ഗീതവർമ്മയെക്കുറിച്ചുള്ള ഇന്റർവ്യൂ
അജിത ഹരേ ജയ മാധവാ വിഷ്ണ്വോ...
വേഷമഴിച്ചു വെച്ച് മടങ്ങുമ്പോഴും മനസ്സു പാടുകയാണ് ...
അജമുഖദേവനത... വിജയ സാരേഥ!
സാധു ദ്വിജനൊന്നു പറയുന്നു....
ഒരു പാട് കാര്യങ്ങൾ കൂടി ചേർന്ന കലയാണ് കഥകളി .അഭിനയത്തിനു പ്രസക്തിയുണ്ട്. നൃത്തത്തിന്, വേഷവിധാനത്തിന്, പാട്ടിന്, മേളത്തിന് പ്രസക്തിയുണ്ട്.ഇതെല്ലാം ചേർന്നിട്ടുള്ളതാണ് കഥകളി.അതിൽ നിന്നുണ്ടാകുന്ന ഹാർമണിയാണ് ഈ കലയുടെ ജീവനെന്ന് പറയുന്നത്.
കഥകളിയിൽ ആർക്കാണ് പ്രാധാന്യം എന്നു ചോദിക്കുമ്പോൾ പ്രേക്ഷകർ പറയുക വേഷക്കാർ എന്നായിരിക്കും. എന്നാൽ വേഷക്കാരന്റെ ജീവൻ നിലനിർത്തുന്നത് പാട്ടുക്കാരും, മേളക്കാരും ,ചുട്ടി കുത്തുന്ന വരുമാണ്.ഇവരുടെയെല്ലാം പൂർണ്ണ സഹകരണം ഉണ്ടെങ്കിലേ കഥകളി എന്ന കലാരൂപം വേണ്ടുന്ന വിധം അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ.
ഓടി നടന്ന് കഥകളി ആസ്വദിച്ചിരുന്ന കാലം.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ അരങ്ങേറ്റം. അതൊരു നവരാത്രിക്കാലമായിരുന്നു. വേഷത്തെക്കാൾ അന്ന് ആസ്വദിച്ചത് ചൊല്ലിയാട്ടമായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുകയാണെന്ന ബാലിശമായ തോന്നലോടെ അരങ്ങേറ്റം.
ഏഴ് ദിവസവും ക്ഷേത്രത്തിൽ കഥകളിയുണ്ടാവും. കളി മുടങ്ങാതെ കാണും. ആ പഴയ ഓർമ്മകൾക്ക് മാധുര്യേമേറുന്നു. അച്ഛനും അമ്മയും മുത്തശ്ശനുമാണ് കഥകളിയെ ജീവാത്മാവും പരമാത്മാവുമായി സ്വീകരികരിക്കാൻ പ്രചോദനമേകിയത്. ശാസ്ത്രീയമായി കഥകളി അഭ്യസിച്ചിട്ടില്ലെങ്കിലും തന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ ഊർജ്ജം നൽകിയത് അവരാണ്.
ഗീതാ വർമ്മ ഓർക്കുന്നു...
കൃഷ്ണൻ നായരാശാന്റെ ശിഷ്യൻ ആർ.എൽ.വി ശിവദാസായിരുന്നു ആദ്യ ഗുരു.അദ്ദേഹത്തിനു കീഴിൽ ആറു വർഷം കഥകളി അഭ്യസിക്കാൻ സാധിച്ചു. കാലം ഗീതാ വർമ്മ എന്ന കലാകാരിക്കു മുൻപിൽ പ്രതിനായകവേഷത്തിലെത്തി ഗുരുവിനെ കൊണ്ടുപോയി.
പിന്നീടു വരുന്ന ഗുരു ആർ.എൽ.വി ദാമോദര പിഷാരടിയാണ്. ആദ്യാവസാനവേഷങ്ങൾ അഭ്യസിച്ചത് ഫാക്ട് പത്മനാഭനാശാന്റെ ശിക്ഷണത്തിൽ നിന്നുമാണ്.
