Archives / May 2019

മായ ബാലകൃഷ്ണൻ 
കുരിശേറ്റം 

സിദ്ധാർത്ഥൻ രാവിലെ തന്നെ ഉത്സവപ്പറമ്പിൽ എത്തി . വർഷങ്ങൾ ചെല്ലുന്തോറും ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പകിട്ടേറിയിരിക്കയാണ്.  ക്ഷേത്രപ്രവേശന കമാനം തുടങ്ങി നടപ്പന്തലും ആനപ്പന്തലും വരെ നിബിഡാലങ്കാരങ്ങളും വെളിച്ചങ്ങളും തോരണങ്ങളും കൊണ്ട് എങ്ങും വർണ്ണശബളമാണ് . 

 ജനത്തിരക്കേറി വരുന്നുള്ളൂ . എന്തായാലും ലീവ് എടുക്കാൻ ആവില്ല . വൈകീട്ട് വന്ന് ആഘോഷായിട്ട് കൂടണം . 5 ആനയുടെ പൂരമാണ് . മംഗലാംകുന്ന് കർണ്ണൻ ആണ് തിടമ്പേറ്റുന്നത് ! മേളം പ്രാമാണികമാണ്‌ . 

നിലക്കാവടിയും വർണ്ണക്കാവടികളും നാദസ്വരമേളവും നല്ല  പൊള്ളുന്ന വെയിലും ചൂടായി വരുന്നുണ്ട് . ആളുകൾ മുഴുവനുംഇപ്പൊ അതിനു ചുറ്റുമാണ് . അവരുടെ മുന്നിൽ ആകാശത്തിലും ഭൂമിയിലും തൊടാതെ നിൽക്കുന്ന ഒരു സംഘമാളുകൾ . ഈ മേളക്കാരെക്കൊണ്ട് കൊട്ടിക്കുന്നതും മേളത്തിലെ കേറ്റിറക്കങ്ങളും തുറുപ്പുചീട്ടുമൊക്കെ തങ്ങളുടെ മിടുക്കുകൊണ്ട് നടത്തിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ ഭാവം . ഒന്നുമല്ലെങ്കിലും അവരുടെ പ്രകടനങ്ങൾക്ക് ഓരോളമുണ്ട് . അവിടെ നോക്കിനിന്നാൽ നേരം പോണ അറിഞ്ഞൂന്നു വരില്ല . 

പകൽ ചായക്കടയ്ക്കും തട്ടുകടയ്ക്കും വലിയ ഡിമാന്റില്ലാ . അവ ഓരോന്ന് ഓരോയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ട് . സ്ത്രീകളും കുട്ടികളുമൊക്കെ ഐസ്ക്രീം നും  കുലുക്കി സർബ്ബത്തിനും മുന്നിലാണ് . നാട്ടിലെ ന്യൂജെൻസ്‌ ഒക്കെ യൂണിഫോമിലാണ് . സിൽക്ക് കര മുണ്ടും കടുംകളർ ഷർട്ടും .  സിനിമകൾ ഹിറ്റ് ആവുന്ന മുറക്ക് ഷെട്ടിന്റെ കളറും ഓരോ വർഷവും മാറിവരും . പിങ്ക് ഷർട്ടും തലക്കെട്ടും ഒരു വിഭാഗത്തിന് എങ്കിൽ മറുഭാഗത്ത്‌ കടും നീലയും തലക്കെട്ടും ചൂടിയവന്മാർ , ആകെ ഒരു  മത്സര പ്രതീതി . അടിപിടിയിൽ കലാശിക്കുമോ എന്നൊരു പേടിയുള്ളൂ  . വാഹനങ്ങൾ കടത്തിക്കൊണ്ടു പോവാനൊന്നും ഇടമില്ല .നിരോധിത മേഖലയാണ് . എന്നിട്ടും അഭ്യാസികൾ കേറി വരുന്നുണ്ട് .

 അങ്ങട് നീങ്ങി  ഒരു ഗ്ലാസ്സ് സർബത്ത് വാങ്ങി കുടിക്കാമെന്ന് വച്ചപ്പോളാണ് അപ്പുറത്ത് ഒരു പന്തികേട് ,

"അവിടേങ്ങാനും കെടക്കട്ടെട വേയ്  .... "

"രാവിലേ തന്നെ തുടങ്ങ്യേ ക്കാണ്...."

