Archives / May 2019

ഫൈസൽ ബാവ
ആ മുയൽകുഞ്ഞിൻ ചിരിമാഞ്ഞു... അസ്മോ പുത്തൻ ചിറ

"നക്ഷത്രത്തുളയുള്ള 

ആകാശ തമ്പിൻകീഴിൽ

പലരാവിൽ പതിവായി 

കുരുതി കൊടുക്കും കരി-

നീല ഞരമ്പുകളോടും 

കളിരംഗക്കരുക്കൾ." (ചിരിക്കുരുതി) 

വലിയ ഒരു ശൂന്യത ബാക്കിയാക്കി അസ്മോക്ക തോളിൽ വെച്ചിരുന്ന കൈകൾ എടുത്ത് യാത്രയായപ്പോൾ നഷ്ടപെട്ടത് ഒരു കവിതയുടെ വലിയ ഇടമായിരുന്നു.  തീവ്രമായ വേദനയിലും, പിടയുള്ള ഉള്ളിനെ ഉലയ്ക്കുന്ന കവിതകളിലൂടെ കഴിഞ്ഞ അൻപത് വർഷങ്ങളോളം മലയാളത്തിൽ നിറഞ്ഞു നിന്ന കവിയാണ്‌ അസ്മോ പുത്തൻചിറ. ഇടറിയ ഒരു നോട്ടത്തിൽ ചങ്കു പൊട്ടുന്ന വേദനയിൽ അസ്മോക്ക ജിവിതത്തിന്റെ വിവിധ വശങ്ങളെ അക്ഷരതുണ്ടുകളാക്കി കവിതയിലേക്ക് ഉരുക്കിയോഴിച്ചത് കൊണ്ടാണ് 

"ഒരു കവിത 

വക്കുപൊട്ടിയ അക്ഷരങ്ങൾ കൊണ്ട്

 ജീവിതം വരച്ചു"  

എന്ന് എഴുതാൻ കഴിയുന്നത്. തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും പ്രവാസിയായി കഴിയുകയുമ്പോളും  ഓരോ നിമിഷവും മലയാള മണ്ണിനെ മനസിലേറ്റിയാണ് കവി ജീവിച്ചത്. ജീവിതം മുഴുവൻ ഒരു സാഹിത്യപ്രവര്ത്തകനാവുക സാഹിത്യ കൂട്ടായ്മകൾ സംഘടിപ്പിക്കുക, സൗഹൃദം വളര്ത്തുക,  സൗഹൃദത്തെ കാത്തു സൂക്ഷിക്കുക ഇതായിരുന്നു അസ്മോ. മനുഷ്യർക്കിടയിൽ സ്പര്ദ്ധയുടെ വേരുകൾ  ആഴ്ന്നിറങ്ങി സമൂഹം വല്ലാതെ ഭിന്നിച്ചു പോകുമ്പോൾ കവി വല്ലാതെ ആകുലപ്പെട്ടിരുന്നു. കവിതകളാൽ അദ്ദേഹം അതിന്റെ നേര്ചിത്രം വരക്കുമ്പോൾ തന്റെ ശരീരവും ചൂടേറി പോകുന്നു എന്ന് പലവട്ടം കവി പറയുന്നു. അബുദാബിയിലെ പോയട്രി കോർണറിന്റെ ക്യാപ്റ്റനായി ഏറെ കാലം അസ്മോ വിവിധ രാജ്യങ്ങളിലെ കവികളുമായി സംവദിച്ചു. കോലായ എന്നാ സാഹിത്യ കൂട്ടായ്മയിലൂടെ  പുതുവഴി  തേടുന്ന പലരേയും  അത്യംന്തം ആഹ്ലാദത്തോടെ സ്വീകരിക്കുകയും അവർക്ക് വേണ്ടി എത്ര സമയം ചെലവഴിക്കാനും സഹൃദയകനാകനും തയ്യാറാകുന്ന രീതിയാണ് അസ്മോയെ ഏറെ വ്യത്യസ്തനാകുന്നത്.



"ഇനിയേതു പുനർജന്മത്തിൻ 

 തണൽ തേടി; തളർന്നുലഞ്ഞ 

ഭാരവുംപേറി നടന്നു നീങ്ങുന്നു നീ? 