തന്നെ പഠിപ്പിച്ച മൂന്ന് ആശാൻമാരുടെ കൂടെയും വേഷം കെട്ടി അരങ്ങിലെത്താൻ സാധിച്ചതിന്റെ ഓർമ്മയിലാണ് ഗീതാ വർമ്മ.
ഇപ്പോഴും താൻ കഥകളി പൂർണ്ണമായി പഠിച്ചിട്ടില്ല, തന്റെ നിശ്ശബ്ദമായ പ്രാർത്ഥന കഥകളിയെ കൂടുതൽ കൂടുതൽ അറിയണം, പഠിക്കണം എന്നാണ്.
ഈ അടുത്ത് പത്മനാഭനാശാന്റെ കൂടെ കർണ്ണശപഥത്തിൽ ആശാൻ കുന്തിയായും ശിഷ്യ കർണ്ണനുമായി അരങ്ങിലെത്തി. മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു ഗീതയക്ക് അത്.
ഈ മൂന്ന് ആശാന്മാരും പറഞ്ഞിട്ടുള്ളത് ഒരേ ഒരു കാര്യം മാത്രമാണ്; പഠനം പൂർണ്ണമാവണമെങ്കിൽ കാൽ ഭാഗം ആശാനിൽ നിന്നും, കാൽ ഭാഗം കളിക്കണ്ടും, കാൽ ഭാഗം നമ്മുടേതായിട്ടും, കാൽ ഭാഗം അരങ്ങത്തുമാണ് നടക്കുന്നത്.
അങ്ങനെയേ പഠനം സാധ്യമാകൂ...
2008-ൽ താടി വേഷത്തിൽ പ്രഗത്ഭനായ വെള്ളിനേഴി നാണു നായരാശാന്റെ പേരിലുള്ള നാണു നായർ കലാഗ്രാമം ഒരു താടിയരങ്ങു സംഘടിപ്പിക്കുകയുണ്ടായി. താടി വേഷത്തിൽ പ്രഗത്ഭനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാശാനുൾപ്പടെ പ്രഗത്ഭരായ താടി വേഷക്കാർ അണിനിരന്ന വേദി.അതിൽ പങ്കെടുക്കുകയും മികച്ച താടി വേഷത്തിന് ' രൗദ്ര ശ്രീയൻ' എന്ന പേരിലുള്ള പുരസ്കാരമാണ് ഗീതാ വർമ്മയ്ക്കു കിട്ടിയ മറക്കാനാവാത്ത ആദ്യത്തെ അംഗീകാരം.
2013 ൽ വാഹനപകടത്തിൽ തലയ്ക്ക് കാര്യമായ പരിക്കുപറ്റി .മൂന്ന് മാസം ബോധരഹിതയായി കിടന്നു. അപ്പോഴും നിഴലായി കൂടെ നിന്നത് കഥകളിക്കാരായിരുന്നു. അവര് അടുത്തേക്ക് വരുമ്പോൾ താൻ പ്രതികരിച്ചിരുന്നു. അത്രമാത്രം കഥകളിയുമായി ഇഴുകിചേർന്നിരുന്നു . ജീവൻ തന്നെ കഥകളിയായി മാറിയെന്നു പറഞ്ഞാലും തെറ്റില്ല. തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നെന്നു പറയുമ്പോഴും വാക്കുകൾ ഇടറിയിരുന്നു. സന്തോഷവും സങ്കടവും ഒരേ സമയം ആ മുഖത്ത് മിന്നി മറഞ്ഞു.
