Archives / March 2019

അശോക്.പി.എസ്.
കളഞ്ഞു പോയ കവിത..

തേടിത്തേടി കിട്ടുംമ്പോഴുള്ള സന്തോഷമുണ്ടല്ലോ...?

അതനുഭവിച്ചറിയണം.

കളഞ്ഞുപോയ കവിത

അവിടെയുണ്ടെന്നറിഞ്ഞപ്പോൾ മുതൽ,

അനുഭൂതിയുടെ ഇളംകാറ്റ്

 ഉള്ളിലിളകിയാടി.

റോഡ് വക്കിലും, കുളക്കടവിലും,

മലയിടുക്കിലും,

ആകാശത്തിന്റെ ആർദ്രതയിലും,

കടൽക്കാറ്റേറ്റപൂഴിമണലിലും,

അടുക്കളയിലെ കറിപാത്രത്തിലുമൊക്കെ

കളഞ്ഞുപോയകവിതയെ കണ്ടെടുത്തു.

ഒരിക്കലെഴുതാൻ മറന്നിട്ടാവാം

അതിന്റെ നൂലാടകൾ 

അഴിഞ്ഞുവീണിരിക്കുന്നു.

അതിന്റെ കൂർത്ത മുനയൊടിഞ്ഞ്,

മുനമ്പുകൾ മൃദുവായിരിക്കുന്നു.

മഴമേഘങ്ങൾ വീണ്,

അക്ഷരങ്ങൾ മാഞ്ഞു പോയിട്ടുണ്ട്.

ആത്മസംഘർഷങ്ങളുടെ ഉൾപ്പരുപ്പുകളിലേക്ക്

ഇരമ്പി വന്ന മഹാസാഗരം പോലെ,

പ്രണയത്തിന്റെ മഴക്കാറേറ്റ്,

മൗനത്തിന്റെ ചിറകൊച്ചയല്ലാതെ 

കവിത മരിച്ചിരിക്കുന്നു.

 

എന്നിട്ടും കളഞ്ഞുപോയെന്നു കരുതിയ കവിത

പുനർജന്മത്തിനായി കൈകൂപ്പുന്നു.

വിശ്വാസ പരപ്പുകളിൽ

മുട്ടുകുത്തി കേഴുന്നു.

വിജനതയുടെ പാഥേയമുണ്ട്

വിശപ്പടക്കുന്നു.

നക്ഷത്രക്കണ്ണുകളിൽഇമവെട്ടി,

ഇരുണ്ട ഉൾവനങ്ങളിൽ

പ്രകാശം പരത്തുന്നു.

കാർമേഘങ്ങളെ പിളർന്ന്

പൂർണ്ണചന്ദ്രനോടൊപ്പംപ്രഭാതം തേടുന്നു.

 

കളഞ്ഞുപോയ കവിതയുടെ മരണം

ദാരുണമല്ലെന്നറിഞ്ഞിട്ടും,

ആരൊക്കെയോ 

അതിന്റെ പുനർജന്മത്തിനായി

കൈകൂപ്പി നില്ക്കുന്നു.......

 

              

Share :