കവിതയുടെ ഭാരം പേറി ജീവിതമത്രയും നടന്നു നീങ്ങിയ കവി.  

“ഒടുവിൽ

രംഗമൊഴിയുമ്പോഴാണ്

നാമറിയുക

അവന്റെ കാലിൽ

ചങ്ങലയില്ലായിരുന്നെന്ന്” 

അതെ അസ്മോ രംഗമൊഴിഞ്ഞു ഇനി കവിതയോ അക്ഷരങ്ങളോ ഇല്ലാത്ത ലോകത്ത് പാറിക്കളിക്കുന്നുണ്ടാവും. നിഷ്കളങ്കമായ ജീവിതം ഒരു സാക്ഷിയെപോലെ നമുക്ക് മുന്നില് തുറന്നിട്ട്‌ അസ്മോ കവിതയുടെ നാലതിരുകൾക്കപ്പുറത്തേക്ക് എന്തിനാണ് ഇത്ര പെട്ടെന്ന് ചാടിക്കടന്നത്, ചതിയുടെ ചിലന്തിവലകൾ കണ്ണിമ വെട്ടുമ്പോൾ നമ്മെ മൂടുന്ന ഈ ലോകത്ത് എവിടെയോ അസ്മോയും നിരന്തരം വേട്ടയാടപ്പെട്ടിരുന്നോ?

‘’നല്ലവനെ

ചതിക്കാനെളുപ്പം

പറയുന്നതിൽ

സത്യമേ കാണൂ’’

(ചതി)

“ നീതിക്ക് കുരുതി കൊടുക്കും

നിണമൊഴുകും തെരുവിൽ

നിലവിട്ട് കേഴുമ്പോ-

ളെങ്ങനെ ഞാൻ നിന്നോടു മിണ്ടാൻ”

(മൗനമുദ്രകൾ)

 

“പോർക്കളത്തിൽ

ശാപവാക്കുകൾ തേരൊലികൾ

ഖഡ്ഗശീൽക്കാരങ്ങളിൽ

കൂടപ്പിറപ്പിൻ ഗദ്ഗദം

വാർന്നിറ്റുവീഴുന്ന നൊമ്പരം”

(പടയണി)

കടുത്ത വേദന ഉള്ളിൽ  പേറി കവിയുടെ തീനടത്തമാകാം ഈ വരികൾ എന്നാലും ആരോടും പരിഭവം പറയാതെ ഒരു മുയൽകുഞ്ഞിന്റെ മുഖത്തോടെ ചെറു പുഞ്ചിരി ചുണ്ടിൽ ബാക്കി നിർത്തി കവി മൌനം മരുന്നായി സ്വീകരിക്കുന്നു 

“എല്ലാവരേയും

മിത്രങ്ങളാക്കാൻ

കഴിഞ്ഞില്ലെങ്കിലും

ആരേയും

ശത്രുക്കളാക്കതിരിക്കാൻ

മൗനം കുടിക്കുക”

(മരുന്ന്)

കവി സമാധാനത്തിന്റെ തണൽ  തേടി ഏറെ അലയുന്നവനാണ് അസ്വസ്ഥമായ ഇടങ്ങളാണല്ലോ ഓരോ കവിഹൃദയങ്ങളും. 

“ചിലർക്ക് കരച്ചിൽ ഒരു തണലാണ്

നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ

പരിഹാസശരങ്ങളെ പ്രതിരോധിക്കാൻ

എത്തുന്നത് അവിടെയാണ്.”

(തണൽ) 

