Archives / May 2019

ഷുക്കൂർ ഉഗ്രപുരം
പുസ്തകപ്പുഴു

രാത്രിയുടെ ശോകത്തെ നെഞ്ചേറ്റി നദി നഗരത്തിൻറെ ഓരം ചേർന്ന് തലമുറകളിൽ നിന്നും
തലമുറകളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു...
ഏകാന്തതയുടെ സൂചിമുനകൾ അപ്പോഴും അവന്റെ ഹൃദയത്തെ
കീറിമുറിക്കുന്നുണ്ടായിരുന്നു.
സ്വസ്ഥതക്കായ് ലോകത്തെ പുറത്താക്കി വാതിലടക്കാൻ അവനാവില്ല. അനുവാദമില്ലാതെ
ജനൽപാളിയിലൂടെ കടന്നെത്തുന്ന കാറ്റ് അവൻ്റെ ഓർമ്മയിലെ തപിക്കുന്ന കനലുകളെ
കൂടുതൽ തപിക്കുന്നതാക്കി മാറ്റുന്നു.
പഴയ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതോ ഒരു വരി അവന്റെ മുന്നിലേക്കൊഴുകിയെത്തി,
"ജീവൻ സുഖ് ദുഃഖ്ക്കാ സംഗമ് ഹൈ"...
അവൻ വന്യമായി പൊട്ടിച്ചിരിച്ചു!!
അവന്റെ ചിരിയുടെ ശബ്ദം നദിക്കരയിൽ പ്രതിധ്വനി സ്യഷ്ടിച്ചു,
മാനത്തെ നിലാവെളിച്ചo നദിയിൽ വിരിച്ച സ്വർണ്ണ മെത്തയിൽ സംസർഗ്ഗം നടത്തുന്ന
മൽസ്യങ്ങളും അവനോടൊത്ത് ചിരിച്ചിട്ടുണ്ടാകണം.
ഏകാന്തതയുടെ കൂരിരുട്ടിൽ ഫ്ലാറ്റിലെ അടച്ചിട്ട കോൺക്രീറ്റ് മുറിയിലേക്ക് ഹരിദ്വാറിലെ
ചരസ്സുമായി രണ്ട് സന്യാസികൾ ഇറങ്ങി വന്നു,
അവർ ചോദിച്ചു, "അങ്ങേക്ക് എന്താണ് ഞങ്ങൾ ചെയ്തു തരേണ്ടത് "?
മൗനമായിരുന്നു അവന്റെ ഉത്തരം!
അവർ വീണ്ടും ചോദിച്ചു , ‘’അങ്ങയുടെ ബാല്ല്യം തിരിച്ചു തരട്ടേ?’’
‘’ അങ്ങയുടെ പ്രണയിനിയെ തിരിച്ചു തരട്ടേ?’’
‘’അങ്ങയെ ഈ ലോകത്തിന്റെ മുഴുവൻ ചക്രവർത്തിയാക്കട്ടേ?’’
അവൻ പറഞ്ഞു "വേണ്ടാ …….''

