പുനത്തിലിന്റെ നഷ്ടപ്പെടാത്ത ജാതകം
അനുഭവങ്ങളെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്. അതുകൊണ്ട് രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളുമെല്ലാം ആത്മകഥയെഴുതുന്നുണ്ട്. ആത്മകഥയും ഓർമ്മക്കുറിപ്പുകളും തമ്മിൽ അന്തരമുണ്ട്. ആത്മകഥകൾ ഒരാളുടെ സമ്പൂർണ ജീവിതകഥയാണെങ്കിൽ, ഓർമ്മക്കുറിപ്പുകൾ ഏതെങ്കിലുമൊരു പാർശ്വത്തെക്കുറിച്ചായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ ധാരാളം എഴുത്തുകാർ ആത്മകഥയെഴുതിയിട്ടുണ്ട്. അതിൽ ജീവിതവും കഥയുമുണ്ട്. എഴുത്തുകാരുടെ ആത്മകഥകൾ വ്യത്യസ്തമാകുന്നത് അതിന്റെ അവതരണത്തിൽ കഥാനുരൂപമായ ഘടന വന്നുചേരുന്നതുകൊണ്ടാണ്. കഥപറച്ചിൽ ഒരു വിധിയായി ഏറ്റെടുത്തിട്ടുള്ളവർ എന്തെഴുതിയാലും അതിൽ നർമ്മവും കൽപിതകഥാംശവും ഇടംപിടിക്കും. 'എ മൂവബിൾ ഫീസ്റ്റ്' എന്ന പേരിൽ പ്രശസ്ത കഥാകൃത്ത് ഹെമിംഗ്‌വേ എഴുതിയ സ്വന്തം കഥ വളരെ പ്രചാരം നേടി. ഗാർസിയാ മാർകേസിന്റെ 'ലിവിംഗ് ടു ടെൽ ദ് ടെയിൽ' ഒരു നോവൽ പോലെയാണ് വായനക്കാർ സ്വീകരിച്ചതു. യാതൊരു ബുദ്ധിജീവി പരിവേഷവുമില്ലാതെ ഉള്ളത് അതുപോലെ തുറന്നുപറയുന്ന എഴുത്തുകാർ മലയാളത്തിലുമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് അതിൽ മുന്നിൽ. അദ്ദേഹത്തിന്റെ ആത്മകഥ 'നഷ്ടജാതകം' ണല്ലോരു കടന്നുകാണലും കലാത്മകമായ അനുഭവവുമാണ്. 'സ്മാരകശിലകളും' 'മരുന്നും' എഴുതിയ വായനക്കാർ അറിഞ്ഞിട്ടില്ലാത്ത പുനത്തിൽ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സമ്പൂർണ ജീവിതമല്ലിത്. അദ്ദേഹത്തെ ആകർഷിച്ച, കുറെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ നഗ്നമായി ആഗതരാവുന്നു. ചമയങ്ങളില്ല എന്ന് പറഞ്ഞതുകൊണ്ട് ഇതിലെല്ലാം നഗ്നതാണ്ഡവമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഭാഷയുടെ ഭംഗിയും ജീവിതസൗന്ദര്യത്തോടുള്ള അടങ്ങാത്ത ആസക്തിയുമാണ് ഈ ആത്മകഥാഖ്യാനത്തെ കലയോട് അടുപ്പിക്കുന്നത്. ഏതിലും കലയുണ്ട്. ഒരാൾ നടക്കുന്നതിൽ പോലുമുണ്ട്. ചാർളി ചാപ്ലിന്റെ നടപ്പ് എത്രയോ പ്രശസ്തമാണ്! അതിൽ കലയുടെ തലമുണ്ട്. ആ നടപ്പ് യൂറോപ്യൻ യുദ്ധഭീതിയുടെയും മുതലാളിത്ത വെറിയുടെയും ഫലമായ വിറയലിന്റെ നേർചിത്രമാണ്.
