Archives / March 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
വിലക്ക്

എഴുത്തച്ഛനെഴുതുമ്പോ-
ളെല്ലാം തുറന്നുപറഞ്ഞു.
പീഡനങ്ങളൊന്നും മറച്ചുവെച്ചില്ല.
തനിക്കു പീഡകളേറ്റാലും
തന്റേടത്തോടെ വിളിച്ചുപറഞ്ഞു.
ഭക്തിയുടെ മേമ്പൊടി ചേർത്ത്
ഭോഗാലാലസതയുടെ
മുഖംമൂടി വലിച്ചുകീറി.
ദേവരാജന്റെ വിളയാട്ടം,
ദൈത്യരിലും തറവേലയോ!
അഹല്യയുടെ നിലകണ്ടുവല്ലോ!
അഹോ, വയ്യാ!ദേവേന്ദ്രനത്രേ!
ബ്രാഹ്മണമേധാവിത്തം
ബ്രഹ്മത്തെത്തൊട്ടറിഞ്ഞനുഭവിക്കു
                   ന്നവർ.
ബ്രഹ്മാവിലും മേലെയെന്നോ!
ഭ്രാന്തജല്പനങ്ങളോ!
സന്താനവർധനവിനുള്ള
സാമഗ്രികളോ!
രാജാക്കന്മാർ പോലും
രാപകൽ കാത്തുകിടന്നോ!
കാവിയണിഞ്ഞ കപടമുഖങ്ങൾ
കനിവില്ലാതെ വലിച്ചുനീക്കി.
വിശ്വം നിറഞ്ഞാടിയ,വിശ്വാമിത്രാ,
വല്ലാതെയിളകിപ്പോയോ!
ശക്തിവാർന്നിന്ദ്രപ്പട്ടം നഷ്ടമായോ?
ശകുന്തളയയനാഥയാക്കിയോ!
സത്യവതിക്കു  പുത്തൻ
സൗന്ദര്യ,സുഗന്ധമേകിയ
പരാശരകേളിയോ
പരമാചാര്യനു ചേർന്നതോ!
കുന്തീ,കാന്തിയൊട്ടും കുറയാതെ
കാന്തന്മാരെത്തേടിയലഞ്ഞുവെന്നോ!
കർണ്ണനെക്കനിവില്ലാതെയകറ്റീ.
കന്യകയെന്ന സ്ഥാനം നേടി.
മറകുടാതെ,മാറിനില്ക്കാതെ
മുറതെറ്റാതെയോരോ
മാന്യദേഹത്തെയും
മാലിന്യക്കറ വെളിപ്പെടുത്തി.
സ്വാതന്ത്ര്യമില്ലാക്കാലത്തെഴുതിയ
എഴുത്തച്ഛനു നമോവാകം!
സ്വതന്ത്രനാട്ടിലിന്നു
എഴുതാനെത്ര വിലക്കുകളോ!

Share :