ഗോത്ര വൈദ്യം
എന്താണ് ഗോത്ര വൈദ്യത്തിന്റെ അടിസ്ഥാനം ?
വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതും പാരമ്പര്യമായി അനുവർത്തിച്ചു പോരുന്നതുമായ ക്രിയയെയാണ് ആചാരം എന്ന് പറയുന്നത്.ആ നിലയ്ക്ക് ഗോത്ര വൈദ്യവും ആചാരത്തിലും പാരമ്പര്യത്തിലും ഉൾപ്പെട്ടതാണ്.
രോഗം സ്വാഭാവികമായും സാർവത്രികവുമാണ്, എല്ലാ ജന സാമാന്യങ്ങൾക്കിടയിലും അവയെ മാറ്റുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉപാധികൾ ഉണ്ടായിരിക്കും. ഓരോ രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജനങ്ങൾക്ക് ചില വിശ്വാസങ്ങളുണ്ട്. ഈ വിശ്വാസങ്ങൾക്കനുസരിച്ച് അവയെ മാറ്റുന്നതിന് സവിശേഷങ്ങളായ രീതികളുണ്ടായിരിക്കും.
രോഗത്തെക്കുറിച്ചുള്ള ധാരണ, രോഗം മാറ്റാനുള്ള മരുന്നിനെക്കുറിച്ചുള്ള അറിവ് ഇതാണ് ഏതു വൈദ്യത്തിന്റെയും അടിസ്ഥാന ഘടകങ്ങൾ.ഗോത്ര വൈദ്യത്തെ സംബന്ധിച്ചും ഇതു തന്നെയാണ് യാഥാർത്ഥ്യം.
കേന്ദ്രീകൃതമായിട്ടുള്ളതോ, സംഘടിതമോ ആയ അറിവുകളോ അതിനെ മുൻനിർത്തി കൊണ്ടുള്ള ചികിത്സാ വഴക്കങ്ങളൊന്നും ആദിവാസി വൈദ്യത്തിൽ കാണാൻ സാധിക്കില്ല. പ്രകൃതിയുമായി നിരന്തരമായുള്ള പാരസ്പര്യത്തിൽ നിന്ന് രൂപപ്പെടുന്ന പ്രായോഗികമായ അറിവുകളാണ് ഇവരുടെ ചികിത്സയുടെ അടിത്തറ. പൂർണ്ണമായും അനുഭവ സിദ്ധമായ അറിവുകൾ സ്വന്തം ജീവിത പരിസരവുമായി ആഴത്തിലുള്ള സമ്പർക്കത്തിൽ നിന്നുണ്ടാകുന്ന ചില യാദൃശ്ചികതകളോ, ഉൾവിളികളോ ആണ് മിക്കപ്പോഴും ഒരു മരുന്നിന്റെ കണ്ടെത്തലിലേക്ക് വഴി ഒരുക്കുന്നത്. ഒപ്പം സസ്യങ്ങളുടെ ബാഹ്യരൂപം അവ കാണപ്പെടുന്ന ഇടത്തിന്റെ സവിശേഷത തുടങ്ങിയ ചില അടയാളങ്ങൾക്കനുസരിച്ച് അവയുടെ രോഗശമന ശേഷിയെക്കുറിച്ചുള്ള യുക്തിയും രൂപപ്പെടുന്നു. അത് ഓരോ വൈദ്യന്റെയും തനതായ ചികിത്സാവിധികൾ ആയി പരിണമിക്കുന്നു. ലീഖിത രൂപങ്ങൾ ഇല്ലാത്ത ഈ അറിവുകൾ വാമൊഴിയായി പിന്നീടു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
ഗോത്ര വൈദ്യം ചൂഷണത്തിന് ഇരയാകുന്നത് ഊരു നിവാസികളുടെ ചികിത്സയിൽ നിന്നും അവരുടെ ആരോഗ്യ പരിരക്ഷയെ മുൻനിർത്തി മാത്രം രൂപപ്പെട്ടു വന്ന വംശീയ വൈദ്യജ്ഞാനത്തിന്റെ ഗവേഷണ സാധ്യതയും അതുവഴി വിപണനമൂല്യവും പുറം ലോകത്തിനു തിരിച്ചറിവായതോടെയാണ് .
സ്വന്തം അറിവിന്റെ മൂല്യം തിരിച്ചറിയാൻ തുടങ്ങുന്നതിനു മുൻപ് ഊരിലും കാട്ടിലുമൊക്കെ കൂടെ കൊണ്ടുപോയി ആദിവാസികൾ ചൂണ്ടി കാണിച്ചു കൊടുത്ത ചെടികളുടെ രോഗശമന സിദ്ധികൾ ഗവേഷണ പ്രബന്ധങ്ങളാക്കി മാറ്റുകയും ചെയ്തു.' കാണി ' എന്ന ആദിവാസി വിഭാഗത്തിന്റെ അപൂർവ്വ അത്ഭുത ഔഷധമായ 'ആരോഗ്യ പച്ച' യെക്കുറിച്ചുള്ള അറിവ് പാലോടുള്ള ഗവേഷണ കേന്ദ്രത്തിലെ (TBGR - Tropical Botanical Garden and Research Institute) ശാസ്ത്രജ്ഞൻമാർ കോയമ്പത്തൂർ ഫാർമസിക്ക് വിറ്റത് ഇതിനുദാഹരണമാണ്.
അട്ടപ്പാടി മേഖലയിലും ചെറുതല്ലാത്ത വിധം ഇത്തരം വംശീയ വിജ്ഞാനാപഹരണങ്ങൾ നടന്നതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിനും മറ്റു പ്രലോഭനങ്ങൾക്കും എളുപ്പം വശംവദരാവുന്ന കാടിന്റെ മക്കളിൽ നിന്ന് നിഷ്പ്രയാസം തന്നെ വിവരങ്ങൾ അപഹരിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിനുള്ള കാരണം.
