വൃദ്ധൻ ..... ചുമലിൽ ഭാണ്ഡം
നോവൽ
(പതിനെട്ട് )
(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019-ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019 ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചും പതിനാറും പതിനേഴും ഹോം പേജിലും വായിക്കാം)
ഞാൻ ഫിലിപ്പിനെ സൂക്ഷിച്ചു നോക്കി. കോളേജിൽ നിന്നും ഇറങ്ങിയിട്ട് കുറച്ച് കാലമേ ആയുള്ളൂ. പക്ഷേ അവനിൽ വന്ന വ്യത്യാസം എന്നെ അത്ഭുതപ്പെടുത്തി. അവനിൽ നിന്നും ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ കൂടി വന്നപ്പോൾ എന്നെ അതിലേറെ അമ്പരപ്പിച്ചു - ''ഞാൻ പറയേണ്ടയെന്ന് കരുതിയതാ- എങ്കിലും ഇപ്പോൾ പറയാം ,എന്നെ തിരക്കി നീ വരുമെന്ന് ഞാൻ തീരെ കരുതിയില്ല - കാരണം കഴിഞ്ഞൊരു ദിവസം നാം ഇവിടെ ആദ്യമായി കണ്ടു മുട്ടുമ്പോൾ - എന്നെ ഒഴുവാക്കാൻ നീ കാണിച്ച ധൃതി ഇപ്പോഴും എന്റെയുള്ളിലുണ്ട് -ആ നീ എന്നെ കാണാൻ വരുമെന്ന് തീരെ കരുതിയില്ല എന്നത് സത്യം'' ഞാൻ ഒന്നും മിണ്ടിയില്ല. വീണ്ടും അവൻ തന്നെ തുടർന്നു. ''നീ എല്ലാ പോരുടെയും കാര്യങ്ങൾ തിരക്കും ഒക്കെ അറിയാൻ നിനക്ക് സന്തോഷവുമാണ് എല്ലാപേർക്കും നന്മയുണ്ടായിക്കാണാൻ നീ ആഗ്രഹിക്കുകയും ചെയ്യുന്നു. ആ നീ ,എന്തേ നിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് ?. യാതൊരു ലക്ഷ്യബോധവും നിനക്കില്ല. കോളേജിൽ നിന്നും ഇറങ്ങുമ്പോഴെങ്കിലും നിന്റെ ഈ സ്വഭാവം മാറുമെന്നാണ് ഞാൻ അന്ന് കരുതിയത് - പക്ഷേ നിനക്കൊരു മാറ്റവുമില്ല.''
അപ്പോഴും ഞാനൊന്നും പറഞ്ഞില്ല. അവൻ എന്നെ ഇത്രയധികം മനസിലാക്കിയിരുന്നെന്ന് ഞാൻ കരുതിയതേയില്ല.ആകെ ഞാൻ അവന് കീഴ്പ്പെടുത്തുന്നത് പോലെ തോന്നി. എന്റെ കൈയിൽ അവൻ ബലമായി പിടിച്ചു. അവന്റെ കൈയ്യിന്റെ ശക്തി എന്നെ ബോധ്യപ്പെടുത്താനെന്നവണ്ണം തന്നെയായിരുന്നു അത്. മുമ്പുള്ളതിനെക്കാൾ അവന് ശക്തിയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ചോദിക്കാതെ തന്നെ അവന്റെ ഉള്ളം കൈയ് എന്നെ കാണിച്ചു.-
''എടാ കോളേജിൽ നിന്നും ഇറങ്ങിയിട്ട് ,ചുമ്മാതെ ഞാൻ വീട്ടിൽ കുത്തിയിരുന്നില്ല. ഞാൻ മണ്ണിൽ പണിയെടുത്തു. അപ്പോഴാണ് എനിക്ക് ഓരോന്ന് തോന്നി തുടങ്ങിയത്. അപ്പനെ കൊണ്ട് ഇനി പണിയെടുപ്പിക്കരുത്.- ഞാൻ തീരുമാനിച്ചു. അപ്പന് ഇനി വിശ്രമമാണ് വേണ്ടത്. അപ്പൻ കഷ്ടപ്പെട്ട് സമ്പാദിച്ച കുറെ മണ്ണുണ്ട്. അത് പെങ്ങന്മാർക്ക് കൊടുക്കട്ടെ . ഞാൻ സ്വന്തമായി എല്ലാം ഉണ്ടാക്കും. അത് പിന്നെ എനിക്കൊരു വാശിയായി മാറിയപ്പോഴാണ് ഇവിടെ കണക്കെഴുതാൻ തീരുമാനിച്ചതും വന്നതും. ഏറിയാൽ രണ്ടു് മാസം കൂടി ഇവിടെ കാണും. അപ്പോഴേക്കും ബാങ്കിൽ ജോലിയാവും. അതുറപ്പാണ്. പിന്നെ പുതിയ മണ്ണ് വാങ്ങി ആ മണ്ണിൽ ഞാൻ പൊന്ന് വിളയിപ്പിക്കും. അതിനുള്ള വഴിയും ഞാൻ കണ്ടുവെച്ചിട്ടുണ്ട്. കടും വെട്ടിന് റബ്ബർ മരം എടുക്കണം. ഇപ്പോൾ എനിക്ക് റബ്ബിനെക്കുറിച്ച് നല്ല മനക്കണക്കാണ്. ബാങ്കിലെ ജോലിയെക്കാപ്പം തന്നെ ഇതും നടത്തികൊണ്ട് പോകാനാകും. അതിന് പറ്റിയ രണ്ടു മൂന്ന് പേരെ ഞാൻ നാട്ടിൽ കണ്ടു വെച്ചിട്ടുണ്ട്. അവരുമായി പൊരുത്തപ്പെട്ട് പോകാനാകമെന്ന് ഉറപ്പുണ്ടു്.''