 വർക്ക് ഷോപ്പിലെ  പ്രദീപനും രാഹുലും കൂടി എത്തിനോക്കീട്ട് തിരിഞ്ഞു പോരുകയാണ് . 

"ആരാണാവോ പുള്ളി ...?"

സർബത്ത് മോന്തി കൊണ്ട് നിക്കുമ്പോ ഒന്ന് ചെരിഞ്ഞ് നോക്കി .

ഒറ്റ നോട്ടത്തിൽ ഒരു സംശയം ..അത് മ്മടെ മുരുകേശൻ ചേട്ടനല്ലേ ...? 

പത്തിരുപത് വർഷം കഴിഞ്ഞെങ്കിലും നാട്ടിൽ പാലോട്ടുകാവിൽ  ഉത്സവം വന്നാൽ മുരുകേട്ടൻ എത്തും . മുരുകേട്ടൻ ഇല്ലെങ്കിൽ എന്ത് കാവടിയാട്ടം ?.! അവർക്ക് ചോടുവച്ചു കൊടുക്കുന്നത് ഈ മുരുകേട്ടനല്ലേ . അളിയോ ... എന്ന ഒറ്റവിളിയിൽ ആള് വീഴും . ഉദാരമതിയാണ് ...ചോദിക്കുന്നവർക്ക് എന്തും എടുത്തു കൊടുക്കും . അതുകൊണ്ട്  പോക്കറ്റ് എപ്പോഴും കാലിയായിരിക്കും എന്ന് ചേട്ടന്റെ അമ്മ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്‌ . പക്ഷേ മുരുകേട്ടൻ അങ്ങനെ മദ്യപിച്ചൊന്നും കണ്ടിട്ടില്ലല്ലോ ...

'വാടാ ..., പോവാടാ ... ' എന്നു പറഞ്ഞ് അവിടെ കൂടിനിന്ന പിള്ളേരൊക്കെ പോയി .  

 ഗ്ലാസ്സും പൈസേം കൊടുത്ത് ഒന്ന് അടുത്തേക്ക് ചെന്നു . എല്ലാവരെയും പോലെ തനിക്കങ്ങനെ അന്വേഷിക്കാതെ പോരാൻ പറ്റ്വോ...? ഒന്നുമല്ലെങ്കിലും ഞങ്ങൾ കുറേക്കാലം അയല്പക്കമായി കഴിഞ്ഞവരല്ലേ .. സർക്കാർ വന്ന് ഭൂമിയൊഴിപ്പിച്ച്  വിമാനത്താവളം കെട്ടിപ്പൊക്കിയ ശേഷമാണ് ഞങ്ങളിങ്ങനെ ചിന്നിച്ചിതറി പല നാട്ടിൽ ആയത് .

 നാട്ടിൽ നിന്ന് പോവും വരെ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല . ഇതെന്ത് പറ്റിയതാവോ.... 

"എന്ത് പറ്റാൻ ! ഉത്സവമല്ലേ .....  " കടന്നുപോയവരൊക്കെ പറഞ്ഞുകേട്ടപ്പോൾ അതാവും എന്ന്  ഞാനുംഊഹിച്ചു .

ഹോയ്‌....മുരുകേട്ടോ... നിലംപറ്റി കിടന്ന മുരുകേട്ടന്റെ തോളത്ത് ഒന്നു തട്ടിവിളിച്ചു . എന്തോ വഴുക്കുന്ന ശബ്ദത്തിൽ പറഞ്ഞു . ഒന്നും മനസ്സിലായില്ല . പിള്ളേര് പറഞ്ഞപോലെ  ഇത്തിരി കൂടിപ്പോയതാവും . കെട്ട് ഇറങ്ങിക്കഴിയുമ്പോ തനിയെ എണീറ്റുപൊക്കോളും . സിദ്ധാർത്ഥൻ പിന്നെ അവിടെ നിന്നില്ല . ബൈക്ക് എടുത്ത് നേരെ ഡ്യൂട്ടിക്ക് കേറി .