വംശീയ വൈദ്യൻമാരെ ഏകോപിപ്പിച്ചു അവരുടെ ഇടയിൽ സ്വന്തം വൈദ്യജ്ഞാനത്തിന്റെ തനിമയെക്കുറിച്ചുള്ള ശക്തമായ അവബോധം സൃഷ്ടിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുകയും ,എന്നാൽ നിസ്സഹകരിക്കുകയാണ് ആദിവാസി വൈദ്യൻമാർ ചെയ്തത്..
ആദിവാസി വൈദ്യൻമാരുടെ പേരുകളും ഏതു രോഗത്തിലാണ് അവർക്ക് വൈദഗ്ധ്യമുള്ളതെന്നും കാണിച്ചു കൊണ്ട് സർവ്വേ നടത്തുകയും ചെയ്തിരുന്നു.
സർവ്വേ ലിസ്റ്റിൽ സ്ഥാനം പിടിച്ചവരിൽ ഭൂരിഭാഗവും അർഹതയില്ലാത്തവരാണെന്നു മാത്രം. ഏതു ആദിവാസികൾക്കും താൻ വൈദ്യനാണെന്ന് അവകാശം ഉന്നയിച്ചു കൊണ്ടു ചികിത്സ ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഗോത്ര വൈദ്യത്തെ തകർക്കുകയാണെന്ന് പറയാവുന്നതാണ്.
ഗോത്ര വൈദ്യത്തിന്റെ പ്രചാരണവും അതുവഴി സംരക്ഷണവും മുൻനിർത്തി കോഴിക്കോടുള്ള കിർത്താഡസ്സ് കേരളത്തിനകത്തും പുറത്തും നിരവധി വംശീയ വൈദ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഗോത്ര വൈദ്യൻമാർക്ക് ഊരിനു പുറത്തുള്ള ലോകവുമായി സംവദിക്കാനും ഇത്തരം വൈദ്യ ക്യാമ്പുകൾ സഹായമാവുകയും, ഊരുവിട്ടുകൊണ്ടുള്ള പുറം ലോക സാധ്യതകളെക്കുറിച്ച് അറിവുണ്ടാകാൻ കഴിഞ്ഞു.
ഇത്തരത്തിലുള്ള ചികിത്സാ ക്യാമ്പുകളോട് തുടക്കത്തിലുണ്ടായിരുന്ന പിൻതുണയൊന്നും പിന്നീട് ഉണ്ടായിരുന്നില്ല. മരുന്നും ,മന്ത്രവും സംയുക്തമായുള്ള ചികിത്സാവിധികളാണ് മിക്ക ഗോത്ര വൈദ്യൻമാരും അനുവർത്തിച്ചു പോരുന്നത്. ആദിവാസികൾക്ക് മരുന്നും ചികിത്സയും വിശ്വാസത്തിന്റെ ഭാഗമാണ്.ചികിത്സിക്കുന്നതിനു മുൻപ് മന്ത്രതന്ത്രങ്ങൾ ഉൾപ്പെടുത്തി ചെയ്യുന്ന വൈദ്യൻമാരും അതിനോട് വിയോജിപ്പുള്ള വൈദ്യൻമാരും ഉണ്ട്. വൈദ്യ ക്യാമ്പുകളിൽ വൈദ്യൻമാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെയാവുകയും ചെയ്തതോടെ ക്യാമ്പിനോടുള്ള താത്പര്യം കുറയുകയും ചെയ്തു.
ഗോത്ര വൈദ്യവും കെട്ടുകഥകളായി മാറുന്ന കാലം അതിവിദൂരമല്ല.
ഗോത്ര വൈദ്യം നേരിടുന്ന വെല്ലുവിളികൾ ; ഔഷധ വിഭവങ്ങളെ സന്തുലിതമായും സുസ്ഥിരമായും പ്രയോജനപ്പെടുത്തുന്ന ചികിത്സാവിധികളാണ് വംശീയ വൈദ്യത്തിനുള്ളത് .സസ്യങ്ങളുമായി സൗഹാർദ്ദപരമായ ജൈവ ബന്ധം നിലനിർത്തി കൊണ്ടാണ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ആദിവാസി വൈദ്യൻമാർ ശേഖരിക്കുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ വന നശീകരണം എന്നിവ മൂലമോ മുൻ കാലങ്ങളെ അപേക്ഷിച്ച് ഔഷധ സസ്യങ്ങളുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുന്നതും ഗോത്ര വൈദ്യത്തിന്റെ പരാധീ തയാണ്. 1992ലെ മല്ലീശ്വര പ്രോജക്റ്റിലെ സർവ്വേയിൽ പറയുന്നത് അട്ടപ്പാടിയിലെ ബൊമ്മിയാംപതി ഊരിൽ മാത്രം അഞ്ഞൂറിൽപ്പരം സസ്യങ്ങൾ രോഗ ചികിത്സയ്ക്ക് ആദിവാസികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. അവിടെയും ഔഷധ മരുന്നുകൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിക്കുന്നുണ്ട്. ഈ അവസ്ഥ വൈദ്യവൃത്തി ഉപേക്ഷിക്കാനുള്ള തീരുമാനങ്ങളിലാണ് വൈദ്യൻമാർ എത്തിച്ചേരുന്നത്.
മറ്റൊരു പ്രതിസന്ധിയാണ് പുതിയ തലമുറയിലെ ചെറുപ്പക്കാർ അവരുടെ കുടുംബത്തിലുള്ള വൈദ്യ പാരമ്പര്യം ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. സമൂഹത്തിൽ വന്നു കൊണ്ടിരിക്കുന്ന ആധുനിക മാറ്റങ്ങൾക്കൊപ്പം ജീവിക്കാൻ താത്പര്യം കാണിക്കുന്ന പുതിയ തലമുറയ്ക്ക് വൈദ്യം ഒരു ഉപജീവന മാർഗ്ഗമല്ല എന്നു തോന്നുകയും പുതിയ തൊഴിൽ മേഖലയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ ലഹരി പദാർത്ഥങ്ങളുടെ അമിത ഉപയോഗത്തിൽ അടിമപ്പെട്ട ഭൂരിഭാഗം ചെറുപ്പക്കാരിലും വംശപ്രതിബദ്ധതയൊന്നും കാണുന്നില്ല. ഗോത്ര വൈദ്യം നേരിടുന്ന വെല്ലുവിളിയാണീത്.
കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പലതും മാറി മറിയും. മാറ്റം അനിവാര്യമാണ് പ്രപഞ്ച നിയമമാണ്. മാറ്റങ്ങൾക്കനുസരിച്ച് പരിവർത്തനത്തിനു വിധേയമാകേണ്ടതാണ്. ഗോത്ര സമൂഹത്തിലും പരിവർത്തനം വേണം. ഗോത്ര പൈതൃക വൈദ്യത്തോടുള്ള ആദിവാസി വിഭാഗത്തിലെ യുവ തലമുറയുടെ നിഷേധം പ്രകൃതിയോടും, നിയതിയോടുമുള്ള നിന്ദ തന്നെയാണ്.
വയനാട് ജില്ലയിൽ വാളാട് എന്ന സ്ഥലത്ത് കിർത്താട്സ് വംശീയ വൈദ്യപഠനകേന്ദ്രം ആരംഭിക്കുകയും അവിടെ ത്രിവർഷ വംശീയ വൈദ്യപഠന സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിപ്പിക്കയും ചെയ്തു വരുന്നുണ്ട്. സ്വന്തം വംശ തനിമയിൽ ഊന്നി കൊണ്ടുള്ള ഇത്തരം വിദ്യാഭ്യാസ പദ്ധതികൾ ആദിവാസികളിലെ യുവതലമുറയെ ആകർഷിപ്പിക്കാൻ ഉതകുന്നവയാണ്. ആദിവാസികളുടെ പങ്കാളിത്തത്തോടു കൂടി തന്നെ ഗോത്ര വൈദ്യത്തിന്റെ സംരക്ഷണം മുൻ നിർത്തി കൊണ്ട് ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ കാലതാമസം എടുക്കുമ്പോൾ നാടറിയാത്ത അമൂല്യങ്ങളായ കാട്ടറിവുകൾ ഇവിടെ നിന്നു അപ്രത്യക്ഷമാവുക തന്നെചയ്യും.
ആദിവാസികൾ
ആദിമനിവാസികളുടെ പിൻഗാമികളും അതേ ജീവിതാസ്ഥയിൽ കാലങ്ങളായി തുടരുന്നവരുമാണ് യഥാർത്ഥത്തിൽ ആദിവാസികൾ. വനാന്തരങ്ങളിൽ വന്യമായ പരിതസ്ഥിതികളോടിണങ്ങി വന്യമൃഗങ്ങളിൽ നിന്നും സ്വയം രക്ഷനേടി വനവിഭവങ്ങൾ ഭക്ഷിച്ചു കഴിഞ്ഞവർ, ക്രമേണ വനവിഭവങ്ങൾ കൈമാറ്റം ചെയ്ത് അവശ്യ സാധനങ്ങളായ അരിയും തുണിയും മറ്റും വാങ്ങിയവർ പണത്തിന്റെ മൂല്യം അറിയാതെ ദീർഘകാലം കഴിഞ്ഞവർ .
മനുഷ്യൻ ലോകത്തെ കാണുന്നത് അയാളുടെ കണ്ണിലൂടെയല്ല, സംസ്കാരത്തിലൂടെയാണ് .ഒരാൾ നോക്കുന്നതല്ല കാണുന്നത് മറിച്ച്, കാണാൻ ആഗ്രിച്ചതാണ് നോക്കുന്നത് എന്നതാണ് സത്യം .അതായത് കാഴ്ചയെ സംസ്കാരം നിർണ്ണയിക്കുന്നു.
കേരളത്തിലെ ഗോത്ര സമൂഹങ്ങൾ
2013 ലെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ 4,84,839 ആണ് ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.5 % ആണ്.കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഇവർ കൂടുതലായും ആധിവസിക്കുന്നത്. ചോലനായ്ക്കർ, കാടു നായ്ക്കൻ, കാടർ, കുറുമ്പൻ
കൊറഗ ,എന്നീ അഞ്ച് ഗോത്ര വിഭാഗങ്ങളെ പ്രത്യേക ദുർബല ഗോത്രവർഗക്കാരായി പരിഗണിച്ചു വരുന്നു.രണ്ട് ശതമാനമോ അതിൽ കുറവോ ആയ സാക്ഷരത നിലവാരം, ജനസംഖ്യാ വളർച്ചയിലുള്ള കുറവ്, കൃഷിക്കു മുമ്പുള്ള സങ്കേതിക സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് പ്രത്യേക ദുർബല ഗോത്രവിഭാഗമായി പരിഗണിക്കുവാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ. സാക്ഷരത, ഭൂമിയുടെ ലഭ്യത കുറവ്, ഉന്നത വിദ്യാഭ്യാസ രംഗത്തെ ശൂന്യത, പാരമ്പര്യ കഴിവുകൾക്ക് പ്രാധാന്യം ഇല്ലാത്ത അവസ്ഥ മുതലായ കാര്യങ്ങളിൽ ഇപ്പോഴും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണ് ഇവർ
വംശീയവൈദ്യം
ഓരോ ഗോത്ര വിഭാഗവും ശാരീരികവും മാനസികവുമായ രോഗാവസ്ഥയെ നേരിടുവാൻ അവരുടേതായ ചികിത്സാരീതികൾ കാലങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുത്തിരിക്കുന്നു. കാട്ടുക്കിഴങ്ങുകൾ, പച്ചിലകൾ, വൃക്ഷത്തൊലികൾ വൃക്ഷ വേരുകൾ തുടങ്ങിയവയുടെ ഇടിച്ചു പിഴിഞ്ഞെടുത്ത ചാറുകൾ പലതരം രോഗങ്ങൾക്കും പ്രയോജനപ്പെടുത്തിയിരുന്നു. ഔഷധ സസ്യങ്ങൾക്കു പുറമേ പക്ഷിമൃഗാധികളുടെ ശരീര ഭാഗങ്ങളും ധാതു പദാർത്ഥങ്ങളും ചികിത്സാ രീതികൾക്ക് ഉപയോഗിക്കുന്ന പതിവുണ്ട്. ഓരോ ഗോത്ര വിഭാഗത്തിനും അവരുടെ ഒരു പാരമ്പര്യമന്ത്രികവൈദ്യൻ
ഉണ്ടായിരിക്കും ഗോത്രസമൂഹങ്ങൾക്കിടിയിൽ നിരവധി മാന്ത്രികാനുഷ്ഠാനചികിത്സാ രീതികൾ നിലനിൽക്കുന്നുണ്ട്. അസുഖം വരുന്നത് ദൈവകോപത്താലാണെന്ന് വിശ്വസിക്കുന്നതു കൊണ്ടു തന്നെ അവ മാറി കിട്ടുവാൻ മന്ത്ര ചികിത്സയോടൊപ്പം ഔഷധ പ്രയോഗവും നടത്തണമെന്നും അവർ വിശ്വസിച്ചിരുന്നു.
