Archives / May 2019

സുനിത ഗണേഷ്
മുഖമില്ലാത്തവൾ (എല്ലാ അമ്മമാർക്കും, അമ്മമാരെ സ്നേഹിക്കുന്നോർക്കും)

പാൽ കൊടുത്തും, 
തേൻ കൊടുത്തും
സ്വപ്നം നിറച്ചും
ഇളം ചൂട് നൽകിയും
വിത്തു മുളപ്പിച്ചത്
അവളായിരുന്നു.

മുളപൊട്ടി, ഞാൻ
അങ്കുരങ്ങൾ നീട്ടിയപ്പോൾ
കണ്ണുകളിലേക്കു
വെളിച്ചമിറ്റിച്ചു തന്നതും
അവളായിരുന്നു.

അവളുടെ നെഞ്ചിൽ
വേരാഴ്ത്തിയാണ്‌ ഞാൻ
ദാഹം തീർത്തിരുന്നത്.
 അവളുടെ കരൾ 
കോരിയെടുത്താണ്
എന്റെ വിശപ്പാറ്റിയിരുന്നത്‌.

ഞാൻ പൂവിട്ട്, 
പന്തലിച്ചപ്പോൾ
നീർവറ്റി ഉണങ്ങിയത്
അവളാണ്.
എന്റെ തൊലിയിൽ
വാസനതൈലങ്ങൾ
ഉറവയിട്ടപ്പോൾ,
തൊലി ചുളിഞ്ഞു
നടുവളഞ്ഞതാവൾക്കാണ്.

എന്റെ വിത്തിനുമ്മ നൽകി
മുളക്കാനെടുത്തുവെച്ച്,
ഞാനൊന്ന്
തിരിഞ്ഞു നോക്കി.
ഒരു പഴയ
ഗുഹയിലേക്കു
അവൾ മറഞ്ഞിരുന്നു.

ഓർമയിൽ എത്ര ചികഞ്ഞിട്ടും
അവൾ 
കരയുന്നതോ,
ചിരിക്കുന്നതോ,
കണ്ടില്ല.
അവൾക്ക് 
മുഖം ഉണ്ടായിരുന്നില്ല.
ശബ്ദവും.


 

Share :