അതിനടുത്ത ദിവസ്സം ഉറക്കമിളച്ച ക്ഷീണവും കൊണ്ടാണ്  ഡ്യൂട്ടിക്ക് എത്തിയത്  . തലേദിവസ്സം രാത്രിയിലും ഉത്സവം കൂടിയതിന്റെ പുളിപ്പ് കണ്ണിൽ നിന്ന് വിട്ടുപോയിരുന്നില്ല . വൈകിയാണ് ഉണർന്നത് . കുളിച്ചൊരുങ്ങി ഭാര്യ പൊതിഞ്ഞുകൊടുത്ത ചോറും കൊണ്ട്‌ നേരത്തിന് തന്നെ ഓഫീസറുടെ മുന്നിൽ ഒപ്പുവച്ചു . ഡ്രെസ്സ് മാറി വെള്ളേം വെള്ളേം യൂണിഫോമും ഇട്ടു . 3 കേസുകൾ ഉണ്ട് . 2 എണ്ണം ഇന്നലെ താൻ പോകും മുൻപ് വൈകീട്ട്‌  കേറ്റിതാ . ഒരെണ്ണം രാത്രി വൈകി വെളുപ്പിനെങ്ങോ കൊണ്ടുവന്നതാണ് . ഇന്ന് ഫസ്റ്റ് കേസ് അത് കേറ്റാൻ ആണ് സർ പറഞ്ഞിരിക്കുന്നത് .

ഡോക്ടർ വൈകില്ല . കൃത്യസമയത്ത് എത്തും . അതിനും മുൻപ്   2 nd ബ്ലോക്കിലെ പുതിയ ബിൽഡിംഗിലെ ഡിസഷൻ ടേബിളിൽ എത്തിച്ചു കൊടുക്കണം .

കാത്തിരുന്നു കാത്തിരുന്ന് കിട്ടിയ സർക്കാർ ഉദ്യോഗം ആണ് . പറ്റില്ല എന്ന് വിചാരിച്ചതാണ് . കുടുംബത്തെ ഓർത്തിട്ടാണ് രണ്ടും കല്പിച്ചു വന്നത് . ആഗ്രഹിച്ചതു പോലെയൊക്കെയാണ് നടക്കുന്നതെങ്കിൽ ഇവിടെ ഞാനുരുട്ടുന്ന ഈ ട്രോളിയിൽ വന്നുപെടാൻ ആരെങ്കിലുമൊക്കെ ഉണ്ടാവുമായിരുന്നോ ...?

 എവിടെയൊക്കെയോ ഒരുപിടി സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ബാക്കിവച്ച് ജീവിതത്തിന് അർദ്ധ വിരാമമിടുന്നവർ . ആകസ്മിതകളും ഞെട്ടലുകളും നൽകി ഒന്നുംപറയാതെ പെട്ടെന്നൊരു ദിനം മൗനമായി പടിയിറങ്ങുന്നവർ ! പലപ്പോഴും ആ മുഖങ്ങളിലേക്ക് നോക്കാൻ ശക്തിയുണ്ടാവാറില്ല .

മരണത്തിന്റെ മണമുള്ള കൊച്ചുമുറികൾ . കൂട്ടിലടച്ച പോലെ കാവൽക്കാരുടെ സംരക്ഷണയിൽ ഒരു രാവോ പകലോ ഇങ്ങനെ കനത്ത് മരവിച്ച് . ഒരു വിരൽത്തുമ്പിൽ സൂചി കുത്തുന്നത് പോലും സഹിക്കാൻ ആവാത്തവരായിരിക്കും . എന്നാൽ തൊണ്ടക്കുഴി മുതൽ അടിവയർ വരെ പിളർത്തി വയ്ക്കുന്നത് അവരറിയുണ്ടോ.... മണ്ണിൽ ചേരുംവരെ തന്റേതെന്നു മാത്രം അഹങ്കരിച്ച ശരീരത്തിൽ അവന് യാതൊരു അവകാശവും ഇല്ലാതാവുന്ന നിമിഷങ്ങൾ .