ഗോത്രസമൂഹങ്ങളുടെ തലമുറകളായുള്ള ഔഷധ അറിവുകളും ചികിത്സാവിധികളും ബസപ്പെട്ട വിശ്വാസങ്ങളുമാണ് വംശീയ വൈദ്യം .ഒരു ജനവിഭാഗത്തിന്റെ ഔഷധ വിജ്ഞാനം രൂപപ്പെട്ടു വരുന്നത് ആ സമൂഹം ജീവിക്കുന്ന സാമൂഹിക-സാംസ്കാരിക പശ്ചതലുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യമെന്നത് ജൈവികവും സാംസ്കാരികവുമായ ഒരു പ്രതിഭാസമായതിനാൽ നരവംശശാസ്ത്രപരമായ വീക്ഷണങ്ങളിലൂടെ ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ജൈവികവും സാംസ്കാരികവുമായ വശങ്ങളെ ഒരു പോലെ പഠന വിധേയമാക്കേണ്ടതുണ്ട്.
വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്ന കാലഘട്ടങ്ങളിൽ മനുഷ്യർക്കിടയിൽ രോഗങ്ങൾ വളരെ കുറവായിരുന്നു. സാംസ്കാരിക പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ആധുനികതയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും പ്രകൃതിയിലെ മാറ്റങ്ങൾക്കനുസൃതമായി എല്ലാ പ്രതികൂല കാലവസ്ഥകളേയും തരണം ചെയ്ത് ജീവിക്കുന്നതിനാവശ്യമായ പ്രതിരോധശേഷികളും മനുഷ്യർ നേടിയെടുത്തിരുന്നു. ആധുനികശാസ്ത്ര വികാസത്തിന്റെ ഭാഗമായ വൈദ്യ വിജ്ഞാനം വ്യാപിക്കുന്നതുവരെ പ്രാചീന മനുഷ്യൻ പ്രതികൂലമായ ജൈവിക സാഹചര്യങ്ങളോട് പ്രതികരിക്കുവാൻ വേണ്ട പ്രതിരോധവും ഓജസ്സും സ്വയം വികസിപ്പിച്ചെടുത്തിരുന്നു. ആ സ്ട്രാലോപിത്തിക്കസ്, പിത്തിക്കാന്ത്രോപ്പസ്, നിയാണ്ടർതാൾ തുടങ്ങിയ പ്രാചീന മനുഷ്യരുടെ കണ്ടെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ മരണസമയത്തു പോലും ഇവർ മാരക രോഗകങ്ങളിൽ നിന്നു വിമുക്തരായിരുന്നുവെന്ന് കാണുവാൻ സാധിച്ചിട്ടുണ്ടെന്നത് ഇതിനുദാഹരണമായി പറയാവുന്നതാണ്.
വൃക്ഷലതാദികളിലും സമൃദ്ധമായിരുന്ന മഴക്കാടുകളിലായിരുന്നു ആദിമ സമൂഹങ്ങളായ ഗോത്ര വിഭാഗങ്ങൾ അധിവസിച്ചിരുന്നത്. ഇതു കൊണ്ടു തന്നെ മറ്റു സമുഹങ്ങളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന കാടുകളെ അറിഞ്ഞു ജീവിച്ചവരായിരുന്നു. ഓരോ ഗോത്ര വിഭാഗത്തിനും വ്യത്യസ്ത രോഗങ്ങളെ പ്രതിരോധിക്കുവാൻ അവരുടേതായ ഒനഷധങ്ങളും ചികിത്സാരീതികളും ഉണ്ടായിരുന്നു.ഇവരെ സംബന്ധിച്ചടുത്തോളം എല്ലാ ചെടികളും ഏതെങ്കിലും തരത്തിലുള്ള മരുന്നായിരുന്നു. ഇന്ത്യയിൽ പതിനായിരക്കണക്കിന് സസ്യജനുസ്സുകൾ ഗോത്രവർഗക്കാർ ആരോഗ്യ സുരക്ഷക്കായി ഉപയോഗപ്പെടുത്തിയിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ഗോത്രസമൂഹങ്ങളിൽ ജനനിയന്ത്രണം, വസ്യതാനി വാരണം ,പ്രമേഹം, ആസ്ത്മ,വെള്ളപ്പാണ്ട്, വിട്ടുമാറാത്ത തലവേദന, സന്ധിവേദന തുടങ്ങിയ രോഗങ്ങൾക്ക് മുതൽ ക്യാൻസിറിനു വരെ ഒറ്റമൂലി പ്രയോഗമുണ്ട്. യഥാർത്ഥ രോഗമെന്താണെന്ന് നിശ്ചയമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ കാട്ടിൽ വളരുന്ന വിവിധ തരത്തിലുള്ള പച്ചിലകൾ പറിച്ചു തിന്നുക ഇവരുടെയിടയിൽ സാധാരണമായിരുന്നു. ഇത്തരം പച്ചിലകളിൽ ഏതെങ്കിലുമൊന്ന് ഓഷധവീര്യമുള്ളതായിരിക്കുമെന്ന ഉറച്ചവിശ്വാസമാണ് ഇതിനു പ്രേരണയായി വർത്തിക്കുന്നത്.
