Archives / May 2019

അജിത്രി
ആകാശ വേരുകൾ(റീന .പി.ജി )

റീനയാൽ എഴുതപ്പെട്ട ഓരോ വരികളും കവിതയിൽ നിന്ന് തെറ്റി വേറിട്ട നിരീക്ഷണങ്ങളും അതത് കാലത്തെ പെൺ ബോധ്യങ്ങളുടെ ഉല്പന്നമാണ്.

ഒരാളുടെ കവിത വായിക്കുന്നേൽ അതിന്റെ സാഹിത്യ മൂല്യം  രചയിതാവിന്റെ പദവി തുടങ്ങിയവ ഘടകങ്ങളെ ഒക്കെ കണക്കിലെടുക്കുന്നവരുണ്ട്.' വ്യത്യസ്ത സമീപനങ്ങളുമായി ആര് അവതരിച്ചാലും വാമൊഴിയാണോ വരമൊഴിയാണോ  പദ്യമാണോ, ഗദ്യമാണോ  ഗദ്ഗദമാണോ എന്നൊന്നും നോക്കാതെ കവിതാ ചരിത്രത്തിലിടം കൊടുക്കുന്ന കാവ്യപാരമ്പര്യവും നമുക്കുണ്ട്.

.. ഈ കവിതാ സമാഹാരത്തിലെ കവിതകളിൽ  നിർമ്മിച്ചെടുക്കലുണ്ട്. സങ്കല്പങ്ങളുണ്ട്. രചയിതാവിന്റെ അഭിരുചികളുണ്ട്. പ്രത്യയശാസ്ത ബോധ്യങ്ങളുണ്ട്.

''. വഴി മറന്നവരിൽ ഉയരുന്ന ചോദ്യമുണ്ട്.' ചരിത്രം പാകിയ വഴി മറന്നു പോയ ജനതയ്ക്ക് പുതുവഴി കൊത്തേണ്ടവരാര്?

'സാഹിത്യം ചരിത്രത്തിന്റെ ''ഒരു അനു ബന്ധവും വ്യഖ്യാനവും തന്നെയാണ്. സാഹിത്യ രൂപമായ കവിതയിലൊതുക്കിയ ആശയങ്ങളാണ് ഇതിൽ നിറയെ. സാഹിത്യത്തെ  വൈയക്തികതയ്ക്കുമപ്പുറം ദർശിക്കാൻ റീന നടത്തുന്ന ശ്രമങ്ങൾ ഇതിൽ കാണാം.

'സഹിതമായ പദങ്ങൾ ചേർച്ചയോടെ ചേർത്തു വയ്ക്കാൻ കഴിയുക നല്ല കഴിവാണ്. സാഹിത്യത്തിന് സഹിത ഭാവം   ചേർച്ച എന്നൊക്കെ അർത്ഥം കാണാം. ശബ്ദാർത്ഥങ്ങളുടെ യോഗം വേണം. ചമൽക്കാര ജനകമല്ലെങ്കിലും കവിത ആരേയും തിരിച്ചയക്കുന്നില്ല. അലങ്കാരത്തോടെ ഇരിക്കുന്ന കവിതകളും കണ്ടു.

ഒറ്റമരങ്ങൾ എന്ന കവിതയിൽ സ്വത്വത്തിൽ അഭിമാനിനിയാവുന്ന തിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

ഒറ്റയാവുന്നത് ഒരു തിരിച്ചറിവാണ്. ഞാൻ എന്ന പരമാർത്ഥത്തെയാണ് കീറി മുറിക്കേണ്ടത്. ആത്മനിന്ദയുടെ  ചതുപ്പിലേക്കിറങ്ങിയാൽ താഴ്ന്നു പോകാം....

വെള്ള പുതച്ച  കറുപ്പിലും

വായിക്കാം ഒരു തീവ്ര നൊമ്പരത്തെ .ഒപ്പം  നവോത്ഥാനത്തിന്റെ ധ്യാനം നൽകുന്ന വീര്യം പോരാടാനാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്.

ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  (പകലിന്റെ വിരഹം  എന്ന കവിത ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കും. വെളിപാടിന്റെ മിന്നലിലറിയിക്കുന്ന നിഴൽ നഷ്ടങ്ങളെ തിരിച്ചറിയാൻ അത് ഉപകാരപ്പെടും.

തല തിരിഞ്ഞതലവരയിൽ

പ്രണയം പെയ്യുന്ന ഹൃദയങ്ങളെ  വരണ്ട കാറ്റിൽ പറത്തുന്ന  സദാചാരവൃന്ദങ്ങളുണ്ട്.

വർഗീയതയിൽ കത്തി നിൽക്കുമ്പോഴും  പ്രണയ മുദ്ര ഉയർത്തി പിടിച്ച  താജ് മഹൽ അവിടെ പ്രകാശിച്ചു നില്പുണ്ട്.

.. നട്ടെല്ല് പിളർക്കുന്ന സൃഷ്ടിയിൽ വേദനയുടെ ആരോഹണവരോഹണങ്ങൾ ക്കിടയിൽ ഒരു നിമിഷം  ശ്വാസം നിലച്ചുപോയ ഉച്ചസ്ഥായിയിൽ പിറക്കുന്ന കവിത കുഞ്ഞുങ്ങളെ ചില്ലുകൂട്ടിൽ സൂക്ഷിച്ചു വെക്കരുത്. അതിന്റെ കൂടെ  തുടിക്കുന്ന ഹൃദയതാളം വേണം. അതിന് വളരണം. വേര് പടർത്തണം. തിരിച്ചു വരാത്ത പട്ടങ്ങളായി  ഓർമയുടെ വെൺ മേലങ്ങളായ്  തമോ ഗർത്തങ്ങളിലേക്ക്  ഊളിയിടണം. അത് കാവ്യജീവിത ത്തിന്റെ  അനിവാര്യതയാണ്.റീനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കവിതയുടെ ഒന്നാം പർവ്വം സമാപ്തമായെന്ന അറിയിപ്പെന്നോണം തിരശീല തൽക്കാലം  വീഴട്ടെ.. ഇനി തിരശ്ശീലയ്ക്കപ്പുറം മറ്റൊരു ലോകം. അസ്വാദകന് അത്ഭുതമേകാൻ പാകത്തിൽ കവിത ചടുലതാളങ്ങളോടെ ഓരോ കാലടിയും വെയ്ക്കേണ്ടത്  അവിടെയാണ്. മനസാകും തിരിയിട്ട അണിയറയിൽ  ഒരു തുരുത്തും അവിടെയൊരു തൂലികയും അവനവനിലേക്ക് ഇറങ്ങി വരട്ടെ..... ഉന്മാദത്തിന് അണകെട്ടി റെഡ് അലർട്ടിട്ട്  മഴ തിരിച്ച് ഒഴുകട്ടെ. ആകാശ വേരുകൾ തേടി പിന്തിരിഞ്ഞു നടന്ന ഭീരുവെന്ന് കാലം മുദ്രകുത്താതിരിക്കുവാൻ കൂട്ടി വെച്ച വാക്കുകളെ നിറവും കനവും നോക്കി ഉരുക്കി ചുരുക്കി ആത്മാവിന്റെ അഗ്നിയിൽ ചുട്ട് ചാമ്പലാക്കി ആ ഭസ്മം തിരുന്നെറ്റിയിൽ ചാർത്തിയേ.. മതിയാവൂ... വാക്കിൻ കാരമുള്ളുകൾ തറച്ച് ചോര വാർന്ന ഹൃദയം ഇപ്പോഴും തുടിക്കുന്നുണ്ടെന്ന് ലോകത്തോട് വിളിച്ചു പറയാൻ അത്രയും മതിയാകും.

പ്രസാധകർ -ഒലീവ് 

വില -130രൂപ 

 

 

Share :

Photo Galleries