മൊബൈല്‍
മൊബൈലുകള്‍ മനുഷ്യരുടെ സമയവും സര്‍ഗാത്മകമായ കഴിവുകളേയും എല്ലാം കാര്‍ന്നു
തിന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം
ജീവിക്കുന്നത്.എത്രയൊക്കെഒഴിവാക്കാന്‍ ശ്രമിച്ചാലും പലപ്പോഴും നാം ഇതിന്‍റെ
പുറകെ പോകുന്നു എന്നത് ഒരു നഗ്നസത്യമാണ്. കുറച്ച് നാളായി ഞാന്‍
ആലോചിക്കുന്നത് മൊബൈലുകള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ
മാറ്റത്തെക്കുറിച്ചാണ്.
പണ്ട് നാം സ്ഥിരം കേട്ടിരുന്നതാണ് അവന്‍ അവളെ “തേച്ചു” അല്ലെങ്കില്‍ അവള്‍
അവനെ “തേച്ചു” എന്നൊക്കെ. പക്ഷേ, ഇപ്പോള്‍ തേപ്പു മൊത്തം മൊബൈലില്‍
ആയതു കാരണം (touch phone)ഇതിനൊന്നും ആര്‍ക്കും സമയമില്ലാതായിരിക്കുന്നു.
ഇപ്പോള്‍ break up-ഉം തെപ്പുമെല്ലാം മൊബൈല്‍ വഴി ആയതുകൊണ്ട് സമയം ലാഭം.
പിന്നെ പരസ്പരം പണി കൊടുക്കാന്‍ തീരുമാനിച്ചിറങ്ങുന്നവര്‍ക്ക് ഫേസ്
ബുക്ക്,ട്വിട്ടര്‍, വാട്ട്‌സ് ആപ്പ്-ഇങ്ങനെ (ആപ്പുകള്‍ ധാരാളം) ധാരാളം
പ്ലാറ്റ്ഫോര്‍മുകള്‍. പിന്നെ ഫേസ് ബുക്കും ട്വിട്ടറും വഴി നമുക്ക്
ഇഷ്ടമില്ലാത്തവര്‍ക്കൊക്കെ പണി കൊടുക്കുമ്പോള്‍ (ചന്ത സംസ്ക്കാരം എന്ന്
മലയാളികള്‍ വിശേഷിപ്പിക്കുന്ന സ്വഭാവം)അതൊക്കെ “പോസ്റ്റുകള്‍” ആകുന്നു.
പിന്നെ പത്തുപേര്‍ കൂടുന്നിടത്ത് അതിനെക്കുറിച്ച് സംസാരിക്കുന്നത്
സ്റ്റാറ്റസിന്‍റെ ഭാഗവും.
മൊബൈല്‍ കമ്പനികള്‍ നമ്മുടെ വിപണികള്‍ കീഴടക്കുന്നതിനു മുന്‍പൊരു കാലം
നമുക്കുണ്ടായിരുന്നു. ഫോണ്‍ കണക്ഷനുള്ള വീടുകള്‍ തന്നെ വിരളം.
