Archives / April 2019

സുനിത ഗണേഷ്.
ഒരു തീവണ്ടി യാത്രയുടെ ഓർമയ്ക്കായി

ക്ഷണനേരം കൊണ്ടതിവേഗം
പായും തീവണ്ടി,യതിനുള്ളിൽ
മനം നിറയെ തീയേന്തി, വെന്തു
നൊന്തനേകം കരിങ്കോമരങ്ങൾ.

മലകൾക്കു നടുവിലൂടെ, പുഴകൾ
ക്കരികിലൂടെ, പുകതുപ്പി, കൂകിവിളിച്ച കറിപ്പായുന്നു ഒത്തിരിയൊത്തിരി 
ദൂരേക്കോർമയിലേതോ തീവണ്ടി.

പൊടുന്നനെ ചാറിയ വേനൽമഴയന്നു
കുസൃതിയായ് ജാലകച്ചില്ലിൽ കൊത്തിമിനുക്കിയ ഹൃദയചിഹ്നങ്ങളി
 പ്പോഴുമാർദ്രമായ് തുടിക്കുമ്പോലെ.

കമ്പിവേണ്ടാ,ക്കമ്പിസന്ദേശങ്ങളങ്ങുമിങ്ങും തുരുതുരെ, ചറപറ ചിന്നും തരംഗങ്ങൾക്കതിനിടയിലൂടെ 
കമ്പിപൊട്ടിയേതോവീണ കരയുമ്പോലെ.

മയങ്ങിയോ ഞാനെന്നോർമയില്ല,
മയക്കമോ മറ്റുള്ളോരെന്നുമോർമ്മ
യില്ലെന്റെ തീവണ്ടിക്കു ചിറകു
മുളച്ചതേതു നിമിഷമെന്നുമോർമയില്ല.

ആകാശത്തേക്ക് പറന്നുയർന്നെന്റെ
തീവണ്ടി, മേഘങ്ങളെ കോരിയെടുത്തെന്റെ
തീവണ്ടി, യുള്ളിലെ തീമായ്ച്ചു
സ്വപ്നങ്ങൾ വിതറിയെന്റെ തീവണ്ടി.

കടലിലേക്കു ചെന്നെന്റെ തീവണ്ടി,
തീരമണലിൽക്കുടിൽകെട്ടിയെന്റെ
തീവണ്ടി, തീരത്തുനിന്നേറെദൂരമു
ലിലേക്കുള്ളിലേക്കുചെന്നെന്റെ തീവണ്ടി.

കടലലകൾക്കു നടുവിൽ, മുങ്ങിയും
പൊങ്ങിയുമിന്നേറെ  നാഴിക താണ്ടി
യെന്റെ തീവണ്ടി, യിന്ന,തിന്നുള്ളിൽ
ഉപ്പുതിന്നസ്ഥികൂടങ്ങൾ പുഞ്ചിരിക്കുന്നു.

 


 

Share :