തനിക്കൊപ്പം ഡ്യൂട്ടിയിലുള്ള സ്റ്റീഫൻ കൂടെ വന്നു . മോർച്ചറി തുറന്നു . ഇൻ ചാർജ്‌ ഉള്ള ഓഫീസറും അസിസ്റ്റന്റ് ഉം പോലീസ് ഉദ്യോഗസ്ഥനും ഉണ്ട് കൂടെ . 3 ആം ക്യാബിനിലെ ഫ്രീസറിൽ നിന്നും സ്റ്റീഫനും താനും ചേർന്ന് ബോഡി അങ്ങനെതന്നെ സ്ട്രക്ച്ചറോട് കൂടെ പൊക്കിയെടുത്ത് വച്ചു . മുഖം മൂടിയിട്ടിരുന്ന തുണി മാറ്റിനോക്കിയതുപോലുമില്ല .  2nd block ലെ ഏറ്റവും അറ്റത്ത്‌ റൂമിലേക്ക് എത്തിച്ചു .അറ്റൻഡര്മാരും അസിസ്റ്റ് ചെയ്യുന്നവരും എല്ലാം ഡ്രെസ്സ് മാറി റെഡിയായി നിൽക്കുന്നു . ഡോക്ടർ ഉടനെ എത്തും . കീറലും മുറിക്കലും തുന്നിക്കൂട്ടലും അതിനു മുൻപ് ബോഡി കഴുകി വൃത്തിയാക്കണം . അതൊക്കെ അവരുടെ ഡ്യൂട്ടിയാണ് .

പക്ഷേ  വല്ലാത്തൊരു നിർവികാരതയാണ് മനസ്സ്‌ നിറയെ . പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരെയാണ്   അന്ത്യയാത്രയ്ക്ക് ഒരുക്കുന്നത്  ! ജീവിച്ചിരുന്ന ലോകത്തിലെ സകല കണക്കുകളും നിയമങ്ങളും തീർത്ത്  യാത്രയയപ്പിക്കുക   . ഈ ഭൂമിയിൽ ഇനി ശരീരം മാത്രം അവശേഷിച്ചിരിക്കുന്ന അവസാന മണിക്കൂറുകൾ , ഉറ്റബന്ധുക്കളുടെ, സുഹൃത്തുക്കളുടെ കുടുംബത്തിന്റെ ഓർമ്മകളിൽ എന്നും ജീവിക്കാനുള്ളവർ ! 

എത്രയും പെട്ടെന്ന് ബോഡി വച്ചിട്ട് സ്ട്രക്ച്ചറും ട്രോളിയുമായി പുറത്തേക്ക് കടന്നു .

" ഒരു സിപ്പ് എടുത്തലോ സിദ്ധാ...? " 

സ്റ്റീഫന്റെ ചോദ്യം. പക്ഷേ  എന്തോ ഒരു വല്ലായ്ക . യേയ് ... ഇല്ല എന്നുപറഞ്ഞു മാറിയിരുന്നു . തിരിയേ ആംബുലൻസിലേക്ക് എടുക്കും വരെ നമ്മുടെ ഡ്യൂട്ടിയാണത് .

ഒരു പുക എടുക്കാനായി പുറത്തേക്ക് ഇറങ്ങി . വരാന്തയിലൂടെ പോകുമ്പോൾ ഒന്നുരണ്ടു പരിചിത മുഖങ്ങൾ അവിടെക്കണ്ടു . പഞ്ചായത്ത് പ്രസിഡന്റിന്റെ ശിങ്കിടി , ക്ഷേത്രത്തിലെ കാര്യസ്ഥൻ ചേട്ടൻ , ഇവരൊക്കെയെന്താ ഇവിടെ !? തന്നെക്കണ്ടതും സുഭാഷും സുരേന്ദ്രനും അടുത്തേക്ക് വന്നു . എത്രനേരമെടുക്കുമെടാ ? എന്നൊരു ചോദ്യം . നെഞ്ചിൽ ഒരു പട പടപ്പ് . നാട്ടുകാർ ആരോ...! തിരിച്ചൊന്നും ചോദിക്കാൻ ആവുന്നില്ല . പലപ്പോഴും മരണം എന്നു കേൾക്കുമ്പോൾ ഒരു ഭയം,  ആരാ ?എന്താ എന്നറിയും വരെ ഉണ്ടാവുമല്ലോ .

അപ്പൊ അതാ മുന്നിലൂടെ നടന്നുവരുന്നു നല്ല പരിചയമുള്ള മുഖം . വേഗം വന്ന് അങ്ങേര് കയ്യിൽപ്പിടിച്ചു . സിദ്ധാർത്ഥാ .....

അന്നേരത്തെ ആധിയും പകപ്പും കാരണം പെട്ടെന്ന് പേരൊന്നും ഓർമ്മയിൽ വന്നില്ല ...ആലോചിച്ചു പിടിച്ചു പതിയെ നാവൊന്നനങ്ങി . 

മഹേശേട്ടാ......!

