ട്രീയവും സ്കൂള്‍ പാര്‍ലമെന്‍റിന്‍റെ നേതൃത്വവുമൊക്കെ ഉണ്ടായിരുന്നെങ്കിലും പഠനത്തിലും ഞാന്‍ മോശമായിരുന്നില്ല. പ്രത്യേകിച്ചും മലയാളത്തില്‍ ഞാന്‍ വളരെ മുന്‍പിലായിരുന്നു. മാര്‍ക്കിന്‍റെ കാര്യത്തില്‍ ഉദാരമായ യാതൊരു സമീപനവുമില്ലാത്ത അക്കാലത്ത് മലയാളത്തിന് ക്ലാസ്സ് ടെസ്റ്റിലൊക്കെ പത്തില്‍ ഒന്‍പതു മാര്‍ക്കുവാങ്ങാന്‍ എനിക്കു കഴിഞ്ഞു. മലയാളം പഠിപ്പിച്ചത് തെങ്ങമം സ്വദേശിയായ ജി.രാമചന്ദ്രക്കുറുപ്പ് സാറാണ്. മലയാളം മാത്രമല്ല, ഇംഗ്ലീഷും അദ്ദേഹം നന്നായി പഠിപ്പിക്കുമായിരുന്നു.
കുറുപ്പുസാറിന്‍റെ മലയാളം ക്ലാസ്സാണ് എന്നില്‍ ഭാഷാ-സാഹിത്യാഭിരുചി വളര്‍ത്തിയത്. അദ്ദേഹത്തിനും എന്‍റെ വീട്ടുകാരെയെല്ലാം അറിയാമായിരുന്നു.
പത്താം ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കാന്‍ ഒരു പുതിയ ടീച്ചര്‍ വന്നു. ചെറുപ്പക്കാരിയായ കാണാനഴകുള്ള ഒരദ്ധ്യാപിക. എന്‍റെ ക്ലാസ്സില്‍ കൊച്ചുചെറുക്കന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന ഒരു വികൃതി ചെറുക്കനുണ്ടായിരുന്നു. ഇരുപതു വയസ്സുകാണും. ഇന്നത്തെപ്പോലെ ഓള്‍പാസ്സുള്ള കാലമല്ല. പലരും തോറ്റുതോറ്റു പഠിക്കുന്നവരാണ്. കൊച്ചുചെറുക്കന്‍ അല്‍പസ്വല്‍പം കുസൃതിയുള്ള കൂട്ടത്തിലായിരുന്നു. ബീഡി വലിയ്ക്കും, സജീവ രാഷ്ട്രീയക്കാരനുമായിരുന്നു.
ഒരു ദിവസം ബയോളജി ടീച്ചര്‍ ബോര്‍ഡില്‍ എഴുതികൊണ്ടിരുന്നപ്പോള്‍ കൊച്ചുചെറുക്കന്‍ പതുങ്ങിച്ചെന്ന് അവരുടെ തലയിലിരുന്ന റോസാപ്പൂവ് വലിച്ചെടുത്തു. ടീച്ചര്‍ ക്രുദ്ധയായി ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയി, ഹെഡ്മിസ്ട്രസിനെയും വിളിച്ചു തിരിച്ചുവന്നു. കൊച്ചുചെറുക്കനെ ക്ലാസ്സില്‍നിന്നു പുറത്താക്കി; സ്കൂളില്‍നിന്നും സസ്പെന്‍ഡ് ചെയ്തു.
കൊച്ചുചെറുക്കന്‍ കാണിച്ചത് തെറ്റാണെങ്കിലും, അയാളെ സസ്പെന്‍ഡ് ചെയ്തതു ശരിയായില്ല, എന്ന പക്ഷക്കാരായിരുന്നു വിദ്യാര്‍ത്ഥി സംഘടനകള്‍. എന്‍റെ സംഘടനക്കാരന്‍ അല്ലാതിരുന്നിട്ടും സ്പീക്കര്‍ എന്ന നിലയില്‍ സസ്പെന്‍ഷനെതിരെ വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്, കൊച്ചുചെറുക്കന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക. ഹെസ്മിസ്ട്രസ് നീതിപാലിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ഞങ്ങള്‍ പഠിപ്പുമുടക്കി ജാഥയായി സ്കൂളിനു വലം വെച്ചു.
