Archives / March 2019

രാജു കാഞ്ഞിരങ്ങാട്‌
ഉത്തരക്കടലാസ്

വാക്കു കൊണ്ടു വരച്ചിട്ട കവിതയാണ്
ഉത്തരക്കടലാസ്
അക്ഷരങ്ങളെ അടുക്കി വെയ്ക്കുന്ന
ശില്പവിദ്യ
എല്ലാറ്റിനുമെന്നതു പോലെ
ഇതിനുമുണ്ടൊരു സാമാന്യ നിയമം
എന്നാൽ;
നിർവചനങ്ങൾക്കുമതീതമായി
ഭാവനയുടെ ചിറകിലേറി
പാവനമായ തീർത്ഥയാത്ര ചെയ്യണം
അദ്ധ്യാപകർ
ഒരേ നിറം കൊണ്ട് പല ചിത്രങ്ങൾ
എന്നതുപോലെ
ഒരേ അക്ഷരങ്ങളെ പല വാക്കുകളാക്കി
കൊത്തി വച്ചിരിക്കും
സൂക്ഷിക്കണം
പൊലിഞ്ഞു പോകുന്നത് സ്വപ്നങ്ങളാണ്
നഷ്ടമാകുന്നത് ജീവിതമാണ്
ഉറക്കമില്ലാത്ത കുറേ രാത്രികളുണ്ട്
ഉള്ളുരുക്കമുണ്ട്.
ക്രമനമ്പറുകളേ സൂക്ഷിക്കണേ,
ക്രമത്തിലാകണമെന്നില്ല
ചെറിയ അശ്രദ്ധമതി
ഒരു ജന്മം തന്നെ കറങ്ങി പോകാൻ
കണ്ണും കാതും ഹൃദയവും ഒന്നായി തീർന്ന
മൂന്ന് മണിക്കൂറിനെ വാർത്തെടുത്തത്
മുന്നൂറ് ദിനത്തിലും കൂടുതലാണ്
ഓർമ്മിക്കണേ,
നിങ്ങളുടെ വിരൽത്തുമ്പിലെ
പേനയിൽ നിന്ന് ഇറ്റി വീഴുന്നത്
ഒരു ജന്മം തന്നെയാണേ

Share :