ഞാൻ അവന്റെ വെറുമൊരു ശ്രോദ്ധാവമായി മാറിയത് പോലെ.
'' ഇന്ന് ലോഡ് കയറ്റുന്ന ദിവസമാണ്. അതിനുള്ള ഒരുക്കത്തിലുമാണ്. ഗോഡൗൺ കീപ്പറുണ്ടു. അയാൾക്കാണ് ഈ വക കാര്യങ്ങളുടെ ചാർജെങ്കിലും എനിക്കാണ് മൊത്തത്തിലുള്ള മേൽനോട്ടം മുതലാളി തന്നിരിക്കുന്നത്. ഇതിനൊക്കെ പ്രത്യേകം O T. (Overtime) തരും. റബ്ബർഷീറ്റ് തരം തിരിക്കുന്നതിൽ എനിക്ക് പ്രത്യേക കഴിവുണ്ടെന്ന് മുതലാളി തന്നെ കണ്ടെത്തിയിട്ടുണ്ടു. അതും മറ്റൊരു കാരണമാണ് മൊത്തത്തിലുള്ള മേൽനോട്ടം എന്നിൽ വന്നു ചേരാൻ. ആഴ്ചയിൽ മൂന്ന് ദിവസം ലോഡ് കയറ്റുന്നുണ്ടു -- ഒന്നിടവിട്ട ദിവസങ്ങളിൽ . ഞങ്ങളുടെ എല്ലാ ഡിപ്പോയിൽ നിന്നുമുള്ള റബ്ബർ ഇവിടെ എത്തും. അന്ന് തന്നെ തരം തിരിക്കൽ തുടങ്ങും. അടുത്ത ദിവസം കൊണ്ട് പൂർത്തിയാക്കി വൈകുന്നേരം ലോഡ് കയറ്റും. ആഴ്ചയിൽ ആറു ദിവസവും നല്ല തിരക്ക് പിടിച്ച പണിയുണ്ടു. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കഴിഞ്ഞാൽ മുതലാളി എല്ലാം പറഞ്ഞേപ്പിച്ചിട്ട് പോകും. പിന്നെ ഞാൻ തന്നെയാണ് മുതലാളി'' . ഇത് പറഞ്ഞ് ഫിലിപ്പ് ചിരിച്ചു.
''ജീവിതത്തിൽ നിനക്കാരാവണം'' എന്ന ചോദ്യവുമായി വീണ്ടും അവൻ എന്റെ കാര്യത്തിലേക്ക് തന്നെ വന്നു. ഞാൻ ആകെ വിഷമിച്ചു. ഞാൻ എന്നോട് തന്നെ ആ ചോദ്യം ചോദിച്ചു. പിന്നെ ഞാൻ അവനെ നോക്കി. അവൻ എന്നെ ചേർത്ത് നിറുത്തിയിട്ട് ശബ്ദം താഴ്ത്തി -- ''നിനക്കെന്ത് പറ്റി?''
കോളേജിൽ പഠിച്ചിരുന്ന കാലത്ത് പോലും അവൻ എന്നെ ഇത്രയധികം സ്നേഹിച്ചിരുന്നുവെന്ന് തോന്നിയിട്ടില്ല. അത്രകണ്ട് ആത്മാർത്ഥത അവന്റെ വാക്കുകളിലുള്ളത് പോലെ.
അപ്പോഴാണ് ലോഡ് കയറ്റാനുള്ള തൊഴിലാളികൾ എത്തിയത്. വാഹനത്തിൽ കയറ്റാനുമിറക്കാനും പുറത്തുള്ള തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്. ഗോഡൗണിലുള്ള എല്ലാ ജോലികളും അവിടത്തെ തൊഴിലാളികളും.
ഞാൻ ഫിലിപ്പിനോട് യാത്ര ചോദിക്കാൻ തുടങ്ങിയപ്പോഴാണ് -- ''നിനക്ക് അത്യാവശ്യം പോയി എന്തെങ്കിലും ചെയ്യാനുണ്ടോ?'' എന്ന് ചോദിച്ച് അവനെന്നെ നോക്കി. എന്നിട്ട് ആഫീസ് റൂമിൽ കൊണ്ട് പോയി ഒരു ചെയറിലിരുത്തി. അന്ന് രാവിലെ കണ്ട ''സ്പെഷ്യൽ മെസഞ്ചർ'' അപ്പോഴും ഓഫീസിലുണ്ടായിരുന്നു. അയാൾ പരിചയ ഭാവത്തിലെന്നെ നോക്കി ചിരിച്ചു.
വായിക്കാൻ ഫിലിപ്പ് ഒരു പുസ്തകം കൊണ്ട് വന്ന് തന്നു. '' രണ്ടു മണിക്കൂർ കൊണ്ട് എന്റെ ഇവിടുത്തെ ജോലി തീരും - എന്നിട്ട് നമുക്കൊരുമിച്ച് പോകാം .എന്തെങ്കിലും വേണമെങ്കിൽ കക്ഷിയോട് പറഞ്ഞാൽ മതിയെന്ന് '' സ്പെഷ്യൽ മെസേഞ്ചറെ ചുണ്ടി പ്പറഞ്ഞു , എന്നിട്ട് ഫിലിപ്പ് ലോഡ് കയറ്റുന്നിടത്തേക്ക് പോയി.
(തുടരും)