 പത്തുപതിനെട്ടു വർഷം മുൻപ് പട്ടാളത്തിൽ ജോലികിട്ടി പോയി എന്നു കേട്ടതാണ് . കാലം ചെറിയ മാറ്റങ്ങൾ മഹേശൻ ചേട്ടനിലും വരുത്തിയിട്ടുണ്ട് . അതിനുശേഷം കണ്ടിട്ടേയില്ല . അവർ കുടുംബം 8, 9 മക്കൾ, സുരേശൻ ചേട്ടൻ,  വത്സലചേച്ചി , സുന്ദരൻ ചേട്ടൻ, മുരുകേട്ടൻ അശോകേട്ടൻ അങ്ങനെ  .... അവരെല്ലാം ആ  ചെറിയ പുരയിടവും വീടും സർക്കാർ കൊടുത്ത പൊന്നും വിലയും വാങ്ങി  വീതിച്ചെടുത്തു . കിട്ടിയതും കൊണ്ട് എല്ലാവരും പല ദിക്കിലായി . 

പക്ഷേ ഇവിടെ ഈയൊരു അന്തരീക്ഷത്തിൽ കണ്ടപ്പോൾ ഓർമ്മകൾ ഒന്ന് ഇടറി . ഇന്നലെ മുരുകൻ ചേട്ടനെയും കണ്ടിരുന്നതാണല്ലോ ... മഹേശേട്ടന്റെ മുഖവും ഭാഷയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായി .

തനിക്കൊന്നും മനസ്സിലായിട്ടില്ലെന്ന് അറിഞ്ഞിട്ടാവും കാര്യസ്ഥൻ ചേട്ടൻ ഇടയ്ക്ക് കയറിപ്പറഞ്ഞു . ഉത്സവം ആവുമ്പോ ഇങ്ങനെ കൊറേ പേരുണ്ടാവും . നമ്മളത് കാര്യമാക്കില്ല . ഉച്ചയ്ക്ക് 2 , 3 മണി ആയപ്പോ ആരാണ്ട് വന്ന് ആ തെരക്കീന്ന് അപ്പറേ ഊട്ടുപുരയുടെ വരാന്തയിൽ കൊണ്ടു കെടത്തി . ആരും ശ്രദ്ധിക്കാൻ പോയില്ല . രാത്രി 2 മണിക്ക് വെടിക്കെട്ടിന് സാമഗ്രികൾ എടുക്കാൻ വന്നോര് നോക്കിയപ്പോ ചെവീന്നും മുക്കീന്നും ചോരയും ഉറുമ്പും അരിച്ച് കെടക്കണു . 

ഇല്ലാ ഇല്ലാ ...! അച്ഛൻ കുടിക്കില്ല . ഇവര് പറയുന്ന പോലെയല്ല.

വെറുതേ കൊടുത്താലും കുടിക്കില്ല അച്ഛൻ . ഞാനാണ് അച്ഛനെ ഉത്സവപ്പറമ്പിൽ കൊണ്ടാക്കിയത് . പണ്ടൊക്കെ വിശേഷങ്ങൾക്ക് കഴിക്കാറുണ്ടെങ്കിലും  ഇങ്ങനെ പരസ്യമായി കുടിച്ച് വഴിയിൽ വീഴുന്ന ആളല്ലാ അച്ഛൻ ...! 

 മഹേശന്റെ കൂടെ നിന്ന 18 , 20,  വയസ്സ്‌ തോന്നിക്കുന്ന ചെറുപ്പക്കാരൻ  വിങ്ങിപ്പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറയുന്നുണ്ട്‌ . 

  ഏട്ടന്റെ മോനാണെന്ന് മഹേശൻ പറയുമ്പോൾ തന്റെ തല വട്ടം തിരിയുന്നുണ്ടായി . ശ്വാസം നെഞ്ചിൽ കെട്ടി കനംവച്ച് മരവിച്ച പോലെ , കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി സിദ്ധാർത്ഥന് .

എല്ലാവരെയും പോലെ താനും വിശ്വസിച്ചു . സംശയം തീർക്കാനെങ്കിലും ഒന്നു മണത്തു നോക്കാനോ , പരീക്ഷിക്കാനോ മുൻ വിധി കാരണം ആയില്ല . 