നാടെങ്ങും std/isd ബൂത്തുകള്‍ മാത്രം. അന്ന് ഫോണ്‍ വിളികള്‍ കൂടുതലും ദൂരെയുള്ള
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അത്യാവശ്യ വിവരം എന്തെങ്കിലും
അറിയിക്കാനുണ്ടെങ്കില്‍ മാത്രം..അതും ചുരുക്കം ചില വാക്കുകളില്‍ ഒതുങ്ങുന്ന
അന്വേഷണങ്ങള്‍.(ഫോണില്‍ സംസാരിക്കുമ്പോഴും അടുത്തു അടിച്ചു വരുന്ന ബില്‍
തുകയെക്കുറിച്ചാകും ചിന്ത)..കൂടുതല്‍ പറയാനുള്ളതെല്ലാം കത്തുകളായി
അയച്ചിരുന്ന കാലം....ഇങ്ങനെ എഴുതി എഴുതി കൈയക്ഷരം നന്നായവരും ധാരാളം.. (
std/isd ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രണയകഥകള്‍ സജീവമായിരുന്ന കാലത്ത്
അടുത്ത വീട്ടിലെ ചേച്ചി വിദേശത്തുള്ള അച്ഛനെ വിളിക്കാനായി എല്ലാ ദിവസവും
ടെലിഫോണ്‍ ബൂത്തില്‍ പോയിരുന്ന കാലം..ഒരു ദിവസം ഫോണ്‍ വിളിക്കാന്‍ പോയ
ചേച്ചി മടങ്ങി വന്നില്ല...പരിഭ്രാന്തയായ അമ്മ നാടെങ്ങും മകളെ അന്വേഷിച്ചു
നടന്നു. മൊബൈല്‍ ഫോണോ മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന ഫ്രീ ടോക്ക് ടൈം
ഓഫറുകളോ ഇല്ലാത്ത കാലത്ത് അമ്മ വേറെ എന്ത് ചെയ്യാന്‍....അടുത്ത ദിവസം മുതല്‍
std/isd ബൂത്തിട്ടിരുന്ന ചേട്ടന് കടയില്‍ ഇരിക്കാന്‍ ചേച്ചിയും കൂട്ടിനെത്തി....ഫോണ്‍
വിളിക്കാന്‍ ഇനിയും ധാരാളം ആളുകള്‍ വരും.. ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍
ചേച്ചിയുടെ മുന്‍കരുതല്‍..വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ചേച്ചിയുടെ മകന്‍ BSNL-
ഉദ്യോഗസ്ഥനായി...വന്ന വഴി മറക്കാന്‍ പാടില്ല എന്ന ചൊല്ല് അന്വര്‍ഥമായി.)
ഫോണ്‍ വിളിക്കാനുള്ള കൊതി കാരണം സ്കൂളില്‍ പഠിക്കുമ്പോള്‍ ഫോണ്‍ കണക്ഷനുള്ള
ഒരു സുഹൃത്തിന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി ഒരു രൂപ നാണയം നിക്ഷേപിച്ചു ഫോണ്‍
ചെയ്തു ..രാവിലെ സ്കൂളില്‍ കണ്ട സുഹൃത്തിനോട് വൈകുന്നേരം വിളിച്ചു എന്ത്
പറയാനാണ്... വെറുതെ 3-4 ഹലോ വിളിച്ചു അപ്പോഴേക്കും 1 രൂപയുടെ സമയ പരിധി
അവസാനിച്ചു.. പിന്നെ 1 രൂപ കൂടിയിട്ടു പരീക്ഷണം നടത്താന്‍ ഒഴിഞ്ഞ കീശ
അനുവദിച്ചില്ല.
കുറച്ച് ദിസവം മുന്‍പ് ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍
അവസരമുണ്ടായി. നഗരത്തില്‍ നിന്ന് കുറച്ച് മാറി ഹരിതാഭമായ സ്ഥലത്തായിരുന്നു
ഓഡിറ്റോറിയം. അവിടെ എത്തിയപ്പോള്‍ തന്നെ ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍
ഓഫ് ചെയ്ത് ബാഗിലിട്ടു.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ലഭിക്കുന്ന
