Archives / November 2017

എം.എഫ്. തോമസ്.
ഒക്ടോബര്‍ വിപ്ലവവും സിനിമയും

എം.എഫ് തോമസിനെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. എന്നാല്‍ കണ്ണാടി മാഗസിനിന്‍റെ വായനക്കാര്‍ക്കു വേണ്ടി രണ്ടു വാക്ക്.
തിരുവനന്തപുരം ഉള്ളൂര്‍ ആക്കുളം റോഡില്‍ പ്രശാന്ത് നഗറില്‍ \'സിതാര\'യില്‍ ഭാര്യ ബേബിയോടും മകന്‍ സന്ദീപിനോടൊപ്പം താമസിക്കുന്നു. ഇപ്പോഴും വിശ്രമ ജീവിതത്തിന് തയ്യാറാകാത്ത മനസ്സുമായി സിനിമയ്ക്കുവേണ്ടി ഓടിനടക്കുന്നു.
സിനിമയെ കണ്ടെത്തല്‍, സിനിമയുടെ ആത്മാവ്, അടൂരിന്‍റെ ലോകം, ഇന്ത്യന്‍ സിനിമ,, ഡോ. കെ.എന്‍. രാജീവിന്‍റെ ഇന്ത്യ- പാകിസ്ഥാന്‍ - ചൈന സാമ്പത്തികാഭിവൃദ്ധിയും കാഴ്ചപ്പാടും എന്നി പുസ്തകങ്ങളുടെ പരിഭാഷകളും \"നിന്‍റെ കഥ\" എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് \'അല\' മികച്ച മൗലിക ചലച്ചിത്ര പുസ്തക പുരസ്കാരത്തിന് \'അടൂരിന്‍റെ ചലചിത്ര യാത്രകള്‍\\\' അര്‍ഹമായി. ഫിലിംക്രിട്ടിക്സ് അവാര്‍ഡും സംസ്ഥാന അവാര്‍ഡും അതിനു ലഭിച്ചു.
ഇന്ന് പ്രശസ്തരായ പലരുടേയും ഒരു കാലത്തെ വഴികാട്ടിയായിരുന്നു എം.എഫ്. തോമസ്.
ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യനെറ്റ്, സൂര്യ തുടങ്ങി എല്ലാ ചാനലുകളിലും ചലച്ചിത്രസംബന്ധിയായ പ്രഭാഷണങ്ങള്‍, അനേകം ചലച്ചിത്ര സെമിനാറുകള്‍, ഫിലിം സൊസൈറ്റികള്‍ അങ്ങനെ നിറ സാന്നിദ്ധ്യമായി ഇന്നും അദ്ദേഹം തുടര്‍ന്നു പോകുന്നു.. . . .

മുല്ലശ്ശേരി

ഒക്ടോബര്‍ വിപ്ലവവും സിനിമയും
എം.എഫ്. തോമസ്.
മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികം ലോകമെങ്ങും ആഘോഷിക്കുകയാണ്, ഇപ്പോള്‍. മഹത്തായ സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചിന്തയിലും കലാവീക്ഷണത്തിലും സങ്കല്പങ്ങളിലും പൊളിച്ചെഴുത്തു നടത്തി..
ഏറ്റവും ശക്തമായ കല എന്നാണ് സിനിമയെ ലെനില്‍ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ ലോകത്താദ്യമായി ചലച്ചിത്രപഠനത്തിനായി ഫിലിം സ്കൂളുകള്‍ തുടങ്ങിയത് സോവിയറ്റ് യൂണിയനിലാണ്. മറ്റു പഠനങ്ങളോടൊപ്പം തന്നെ സിനിമയും സോവിയറ്റ് യൂണിയനിലെല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ തുടങ്ങി. ലോകത്താദ്യത്തെ ഫിലിം സ്റ്റുഡിയോയും സോവിയറ്റ് യൂണിയനില്‍ ഉയര്‍ന്നുപൊങ്ങി.