പ്രഥമ ദർശനത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയുവാൻ കഴിവുള്ള വൈദ്യൻമാർ ഗോത്രവിഭാഗത്തിലുണ്ട്. ആസ്ത്മ, അപസ്മാരം തുടങ്ങിയ രോഗലക്ഷണങ്ങളെ കുട്ടികളെ കണ്ടാൽ തിർത്തും മാറ്റുവാൻ കഴിയുന്ന മരുന്നുകളുണ്ടെന്ന് ആദിവാസി വൈദ്യൻമാർ പറയുന്നു. തങ്ങളുടെ പരിസരത്തുള്ള ഔഷധ സസ്യങ്ങൾ സംരക്ഷിച്ച് പച്ചയോടെ നൽകിയാൽ ഔഷധ വീര്യം കൂടുമെന്നാണ് ഇവർ പറയുന്നത്.
ഗോത്ര സമൂഹങ്ങൾ തങ്ങളുടെ ഔഷധ വിജ്ഞാനത്തെ ഒരു സ്വകാര്യ അറിവായി വളരെ കരുതലടെ സൂക്ഷിക്കുന്നു. ആദിവാസി മരുന്നുകൾ എഴുതി കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ മനസ്സിലാകുന്നവയല്ല.തലമുറകളായി കാട്ടിൽ കൊണ്ടുചെന്ന് കാണിച്ചും അവയെ കൊണ്ട് ചികിത്സിച്ചും പരിശീലനം നൽകിയും പ്രയോഗിച്ചുമാണ് ആദിവാസി വൈദ്യൻമാരെ സൃഷ്ടിക്കുന്നത്. ഔഷധ അറിവുകൾ വരും തലമുറയിലേക്ക് പകർന്നു നൽകുവാൻ അനുയോജ്യരായ വ്യക്തികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒരു വംശീയ വൈദ്യന്റെ മരണത്തോടു കൂടി ആ അറിവുകൾ പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നു.
വിശ്വാസങ്ങൾ വിലക്കുകൾ
കാട്ടിൽ മരുന്ന് ശേഖരിക്കുന്നതിന് പ്രത്യേക സമയവും സന്ദർഭങ്ങളുമുണ്ട്. കാലാവസ്ഥ, പരിസ്ഥിതി എന്നിവ കണക്കിലെടുത്താണ് ഗോത്ര സമൂഹങ്ങൾ പച്ചമരുന്ന് ശേഖരണം നടത്തുന്നത്. പാതിരാത്രിയിലും വെളുപ്പിനുമാണ് അധികവും പച്ചിലമരുന്ന് ശേഖരണം നടത്തുന്നത്. തൊട്ടുരിയാടാതെ ഉച്ഛ്വാസവായുപോലും പച്ചിലകളിൽ തട്ടാതെയാണ് പച്ചില ശേഖരണവും മരുന്ന് നിർമാണവും നടത്തുന്നത്.ഔഷധക്കൂട്ടുകൾ ചേർത്ത മരുന്നുണ്ടാക്കുന്നത് വളരെ രഹസ്യമായിട്ടാണ്. ഏത് തരം ഔഷധ കൂട്ടായാലും ഏറെ നാൾ ഔഷധവീര്യം ഉണ്ടായിരിക്കും. ഔഷധച്ചെടികളെ വളരെ സനേഹിച്ചും കരുതിയും വളർത്തിയിരുന്ന ഇവർ ഒറ്റമൂലി പ്രയോഗങ്ങളും മാന്ത്രിക ചികിത്സാരീതികളും വേറൊരാൾക്ക് കൈമാറിയിരുന്നില്ല. ചില ചികിത്സാ പ്രയോഗങ്ങൾ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്താൽ മരുന്നിന്റെ മന്ത്രശക്തി നഷ്ടപ്പെടുമെന്ന വിശ്വാസമുണ്ട്. വിഷചികിത്സ ഒഴികെയുള്ള പച്ചമരുന്ന് ചികിത്സകൾ രാത്രിയിൽ നടത്താറില്ല.എന്നാൽ മന്ത്രവാദ ചികിത്സകൾ രാത്രികാലത്ത് മാത്രമാണ് നടത്തുന്നത്.