നിമിഷങ്ങള്‍ പാഴാക്കേണ്ട എന്ന ചിന്തയും മറ്റുള്ളവരോടുള്ള ബന്ധം
മെച്ചപ്പെടുത്താന്‍ ഒഴിവാക്കാന്‍ പാടില്ലാത്തത് ആശയവിനിമയവും ആണെനുള്ള
ചിന്തയുമാണ് എന്നെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്...പ്രകൃതി രമണീയമായ
കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് ശീതീകരിച്ച ആഡിറ്റോറിയത്തിനുള്ളില്‍
പ്രവേശിച്ചു.. എന്‍റെ ചിന്തകളെ മൊത്തം നിഷ്പ്രഭാമാകുന്നതായിരുന്നു അവിടെ
കണ്ട കാഴ്ചകള്‍. ആര്‍ക്കും പരസ്പരം സംസാരിക്കാനോ, ഒന്ന് പുഞ്ചിരി തൂകാനോ
സമയമില്ല. എല്ലാവരും തിരക്കിലാണ്, (കല്യാണം നടത്താനുള്ള തിരക്ക് എന്ന്
കരുതിയാല്‍ തെറ്റി......സെല്‍ഫി എടുക്കാനുള്ള തിരക്ക്).. ആഡിറ്റോറിയത്തിന്‍റെ
മൂലയില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ LED സ്ക്രീനില്‍ തലേ ദിവസം പെണ്‍കുട്ടിയുടെ
വീട്ടില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മിന്നി മറയുന്നു.....പ്രിയദര്‍ശനയോ,സിബി
മലയിലോ, ആഷിക് അബുവിനെയൊക്കെ വെല്ലുന്ന സംവിധാന മികവ്.......ചില
ദൃശ്യങ്ങള്‍ കണ്ടാല്‍ “ സന്തോഷ് പണ്ഡിറ്റ് തോറ്റ് പിന്‍വാങ്ങും.. പെണ്‍കുട്ടി
നടക്കുന്നു,ഓടുന്നു,ചിരിക്കുന്നുനൃത്തം ചെയ്യുന്നു..ചില രംഗങ്ങളില്‍ അച്ഛനും
അമ്മയും പോലും നൃത്തം ചെയ്യുന്നു....സത്യം പറഞ്ഞാന്‍ വേദിയില്‍ നടക്കുന്ന
കല്യാണം കാണാന്‍ ആര്‍ക്കും താത്പര്യമില്ല....കുറേപേര്‍ സെല്‍ഫി
എടുക്കുന്നു..മൊബൈല്‍ തേച്ചു കൈ തെഞ്ഞവര്‍ LED സ്കീനില്‍ കണ്ണും
നട്ടിരിക്കുന്നു... ..താലി കെട്ടിന്റെ നാഥസ്വരമേളം തീര്‍ന്ന സമയം അടുത്ത ഒരു
അംഗത്തിനായി എല്ലാപേരും തയ്യാറായി..വേറൊന്നുമല്ല ഊണ് കഴിക്കാന്‍..
ഊണ് കഴിക്കാന്‍ ചെന്നിരുന്നപ്പോള്‍ അവിടെയും സെല്‍ഫി മയം.. ഇലയുടെ മുന്നില്‍
ഇരിക്കുന്നതിന്റെയും, വെള്ളം കുടിക്കുന്നതിന്റെയും അങ്ങനെ പലതരം സെല്‍ഫികള്‍...
(പണ്ടൊക്കെ കല്യാണ സദ്യക്കിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന മുത്തശ്ശിമാരുടെ
പരദൂഷണം അന്യമായി തുടങ്ങിയിരിക്കുന്നു.....അതോ അവരൊക്കെ വംശനാശ
ഭീഷണിയിലാണോ? മൊബൈല്‍ യുഗമല്ലേ...പറയാന്‍ കഴിയില്ല). ഊണ് കഴിഞ്ഞു
പുറത്തിറങ്ങിയപ്പോള്‍ കല്യാണ ചെക്കനും പെണ്ണും സെല്‍ഫി എടുക്കുന്ന
തിരക്കില്‍..ആരോടും യാത്ര പറയാന്‍ നിന്നില്ല... യാത്ര പറയലൊക്കെ FB വഴിയോ
WHATSAPP വഴിയോ ആകാമെന്ന് കരുതി....അതാണല്ലോ TREND... നാടോടുമ്പോള്‍ നടുവേ
ഓടണമല്ലോ....