1917 വരെ റഷ്യയില്‍ ആരോഗ്യകരമായ ഒരു ചലച്ചിത്ര പ്രസ്ഥാനം ഉടലെടുത്തിരുന്നില്ല. ജനങ്ങളുടെ ബോധവത്ക്കരണത്തിന്നിണങ്ങിയ ഓജസ്സുറ്റ കല സിനിമയാണെന്ന് വിശ്വസിച്ച ലെനിന്‍റെ നാട്ടില്‍, രാഷ്ട്രീയവിശ്വാസമായിരുന്നു ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള പ്രത്യേക പ്രേരകശക്തി. സോവിയറ്റ് യൂണിയനില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു ചലച്ചിത്രവ്യവസായം. സിനിമ ദേശസാത്ക്കരിച്ചു. എല്ലാം രാഷ്ട്രത്തിനു കീഴിലായി.
ഒക്ടോബര്‍ വിപ്ലവം സിനിമയിലെ താത്വിക അന്വേഷണത്തിന് തുടക്കം കുറിച്ചു. ഐസന്‍സ്റ്റീനും പുഡോവ്കിനും വെര്‍തോവും ഡോവ്ഷേങ്കോയും കുളെഷോവും തങ്ങളുടെ സ്വന്തമായ രീതികളില്‍ താത്വിക അന്വേഷണങ്ങള്‍ നടത്തുകയും സിനിമയില്‍ വിപ്ലവങ്ങള്‍ വിതയ്ക്കുകയും ചെയ്തു.
സിനിമയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ എടുത്തുപറയേണ്ടതും എന്നും പ്രസക്തവുമായ മൊണ്ടാഷിനെപ്പറ്റിയുള്ള അന്വേഷണങ്ങളോടൊപ്പം നില്‍ക്കുന്ന മറ്റൊരന്വേഷണവും സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഡയലക്ടിക്കല്‍ മാര്‍ഗ്ഗത്തില്‍ വിശ്വസിച്ചുകൊണ്ട്, ഹെഗലിനെയും മാര്‍ക്സിനെയും വ്യാഖ്യാനിച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രം ഉടലെടുത്തത് അവരുടെ മുന്നിലുണ്ട്. രണ്ടു വര്‍ഗ്ഗങ്ങളുടെ സംഘര്‍ഷത്തിലൂടെ, അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ വര്‍ഗ്ഗം ഉരുത്തിരിഞ്ഞു വരുന്നത് അവര്‍ കണ്ടതാണ്. അതുതന്നെയാണ് മൊണ്ടേഷിനെപ്പറ്റി ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മോഷിഗിന്‍ സോവിയറ്റ് യൂണിയനിലെ പ്രശസ്ത നടനായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍വികാരമായ മുഖത്തിന്‍റെ ഷോട്ടോടുകൂടി, ഒരു പാത്രം സൂപ്പ്, ശവപ്പെട്ടിയില്‍ കിടക്കുന്ന സ്ത്രീ, ഒരു കൊച്ചു പെണ്‍കുട്ടി എന്നിവ ചേര്‍ത്തുവച്ചപ്പോള്‍, നടന്‍റെ മുഖം വിശപ്പ്, ദുഃഖം, വാത്സല്യം എന്നീ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായി കണ്ടു.
ഐസന്‍സ്റ്റീന്‍റെ ബാറ്റില്‍ടിപ്പ് പോട്ടെംകിന്‍; മൊണ്ടാഷ് തത്വത്തിന്‍റെ എക്കാലത്തെയും ഉത്തമോദാഹരണമാണ്. സിമന്‍റ് സിംഹങ്ങളുടെ രൂപഭാവങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഉണ്ടാക്കിയെടുത്ത പ്രത്യേകശക്തി എന്നും സിനിമയുടെ ചരിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒഡേസാപടവുകളിലെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കുന്നതിലൂടെ \\\'മൊണ്ടാഷ്\\\' എന്ന ചലച്ചിത്രത്തിലെ എക്കാലവും പ്രസക്തമായ താത്വിക അന്വേഷണത്തിന് ഐസന്‍സ്ടീന്‍ അടിത്തറയിട്ടു. \\\'മേന്‍ വിത്ത് ഏ മൂവി ക്യാമറ\\\' എന്ന വെര്‍ത്തോവിന്‍റെ ചിത്രം ചായക്കൂട്ടുകളില്ലാതെ സാമൂഹ്യസത്യങ്ങളെ പകര്‍ത്തുകയുണ്ടായി. കീനോ പ്രാവ്ദ എന്ന ചലച്ചിത്രതത്വത്തിന് അങ്ങനെ തുടക്കം കുറിച്ചു. ഫ്രാന്‍സില്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ അതിനെ സിനിമാവെരിത്തേ എന്നു പേരിട്ടു വിളിച്ചു. ദി മേന്‍ വിത്ത് ഏ മൂവീക്യാമറ ശരിക്കും പറഞ്ഞാല്‍ സിനിമയെപ്പറ്റി ഉള്ള ഒരു സിനിമയാണ് സ്പ്ലിറ്റ് സ്ക്രീന്‍, ഫാസ്റ്റ് മോഷന്‍, സ്ലോമോഷന്‍, ഫ്രീസിങ് തുടങ്ങിയവ വെര്‍ത്തോവിന്‍റെ ചിത്രങ്ങളില്‍ കാണാം.