വംശീയ വൈദ്യൻ
ഓരോ ഗോത്രവിഭാഗത്തിനും ഒരു വൈദ്യനുണ്ട്. ചുറ്റുപാടുകളിലുള്ള സസ്യങ്ങളും മറ്റുവസ്തുക്കളും പ്രയോഗിച്ച് സഹസ്രബ്ദങ്ങളായി ചികിത്സ നടത്തി നേടിയ അനുഭവസമ്പത്ത് പകർന്നു കിട്ടിയവരായിരുന്നു ഗോത്ര വൈദ്യൻന്മാർ. ഈ വൈദ്യന്മാർ തനതായ രോഗ നിർണയം, രോഗപൂർവനിർണയം, രോഗ ചികിത്സ രോഗനിവാരണം എന്നിവയിലുള്ള അറിവുകൾ വളർത്തിയെടുത്തിരുന്നു. മരുന്നു ചികിത്സയോടൊപ്പം മാന്ത്രികമായ രീതികളും ചികിത്സാർഗമായി ഇവർ അവലംബിക്കുന്നു. ഒട്ടുമിക്ക ഗോത്ര സമൂഹങ്ങളിലും ഗോത്ര തലവൻമാരാണ് പൂജാരിയും, വെളിച്ചപ്പാടും, ചികിത്സകനുമായി പ്രത്യക്ഷപ്പെടുന്നത്. പച്ചിലകളാൽ പല മാറാരോഗങ്ങൾക്കും ഇവർ ഫലസിദ്ധി കണ്ടെത്തിയിരുന്നു. ഭ്രാന്ത്, അപസ്മാരം, സർപ്പവിഷം, ചിലന്തിവിഷം, പേപ്പട്ടിവിഷം തുടങ്ങിയ രോഗങ്ങൾക്കെല്ലാം മാന്ത്രികനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
വംശീയ വൈദ്യ ഗവേഷണ വികസന പ്രവർത്തനങ്ങൾ
കിർടാഡ്സിന്റെ (കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്) വംശീയ വൈദ്യഗവേഷണ വികസന പ്രവർത്തനങ്ങളുടെ ഫലമായി വംശീയ വൈദ്യ ചികിൽസകരെ കണ്ടെത്തുകയും അവരുടെ അറിവ് തിരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ യുവാക്കൾക്ക് പകർന്നു നൽകുകയും ചെയ്തു വരുന്നു. 1933-ൽ വയനാട് ജില്ലയിലെ വാളാട് കേന്ദ്രമാക്കി ത്രിവത്സര വംശീയ വൈദ്യ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുകയും വംശീയവൈദ്യ ചികിത്സാ രീതിയിൽ ഈ ജില്ലയിലെ യുവ തലമുറയ്ക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട് .ഈ വൈദ്യ പഠന കോഴ്സ് പൂർത്തിയാക്കിയവരിൽ ഭൂരിഭാഗവും പ്രമുഖ വംശീയ വൈദ്യൻമാരായി ഇന്ന് പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.ഇതോടൊപ്പം കിർടാഡ്സ് വർഷം തോറും സംസ്ഥാനതല വംശീയ വൈദ്യ ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഇതുവഴി പൊതുജനങ്ങൾക്ക് ഇവരുടെ ചികിത്സാരീതികൾ പ്രയോജനപ്പെടുത്തുന്നതിന് അവസരം ഒരുക്കുകയും ചെയ്യാറുണ്ട് . വംശീയ വൈദ്യവിജ്ഞാനത്തെ ഗോത്രവർഗ്ഗക്കാരിൽത്തന്നെ നിലനിർത്തിക്കൊണ്ടു പോകുവാനുള്ള രീതിയാണ് കിർടാഡ്സ് നിലനിർത്തുന്നത്.2013-ൽ കിർടാഡ്സ് കേരളത്തിലെ വംശീയ വൈദ്യചികിത്സകരുടെ പേര് വിവര സൂചിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ തലത്തിൽ വംശീയ വൈദ്യൻമാർക്ക് കിർടാഡ്സ് മുഖാന്തിരം ഔഷധത്തോട്ടം, ചികിത്സാ സൗകര്യങ്ങൾ എന്നിവയൊരുക്കുന്നതിനായി വാർഷികഗ്രാൻറ് നൽകുന്ന പതിവുണ്ട്.
വംശീയ വൈദ്യത്തിന്റെ പ്രതിസന്ധി
ഗോത്ര സമൂഹങ്ങൾ നൂറ്റാണ്ടുകളിലായി ഉപയോഗിച്ചു വരുന്ന ചില ഔഷധങ്ങൾ മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ പ്രയോജനപ്രദമാണെന്ന കണ്ടെത്തൽ ഇവയുടെ വാണിജ്യ വൽക്കരണത്തിന് കാരണമായി തീർന്നു. ആധുനിക ഔഷധങ്ങൾക്ക് ഒട്ടേറെ പാർശ്വഫലങ്ങളുണ്ടെന്നു മനസ്സിലാക്കിയതോടെയാണ് നിരവധി രോഗങ്ങൾക്ക് സമാന്തര ഔഷധങ്ങളായി ഔഷധസസ്യങ്ങളെ അന്വോഷിച്ചു തുടങ്ങിയത്. ഗോത്രവർഗ ചികിത്സാ രീതികൾ നൽകിയ അറിവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിൽ നിരവധി ഔഷധങ്ങൾ ആധുനിക വൈദ്യശാസ്ത്രം നിർമ്മിച്ചു കഴിഞ്ഞു. ആൻഡിസിലെ ഗോത്രവർഗക്കാരിൽ നിന്നാണ് മലേറിയ രോഗത്തെ തടയുവാൻ കഴിവുള്ള 'സിങ്കോണ 'എന്ന മരത്തിന്റെ പട്ട ലഭ്യമായത്. അമേരിക്കൻ ഇന്ത്യൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന കാട്ടു കാച്ചിലിൽ നിന്നാണ് ഗർഭനിരോധന ഔഷധങ്ങളുടെ ഉൽപ്പാദനത്തിന്റെ മുഖ്യപങ്ക് വഹിക്കുന്ന ഡയോസ് ജനസിസും, കോർട്ടിസോൺ ഉൾപ്പെടെയുള്ള സ്റ്റീററോയ്ഡുകളും വികസിപ്പിച്ചെടുത്തത്.
കൊളോണിയൽ അധിനിവേശങ്ങൾ ഭൂവിനിയോഗ രീതിയിലും ,വിഭവങ്ങളുടെ ഉപയോഗത്തിലും മാറ്റങ്ങൾ വരുത്തിയതോടൊപ്പം ഗോത്രവർഗ മേഖലകളിൽ വലിയ തോതിൽ വികസന പ്രവർത്തനങ്ങൾക്കും കാരണമായി. സർക്കാറിന്റെ സഹായത്താൽ ആധുനിക വൈദ്യ സമ്പ്രദായമായ അലോപ്പതി പട്ടികവർഗ്ഗ മേഖലകളിൽ വ്യാപകമായ തോതിൽ പ്രചരിയിക്കുകയുണ്ടായി. കൂടാതെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി മിക്ക സ്ഥലങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചു.