കർണ്ണശപഥ രചയിതാവായ മാലി മാധവൻ നായരുടെ പേരിൽ ഒരു ട്രസ്റ്റുണ്ട്.മാധവൻ നായർ ഫൗണ്ടേഷൻ എന്നാണ് ട്രസ്റ്റിന്റെ പേര്. എല്ലാ വർഷവും കർണ്ണശപഥം കെട്ടിയാടുന്ന ഏതെങ്കിലും ഒരു കലാകാരന് പുരസ്കാരം നൽകി ആദരിക്കും.2018ൽ ആ പുരസ്കാരം തന്നെ തേടിയെത്തിയപ്പോഴും കർണ്ണൻ പാടുന്നു...
"എന്തിഹ മൻ മാനസേ സന്ദേഹം വളരുന്നു ...
അങ്കേശനാമി ഞാനെങ്ങു പിറന്നവനോ... "?
പുരുഷ വേഷങ്ങളാണ് അധികവും ഗീതാ വർമ്മ കൈര്യം ചെയ്തിരിക്കുന്നത്. പുരുഷ വേഷം ചെയ്യുമ്പോഴാണ് ഏറെ സംതൃപ്തി അനുഭവപ്പെട്ടിട്ടുള്ളതും. ചിട്ടയായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണ് പുരുഷ വേഷം ചെയ്യാൻ തന്റെ ശരീരത്തെ പാകപ്പെടുത്തിയെടുത്തത്. ഒരു സ്ത്രീയായ താൻ ഒരു പുരുഷനെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് അരങ്ങിലൂടെ ഗീതാ വർമ്മ അവതരിപ്പിച്ചിട്ടുള്ളത്. അഭിനയസാധ്യത കൂടുതൽ പുരുഷ വേഷങ്ങൾക്കാണ്. ആദ്യത്തെ അരങ്ങേറ്റമായ പുറപ്പാടിലും പുരുഷ വേഷം തന്നെയായിരുന്നു.
1975 മുതലാണ്- കഥകളിയുടെ വർണ്ണാഭമായ ലോകത്ത് എത്തുന്നത്. അതിന് സഹായിച്ചതും സ്വാധിനീച്ചതും ഈ അടുത്തിടെ അന്തരിച്ച ശ്രീമതി ചവറ പാറുക്കുട്ടിയമ്മയാണ്.
42 പിന്നിടുമ്പോഴും താൻ കഥകളി പഠിച്ചു കൊണ്ടിരിക്കുകയാണ് ,ശിഷ്യഗണങ്ങളില്ല...
തൃപ്പുണ്ണിത്തുറ കഥകളി കേന്ദ്രത്തിന്റെ സെക്രട്ടറി കെ.ടി രാമവർമ്മയാണ്. കൃഷ്ണൻ നായരാശാന്റെ ശിഷ്യയായ രാധിക വർമ്മയാണ് അദ്ദേഹത്തിന്റെ മകൾ.
'പെൺകുട്ടികൾക്ക് മാത്രമായി ഒരു കളി വെച്ചാലെന്താ ' എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത് കൃഷണൻനായരാശാനാണ്. അക്കാലത്ത് കലോത്സവങ്ങളിൽ കഥകളിയിൽ ആൺ കുട്ടികളും, പെൺ കുട്ടികളും ഒരുമിച്ചായിരുന്നു. കഥകളിയിൽ ഒന്നാം സ്ഥാനത്ത് എപ്പോഴും എത്തിയിരുന്നത് പെൺകുട്ടികളായിരുന്നു. കലാകാരനെ സംബന്ധിച്ചിടത്തോളം ഏതു വേഷവും ചെയ്യാൻ കഴിയണം എന്നാണ് പെൺകരുത്ത് തെളിയിച്ചിരിക്കുന്നത് .
അങ്ങനെയിരിക്കെയാണ് കൃഷണൻ നായർ ആശാൻ വനിതാ കഥകളി ട്രൂപ്പിനെക്കുറിച്ച് പറയുന്നത്. സ്ത്രീകൾക്കും കഥകളി അവതരിപ്പിക്കാൻ സാധിക്കുമെന്ന് വനിതാ കഥകളി ട്രൂപ്പിലൂടെ ആശാൻ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു. അങ്ങനെയാണ് പെൺകളരിയുടെ ഉദയം.
