Archives / April 2019

ദിവ്യ.സി.ആർ
വിലയം 

കായൽക്കരയിൽ പൊങ്ങിയ ശവത്തെ കുറിച്ചുള്ള കിംവദന്തികൾ പുലർച്ചെ തന്നെ നാടുമുഴുവൻ പറന്നു. ആദിത്യകിരണങ്ങൾ കായൽ പരപ്പിനെ പുണരുവാനൊരിങ്ങുമ്പോൾ തന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടൊന്ന് അമ്പരന്നു. 
'താനിതെത്ര കണ്ടതാ ' എന്ന മട്ടിൽ സൂര്യൻ തൻെറ പ്രിയ സഖിയോട് സല്ലപിച്ചു.
നിമിഷങ്ങൾ കൊണ്ട് നാട്ടുകാരും വഴിയാത്രക്കാരും പോലീസുകാരേയും കൊണ്ട് കായൽത്തീരം നിറഞ്ഞു. എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാതെ നാട്ടുകാർ പരസ്പരം നോക്കി. താമരവള്ളികൾക്കിടയിൽ കിടന്ന ശവത്തിൻെറ ചിത്രം , കൂടി നിന്ന ന്യൂജെൻ കുട്ടികൾ മൊബൈലുകളിൽ പകർത്തി. അപ്പോഴും ആ ശവത്തിനെ ചുറ്റിയുടെ അപരിചിതത്വം അലയിട്ടുനിന്നു. 
ന്യൂജെനിൽ ഒരുവൻെറ ബുദ്ധി ഹൈടെക്കായി തെളിഞ്ഞു. അവൻ ശവത്തിൻെറ ചിത്രം ഫോട്ടോ സെർച്ചിൽ ഫെയ്സ് ബുക്കിൽ ചികഞ്ഞു. 
അവൻെറ മുന്നിലൊരു കവി പ്രൊഫൈൽ തെളിഞ്ഞു !
   അവൻ ആ പ്രൊഫൈലിലൂടെ കണ്ണോടിച്ചു. ഓരോ പോസ്റ്റുകളിലും തെളിഞ്ഞ ലൈക്കുകളുടെയും കമൻറുകളുടെയും കൂമ്പാരം കണ്ട് ന്യൂജെനിൻെറ കണ്ണ് മങ്ങി. ഏറ്റവും കൂടുതൽ കമൻറ് കണ്ട കവിതയിലേക്കവൻ വായന പടർത്തി. ലൈംഗീകതയുടെ പച്ചയായ വിളിച്ചു പറയലുകളടങ്ങിയ രതി കവിതകൾ വായിച്ച്, ആസ്വദിച്ച് കമൻറ് ചെയ്തിരുന്ന സ്ത്രിജനങ്ങളെ കണ്ടപ്പോൾ അവൻെറ കണ്ണുകൾ തള്ളി.  പ്രണയാതുരമായ വരികൾക്കപ്പുറം പച്ചയായ രതിയുടെ പകർന്നെഴുത്തുകൾ കണ്ടവൻ ഞെട്ടി !
    'ആസ്വദിക്കപ്പെടുന്നതെന്തുംം സാഹിത്യമാണെന്ന ആധുനിക സാഹിത്യസിദ്ധാന്തത്തിൻെറ പിന്തുടർച്ചക്കാരനാകും ഈയാളും !' പരസ്യമായ പ്രണയാഭ്യർത്ഥനകളും വിരഹങ്ങളും വെല്ലുവിളികളും നിറഞ്ഞ അയാളുടെ പ്രൊഫൈൽ അവൻ അടച്ചു.

       ജലപ്പരപ്പിൽ ഒഴുകിയ ജഡത്തെ കരയിലേക്കടുപ്പിച്ചു. അലറി കരഞ്ഞൊരു അമ്മയും കുഞ്ഞും അവിടേക്ക് ഓടിയെത്തി. കുത്തേറ്റു ചീർത്തു വീർത്ത ആ ശവത്തിലേക്കവൾ ഒന്നേ നോക്കിയുള്ളൂ. സുദീർഘമായൊരു നിശ്വാസം അവളിൽ നിന്നുയർന്നു. കണ്ണുകളിൽ   നിന്നൊഴുകിയ നീർധാരയെ ചികഞ്ഞുമാറ്റിയവൾ ഒന്നു കൂടി ആ ജഡത്തെ നോക്കി. അലാറവുമായി ഓടിയെത്തിയ ആംബുലൻസിലേക്ക് ശവം മാറ്റി. ഒപ്പം ആ അമ്മയും കുഞ്ഞും കയറി. 

ക്വൊട്ടേഷൻ സംഘത്തിൻെറ മറ്റൊരു ലക്ഷ്യമറിയാത്ത കൊലപാതകമായി പോലീസ് റിപ്പോർട്ട് എഴുതി. 
ആംബുലൻസ് കായൽകരയിൽ നിന്നും വിടവാങ്ങി. നീങ്ങിത്തുടങ്ങിയ വാഹനത്തിൻെറ ജാലകങ്ങളിലൂടെ നീണ്ട കണ്ണുകൾ പരന്നൊഴുകുന്ന കായലിനെ നോക്കി,  നിർന്നിമിഷയായി.. 
അവൾക്കും ആ മരണത്തെ കുറിച്ചും അയാളെ കുറിച്ചും എന്തൊക്കെയോ പറയുവാനുണ്ടായിരുന്നു. കായലിൻെറ വിശാലതയിലേക്ക് അവ സമ്മാനിച്ച് അവൾ ദൂരേക്ക് പോയിരുന്നു.

Share :