Archives / April 2019

ഫൈസൽ ബാവ 
*റിയലിസത്തിലെ ദാർശനികത*(മോപ്പസാങ്ങിന്റെ *അന്ധർ The Blaind), തടവുകാർ (The Pr

ലോകസാഹിത്യത്തിൽ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രമാണ് മോപ്പസാങ്ങ്. ചെറുകഥയുടെ പിതാവെന്നും പ്രയോക്താവെന്നും അറിയപ്പെടുന്ന മോപ്പസാങ്ങിന്റെ ഓരോ കഥകളും ലോകത്തെ ഒട്ടുമിക്ക ഭാഷകളെയും സ്വാധീനിച്ചിട്ടുണ്ട്. അത്രയ്ക്കും വിശാലാമാണ്  മോപ്പസാങ്ങിന്റെ കഥാപ്രപഞ്ചം. റിയലിസം ഭാഷക്കും ശൈലിക്കുമപ്പുറം ഒരു ദർശനം കൂടിയാണ് എന്ന്  മോപ്പസാങ്ങ്  കഥകളിലൂടെ  തെളിയിച്ചു. ജീവിതത്തിന്റെ കറുപ്പും വെളുപ്പും കഥകളിൽ നിറച്ച അദ്ദേഹം ഓരോ വാക്കും ജീവിതത്തോട് ചേർത്തുവെച്ചതിനാൽ  മാറ്റുവാൻ സാധ്യമല്ല,  പറിച്ചെടുത്താൽ  ചോരയൊലിക്കും വിധം ജീവിതത്തോട് ഒട്ടിനിൽക്കുന്നു. 

മോപ്പസാങ്ങിന്റെ പ്രശസ്തമായ കഥകളിൽ  ഒന്നാണ് *അന്ധൻ* (The Blaind)  വായനാ  മനശാസ്ത്രത്തെ ക്ഷുഭിതമയക്കുന്ന കഥയാണ് അന്ധൻ. ഒരു അന്ധൻ ആകുക എന്നാൽ സമൂഹത്തിലും കുടുംബത്തിലും  മാത്രമല്ല ഒരു പരിഹാസ കഥാപാത്രമായി മാറുകയാണ്. കാഴ്ചയില്ലായ്മയെ ദയയില്ലാതെ കാണുന്ന മുന്നിൽ യാചകൻ വരെ യാകുന്ന അവസ്ഥ പിന്നെ ദാരുണമായ അന്ത്യം കഥ തീരുമ്പോൾ നമ്മളിൽ ക്ഷുഭിതമാനമായ ഒരവസ്ഥ സൃഷ്ടിക്കപ്പെടും കാരണം മനുഷ്യത്വം എന്നൊന്ന് എവിടെയെങ്കിലും സ്പർശിക്കാത്ത വായനക്കാർ  ഉണ്ടാവില്ലല്ലോ. ജീവിതത്തിന്റെ അറപ്പുളവാക്കുന്ന ശൂന്യതയെ അന്ധനിൽ അടിച്ചേൽപ്പിക്കുന്ന അവസ്ഥ നമ്മെ വല്ലാതെ വേദനിപ്പിക്കും. ഒരു മനുഷ്യന്റെ മരണം ഇത്രകണ്ട് വേദനാജനകമാകുന്നു  അന്ധനായി പോയി എന്നതാണെന്ന മരണവും ജീവിതവും തമ്മിലുള്ള സാക്ഷ്യങ്ങൾ  അച്ഛനും അമ്മയും വിടപറഞ്ഞതോടെയാണ് നോഹ്മോ കർഷകന്റെ മകന്റെ അന്ധത പൂർണ്ണമാകുന്നത് അതുവരെ അവരുടെ കാഴ്ചയുടെ നിഴലിൽ അവന്റെ അന്ധത എവിടെയും ഒരു തടസമായിരുന്നില്ല. അവരുടെ മരണത്തോടെ അവനൊരു യാചകൻ ആകേണ്ടി വരുന്നു. ഇവിടെ അന്ധതയെ അല്ല ചികിൽസിക്കേണ്ടത് സമൂഹത്തെയാണ്. *"ജീവിതത്തിൽ നിന്ന് മൃഗതൃഷ്ണയുള്ള ക്രൂരവേട്ടക്കാരുടെ മുന്നിലേക്ക് എടുത്തെറിയപ്പെട്ട ആ യാചകന്റെ മരണം അയാളുടെ അയാളുടെ ദൈന്യജീവിതത്തെക്കുറിച്ച് അറിയുന്നവർക്കെല്ലാം ആശ്വാസമാകേണ്ടതാണ്"* കഥയിങ്ങനെ അവസാനിപ്പിക്കുമ്പോൾ ആ ദൈന്യതയുടെ ആഴത്തിലേക്ക് കഥയിലൂടെ പോകാൻ ആകുന്നു. 