പുനത്തിലിന്റെ വ്യക്തിഗതമായ ഓർമ്മകൾ ചെന്നുചേരുന്നത് ഭൂതകാലത്തെ മറ്റൊരു രീതിയിൽ വാർത്തെടുക്കുന്നതിലാണ്. ഒരാൾ സ്വന്തം കഥയെഴുതുമ്പോൾ, അതിൽ സ്വയം കേന്ദ്രമായി മാറും. അവനവന്റെ ഭയാശങ്കകളും സൗന്ദര്യപരമായ ഉത്ക്കണ്ഠകളും ചരിത്രത്തിലെ വിശേഷപ്പെട്ട അറിവുകളായി രൂപാന്തരപ്പെടും. ആത്മകഥ ഒരാളെ പരിവർത്തിപ്പിക്കുന്നു. അയാൾ ജീവിച്ച പൂർവകാലത്തിന്റെ വഴികളെ അത് വീണ്ടും പ്രകാശമാനമാക്കുന്നു. അതിലെ ഇരുണ്ട ഇടനാഴികകളും അടക്കിപ്പിടിച്ച കരച്ചിൽ ശബ്ദങ്ങളും സവിശേഷാർത്ഥ ധ്വനികളായി പുറപ്പെട്ടുവരും. അയാൾ ഒരു ലോകത്തിന്റെ കേന്ദ്രമാവുന്നു. തന്നിലേക്ക് ഒഴുകിയെത്തിയ ലോകവും താൻ നീന്തിക്കയറിയ ലോകവും വേർതിരിഞ്ഞു കിട്ടുകയാണ്. ഒ.വി. വിജയൻ 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ 'പഥികന്റെ കാലിലെ വ്രണം' എന്നെഴുതിയത് എത്രയോ അർത്ഥവത്താണെന്ന് ഓർത്തുപോകുന്നത് ഇവിടെയാണ്. പുനത്തിൽ മൂന്നാമത്തെ അദ്ധ്യായത്തിൽ സ്കൂൾ വിദ്യാഭ്യാസകാലത്തെ അനുസ്മരിക്കുന്ന ഭാഗം ശ്രദ്ധിക്കേണ്ടതാണ്. പള്ളിക്കൂടത്തിന്റെ കിഴക്കുഭാഗത്തുള്ള ദേവാലയത്തിൽ തനിച്ചുപോയതിനെ തുടർന്നുണ്ടായ സംഭവങ്ങൾ എഴുതുന്നു: "ദേവാലയത്തിന്റെ കിഴക്കുഭാഗത്തുള്ള വലിയ കുളത്തിന്റെ പടവുകളിൽ ഭക്തന്മാർ ഇരിക്കുന്നു. ചിലർ രണ്ടു കൈകൊണ്ടും വെള്ളം കോരിയെടുത്ത് ദേഹശുദ്ധി വരുത്തുന്നു. ചിലർ പ്രാർത്ഥിക്കുന്നു. ചിലർ ചിന്തകളിൽ ആമഗ്നരായിരിക്കുന്നു. കുളത്തിലെ വെള്ളം ഇരുണ്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ ചുറ്റും ഇരുട്ട് പരത്തിയിരിക്കുന്നു. അവ കാവൽക്കാരെപ്പോലെ നിലകൊള്ളുകയാണ്. നിബിഡമായ വൃക്ഷത്തലപ്പുകൾക്കുമേലെ ആകാശം വെളുത്തുനരച്ചു കിടന്നു. കുറച്ചകലെ കുട്ടികളുടെ കുഴിമാടങ്ങൾ കണ്ടു. ഒന്നിനരികെ ഒരു വൃദ്ധൻ കരഞ്ഞുകൊണ്ട് നിൽക്കുന്നു. വൃക്ഷങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കിരണങ്ങൾ അയാളുടെ താടിരോമങ്ങളിൽ മിന്നാട്ടമിട്ടുകൊണ്ടിരുന്നു." ഇത് വെറുമൊരു ആത്മകഥാ സംഭവമല്ല; അതിലുപരിയാണ്. തന്റെ ഓർമ്മകൾക്ക് ഓരം ചേർന്ന് താൻ എങ്ങനെ ജീവിച്ചു എന്ന് വ്യക്തമാക്കുന്ന വൈകാരിക ഭാഗമാണിത്. ഒരാൾ തന്റെ ജീവിതത്തിന്റെ ഓഹരി അവ്യക്തത്തകളിൽ നിന്ന് മൂർത്ത രൂപത്തിലേക്ക് കൊണ്ടുവരുകയാണ്. ജീവിച്ചിരിക്കുന്നതിന്റെ തെളിവായി ഈ വാക്കുകൾ പറയുകയാണ്. ഹെമിംഗ്‌വേ അത് പറഞ്ഞിട്ടുണ്ട്, തന്റെ അസ്തിത്വം ഒരു യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെട്ടത് എഴുതിയപ്പോഴാണെന്ന്. എല്ലാ എഴുത്തുകളിലും ഇത് ഉണ്ടാകണമെന്നില്ല. ജീവിക്കുന്നതിന്റെ ലഹരിയിലാണ് ആ വാക്കുകളെങ്കിൽ മാത്രമേ അതിനു അർത്ഥമുള്ളൂ. മരണവും ആകാശവും ഒരു പെയിന്റിംഗിലെന്നപോലെ ആ കുട്ടിയുടെ മനസിനെ ആവേശിച്ചിരുന്നു. ഇത് പിൽക്കാലത്ത് പുനത്തിൽ കണ്ടെത്തിയതാണ്. ഒരിക്കലും ഭൂതകാലം സമ്പൂർണമല്ല. അത് ആവശ്യാനുസരണം വിപുലമാക്കേണ്ടതാണ്. അത് അനന്തമായ ആശയങ്ങളെയും അർത്ഥങ്ങളെയും വഹിക്കുന്നു.