നിരന്തരാന്വേഷണത്തിലൂടെ അസ്മോ കവിതയുടെ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി അധികം ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ അലയുകയായിരുന്നു. ദീർഘ കാലത്തെ പ്രവാസ ജീവിതം നൽകിയ പാഠങ്ങൾ കവിതയിലൂടെ ആവാഹിക്കുകയായിരുന്നു  മരുഭൂമിയുടെ കടുത്ത ചൂടും അപ്രതീക്ഷിതമായി അതി നോക്കി ചിരിക്കുന്ന മഴയും വന്മരങ്ങളുടെ നിഴൽ പതിക്കാത്ത മരുഭൂമിയും കവിതയിൽ ഒഴിവാകാനവാത്ത അടയാളമായി മാറുന്നു. അസ്മോയുടെ ലോകം വിശാലമാണ് അതുകൊണ്ടാണ് മുസഫ്ഫയിൽ നിന്നും ബസ്സിൽ വരുമ്പോൾ ലോകത്തിന്റെ പരിച്ചേതമാകുമീ മണൽ നഗരത്തെ തന്നെ ജീവിതത്തിനൊപ്പം കൂട്ടിക്കെട്ടി തീഷ്ണമായ ജീവിത യാതാർത്ഥ്യം വരച്ചു കാട്ടുന്നത്   

ബസ്സിൽ മുസഫ്ഫയിൽ നിന്നു അബുദാബിയിലേക്ക്’

എന്നൊരു കവിതയിൽ 

“വാലറ്റത്ത് ഒരിടവുമില്ലാതെ

അനാഥമായി 

തൂങ്ങിപ്പിടിച്ചുനില്‍ക്കുന്ന കവിത” 

എന്ന് താൻ തന്നെ തൂങ്ങി നിൽക്കുന്നത്. എന്നും അസ്മോ അങ്ങനെയായിരുന്നു കവിതയിൽ അല്ലാതെ കവി എവിടെയും ഉറച്ചു നിന്നില്ല 

“നേടിയില്ലെന്ന ഖേദം

നോട്ടപ്പിശകിന്

വെച്ചുമാറുന്നു

ഓട്ടപ്പന്തയത്തിലെ

മുയൽ”

(ഓട്ടം) 

സ്വന്തം ജീവിതാനുഭവം 'പിൻഗാമി' എന്ന കവിതയിൽ അദ്ദേഹം യാതര്ത്യ ബോധത്തോടെ തന്നെ പറയുന്നുണ്ട്.

''ഭാര്യ പരിതപിച്ചു

ഇതുവരെ നമുക്ക് 

കുഞ്ഞ് ജനിച്ചിട്ടില്ല.

കവി പ്രതികരിച്ചു 

നമുക്കല്ലാതെ 

ഈ ലോകത്ത് 

ഒരു കുഞ്ഞും 

ജനിച്ചിട്ടില്ല'' 

ഇങ്ങനെ പറയാൻ അസ്മോക്ക് മാത്രമേ സാധിക്കൂ. 

കലർപ്പില്ലാത്ത തന്റെ ജീവിതത്തിലൂടെ താൻ  സ്വായത്തമാക്കിയ സങ്കീർണ്ണമല്ലാത്ത അറിവുകൾ കുറഞ്ഞ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു. അതിനാൽ കവിത ലളിതം. 

'പുസ്തകം തുറന്ന് 

ചിക്കിപ്പെറുക്കി

 കിട്ടിയ കതിരുംകൊണ്ട് 

 അടുത്ത കോലയയിലേക്ക് 

പറന്നു പോയി വായന"  

എന്ന് അസ്മോ തന്റെ കോലായയെ പറ്റി എഴുതുന്നു. തുറന്ന മനസും ആരെയം സ്വീകരിക്കാനും അവരെ നന്നായി കേള്ക്കാനും ഉള്ള സന്മനസും വേണ്ടുവോളം ഉള്ള അപൂര്വം കവികളിൽ ഒരാളാണു അസ്മോ. ഇറോം ഷർമിളയെ പറ്റി  അസ്മോ ഏറെ അഭിമാനിച്ചിരുന്നു അത്തരം പത്തുപേര് മതി ചരിത്രം  തിരുത്താൻ എന്ന് അസ്മോ നിരന്തരം പറയുന്നു. 

"ജീവിതം ത്യാഗ ഭരിതം

 അര്പ്പിതം ജനസേവനം

 ചരിത്രമേ നിനക്കന്യം

 കരുത്തിന്റെ പെണ്ചരിതം"

ഇറോം ഷർമിള എന്ന കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. 