എന്‍റെ വീടിനു തൊട്ടടുത്ത് താമസം ഒരു തമിഴ് കുടുംബമാണ്.. വര്‍ഷങ്ങള്‍ക്ക് മുന്‍പ്
തമിഴ് നാട്ടില്‍ നിന്ന് കേരളത്തില്‍ കുടിയേറിയവര്‍...വളരെ വലിയ
കുടുംബം,,,എല്ലാപേരും നല്ല സ്നേഹമുള്ള ആള്‍ക്കാര്‍.. പക്ഷേ ഒരു
പ്രശ്നമേയുള്ളൂ..അവിടെ 6 വയസ്സ് മുതല്‍ 75 വയസ്സായ മുത്തശ്ശി വരെ എപ്പോഴും
മൊബൈല്‍ ഫോണിലാണ്.. മൊബൈല്‍ കമ്പനിക്കാര്‍ ധാരാളം ടോക്ക്’ ടൈം ഓഫ്റുകള്‍
നല്‍കുന്നത് കൊണ്ടുമാത്രമാണ് ആ കുടുംബം നില നിന്ന് പോകുന്നതെന്ന് എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്.. അവിടുത്തെ മുത്തശ്ശി രാവിലെ ഉണര്‍ന്നു
കഴിഞ്ഞാല്‍ ഫോണുമായി വീടിനു പുറത്തിറങ്ങും.. വഴിയില്‍ നടന്നാണ് സംസാരം..
ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് സ്ഥലകാല ബോധമില്ല.
കാറുംഓട്ടോറിക്ഷയും, TWO WHEELER-ഉം എല്ലാം പാഞ്ഞു പോകുന്ന സ്ഥലമാണ്..പലരും
ഇവരുടെ അടുത്ത് വന്നു ഹോണ്‍ മുഴക്കി പരിതപിച്ചു പോകുന്നത് ഒരു സ്ഥിരം
കാഴ്ചയാണ്..വണ്ടി ഓട്ടിക്കുന്നവരുടെ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം ഇതുവരെ വലിയ
അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ല.. മുത്തശ്ശിക്ക് നല്ല കേള്‍വി
കുറവുണ്ട്..വളരെ ഉറക്കെയാണ് ഫോണില്‍ സംസാരിക്കുക..ഇതു മറ്റുള്ളവര്‍
കേള്‍ക്കതിരിക്കാനാണ് ഫോണുമായി പുറത്തേക്കു പോകുന്നത്..2-3 തവണ
മുത്തശ്ശിയുടെ ഫോണ്‍ സംഭാഷണം എനിക്ക് കേള്‍ക്കാനുള്ള അവസരം
ലഭിച്ചു..മനപ്പൂര്‍വമല്ല കേട്ടോ, വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്....ഒരു
കാര്യം എനിക്ക് മനസ്സിലായി മുത്തശ്ശി ഫോണ്‍ ചെയ്ത് ആരോടോ പറയുന്നതെല്ലാം
മരുമക്കള്‍ വിളമ്പുന്ന കറിയുടെ കുറവുകളാണ്....എന്തായാലും എനിക്ക് സന്തോഷം
തോന്നി..കുടുംബ കലക്കികള്‍ എന്ന് നാം തെറി വിളിക്കുന്ന മൊബൈല്‍ ഫോണുകള്‍
കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടല്ലോ...ചട്ടിയും കലവും തല്ലി
പൊട്ടിക്കുന്നതുമുതല്‍ ആയുധം എടുക്കുന്നതുവരെ കൊണ്ടെത്തിക്കുന്ന അമ്മായി
അമ്മ പോരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ടല്ലോ? മറ്റുള്ളവരുടെ ഫോണ്‍
വിളികള്‍ ശ്രദ്ധിക്കുന്നത് ഉചിതമല്ല എന്നറിയാമെങ്കിലും ഇപ്പോള്‍ ഒരു ആകാംഷ
തോന്നുന്നു....മരുമക്കളും മക്കളുമെല്ലാം ഫോണ്‍ ചെയ്തു പറയുന്നത് എന്താകും?
അതോ വഴക്കുകളും മൊബൈല്‍ വഴക്കുകളായോ? എന്തായാലും ശാന്തമായ
കുടുംബാന്തരീക്ഷത്തിനു മൊബൈല്‍ വഹിക്കുന്ന പങ്കു
ചെറുതല്ല.................ബാക്കി,....ചിന്ത്യം..