ചികിത്സക്കായി ഉപയോഗിച്ചിരുന്ന പല ഔഷധ സസ്യങ്ങളും വനനശീകരണത്തിന്റെ ഫലമായി അന്യം നിന്നുപോയി. മരുന്ന് ശേഖരിച്ചു വയ്ക്കുന്ന പതിവ് ഗോത്രവർഗ്ഗക്കാർക്കിടയിൽ ഉണ്ടായിരുന്നില്ല. ആവശ്യത്തിനനുസരിച്ച് കാട്ടിൽ പോയി പറിച്ചെടുക്കുകയായിരുന്നു പതിവ്. 1985-ൽ ശ്രീ.എൻ.വിശ്വനാഥൻ ഈ രംഗത്ത് നടത്തിയ പഠനം തെളിയിക്കുന്നത് ആദിവാസി ഭൂമി കയ്യേറ്റവും വന നശീകരണവും വിലയേറിയ ഈ പാരമ്പര്യ ഔഷധസസ്യങ്ങൾ ഇല്ലാതാക്കുകയും ആദിവാസികളെ ചെലവേറിയ അലോപ്പതി ചികിത്സയിലേക്ക് തിരിക്കുകയും ചെയ്തുവെന്നാണ്.ഇത് ആവരുടെ ആരോഗ്യത്തെ ബാധിച്ചു.
പാമ്പുകടി, സന്ധിവേദന, ഒടിവ്, ചതവ്, ഉളുക്ക് തുടങ്ങിയവയ്ക്കായി പൊതു ജനങ്ങൾ വംശീയ വൈദ്യൻന്മാരെ സമീപിച്ച് ചികിത്സ നടത്തിയിരുന്നു. എൺപതുകൾ മുതൽ ഗോത്രവർഗ്ഗ വൈദ്യന്മാരുടെ സേവനത്തെ പൊതുജനങ്ങൾ കൂടാതെ സസ്യ ശാസ്ത്ര ഗവേഷകരും മറ്റു ഗവേഷകരും ഉപയോഗിച്ചു പോന്നു. ഈ ഗവേഷകർ വംശീയ വൈദ്യൻ ന്മാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തങ്ങളുടെ ഗവേഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇതിനു പുറമെ വനത്തിൽ നിന്നും ഗോത്ര സമൂഹങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങളും ഔഷധ സസ്യങ്ങളും ആയുർവേദ ഔഷധ നിർമാണത്തിന് ഉപയോഗിച്ചിരുന്നു.
ഗോത്രവർഗവംശീയ ചികിത്സാരീതികൾ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയമായ സാഹചര്യങ്ങളും സംജാതമായി , വംശീയ വൈദ്യൻമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ ക്യാമ്പുകൾ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരുന്നു. ഇത്തരം ക്യാമ്പുകളിൽ ഗോത്ര വൈദ്യൻമാരും രോഗികളും ഒരുപോലെ ചൂഷണം ചെയ്യപ്പെടുകയും ഇടനിലക്കാർ മാത്രം നേട്ടം കൊയ്യുകയും ചെയ്തു. ഓരോ രോഗിയിൽ നിന്നും രജിസ്ട്രേഷൻ ഫീസും, വൈദ്യൻമാരുടെ ഫീസും ഈ ക്യാമ്പുകൾ സംഘടിപ്പിച്ച ഇടത്തട്ടുക്കാർ കൈക്കലാക്കി. ഏറെ രോഗികൾ തടിച്ചു കൂടുന്നത് ക്യാമ്പിൽ ശരിയായ ചികിത്സ നൽകുവാൻ വൈദ്യൻമാർക്ക് കഴിയാറില്ല. ഒരു തവണ മരുന്ന് കഴിച്ച രോഗിയ്ക്ക് വീണ്ടും വൈദ്യനെ കാണുവാൻ അവസരം ലഭിച്ചില്ല. രോഗത്തിന്റെ പ്രത്യേകതയനുസരിച്ച് മരുന്നിൽ മാറ്റം വരുത്തുവാനോ പ്രത്യേക മരുന്ന് ഉണ്ടാക്കുവാനോ കഴിയാതെ, കൊണ്ടു പോകുന്ന മരുന്ന് മാത്രമാണ് ഇത്തരം ക്യാമ്പുകളിൽ വൈദ്യൻമാർ വിതരണം നടത്തുന്നത്. മരുന്നുകളെ സംബന്ധിച്ച അറിവും തനതു ചികിത്സാ രീതികളും ഇത്തരം ക്യാമ്പുകളിൽ ചോർന്നു പോകാറുണ്ട്.
ഇന്ന് കേരളത്തിൽ ഇരുന്നൂറിൽപ്പരം ഗോത്ര ചികിത്സകൻമാരുണ്ട്. അലോപ്പതി ഡോക്ടർ കയ്യൊഴിയുന്ന അസുഖങ്ങൾക്ക് വളരെ ജനങ്ങൾ വംശീയ വൈദ്യചികിത്സകരെ സമീപിക്കാറുണ്ട്. കേരളത്തിൽ വംശീയ വൈദ്യം മറ്റുളകിത്സാ രീതികളോടൊപ്പം നില നിർത്തിക്കൊണ്ടു പോകുന്നതിൽ ഇവർ പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. വനനശീകരണത്തിന്റെ ഫലമായി കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ മരുന്നു ചെടികളുടെ നശീകരണത്തിന് കാരണമായി. വനത്തിൽ പോയി മരുന്നു ചെടികൾ ശേഖരിക്കുന്നതിലുള്ള നിയന്ത്രണവും മരുന്നുകളുടെ ലഭ്യതക്കുറവും വ്യാജ വൈദ്യൻമാർ നടത്തുന്ന ചികിത്സയും ഈ രംഗത്തെ പ്രധാന പ്രതിസന്ധികളാണ്. കിടത്തി ചികിത്സ, ഗതാഗത സൗകര്യം, താമസ-ഭക്ഷണ സൗകര്യം തുടങ്ങിയ സംവിധാനങ്ങളുടെ അഭാവം ചില വൈദ്യൻമാർ ചൂണ്ടി കാണിച്ചിട്ടുണ്ട്.പൊതു സമൂഹത്തിന്റെ വിശ്വാസ്യത നേടാൻ വേണ്ട സർട്ടിഫിക്കറ്റില്ലെന്നള്ളതും വംശീയ വൈദ്യൻമാരുടെ മറ്റൊരു പ്രശ്നമാണ്. കേട്ടറിവ് ,കൊണ്ടറിവ്, കണ്ടറിവ് ,കൊടുത്തറിവ് തുടങ്ങിയ പല പാരമ്പര്യ അറിവുകളുടെയും ആകെത്തുകയാണ്. ഗോത്ര വൈദ്യം ഗോത്രവർഗ്ഗ വൈദ്യൻമാരുടെ പരാമ്പരാഗത വിജ്ഞാനം സംരക്ഷിക്കപ്പെടുവാൻ ഉതകുന്ന നിയമങ്ങൾ ഒന്നും തന്നെ പാസ്സാക്കപ്പെട്ടിട്ടില്ല. ബൗദ്ധിക സ്വത്ത് അവകാശ നിയമം നടപ്പിലായിട്ടുണ്ടെങ്കിലും അതിനെ ഗോത്ര വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടില്ല. ഇതിനായി പ്രത്യേക നടപടികൾ ആരംഭിക്കേണ്ടതാണ്.