"മാധ്യമാപ്പോരിനിടമില്ലാതെ

 നക്ഷത്രപ്പൊലിമയുടെ 

തിളക്കമില്ലാതെ 

നന്മയുടെ ഹൃദയത്തിലെക്ക് 

പതുക്കെ കയറിയവൾ " 

എന്ന് കവിത അവസാനിപ്പിക്കുമ്പോൾ വിമർശനത്തിന്റെ  ചീന്തും തിരുകുന്നുണ്ട്. 

കവിതയിലൂടെ നടത്തം അവസാപിപ്പിക്കാതെ ഒരു ചെറു പുഞ്ചിരി ബാക്കിയാക്കി നടന്നകന്നു അസ്മോ എന്ന കവി. "ചുടുചൊരച്ചിരി കാട്ടി 

പടുചതിയിൽ കുഴൽ വെട്ടി

 തരം  നോക്കി തല വെട്ടി 

 കുരുതിക്കായ് കരുവാക്കി 

 പലരിവിടെ പതിവായി"    

അങ്ങനെ ചോദിക്കാൻ തര്ക്കിക്കാൻ... കലഹിക്കാൻ... കവിത ചൊല്ലി കേൾപ്പിക്കാൻ ഇനി അസ്മോ ഇല്ല  

കവിതയിലൂടെ നടത്തം അവസാപിപ്പിക്കാതെ ഒരു ചെറു പുഞ്ചിരി ബാക്കിയാക്കി നടന്നകന്നു   അവസാനമായി അസ്മോയുടെ അരികിൽ നിൽക്കുമ്പോൾ ഒരു മുയൽകുഞ്ഞിന്റെ മുഖമായി ചിരിച്ചു കിടക്കുന്ന അസ്മോയുടെ മുഖത്ത് നോക്കാൻ മനസ് അനുവദിക്കുന്നില്ല...ഇനി തോളിൽ കയ്യിട്ട് നടക്കാൻ അസ്മോക്ക ഇല്ലല്ലോ എന്ന വിചാരമാണ് ആ മുഖത്ത് നോക്കാതിരിക്കാൻ കാരണം. ഇപ്പോഴും കൂടെയണ്ടായിരുന്ന  അസ്മോയുടെ വിടവാങ്ങൽ ഏതു അക്ഷരംകൊണ്ടാണ് ഞാൻ എഴുതേണ്ടത് 

മയ്യിത്ത് കുളിപ്പിക്കുമ്പോളും ഉള്ളു പിടക്കുകയായിരുന്നു മുഖത്ത് നിന്നും മാറാത്ത എ മുയൽ ചിരി, എന്തോ പറയാനുണ്ടെന്ന ബാക്കിവെക്കൽ... എന്തായിരിക്കും എന്നോടായി പറയാൻ ബാക്കിവെച്ചത്?

ഈ ശൂന്യത വല്ലാതെ അലട്ടുന്നുണ്ട്  ഇതിനെ മറികടക്കാനാവാത വിധം ഉലയുന്നു  മലയാള കവിതയും   പ്രവാസലോകവും.  ഇക്കാലത്തിനിടയിൽ "ചിരിക്കുരുതി" എന്ന ഒരേയൊരു കവിതാ സമാഹാരമാണ്  ഇറങ്ങിയിട്ടുള്ളത്.  ഈ ഒറ്റ കവിതാ സമാഹാരം കൊണ്ട് തന്നെ കവിയുടെ സാന്നിദ്ധ്യമറിയിച്ച കവിയാണ്‌ അസ്മോ. ഇന്ത്യാടുഡേ പോയ വര്‍ഷത്തെ മികച്ച പുസ്തകങ്ങളായി കണ്ടെത്തിയ 

ശ്രദ്ധേയമായ 25 പുസ്തകങ്ങളില്‍ ഇടം പിടിച്ച ഒരു കവിത സമാഹാരം അസ്‌മോ പുത്തന്‍ ചിറയുടെ ചിരിക്കുരുതിയായിരുന്നു.

തീരാത്ത വേദന ബാക്കിവെച്ച് എഴുതാനിനിയും ഉണ്ടെന്ന ചിരി ചുണ്ടിൽ ഒളിപ്പിച്ചു ആ മുയൽകുഞ്ഞിൻ  ചിരി മായ്ച്ച് അസ്മോ ഓർമ്മയിലേക്ക് പോയിരിക്കുന്നു.


 

Share :

Photo Galleries