പരമ്പരാഗത നായകസങ്കല്പത്തെ എതിര്‍ത്ത ഐസന്‍സ്റ്റീന്‍, സമൂഹം അപ്പാടെ തന്നെ നായകനായി പ്രത്യക്ഷപ്പെടുന്നത് ബാറ്റില്‍ഷിപ്പ പോട്ടെംകിനില്‍ നാം കാണുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് സമൂഹത്തില്‍ വ്യക്തികളേക്കാള്‍ പ്രാമുഖ്യം സമൂഹത്തിനാണല്ലോ.
ലോകത്താദ്യമായി ചിച്ചിത്രാഭിനയത്തെപ്പറ്റി ഫിലിം ടെക്നിക്കിനെപ്പറ്റി ആദ്യമായി പുസ്തകമെഴുതിയത് വിപ്ലവാനന്തര കാലത്ത് പുഡോവ്കിന്‍ ആയിരുന്നു. ആ കാലത്തു തന്നെ എഴുതപ്പെട്ട ഐസന്‍സ്റ്റീന്‍റെ ഫിലിം ഫൊം അത്തരത്തിലുള്ള ആദ്യ ഗ്രന്ഥവും ആധികാരികഗ്രന്ഥവും ഇന്നും അടിസ്ഥാനപ്രമാണമായി കരുതപ്പെടുന്ന താത്വികഗ്രന്ഥവുമാണ്. അക്കാലത്തുതന്നെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്രോത്സവമായി വാഴ്ത്തപ്പെട്ട മൊസ്കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് റഷ്യ പ്രാരംഭം കുറിച്ചു.
നിശ്ശബ്ദ സിനിമയുടെ കാലത്തു തന്നെ രചിക്കപ്പെട്ട ഐസന്‍സ്റ്റീന്‍റെ ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ ലോകസിനിമയിലെ എക്കാലത്തെയും മഹത്തായ ചലച്ചിത്രോത്സവത്തിന് റഷ്യ പ്രാരംഭം കുറിച്ചു.
നിശ്ശബ്ദ സിനിമയുടെ കാലത്തു തന്നെ രചിക്കപ്പെട്ട ഐസന്‍സ്റ്റീന്‍റെ ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ ലോകസിനിമയിലെ എക്കാലത്തെയും മഹത്തായ ചലച്ചിത്ര രചനകളില്‍ മുന്‍പന്തിയില്‍ ആണ്. ഇന്നുവരെ ഉണ്ടായിട്ടുള്ള മഹത്തായ സിനിമകളില്‍ പത്തെണ്ണം എടുത്താല്‍ വരുന്ന ഈ ചിത്രം സത്യജിത്ത് റായിയെപോലെ എത്രയെത്ര ചലച്ചിത്രകാരډാരെയാണ് പ്രചോദിപ്പിച്ചിട്ടുള്ളത്.
സ്ട്രൈക്ക്, ഒക്ടോബര്‍ - ദാറ്റ് ഷൂക്ക് ദി വേള്‍ഡ്, ഇവാന്‍ ദി ടെറിബിള്‍ ഫസ്റ്റ് സെക്കന്‍ഡ്, നെവിസ്കി എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു പ്രധാന ചിത്രങ്ങള്‍.
പുഡോവ്കിന്‍ ആണ് സോവിയറ്റ് യൂണണിയനില്‍ നിന്നുണ്ടായിട്ടുള്ള രണ്ടാമത്തെ പ്രധാനപ്പെട്ട ചലച്ചിത്രകാരന്‍. മാക്സിം ഗോര്‍ക്കിയുടെ അമ്മയെ അവലംബിച്ച് സംവിധാനം ചെയ്ത ചിത്രം എക്കാലത്തും പ്രസക്തമാണ്. ദി എന്‍ഡ് ഓഫ് സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്ഗ്, സ്റ്റോം ഓവര്‍ ഏഷ്യ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു ചിത്രങ്ങള്‍.
