Archives / May 2019

ഫരീദ ബാനു
ആർദ്രം----

നീറി നീറിയിരിക്കുന്ന ഒരു 
സന്ധ്യയിലാണ് മേഘത്തിനോട് 
ഒരു കുമ്പിൾ മഴ ചോദിച്ചത്.

സ്വപ്നം കണ്ടതു പോലെ 
അലച്ചാർത്തു പെയ്യുന്ന മഴ 
അവൾ കൊതിച്ചിട്ടേയില്ല. 

തീരെ ചെറിയ, 
കൈ കുമ്പിളിൽ ഒതുങ്ങുന്ന 
മഴ മാത്രം മതിയായിരുന്നു.

ഒരു തുള്ളി കൺപീലിയിൽ,  
കവിളിൽ,  കൈതണ്ടയിലെ 
കുപ്പിവളകളിൽ ചിതറി

പ്രണയം മരിച്ചകന്ന അവസാന 
തുള്ളിയിലേക്ക് കരൾ കത്തി 
ഒഴുകുന്ന നീർമുത്ത് കൂടി ചേർത്ത്  

ആകാശം പെയ്യുന്നതിനേക്കാൾ 
ആഴപ്പരപ്പുള്ള ജലകണങ്ങളെ 
കണ്ണുകൾ പ്രസവിക്കാറുണ്ട്. 

നിങ്ങൾ കരുതുമ്പോലെയല്ല;
അവയ്ക്ക് പുഴയേക്കാളും 
കടലിനേക്കാളും ആഴമുണ്ടാവും  

ഇടിമിന്നലിന്റെ കീറുകളുള്ള 
പരുപരുത്തതും നീലിച്ചതുമായ 
അനേകായിരം മുറിവുകളുണ്ട്. 

മഴവെള്ളത്തിൽ വല്ലാത്തൊരു 
നീറ്റലോടെ ആ മുറിവുകളിലെല്ലാം  
ഉതിർമുല്ലകൾ പൂക്കും. 

ഇത്രയേറെ മഴ നനഞ്ഞാൽ പിന്നെ 
ഉതിർമുല്ലകൾ എങ്ങിനെ 
പൂക്കാതിരിക്കും.

                    

Share :