ഇഷ്ടികക്ക് മണ്ണെടുത്തു കൊളംപോലെ കിടന്ന വെള്ളത്തിൽ വീണ് ചത്തു പോവേണ്ടതായിരുന്നു . അന്ന് ഈ മുരുകേശൻ ചേട്ടനാണ് , ശ്വാസം കിട്ടാതെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി  കൈകാലിട്ടടിച്ചപ്പോൾ ഓടിവന്ന് എന്നെ രക്ഷിച്ചത് .

 കാര്യസ്ഥൻ ചേട്ടൻതുടർന്നു . അപ്പൊ തന്നെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ലാ . മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു എന്നാണ് ഡോക്ടർ പറഞ്ഞത് . 

ആ ശരീരമല്ലേ താനിപ്പോൾ ഉരുട്ടിക്കൊണ്ടുപോയത് .മനസ്സ്‌ കലങ്ങിപ്പോയി . ശരീരത്തിന് അടിമുടി വിറ ബാധിച്ച പോലെ . 

 

സിദ്ധാ.... സ്റ്റീഫന്റെ വിളി കേട്ട് ഭൂതകാലത്തിലെ നടവഴിയിലൂടെ എന്നപോലെ പിന്തുടർന്നു ! എത്ര വട്ടമാണ് സ്കൂളീന്നും ട്യൂഷനും പോയി വരുമ്പോൾ കുറേ നടക്കാനുണ്ടാവും . വാഹനങ്ങൾ ഒന്നും ഇല്ലാത്ത വഴി . അപ്പോഴാവും  പിന്നീന്ന് ഒരു ചോദ്യം .

"കേറണ്ടോ ടാ ....? " 

അതുകേക്കുന്നതും ചാടിക്കേറി സൈക്കിളിന്റെ പിന്നിലിരിക്കും . അല്ലെങ്കിൽ എന്തോരം നടന്നാലാണ്?  എന്നിട്ട് മൂളിപ്പാട്ടും പാടി

വീടിന്റെ മുന്നിലിറക്കി  ചേട്ടൻ മണിയടിച്ചു അപ്പുറ പടിക്കലേക്ക് പോവും . 

 

ഇന്നലെ ഇതേ നേരത്ത് തട്ടിവിളിച്ചപ്പോൾ പ്രതികരിച്ചയാൾ ! എന്താവും മുരുകേശൻ ചേട്ടന് പറ്റിയത് ?  കുടിയൻ ആണെങ്കിലും ഒന്നു ശ്രദ്ധിക്കാമായിരുന്നു . 

 

 പുറത്തിറങ്ങിയ ഡോക്ടർ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത്  പൊലീസിന് കൈമാറി .അവർ തമ്മിൽ  സംസാരിക്കുന്നത് കേട്ടു  . ഒരു സ്ട്രോക്ക് വന്നിട്ട് അറിഞ്ഞില്ലാ, കേട്ടില്ലാ എന്നുവച്ച് എത്ര മണിക്കൂർ ! മനുഷ്യരിങ്ങനെ....? ഒരു 4 മണിക്കൂറിനുള്ളിലെങ്കിലും  ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിൽ സുഖപ്പെടുത്താവുന്ന കേസായിരുന്നു  .....

 

സിദ്ധാർത്ഥ ന്റെ ഉള്ളിൽ അണപൊട്ടിയതു പോലൊരു സങ്കടം ! ട്രോളിയിലേക്ക് എടുത്തുവച്ച ബോഡിയുടെ കാൽക്കൽ കുനിഞ്ഞ് നിന്ന് കൈകൾ കൂട്ടിപ്പിടിച്ച് മുഖമമർത്തി . തനിക്കെങ്കിലും രക്ഷിക്കാമായിരുന്നു .ചെയ്തില്ല . 

മാപ്പ് ! ഇല്ലാ  മാപ്പിരക്കാൻ പോലും കഴിയാതെ  , ഒരു ജന്മത്തിന്റെ കടം തീർക്കാൻ ആവാതെ സിദ്ധാർത്ഥൻ തേങ്ങി!!

 

വെള്ളത്തിൽ മുങ്ങി മുങ്ങി ആഴത്തിലേക്ക് പോകുമ്പോൾ മരണത്തെ മുഖാമുഖം കണ്ട, നനഞ്ഞീറനായ കണ്ണുകളോടെ ജലധാരയ്ക്കപ്പുറം ഇന്ന്  മുരുകേശൻ ചേട്ടന്റെ തലയ്ക്ക് ചുറ്റും പ്രഭാവലയം .....! 

 

 

 .

Share :