Archives / April 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
സ്വാതന്ത്ര്യകാഹളം

വഴിതെറ്റിയകലുന്ന മക്കൾക്കു
വഴിപാടു കൊണ്ടെന്തു കാര്യം?
ദേഹത്തിലാടിത്തകരും മനമോ,
ദേവൻ കനിയുവാനാത്മബന്ധമോ!
വഴിപിണയ്ക്കും നിയമങ്ങളെത്ര,
വഴിപോലെ വഴിപാടതെങ്ങോ?
കണ്ണു തെളിക്കാതെ കലക്കും
                       വിവരവിനിമയം
കണ്ണനെത്തേടിത്തീർത്ഥമാടിയൊടുങ്ങുമേ.
കടമയെന്തെന്നറിയാത്തവകാശബോധം.
കെടുതികളേറും കുടുംബബന്ധം.
സ്വന്തമെന്തെന്നറിയാത്ത സ്വാതന്ത്ര്യ
കാഹളം
സ്വയമിരുളിലൂടാലസ്യമേറ്റഭിനയദാഹമെന്നോ!
പെറ്റുപോയെന്നു കേഴും മാതൃത്വമോ,
പീഡനമേറ്റുലയും വികാരനടനങ്ങളോ
ആധിയേറ്റേറും കോശങ്ങളാലടിയുമേ
വിധിയെന്നു വാഴ്ത്തിക്കണ്ണീരിലൊരു ജന്മം.
സത്യം ധരിക്കാതലയും ബിരുദങ്ങളോ,
സദാ നരകത്തിലടിയുന്ന പൗരബോധം.
പുരാണങ്ങളെങ്ങും തെരയുന്ന കാലം
പരാശ്രയത്തിൽപ്പലകേളികളാടിയൊടുങ്ങും.
ആത്മസാന്നിദ്ധ്യമറിയാതറിയാതെ
ജന്മമൊടുങ്ങും സ്വാതന്ത്ര്യബോധം!

Share :