ഹൃദയകുമാരി ടീച്ചർ എന്ന ആദർശ വനിത
നാം വളരുന്തോറും നമ്മുടെ അദ്ധ്യാപകർ നമ്മുടെ മനസ്സുകളിൽ വളരുന്നു. വിദ്യാര്ത്ഥികളായിരുന്ന സമയത്ത് നാം അദ്ധ്യാപകരെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു, ആരാധിക്കുന്നു. എന്നാൽ അവരെ മുഴുവനായി മനസ്സിലാക്കാനോ അവർ നമുക്കു തന്ന അറിവിനെ ഉൾക്കൊള്ളാനോ നമുക്ക് കഴിവുണ്ടായിരിക്കുകയില്ല. നാം അവരെ ഓര്ക്കുന്നത് അവരുടെ സ്വഭാവത്തിലും അദ്ധ്യാപനത്തിലുമുള്ള ചില സവിശേഷതകളെ മാത്രമായിരിക്കും. വർഷങ്ങൾക്ക് ശേഷമാകും അദ്ധ്യാപകരെ വിലയിരുത്തുവാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും നമുക്ക് കഴിയുക. അപ്പോഴേക്കും അവരോട് ഇടപെടാനോ സംസാരിക്കാനോ ഉള്ള അവസരങ്ങൾ വളരെ കുറവായിരിക്കും. അവർ നമ്മെ വേർപെടുമ്പോൾ നാം വേദനിക്കുന്നത് നമുക്ക് നഷ്ടപ്പെട്ടുപോയ അവസരങ്ങളെപ്പറ്റി ആയിരിക്കും. പിന്നീടുള്ളത് അവരെപ്പറ്റിയുള്ള സ്മരണകളും അവര് നല്കിയ പാഠങ്ങളും ആയിരിക്കും
ഹൃദയകുമാരി ടീച്ചര് എന്നെ കുട്ടിക്കാലത്ത് ആകർഷിച്ചത് അവരുടെ വാഗ്ധോരണി കാരണമായിരുന്നു. യൂണിവേഴ്സിറ്റി കോളേജ്ൽ ബി.എ വിദ്യാര്ത്ഥിയായി 1961- ൽ എത്തിയപ്പോൾ മലയാളം മാധ്യമത്തിൽ നിന്ന് ഇംഗ്ലീഷ് മാധ്യമത്തിലേയ്ക്കുള്ള മാറ്റത്തിന്റെ പ്രാണസങ്കടത്തിന്റെ നടുവിലായിരുന്നു ഞാൻ. അധ്യാപകർ പറയുന്നത് മനസ്സിലാക്കാനോ ഇംഗ്ലീഷ് വാചകങ്ങള് രൂപപ്പെടുത്താനോ കഴിവില്ലാത്തകാലം. അതേ സമയം ഇംഗ്ലീഷ് വശമാക്കാനുള്ള വലിയ മോഹവും ഉണ്ടായിരുന്നു എനിക്ക്. ഖാദി സാരിയുടുത്ത ആഭരണങ്ങളോ, സൗന്ദര്യവര്ദ്ധക വസ്തുക്കളോ ഉപയോഗിക്കാത്ത യുവതിയായ അവിവാഹിതയായ ഹൃദയകുമാരി ടീച്ചര് ആദ്യമായി എന്റെ ക്ലാസ്സില് വന്നത് ഞാനോർക്കുന്നു. \\\"എനിക്ക് ഇവരെപ്പോലെ ഇംഗ്ലീഷ് പറയാൻ കഴിഞ്ഞെങ്കിൽ \\\" എന്ന ഒരു ചിന്ത മാത്രമാണ് എന്നെ ഗ്രസിച്ചത്. അവര് പറഞ്ഞ കാര്യങ്ങളൊന്നും എനിക്കോർമ്മയില്ല. അവരുടെ പ്രൗഢിയും ഗാംഭീര്യവും സ്ഫുടമായ വാക്കുകളും വാചാലതയും അനർഗ്ഗളതയും മാത്രമാണ് അവരുടെ ആദ്യത്തെ പ്രഭാഷണത്തിൽ നിന്ന് ഉൾക്കൊളളാൻ കഴിഞ്ഞത്. പിന്നീട് അഞ്ചുവര്ഷം ബി.എ ക്ലാസ്സിലും എം.എ ക്ലാസ്സിലും കൂടി അവരോടൊപ്പം കടന്നുപോയപ്പോൾ അവരുടെ അദ്ധ്യാപന രീതിയും ഭാഷാ സൗന്ദര്യവും ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പ്രാഗല്ഭ്യവും മനസ്സിലായി തുടങ്ങി. അവരുടെ വാക്കുകളും ആശയങ്ങളും മനസ്സിലും നോട്ട് ബുക്കിലും പകർത്തിയെടുക്കാന് ഞാൻ ശ്രമിച്ചിരുന്നു.
ടീച്ചറിനോട് സംസാരിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നുവെങ്കിലും കഴിയുന്ന സമയങ്ങളിലെല്ലാം സാഹിത്യത്തെയും ഭാഷയേയും പറ്റി സംസാരിക്കാൻ ശ്രമിച്ചിരുന്നു. കുട്ടികളോടുള്ള വാത്സല്യം ദൃശ്യമായിരുന്നുവെങ്കിലും അവര് കുട്ടികളോട് അകലം പാലിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ട് മറ്റുചില അദ്ധ്യാപകരെപ്പോലെ കുട്ടികളോട് സൗഹൃദം പുലര്ത്തുവാൻ അവർ ശ്രമിച്ചിരുന്നില്ല. വിദൂരത്തിൽ നിന്ന് ആരാധന ആയിരുന്നു ഞങ്ങള്ക്കൊല്ലവര്ക്കും അവരോട്.
