Archives / May 2019

ഗീത മുന്നൂര്‍ക്കോട്—
രണ്ടു കവിതകൾ ( 1 കത്തുന്ന കവിത 2 കറ

1

കവിതയെ കാണിച്ച്

ആരേയും സുഖിപ്പിക്കാൻ ഞാനില്ല

അവളുടെയനുഷ്ഠാനങ്ങൾ

മറ്റാരുടേയും അറിവിലില്ലാത്ത

ആചാരങ്ങളാണ്.

 

ഒറ്റനോട്ടത്തിൽ

സിരകളിലേക്കു കുതിച്ചുവരും

പിന്നെ തൊട്ടുതൊട്ടിളക്കി

ഊതിപ്പെരുപ്പിച്ച്

കൊച്ചുകൊച്ചു തീവെട്ടങ്ങൾ

മിന്നിയ്ക്കും

 

ഇഴഞ്ഞടുത്ത്

വമ്പൻപടർപ്പായി വിരിച്ച്

ചെമന്നാളും

 

ചില നേരങ്ങളിൽ

ഹൃദയത്തെയങ്ങു

വെട്ടിപ്പൊരിക്കും

മനസ്സിനെ-

യുരുക്കിയൊഴിക്കും

ചാരമായ് തണുക്കാത്ത

ദഹനത്തിൽ

ശേഷിക്കുക

കവിതച്ചീളുകളുടെ

കനൽക്കൂട്ടമാകും

അത്

ചെമന്നു ചിരിച്ചുകൊണ്ടേയിരിക്കും...!

 

 2  കറ

കയ്യും കെയ്യും മനസ്സും

അറിയാതെയാണ്

ചില കറകൾ

ജീവിതത്തിലേക്കു

വന്നുവീഴുക

വീണൊട്ടുക.

വീണിടം വരണ്ടുണങ്ങി

അവിടെ കിടക്കും

രാസമിറ്റിച്ചൊന്നു മാറ്റാനാകാവിധം

പോകില്ലെന്നു ശാഠ്യം പിടിക്കും

 

ഉള്ളിന്റെയാഴത്തിലേക്കുതിരുകി

വീണ്ടുമുടുക്കുമ്പോൾ

എത്രനാളിനിയെന്ന

ആശങ്കയിൽ

അറിയാതെ വീണ കറ

പൊടിഞ്ഞുകലഹിക്കും

പിന്നെപ്പിന്നെ

തുളയാകും

ശൂന്യതയാകും

തുളകൾചേർന്നുനിന്ന്

ജീവിതം മൊത്തമായങ്ങനെ

കീറിപ്പൊളിഞ്ഞ്...

Share :