ബീഡി സന്യാസി തിരിച്ച് ബാഗിലേക്ക് തന്നേ വെച്ചു!!
ഹരിദ്വാറിലേക്ക് തിരിച്ചു പോകാൻ ഇറങ്ങിയ സന്യാസിമാരോട് അവൻ സഹായം ചോദിച്ചു!!
"എനിക്ക് അന്റോണിയോ ഗ്രാംഷിയെ കാണണം”,
അവർ നിഷേധാർത്ഥത്തിൽ പരസ്പരം നോക്കി,
"ദസ്തയേ വിസ്ക്കിയേ കാണണം"
അപ്പോൾ അവർ തല താഴ്ത്തി...
"എഡ്വാഡ് സൈദിനെ നിങ്ങൾക്കറിയുമോ"? അവൻ ചോദിച്ചു.
അവർ നിസ്സഹായരായ് പോവാൻ പടിയിറങ്ങി, അവനും പുറത്തിറങ്ങി....
ദൂരെ ദിക്കിലേക്ക് വെറുതെ കണ്ണെറിഞ്ഞു.
തെളിഞ്ഞ നിലാവെളിച്ചത്തിൽ കരിമ്പനകൾ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു!!, അവ
അവന്റെ ഓർമ്മകളെ ഇതിഹാസത്തിന്റെ തസ്രാക്കിലേക്കും ,ഖസാക്കിലേക്കും നയിച്ചു...
മനസ്സിന്റെ കാരണമെന്തെന്നറിയാത്ത  വീർപ്പുമുട്ടലിലും ഓർമ്മകൾ പാറിപ്പറന്നു
കൊണ്ടിരുന്നു.
ദൂരെ ദിക്കിൽ നിന്നും പ്രണയിനിയെ നഷ്ടപ്പെട്ട ഒരു വേയാമ്പലിന്റെ കരച്ചിൽ ഇരുട്ടിന്റെ
മതിലുകളെ ബേധിച്ച് കൊണ്ട് അവന്റെ റൂമിലെത്തി ചിതറിത്തെറിക്കുന്നു...
നിലത്ത് അലമാരിയുടെ നിഴലിനു മീതെ ടേബിളിൻ നിഴൽ സ്വസ്ഥമായ് കിടന്നുറങ്ങുന്നത്
അവന്റെ കണ്ണിലുടക്കി, ‘’ഈ ഇരുട്ടിലും നിഴൽ നിഴലിനേയാണ് പ്രണയിക്കുന്നത്’’!!
പുറത്ത് ആരോ അവന്റെ ഡോറിൽ മുട്ടുന്നു!
അവൻ കതക് തുറന്നു,
മുന്നിൽ ദർവ്വേശ്!!! ,
പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ ജ്വലിക്കുന്ന മുഖം ,തലയിൽ ഉയർന്ന കറുത്ത നിറത്തിലുള്ള
ടെഹ്‌റാൻ തൊപ്പി,
അയാൾ സമാധാനം തേടി ലോകം ചുറ്റുന്നു.
അവൻ അയാളെ അകത്തേക്ക് ക്ഷണിച്ചു.

അയാൾ പുഞ്ചിരിക്കുക മാത്രം ചെയ്തു.
അയാളുടെ തോളിൽ തൂക്കിയ തുണി സഞ്ചിയിൽ നിന്നും മൂന്ന് ഡബ്ബകളെടുത്ത് അവന്നു നൽകി,
കൂടെ എന്തോ എഴുതിയ ഒരു കടലാസും!
എന്നിട്ടയാൾ എങ്ങോ നടന്നകന്നു!
ഡബ്ബ കണ്ടപാടേ അവന് ഓർമ്മ വന്നത് പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് നോവലിലെ
"യുമീമും" "തമീമും " പേരുള്ള അൽഭുത കല്ലുകളാണ്!!
അവൻ ഡബ്ബ തുറന്നു, ഒന്നിൽ ഇറാനിയൻ ബദാം, അടുത്തതിൽ ലബനോനിലെ ഉണക്ക മുന്തിരി,
മറ്റൊന്നിൽ ജറൂസലേമിലെ പിസ്ത്തയും!!
ആ ഡബ്ബകൾ എന്തോ വൈജാത്യ സന്ദേഷം നൽകുന്ന പോലെ അവന് തോന്നി!!
ദർവ്വേശ് നൽകിയ കടലാസവൻ വായിക്കാനായി തുറന്നു !
പേർഷ്യൻ കവി റൂമിയുടെ ഒരു കവിതാ ശകലമായിരുന്നുവതിൽ!
"നിന്നിലൊരു മഹാ നദിയുണ്ടായിരിക്കേ ഒരു ചെറിയ കുളത്തേ നീയന്വേഷിക്കുന്നതെന്തിനാണ്
"??.
"നിന്നുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നിന്റെയുള്ളിൽ തന്നെയാണ് "!!
വായനക്കിടയിലെപ്പഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. അവനുറങ്ങുമ്പോഴും
അവനായി പ്രാർത്ഥിക്കുന്ന എത്രയോ ഹൃദയങ്ങൾ; അവന്നറിയുന്നതും, അറിയാത്തതും,
അപരിചിതവുമായ ഒരു പാട് ഹൃദയങ്ങൾ...
 

Share :