Archives / May 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
നിരീക്ഷണക്കണ്ണുകൾ

 

ക്യാമറക്കണ്ണുകളുടെ
നിരീക്ഷണത്തിൽ
പരീക്ഷിക്കപ്പെടുന്ന
നവോത്ഥാനം!
മൂല്യബോധമില്ലാതെ
മാലേറിത്തുലയുന്ന
മാന്യതയുടെ മറ-
യേറ്റും കോലങ്ങൾ!
എന്റെയെന്ന സത്യമറിയാതെ-
യെല്ലാവരുമെന്ന വ്യാമോഹം!
അറിവുകളുടെ
പെരുവെള്ളപ്പാച്ചിലി-
ലറിയാദുരന്തങ്ങളി-
ലകപ്പെട്ടാധിയിലാണ്ടവർ.
വ്യക്തിത്വം പണയം വെച്ച്
യുക്തിബോധമകന്ന്
യുക്തിവാദികളായി
മൈതാനപ്രസംഗം.
ദർശനം മറയു-
മിസങ്ങളെങ്ങും.
സമ്മർദ്ദതന്ത്രങ്ങളായ്
സന്മനസ്സില്ലാതെയായ്.
മാധ്യമാഭാസലോക-
ത്തനുഭവങ്ങളെല്ലാം
കരിനിഴലുകളായി-
യഭിനയമേളം.
ജനങ്ങളെയടക്കിയൊതുക്കി
ജനാധിപത്യം.
ധനാധിപത്യത്തിലൂടെ-
യാധിപത്യത്തിനു
നെട്ടോട്ടമോടുന്നു.
വിദ്യാലയങ്ങളി-
ലാരാധനാലയങ്ങളിൽ
നാല്ക്കവലകളിൽ
നാലാളുകൂടുന്നിട-
ത്തെല്ലാം നിരീക്ഷണ-
ക്കണ്ണുകളെന്നായ്.
സ്വന്തം നില കാണാത്തവർ
ബന്ധമെന്തെന്നറിയാത്തവർ
ഗുരുവിനെത്തല്ലും കോലം
രക്ഷിതാക്കളില്ലാത്ത കാലം.
സ്വത്വബോധം നഷ്ടമായ്
സത്വങ്ങളെങ്ങും നടനമായീ.

Share :