Archives / April 2019

മുല്ലശ്ശേരി
വൃദ്ധൻ:......ചുമലിൽ ഭാണ്ഡം

നോവൽ

(പതിനേഴ്)

(ഒന്ന് മുതൽ ആറുവരെ archives ജനുവരി 2019 ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019- ലും പതിനൊന്ന് മുതൽ പതിനാല് വരെ archives മാർച്ച് 2019 ലും പതിനഞ്ചും പതിനാറും ഹോം പേജിലും വായിക്കാം)

       ഞാൻ ജോർജ് .കെ .ഫിലിപ്പിനെ കാണാമെന്ന് പറഞ്ഞദിവസം തന്നെ അവന്റെ ജോലി സ്ഥലത്തെത്തി. മെയിൻ റോഡിൽ നിന്നും ലേശം ഉള്ളിലായി ടാർ ചെയ്യാത്ത റോഡിലൂടെ കുറച്ച് ദൂരം ചെല്ലുമ്പോഴാണ് N.K.T. Rubbers എന്ന സ്ഥാപനം . ഞാൻ ആ സ്ഥാപനത്തിന്റെ പടിക്കലെത്തിയപ്പോൾ തന്നെ ഒരാൾ എന്നോട് ചോദിച്ചു കഴിഞ്ഞു -- ആരാ? എന്തിനാ വന്നത്? ഞാൻ ഫിലിപ്പിന്റെ പേര് പറഞ്ഞയുടൻ തന്നെ ഫിലിപ്പ് ഞാൻ നിന്നിടത്ത്   എത്തിക്കഴിഞ്ഞു. ''വെയ്റ്റ് '' ചെയ്യാൻ ആംഗ്യം കാണിച്ചിട്ട് ഫിലിപ്പ് അകത്തേക്ക് പോയി.   ഒരു രണ്ടു മിനിട്ടിനുള്ളിൽ തിരിച്ചെത്തി എന്നെ കുട്ടി അകത്ത് മുതലാളിയുടെ ക്യാബിനിൽ എത്തി മുതലാളിയെ പരിചയപ്പെടുത്തി.  സുമുഖനായ ഒരു നാല്പത്തിയഞ്ച് വയസുകാരൻ , അപ്പോഴെടുത്ത് ചാർത്തിയ ചിരിയുമായി  അയാൾക്കു് എതിരെയുള്ള ചെയർ ചൂണ്ടികാട്ടി ഇരിക്കാൻ എന്നോട് പറഞ്ഞു. ഏ.സി. കുളിർമയിൽ  ഞാൻ ഇരുന്നു. ആ ക്യാബിനിലിരുന്നാൽ റോഡിലുള്ള കാര്യങ്ങൾ കാണാം - ക്യാഷ്യറെയും അക്കൗണ്ടന്റിനേയും കാണാം. വലത് വശത്ത് കൂടി നോക്കിയാൽ എല്ലാ ജോലിക്കാരേയും , റബ്ബർ കയറ്റി ഇറക്കു് - കയറ്റി ഇറക്കു് വാഹനങ്ങൾ - റബ്ബർഷീറ്റ് തരംതിരിക്കുന്നത് ,എന്ന് വേണ്ട അവിടെ ഒരു ജീവി പറന്നാൽ അതിനെയും കാണാം. അങ്ങനെയാണ് ആ ക്യാബിൻ തയ്യാറാക്കിയിട്ടുളളത്. (ഞാൻ റോഡിൽ കൂടി വരുന്നത് ആദ്യം കണ്ടത് മുതലാളി തന്നെയാവും. )ഒരു നിമിഷം കഴിഞ്ഞ് ഞാൻ ഫിലിപ്പിനെ നോക്കിയപ്പോൾ ഫിലിപ്പ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു - യാത്ര പറയാൻ. ഞാൻ എഴുന്നേറ്റ് മുതലാളിയോട് യാത്ര പറഞ്ഞു ക്യാബിന് പുറത്ത് വന്നു.  ഫിലിപ്പിന്റെ സീറ്റിന് അടുത്തുളള  ചെയറിൽ ഇരുന്നു. ഞാൻ വളരെ താഴ്ന്ന സ്വരത്തിൽ - ''നിന്റെ തിരക്ക് കഴിഞ്ഞ് ഞാൻ വരാമെന്ന് പറഞ്ഞു.'''എങ്കിൽ ഈ ദിവസമെന്നല്ല ഒരു ദിവസവുംഎന്നെ നിനക്ക് കാണാൻ പോലും കിട്ടുകയില്ല.''  '' പിന്നെ ഞാൻ പോകട്ടേ '' കണ്ണിലൂടെ അവനോട് ചോദിച്ചു - അവനും കണ്ണിലുടെ മറുപടി പറഞ്ഞു - ''അതെ''

        ഞാൻ പുറത്തിറങ്ങി ഒരല്പം നടന്നു കാണും അപ്പോഴേക്കും ''പ്രത്യേക ദൂതൻ'' എന്നെത്തേടിയെത്തി - കൈയിൽ ഫിലിപ്പ് വക കുറിപ്പുമായി.   ഞാൻ കുറിപ്പിലേക്ക് നോക്കി. '' ''എന്റെ പൊന്നുമോനേ- ഞാൻ ഇന്ന് വൈകിട്ട് കൃത്യം 6 മണിക്ക് ടാർ ഇടാത്ത റോഡ് തുടങ്ങുന്ന ആദ്യത്തെ ഇലട്രിക് പോസ്റ്റിനടുത്ത് കാണും. അവിടെ അപ്പോൾ വരിക നമുക്ക് സംസാരിക്കാം.. ഞാൻ ദൂതനെ നോക്കി ചിരിച്ചു. ദൂതൻ തിരിഞ്ഞ് നടന്നു കഴിഞ്ഞു

          വൈകുന്നേരം ആറു മണിയാവാൻ ഇനിയും എഴു മണിക്കുറുണ്ട്. അവിടെ നിന്നും രണ്ടു കിലോമീറ്റർ നടന്നാൽ എന്റെ വീട്ടിലേക്കു് തിരിയുന്ന ജംഗ്ഷനിൽ എത്താം , ഞാൻ വീട്ടിലേക്ക് തന്നെ തിരികെ നടന്നു.

           അഭിജിത്ത് കാരണമാണ് ഞാൻ ഈ നഗരത്തിൽ എത്തിപ്പെട്ടത്. പക്ഷേ ഫിലിപ്പിനെ കാണുന്നത് വരെയും അവൻ ഇവിടെ ഉണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.  അത് പോലെ ആരെല്ലാമോ എനിക്ക് അറിയാവുന്നവർ ഈ നഗരത്തിൽ ഒരു പക്ഷേ ഇനിയും കണ്ടേക്കാം. അതാണ് നഗരം.  എങ്കിൽ സത്യത്തിൽ ഞങ്ങളൊക്കെ ഗ്രാമവിശുദ്ധിയിൽ ജനിച്ച് വളർന്നവരാണ്. അത് കൊണ്ട് തന്നെ ആ തനിമ എന്നും ഞങ്ങളിൽ കാണുകയും ചെയ്യും. അത് തന്നെയാകാം ,ഞങ്ങളെ എന്നും ഇണക്കി നിറുത്തുന്നതും.

       കൃത്യം ആറു മണിക്ക് തന്നെ ഞാൻ ഫിലിപ്പ് കുറിച്ചിരുന്ന ഇലടിക് പോസ്റ്റിന് അടുത്തെത്തി - ഫിലിപ്പ് അവിടെ എന്നേയും കാത്ത് നില്ക്കുന്നു.

(തുടരും)

Share :