ഡോവ്ഷെങ്കോവിന്‍റെ എര്‍ത്ത് എന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിഴലും വെളിച്ചവും ഉപയോഗിച്ചുകൊണ്ട് രചിക്കപ്പെട്ട, കൃഷിക്കാരന്‍റെ അവസാനിക്കാത്ത മണ്ണിനോടുള്ള പടയൊരുക്കത്തിന്‍റെ കഥ ഉയര്‍ത്തിപ്പിടിക്കുന്നു. ആര്‍സെനല്‍ ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം.
സോവിയറ്റ് യൂണിയന്‍റെ നല്ല സിനിമാപാരമ്പര്യം തുടര്‍ന്നുകൊണ്ടേയിരുന്നു. ഷേക്സ്പിയര്‍ രചനകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട കൊസിന്‍റ്സേവിന്‍റെ \'കിങ് ലിയര്‍\' ആ ഗണത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല സിനിമയാണ്. ഇന്നത്തെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് തര്‍ക്കോവ്സ്കി. മനുഷ്യന്‍റെ മനസ്സിന്‍റെ അത്യഗാധതലങ്ങളിലേക്ക് ഇറങ്ങിയിറങ്ങിച്ചെല്ലുന്ന സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് സിനിമാസങ്കല്പത്തില്‍ ഒരു പൊളിച്ചെഴുത്തു നടത്തി, തര്‍ക്കോവ്സ്കി, ആന്ദ്രേ റൂബ്ളേവ് ഫസ്റ്റ് - സെക്കന്‍റ്, ഇവാന്‍സ് ചൈല്‍ഡ്ഹുഡ്, സ്റ്റാക്കര്‍, ദി മിറര്‍, സാക്രഫൈസ്, നൊള്‍സ്റ്റാജിയ എന്നിവ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട രചനകളാണ്. അലക്സാണ്ടര്‍ സഖറോവ് ആണ് ചലച്ചിത്ര സ്വാദകരെ ഞെട്ടിപ്പിച്ച മറ്റൊരു സിനിമാക്കാരന്‍. മദര്‍ ആന്‍ഡ് സണ്‍ എന്ന അദ്ദേഹത്തിന്‍റെ ചിത്രം സിനിമയില്‍ ഒരു പൊളിച്ചെഴുത്തുതന്നെ നടത്തി. സിനിമ ചിത്രകലയോടാണോ സംഗീതത്തോടാണോ ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നു തോന്നിപ്പിക്കുന്ന തരത്തില്‍, സിനിമ എവിടെ എത്തിനില്‍ക്കുന്ന എന്നു പ്രഖ്യാപിക്കുന്ന ചിത്രമാണ് അത്.
തര്‍ക്കോവ്സ്കിയുടെ ഗുരുനാഥനായി വാഴ്ത്തപ്പെടുന്ന പരാജ്നോവിന്‍റെ മൈ ഫോര്‍ഗോട്ടണ്‍ ആന്‍സെസ്റ്റേഴ്സ് എടുത്തു പറയേണ്ട അക്കാലത്തെ ഒരു ചിത്രമാണ്.
ഏറ്റവും പുതിയ കാലത്തു പോലും റഷ്യന്‍ സിനിമ അതിന്‍റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. കേരളത്തിന്‍റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലൊന്നില്‍ എല്ലാവരും ചര്‍ച്ചചെയ്ത ദി റിട്ടേണ്‍ മറ്റൊരു കേരള ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകര്‍ നെഞ്ചോടടുചേര്‍ത്തു പിടിച്ച ദി റിപ്പന്‍റന്‍സ് എന്നിവ അവിരാമമായി തുടരുന്ന റഷ്യന്‍ ചലച്ചിത്ര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു.
താത്വികതലത്തിലും കലാതലത്തിലും ലോക സിനിമയെ ഇത്രയധിം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത ഒരു സിനിമ റഷ്യന്‍ സിനിമപോലെ വേറെയുണ്ടെന്നു തോന്നുന്നില്ല.

Share :

Photo Galleries