വൈദ്യൻമാർ കാടിറങ്ങുന്നു
ഒറ്റമൂലി ചികിത്സയും മറ്റും ആദിവാസികളുടെ ഊരുകളുടെ പടി കടന്നുവെന്നു വേണം കരുതാൻ. വന ബാഹ്യ പ്രദേശത്തുള്ളവർ സർക്കാർ സ്വകാര്യ ആശുപത്രികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വനാന്തർഭാഗത്ത് ആശുപത്രികളുടെ സാധ്യത വിരളമെങ്കിലും ആരോഗ്യ പരിരക്ഷാ പ്രവർത്തകരുടെ സജീവമായ ഇടപ്പെടലും മൊബൈൽ വൈദ്യപിശോധന യൂണിറ്റുകളുടെ വരവു പോക്കും കാര്യമായ സ്വാധീനം ചെലുത്തുന്നു. പാരമ്പര്യ വൈദ്യൻമാരുടെ നേതൃത്വത്തിൽ സർക്കാർ ഏജൻസിയായ കിർത്താഡ്സ് മുൻകൈയെടുത്ത് സ്ഥാപിച്ച ചികിത്സാ കേന്ദ്രങ്ങൾ നിരവധിയുണ്ട്. എന്നാൽ ആദിവാസികൾ പൊതുവെ പാരമ്പര്യ ചികിത്സാരീതികളോട് മുഖം തിരിയുന്ന സമീപനമാണ് കാണുന്നത്.
അന്യം നിൽക്കുന്ന വൈദ്യചികിൽസാരീതിയെ സംരംക്ഷിക്കാനും അവയ്ക്ക് കൂടുതൽ സാധ്യത ഉണ്ടാക്കാനും ഗൗരവമായ പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും മറ്റു ഏജൻസികളുടെയുo ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. 1995 മുതൽ 2002 വരെ കീർത്താഡ്സ് തെരഞ്ഞെടുത്ത വൈദ്യൻമാർക്ക് പ്രതിവർഷ ഗ്രാന്റ് നൽകി ചികിൽസാ സൗകര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തി. വനബാഹ്യ പ്രദേശങ്ങളിൽ പലയിടത്തും ചികിത്സാ മന്ദിരങ്ങൾ നിർമ്മിച്ചുനല്കി ഒപ്പം മരുന്ന് ചെടികൾ വച്ചുപിടിപ്പിക്കാനും പരിപോഷിപ്പിക്കാനും പ്രത്യേക പദ്ധതികളും രൂപീകരിച്ചു. പ്രമേഹത്തിന്റെ ഒറ്റമൂലിചികിത്സക്കുള്ള ഗവേഷണങ്ങൾ തിരുവനന്തപുരത്തെ റീജണൽ റിസർച്ച് ലാബിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ചു . 2002 മുതൽ ഇന്ത്യൻ ഇൻഡിജിനസ് പീപ്പിൾ സർവീസസ് സൊസൈറ്റി (വയനാട്)പാരമ്പര്യ വൈദ്യൻമാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കുന്നു. കേരള സർക്കാറിന്റെ ധനസഹായത്തോടെ പാരമ്പര്യവൈദ്യത്തിൽ ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സും ഇവർ നടത്തുന്നു.
പൊതുധാരാ ജനസമൂഹവുമായി ബന്ധപ്പെടാതെ ഭൂമി ശാസ്ത്രപരമായും സാമൂഹ്യ സാംസ്കാരികപരമായും യഥാർത്ഥത്തിൽ ഇവർ ഒറ്റപ്പെടുകയായിരുന്നു. അത്തരമൊരു ഒറ്റപ്പെടലിൽ നിന്ന് അവരെ മോചിപ്പിച്ചത് കാലാകാലങ്ങളിൽ വനാന്തരമേഖലയിലുണ്ടായ വികസന പ്രവർത്തനങ്ങളാണ് .
പാർപ്പിടം, കൃഷി, ആചാരങ്ങൾ തുടങ്ങിയവയിലെല്ലാം ഇപ്പോൾ പ്രത്യക്ഷമായ മാറ്റം പ്രകടമാണ്. ആദ്യകാല ജീവിതരീതികളുമായി ഈ മാറ്റങ്ങളെ താരതമ്യം ചെയ്യുന്നത് ഉചിതമാണെന്ന്
തയ്യാറാക്കിയത്
ജീഷ്മ മോഹൻദാസ്
പ്രസിദ്ധീകരണ വിഭാഗം, ആര്യവൈദ്യശാല കോട്ടയ്ക്കൽ