Archives / November 2017

മുല്ലശ്ശേരി
കാല്പനികത“ യുടെ കനകത്തേരിൽ

\"മൃതനെന്നാലതിധന്യൻ ഞാൻ
അരമാത്രയിൽഞാനമൃതത്തിലെരിഞ്ഞെൻ
അമരത്വത്തെയറിഞ്ഞേൻ\".

ഹൃദയകുമാരി ടീച്ചറുടെ “കാല്പനികത”യിലെ ആദ്യവരികൾ . ഈ വരികൾ \'വൈലോപ്പിള്ളിയുടേതാണ്. എങ്കിൽ ഈ വരികൾ തന്നെ തിരഞ്ഞെടുത്ത് ടീച്ചർ അതിൽ കുറിച്ചിടുമ്പോൾ ഇന്ന് ഒരു പ്രത്യേക സൗന്ദര്യം കടന്നുവരുന്നു. ആ സൗന്ദര്യമാണ് ഹൃദയകുമാരി ടീച്ചർ. ടീച്ചറുടെ കയ്യൊപ്പ് വീണ ഈ ഒരു ഗ്രന്ഥം മാത്രം മതി എക്കാലത്തേയും അവരുടെ ഓർമ്മക്കായി. മാത്രവുമല്ല എക്കാലത്തേയും കാല്പനികതയേയും ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നുണ്ട്..

ടീച്ചർ എന്ന് ഞാൻ എഴുതുമ്പോൾ- അവർ എന്നെ പഠിപ്പിച്ച ടീച്ചർ അല്ല - എങ്കിൽ അവരാണെന്നെ കവിത എന്താണെന്ന് പഠിപ്പിച്ചത്. .

കോളേജ് വിദ്യാഭ്യാസകാലത്ത് ഭാഷയും, സാഹിത്യവുമായിരുന്നില്ല എൻറെ വിഷയം. പക്ഷെ സാഹിത്യത്തിനോടുള്ള അഭിരുചി കൊണ്ട് ടീച്ചറുടെ പ്രഭാഷണം - അതിനെ പ്രഭാഷണം എന്ന് വിളിക്കാൻ എനിക്ക് താല്പര്യമില്ല. (അതിനെ എല്ലാപേരും പ്രഭാഷണം എന്ന് പേര് വിളിക്കുമെങ്കിലും) ടീച്ചറുടേത് ഒരു പ്രഭാഷണം മാത്രമായി എനിക്ക് തോന്നിയിട്ടേയില്ല മറിച്ച് കോളേജിൽ ഒരു ടീച്ചർ തന്റെ വിദ്യാര്ത്ഥികളെ നോക്കി സാഹിത്യം പഠിപ്പിക്കുന്നതായി മാത്രമേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളു. (ഇന്ന് ഇത്തരം ഒരു ഏർപ്പാടുമില്ല) തിരുവനന്തപുരത്ത് Y.M.C.A ഹാളിൽ (അവിടെയാണ് മിക്കപ്പോഴും അവരുടെ വേദി.) ഇരിക്കുന്നവരെ (“വിദ്യാര്ത്ഥികളെ “) നോക്കി ടീച്ചർ സാഹിത്യം പഠിപ്പിക്കുമ്പോൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത DAFFODILS കാറ്റിൽ നൃത്തം വയ്ക്കുന്നതും (DAFFODILS ന് പകരം എന്റെ മനസ്സിൽ ലില്ലിപ്പൂക്കൾ , അരളി, മന്ദാരം......... ഒക്കെയായിരിക്കുമെന്ന് മാത്രം) ഒപ്പം WILLIAM WORDSWORTH ഇന്റെ ആത്മാവ് ആനന്ദം കൊള്ളുന്നതും ഞാൻ അനുഭവിച്ചിരുന്നു. .

കവിത \"ക്ലാസ്\" തുടങ്ങുന്നതിന് മുമ്പ് ഒരു വിവരണം തരും. കവിത എങ്ങനെ ചൊല്ലണമെന്നും, എങ്ങനെ ആസ്വദിക്കണമെന്നും..

എന്റെ ഓർമ്മയിൽ നിന്നും ടീച്ചറുടെ വാക്കുകൾ-\"നിങ്ങൾ ഒരു മണ്ടനായിരിക്കാം പക്ഷേ നിങ്ങൾക്കുമുണ്ട് ഒരു ഹൃദയം - കവിത ആസ്വദിക്കാനുള്ള ഹൃദയം. അതാണ് എനിക്ക് വേണ്ടത്. നിങ്ങൾ കവിത വായിക്കൂ. നിങ്ങളൊരു മണ്ടനായത് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല-രണ്ടാമതും മൂന്നാമതും വായിച്ചിട്ടും. എങ്കിൽ ഈ കവിത മനസ്സി ലായേതീരൂ എന്ന വാശിയോടെ നിങ്ങൾ ചൊല്ലൂ - അപ്പോൾ അതിലെ ചില വരികൾ നിങ്ങൾക്ക് ചില അര്ത്ഥങ്ങൾ തരുന്നതായി തോന്നും. എങ്കിൽ ഉറപ്പ് ആ വരികളാണ് ആ കവിതയുടെ ആത്മാവ്. ഇനി കാര്യങ്ങൾ എളുപ്പമായി. ആ കവിതയെ മൂന്നായി ഭാഗിക്കാം.-ആത്മാവ് കണ്ടെത്തിയ വരികളും, അവയുടെ മുമ്പും പിമ്പും ഉള്ള വരികളും. -ഇവ ആത്മാവിനോട് ഒട്ടിച്ചേര്ന്ന് കിടക്കുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും. ആ തിരിച്ചറിയലാണ് ആ കവിതയെ നിങ്ങളുടെ ഇഷ്ടകവിതയാക്കി മാറ്റുന്നത്. ഇത്തരം കവിതകളാണ് കാലം കഴിഞ്ഞും നിലനില്ക്കുന്നത് ഒപ്പം അത് എഴുതിയ കവിയും.\" \"അല്ലാത്തവ ആത്മാവ് ഇല്ലാത്ത കവിതകളാണ്.. ആത്മാവില്ലെങ്കിൽ എന്താണ് സംഭവിക്കുന്നത് - അത് തന്നെ ഈ കവിതക്കും സംഭവിക്കും\". .

ഈ ടീച്ചറാണ് എന്നെ കവിത ആസ്വദിക്കാൻ പഠിപ്പിച്ചത്. .

ആ നല്ല ടീച്ചറിന്റെ ഓര്മ്മക്ക് മുൻപിൽ ഞാൻ ആദരാഞ്ജലികളോടെ പ്രണാമം അർപ്പിക്കുന്നു..

Share :