മോപ്പസാങ്ങിന്റെ വ്യത്യസ്തമായ മറ്റൊരു കഥയാണ് *തടവുകാർ (The Prisoners)* സ്വാതന്ത്ര്യമില്ലായ്മ ചോദ്യം ചെയ്യാനുള്ള ഉള്ളൊരുക്കമാണ് ബദൽ ചിന്തകളിലേക്ക് നയിക്കപ്പെടുന്നത്. ബദൽ അനിവാര്യമായ സമയത്ത് അതിലേക്ക് ഏറ്റവും വേഗത്തിൽ പ്രവേശിക്കുന്ന പൗരസമൂഹം എന്ന അനിവാര്യതയാണ്  ഈ കഥയും അത്തരം കൃത്യമായ ലക്ഷ്യബോധത്തോടെ രൂപപ്പെടുന്ന ബദൽ സാധ്യതകളുടെ രാഷ്ട്രീയമാണ് പറയുന്നത്.  ബർതീൻ  എന്ന പെൺകുട്ടിയുടെ തന്ത്രപരമായ ഇടപെടൽ ശത്രു സൈന്യത്തെ നിലവറയിൽ എത്തിച്ചത്. അവളിൽ യഥാസമയം തീരുമാനം എടുക്കാൻ ഉണ്ടായ ബുദ്ധിയാണ് ആറോളം ഫ്രഞ്ച് സൈന്യത്തെ കുടുക്കാൻ കാരണം ആയത്. വിശന്നു വലഞ്ഞു  അഭയം  തേടിവന്ന ശത്രുവിനെ തന്ത്രപരമായി കെണിയിൽ വീഴ്‌ത്തുന്ന ബദൽ ചിന്തയാണ് ഈ കഥ. സൈനിക അല്ലെങ്കിലും പൗരറിൽ ഉണ്ടാകുന്ന ബോധം നൽകുന്ന പ്രവര്ത്തികള് ചിലപ്പോൾ ഈ തരത്തിൽ മാറാം. അങ്ങനെയാണ് ഒരു ബദൽ സൈന്യം എന്ന നിലയിൽ പൗരസമൂഹം രൂപപ്പെടുന്നത്.  

ചെന്നായ എന്ന കഥയിൽ നിത്യമായ മാറ്റത്തിന്റെ ചരിത്ര ബന്ധങ്ങളെ കാണാം, മൃഗവേട്ടയിൽ അതീവ തലപര്യം ഉള്ള സഹോദരന്മാരാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ അവർക്കിടയിലേക്ക് ഭീതിയുടെ നിഴൽ പരത്തിയെത്തിയ ചെന്നായ, ഗ്രാമത്തിൽ ഭീതിപരത്തിയ ചെന്നായയെ ദേ അലീഹ് സഹോദരന്മാർ പിന്തുടരുന്നതും ഒരു സഹോദരൻ  വേട്ടക്കിടെ മരണമടയുന്നതും ആ ശവശരീരം പേറി അനിയൻ ചെന്നായയെ പിന്തുടർന്ന് കൊല്ലുന്നതുമാണ് കഥ ഫൂങ്ഗൂയിസ് തന്റെ   സഹോദരന്റെ ജീവനറ്റ ശരീരം ഒരു പാറയിൽ ചാരിയിരുത്തിയാണ് ചെന്നായയെ വേട്ടയാടാൻ പോകുന്നത്. *"ഫുങ്ഗൂയിസ്  കുതിരപ്പുറത്ത്നിന്നും ചാടിയിറങ്ങി. ചെന്നായ ഇരയെ കണ്ടതുപോലെ അയാളെ നോക്കി നിശ്ചലനായി നിന്നു. പോരാട്ടം തുടങ്ങുന്നതിനു മുമ്പ് സഹോദരനെ പാറയിൽ  ഇരുത്തി, തല ഒരു കല്ലിൽ ചാരിവെച്ചു.  ജേഷ്ഠന്റെ തല ഒരു രക്തപിണ്ഡം മാത്രമായിരുന്നു. ബധിരനായ ഒരാളോട് പറയുന്നതുപോലെ   മൃതശരീരത്തിന്റെ  ചെവിയിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു"* 

മോപ്പസാങ്ങിന്റെ കഥാ പ്രപഞ്ചം ഒട്ടുമിക്ക ഭാഷകളിലും  സ്വാധീനം ചെലുത്താൻ പാകത്തിൽ ശക്തമാണ് കഥയുടെ ശില്പഭംഗി. പരുക്കൻ ജീവിത യാഥാർഥ്യങ്ങളിലേക്ക് വായനക്കാരെ വലിച്ചു കൊണ്ടുപോകാനുള്ള ശേഷിയുള്ള കഥകൾ. മോപ്പസാങ്ങിനെ വായിക്കാത്തവർ ഒട്ടേറെ മികച്ച കഥകൾ വായിച്ചിരിക്കില്ല ഏന് ഉറപ്പിച്ചു പറയാം . മുന്നൂറോളം ചെറുകഥകളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ആ കഥാ ലോകത്തേക്ക് പ്രവേശിക്കാൻ  ഈ പ്രതലം പോരാ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പാശ്ചാത്യ സാഹിത്യത്തിൽ ഒരു സൂര്യോദയം ആയ മോപ്പസാങ് ലോകവ്യാപകമായി ജനപ്രീതി നേടി  1850ൽ  ഫ്രാൻസിൽ ജനിച്ച മോപ്പസാങ് 46 വയസുമാത്രേ  ജീവിച്ചുള്ളൂ. 

Share :