Archives / May 2019

 അഡ്വ: ഫരീദ ബാനു
മുറിച്ചു കടന്നവർ

അടർന്നു വീഴുന്ന ഓർമ്മകളിൽ
പുഴ മുറിച്ചു കടന്നു പോയവരുടെ 
കാൽപാദങ്ങളിലെ നനവിറങ്ങുന്നു.

അതിരെഴാത്ത ആകാശത്തിനു 
ചുവട്ടിൽ 
വിളറി വീഴുന്ന മഴത്തുള്ളികൾ 
ചിത്രങ്ങൾ വരക്കുന്നത് പോലെ.

നിഴലുകൾ വാടിത്തളർന്ന സന്ധ്യക്കുമേൽ 
പുള്ളികുത്തുന്ന നക്ഷത്രങ്ങളിൽ  
ഋതുസംക്രമങ്ങളുടെ മുറിഞ്ഞ 
ചങ്ങലകൾ തീർത്ത്

പുഴ മുറിച്ചു കടന്നു പോയവർ 
പേരറിയാത്തൊരു ദിക്കിലേക്കൊഴുകി 
പാതിയും പൊലിഞ്ഞൊരു  താരകം  
പോൽ നിറംകെട്ടു പോവുന്നു. 

ആർദ്രതയുടെ നനവ് വറ്റിയ വാക്കിൻ കനൽക്കീറുകൾ തീർത്ത മുറിവുകൾ 
വിഷാദം പേറുന്ന മഹാസമുദ്രങ്ങളാവുന്നു.  

പെട്ടെന്നൊരു സന്ധ്യയിൽ നാം 
ജരാനരകൾ ബാധിച്ചു 
വൃദ്ധരായിപ്പോയതെങ്ങിനെ?

മുഗ്ദമായ്‌ പൊഴിയുന്ന മൗനങ്ങളെ 
ചേർത്തടച്ച- 
ചെപ്പ് തുറന്നു കുങ്കുമം വിതറി പോവുന്ന 
സന്ധ്യകളെ പെറ്റ പകലുകളോ 

പകുതി മുറിഞ്ഞ വാക്കുകൾ
വഴിയിറമ്പിൽ ഉപേക്ഷിച്ചു 
പോയതോർത്തു കരഞ്ഞു തീർത്ത 
രാത്രികളോ... 

പുനർജനിക്കുവാൻ കൊതിയോടെ 
കാത്തിരിക്കുന്ന സുധാംശുവോ-  
ആരാണ്... 
നമ്മുടെ മൗനങ്ങളെ പകുത്തെടുത്ത്  
നമ്മെ അന്യരാക്കിയത്. 

ഇടവേളകളിൽ കനൽകാടുകൾ പൂത്തു 
ചിതറി വീണ പൂക്കളിൽ നാം  
തിരഞ്ഞത് ഒരേ കടലോ നൂലോളം 
മെലിഞ്ഞൊരു പുഴയോ.

എത്ര അകലങ്ങളിലിരിക്കാം എന്നതിലല്ല;
ഇരുകരകളിൽ ഇരിക്കുമ്പോഴും 
മണലിൽ വരഞ്ഞ രൂപങ്ങളുടെ  
സാമ്യത്യയിലാണ് നാം നിറഞ്ഞിരിക്കുന്നത്.

           

Share :