ഹൃദയകുമാരി ടീച്ചർ ഞങ്ങളോട് കര്ക്കശമായി പെരുമാറിയ ഒരവസരം മാത്രമേ എനിക്ക് ഓര്മ്മയുള്ളു. ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വരുന്നതിനു മിനുട്ടുകൾക്ക് മുൻപ് ആണ്കുട്ടികളിലൊരാള്ക്ക് ഒരു ആശയം ഉദിച്ചു. എല്ലാവരും കൂടി അടുത്ത കോഫി ഹൗസിൽ പോയി കോഫി കുടിക്കുക. മിനിട്ടുകൾക്കുള്ളിൽ എല്ലാവരും വെളിയിൽ പോയി. പെണ്കുട്ടികൾ മാത്രമേയുണ്ടായിരുന്നുള്ളു ടീച്ചർ എത്തിയപ്പോൾ. അവർ ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ ക്ലാസെസ്ടുത്തു. എന്നാൽ അടുത്ത ദിവസം ക്ലാസ്സിൽ വന്നപ്പോൾ യാതൊരു വിശദീകരണവും നല്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെ അവർ ആണ്കുട്ടികളോട് വെളിയിൽ പോകാനാവശ്യപ്പെട്ടു. ഞങ്ങളിൽ ചിലർ വിശദീകരണം നൽകാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. പിന്നീട് ധാരാളം അനുനയശ്രമങ്ങൾക്കു ശേഷമാണ് ഞങ്ങളെ ക്ലാസ്സിൽ കയറാൻ അവർ സമ്മതിച്ചത്.
പഠനത്തിൽ ശ്രദ്ധിച്ചിരുന്ന കുട്ടികളെ ടീച്ചറിന് വലിയ ഇഷ്ടമായിരുന്നു. അതിലൊരാളെന്ന നിലയിൽ എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എനിക്ക് അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല. നല്ല മാര്ക്ക് ലഭിക്കുന്നതുകൊണ്ടുള്ള ഒരു പ്രോത്സാഹനം ആയിട്ടാണ് ഞാൻ അതിനെ കണ്ടത്.
വിദേശകാര്യ സർവീസ്ൽ പ്രവേശിച്ച സമയത്ത് ടീച്ചര് എന്നെ അനുമോദിക്കുകയും സാഹിത്യ രചന തുടരണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പലതരം പ്രസിദ്ധീകരണങ്ങൾക്ക്വേണ്ടി എഴുതാൻ അവർ കത്തുകൾ വഴി എന്നോട് നിര്ദ്ദേശിച്ചിരുന്നു. അതിനു സമയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും എന്റെ സാഹിത്യത്തിലുള്ള അഭിരുചി വര്ദ്ധിച്ചപ്പോള് ടീച്ചറിന്റെ പല വാക്കുകളും ആശയങ്ങളും എന്നെ സ്വാധീനിച്ചിരുന്നു. അവരുടെ ലേഖനങ്ങളും ഗ്രന്ഥങ്ങളും വായിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ ഏറ്റവും പ്രീയപ്പെട്ട വിദ്യാര്ത്ഥികളുടെ കൂട്ടത്തിൽ അവർ എന്നെ എപ്പോഴും ഓര്ത്തിരുന്നു എന്നത് വലിയ ഭാഗ്യമായി തോന്നി.
നീണ്ട 40 വര്ഷങ്ങൾക്കു ശേഷം ഞാന് തിരുവനന്തപുരത്ത് തിരിച്ചു വന്നപ്പോൾ ടീച്ചറിനെ കാണാനും സംസാരിക്കാനും ധാരാളം അവസരങ്ങൾ ലഭിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്സിൾ സ്ഥാപിച്ച ആദ്യത്തെ കമ്മറ്റിക്ക് നേതൃത്വം നൽകാൻ ഞാൻ അഭ്യര്ത്ഥിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ ആ ജോലി ഏറ്റെടാക്കുകയും സെമസ്റ്റർ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. അക്കാലത്ത് ടീച്ചറുമായി വിദ്യാഭ്യാസ പ്രശ്നങ്ങളും സാഹിത്യകാര്യങ്ങളുമൊക്കെ ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. അക്കാലം അവിസ്മരണീയമായി നിലനില്ക്കുന്നു.
ധാരാളം ആദർശങ്ങൾ സൂക്ഷിക്കുകയും അവ അനുസരിച്ചു ജീവിക്കുകയും ചെയ്ത ഒരു വനിതയായിരുന്നു ഹൃദയകുമാരി ടീച്ചർ. അവരുടെ മലയാളഭാഷാ സ്നേഹവും സാഹിത്യരചനയും ആദ്യകാലങ്ങളിൽ പ്രകടമായിരുന്നില്ല. അവരുടെ മലയാളം കൃതികൾ ഈയിടെയാണ് ഞാൻ വായിച്ചത്. ശ്രീമതി സുഗതകുമാരിയുടെയും ശ്രീമതി സുജാതകുമാരിയുടെയും ജ്യേഷ്ഠസഹോദരി തന്നെയായിരുന്നു അവർ എല്ലാ കാര്യത്തിലും. അവർ വിടപറഞ്ഞപ്പോൾ എന്നെ വേദനപ്പെടുത്തിയത് അവരുടെ അവസാനകാലത്ത് കൂടുതൽ സമയം അവരോടൊപ്പം കഴിയാൻ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു. ആ ദീപ്ത സ്മരണകൾ എന്നും നിലനില്ക്കുമെന്നതാണ് എനിക്ക് ആശ്വാസം.