പല ദിക്കിലുമുള്ളവരായിരുന്നു ട്രൂപ്പിൽ ഉണ്ടായിരുന്നത്. ട്രൂപ്പിലുള്ള ഏതെങ്കിലും ഒരാളിന്റെ രക്ഷിതാവ് കൂടെ വരും. ട്രൂപ്പിന് മാനേജറുണ്ട്. ട്രൂപ്പിലെ ആരുടെയെങ്കിലും അമ്മ ആയിരിക്കും മാനേജറിന്റെ വേഷം അണിയുന്നത്. കളിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുക മാനേജർ ആയിരിക്കും.
കളിക്കു ചുട്ടി കുത്താൻ കിടക്കുമ്പോൾ സ്ത്രീകൾ തന്നെയാണോ വേഷം കെട്ടുന്നത് എന്നറിയാൻ ആളുകൾ തടിച്ച് കൂടും. ചുട്ടിപുരയിലേക്ക് പ്രമാണികൾ വന്ന് പറയും" ഇവിടെ ഗോപിയാശാനും, കൃഷ്ണൻ നായരാശാനൊക്കെ കളിച്ച സ്ഥലമാണ്. കളി നന്നായില്ലെങ്കിൽ കൂക്കും; താടി വേഷമാണ് മൂത്ത ആശാൻമാരൊക്കെ കെട്ടിയിരിക്കുന്നത്. മര്യാദയ്ക്ക് കളിക്കാൻ പറ്റുമോ? ഞങ്ങള് കഥകളിയൊക്കെ കാണുന്നവരാണ്." എന്നൊക്കെ പറഞ്ഞു കൊണ്ട് പ്രമാണികൾ പോവും. അരങ്ങിലെത്തി കളി തുടങ്ങുമ്പോൾ ഒട്ടും മോശമല്ല എന്ന് മനസ്സിലാക്കി വീണ്ടും അവരെ കഥകളി കളിക്കാൻ വിളിക്കുകയും ചെയ്യും.
കളി നന്നായാലും മോശമായാലും കളിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാം തന്നെ കളി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ വാനിൽ വെച്ചായിരിക്കും സംസാരിക്കുക.
42 വർഷത്തെ കഥകളി ജീവിതം ഗീതാ വർമ്മയ്ക്ക് കളി കാണാനും, കളി പഠിക്കാനും പഠിച്ചത് പ്രയോഗിക്കാനും കളി കൂടുതൽ കൂടുതൽ നന്നാക്കാനുമാണ് സഹായിച്ചത്.. തന്നെ പഠിപ്പിച്ച ആശാനെ പോലെ കളിക്കണം എന്നൊരു ചിന്ത മനസ്സിൽ ഉദിച്ചിട്ടില്ല. അതു കൊണ്ടു തന്നെയാണ് ഇത്രയും വർഷം വേഷം കെട്ടി അങ്ങിലെത്താൻ ഗീതാ വർമ്മക്ക് കഴിഞ്ഞതും .
അക്ഷരാർത്ഥത്തിൽ ഗീതാ വർമ്മ കഥകളി ആസ്വദിക്കുകയാണ്.ഒരു ഉപജീവന മാർഗ്ഗമായിട്ട് കഥകളിയെ കാണാതെ ഉപാസനയായി മാത്രം കഥകളിയെ പരിചരിച്ചതുകൊണ്ട് 42 വർഷം പിന്നിടുമ്പോഴും ഈ കളിയോഗത്തിൽ കർണ്ണനായും രൗദ്ര ഭീമനായും രാവണനായും ദുശാസനനായും അരങ്ങിലെത്തുന്നു .
3 Attachments