സമരം രണ്ടാംദിവസമായപ്പോള്‍ രാമചന്ദ്രക്കുറുപ്പ് സാര്‍ എന്നെ അടുത്തേക്കു വിളിച്ചു. \'സുഭാഷേ, നാറിയോനെ ചുമന്നാല്‍ ചുമന്നോനും നാറും. ഇയാളിതിനു നേതൃത്വം കൊടുക്കരുത്.\' എന്നോടുള്ള സ്നേഹവാത്സല്യവും, കൊച്ചുചെറുക്കന്‍റെ ചെയ്തികളോടുള്ള വിദ്വേഷവുമാണ് കുറുപ്പുസാറിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. സാറിന്‍റെ വാക്കുകള്‍ എന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അതിലെ ആത്മാര്‍ത്ഥതയും ഉപദേശവുമെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു. സമരം തീര്‍ക്കാനുള്ള ഫോര്‍മുല കുറുപ്പ് സാറുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. കൊച്ചുചെറുക്കന്‍റെ അച്ഛനെ വിളിച്ചുവരുത്തി, ഹെഡ്മിസ്ട്രസ്സിന്‍റെ മുന്‍പില്‍വെച്ച് ബയോളജി ടീച്ചറിനോടു മാപ്പുപറഞ്ഞു, ഇനി ഇതുമാതിരി തെറ്റുചെയ്താല്‍ റ്റി.സി. വാങ്ങി പൊയക്കൊള്ളാമെന്ന് എഴുതികൊടുത്ത് സമരം അവസാനിപ്പിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ആവേശത്തില്‍, പ്രായത്തിന്‍റെ പക്വതക്കുറവില്‍, സമരത്തിനും ഒരു സദാചാരം വേണമെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു, രാമചന്ദ്രക്കുറുപ്പ് സാര്‍, ആ നാടന്‍ പ്രയോഗത്തിലൂടെ. ഇന്നും ആ പദപ്രയോഗത്തിന്‍റെ അര്‍ത്ഥഗരിമ ഞാന്‍ മറന്നിട്ടില്ല.
കണക്കിന് നൂറില്‍ മുപ്പത്തിയൊന്‍പതും മലയാളത്തിന് എഴുപത്തിയെട്ടും മാര്‍ക്കോടെയാണ് ഞാന്‍ പത്താം ക്ലാസ്സ് പാസ്സായത്. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പ് കിട്ടാന്‍ മാര്‍ക്കുണ്ടായിട്ടും എന്‍റെ ആപ്റ്റിറ്റ്യൂഡ് മനസ്സിലാക്കിയ ആ അദ്ധ്യാപകന്‍ എന്നോടു പറഞ്ഞത്, ഇയാള്‍ തേഡ് ഗ്രൂപ്പ് എടുത്ത് പഠിച്ചാല്‍ മതിയെന്നാണ്.സുഭാഷിന് സയന്‍സിനേക്കാള്‍ നല്ലത് ആര്‍ട്സാ\' എന്നും അദ്ദേഹം ഉപദേശിച്ചു.
പ്രീഡിഗ്രിക്കുള്ള അപേക്ഷാ ഫോമില്‍ ഞാന്‍ മൂന്ന് ചോയ്സും തേഡ്ഗ്രൂപ്പ് എന്നാണെഴുതിയത്. തുടര്‍ന്ന് മലയാളത്തില്‍ എം.എ.യും എം.ഫില്ലും, പി.എച്ച്.ഡിയുമെടുത്തു. പഠിച്ച കോളേജില്‍തന്നെ പഠിപ്പിച്ച്. മലയാള വിഭാഗം മേധാവിയായി വിരമിച്ചു. കുറെ പുസ്തകങ്ങള്‍ എഴുതി. ഇതിനെല്ലാം പ്രചോദനമായത് എന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ രാമചന്ദ്രക്കുറുപ്പ് സാറിന്‍റെ അനുഗ്രഹവും ആശീര്‍വാദവുമാണെന്നു ഞാന്‍ കരുതുന്നു.
****