Archives / November 2017

ഫൈസൽ ബാവ
ഓര്‍മ്മകളുണര്‍ത്തും അരിനെല്ലിയുടെ പുളി

മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് അരിനെല്ലിക്ക. കുട്ടിക്കാലത്ത് ഇത് പറിച്ചു കഴിച്ചവരോ, പറിക്കാന്‍ ശ്രമിച്ചവരായിരിക്കും ഏറെയും, സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ള നല്ല പച്ചനിറത്തിൽ കുലകളായി നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. കേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലെ ഇടവിളയായും വീടുമുട്ടത്ത് അതിര്‍പ്പക്കനിയായും കേരളത്തിലങ്ങോളമിങ്ങോളം അരിനെല്ലി കാണാം. കേരളത്തിലെ ഓരോ വീട്ടിലും ഒരു അരിനെല്ലിതൈ എങ്കിലും ഇല്ലാതിരിക്കില്ല അത്രയ്ക്കും പ്രിയപെട്ടതാണ് മലയാളിക്ക് ഇതിന്‍റെ പുളിരസം. കേരളത്തിൽ നന്നായി വളരും. അരിനെല്ലിയുടെ ജന്മദേശം മഡഗാസ്കറിലാണെന്ന് പറയപ്പെടുന്നു എന്നാല്‍ കേരളത്തിൽ ഇതിനെ ഒരു സ്വദേശി ഇനമായാണ് പരിഗണിക്കുന്നത്. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാൽ നക്ഷത്രനെല്ലി എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്, കൂടാതെ ശീമനെല്ലി, പുളിനെല്ലി. നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, എന്നൊക്കെ പ്രാദേശിക ഭാഷകളില്‍ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് Phyllanthus acidus എന്നാണ്‌ എന്നാണ് അരിനെല്ലിയുടെ ശാസ്ത്രീയനാമം.

ഒരു നിത്യഹരിത സസ്യമായ അരിനെല്ലി ഒരു വലിയ മരമായ്‌ വളരില്ല എങ്കിലും 10 മീറ്റര്‍ വരെ ഉയരം വെക്കും. ഇരുമ്പന്‍ പുളിതൈയുടെ രൂപ സാദൃശ്യം ഉള്ള അരിനെല്ലി എല്ലായ്പ്പോഴും ഇലകൾ കാണപ്പെടുന്നതിനാലും കുലകളായ് കായ്ക്കുന്നതിനാലും ഉദ്യാനങ്ങളിലെ ആകര്‍ഷണ ചെടിയാണ്. അരിനെല്ലി കുലകളായ് കായ്ച്ചു നില്‍ക്കുന്നത് വളരെ ഭംഗിയുള്ള കാഴ്ചയാണ്. അരിനെല്ലി അച്ചാറും ഉപ്പിലിട്ടതും സ്വാദേറിയ വിഭവം ആയതിനാല്‍ വഴിയോര കച്ചവടത്തില്‍ പ്രധാന ഘടകമാണ് അരിനെല്ലി. കേരളത്തില്‍ ഏതു ഭാഗത്തും അരിനെല്ലി ഉപ്പിലിട്ട ഭരണികള്‍ കാണാം. കുടുംബമായ് വന്നു അത് വാങ്ങി കഴിക്കുന്നതും സാധാരണ കാഴ്ചയാണ്. അത്രയ്ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നാണ് അരിനെല്ലിയുടെ രുചികരമായ പുളി. എന്നാല്‍ പുതിയ തലമുറയ്ക്ക് അരിനെല്ലി അത്ര പരിചയം പോര എന്ന് തോന്നുന്നു. അവര്‍ക്കിന്നു ഭരണിയില്‍ ഉപ്പിലിട്ട ഒരു കായ മാത്രമായി ചുരുങ്ങുമോ? ആകുലത മാത്രമാണ് എങ്കിലും നമുക്കന്യമായി കൊണ്ടിരിക്കുന്ന ചെടികളുടെ പട്ടികയിലേക്ക് അരിനെല്ലിയും പതുക്കെ പതുക്കെ കയറി വരുന്നുണ്ട്.

Share :

Photo Galleries