ഉറൂബിനെ കണ്ട കാര്യം ഓർക്കുന്നത് ഒരു കുട്ടിയുടെ മനസ്സോടെയാണ്:
"കടത്തനാട് നാരായണൻ എന്റെ തൊട്ടുമുകളിൽ വിദ്യാർത്ഥിയായിരുന്നു. കടപ്പുറത്തുകൂടെ ഒരു വൈകുന്നേരം ഞങ്ങൾ സൊള്ളിച്ചുകൊണ്ട് നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ മുന്നിൽ ഉറൂബ് പോകുന്നതുകണ്ടു. ഞങ്ങൾ ധൃതിയിൽ നടന്ന് ഉറൂബിനെ പിന്നിൽനിന്ന് തൊട്ടു. ഉറൂബ് തിരിഞ്ഞ് ഞങ്ങളെ നോക്കി. "ഉറൂബല്ലേ?" എന്ന് ഞങ്ങൾ ചോദിച്ചു. 'അതെ" എന്ന് അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ ഞങ്ങൾ അധികം താമസിച്ചില്ല. ഉടനെ തിരിഞ്ഞു നടന്നു."
ഇതുപോലുള്ള നിഷ്കളങ്കതകൾ ഇപ്പോൾ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ കാണാനില്ല. ബാല്യകാല വിസ്മയങ്ങൾ വംശനാശം വന്നുകഴിഞ്ഞു. ആ വിസ്മയങ്ങൾ മറ്റൊന്തെക്കെയോ സോദേശ്യകാര്യങ്ങളായി പുനർജനിച്ചതാകാം.
മറ്റൊരു പ്രധാന സംഭവം അമ്മയെക്കുറിച്ചുള്ളതാണ്. തുറക്കാത്ത ഒരു ഗ്രന്ഥമായിരുന്നു അമ്മയെന്ന് പുനത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നത്രേ. താൻ കണ്ട അമ്മയെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: "അമ്മ ഈ ലോകത്തോടുള്ള മമത പുലർത്തിയത് ആ കിളിവാതിൽ വഴിയാണ്. മണിക്കൂറുകളോളം അമ്മ കിളിവാതിലിന്റെ അഴികളിൽ പിടിച്ച് കുന്നിൻപുറത്തേക്കും ആകാശത്തേക്കും നോക്കും. ഇടയ്ക്ക് പതിഞ്ഞ സ്വരത്തിൽ എന്തോ പിറുപിറുക്കുന്നതും കേൾക്കാം. വർണമേഘങ്ങൾ ആകാശച്ചെരുവിൽ ഉയരുമ്പോൾ അമ്മ കൈകൾ പുറത്തിട്ട് അതിനു സ്വാഗതം പറയും. കരിമേഘങ്ങൾ കാണുമ്പോൾ പതുക്കെ ചിരിക്കും. എന്നിട്ടതിനെ മാടിവിളിക്കും. പിന്നീട് മഴ കൊണ്ടിട്ടെന്നവണ്ണം ടർക്കിഷ് തൂവാലകൊണ്ട് തല തുടയ്ക്കാൻ തുടങ്ങും."
ഏകാന്തത്തയിൽ ഒരു സ്വതന്ത്രലോകമായി ഒറ്റതിരിഞ്ഞ അമ്മ പുനത്തിലിന് ദൂരങ്ങൾ താണ്ടിയെത്തിയ നനവുള്ള സ്നേഹസ്മൃതിയാണ്. ഒരിക്കൽ പോലും തന്നെ നോക്കിയിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹം ആ അമ്മയെ തന്റെ മനസിന്റെ മണ്ണിൽ നിന്ന് അനാവരണം ചെയ്യാൻ ഉത്സുകനാവുന്നു.
ഉരുനിർമ്മാതാവായ വലിയമ്മാവന്റെ കൂടെ ബേപ്പൂരിൽ താമസിച്ചപ്പോഴാണ് ബിരിയാണി ആദ്യമായി കഴിച്ചതു. "ബരിയാണി എന്ന് കേട്ടതല്ലാതെ അത് രുചിക്കാൻ കഴിഞ്ഞിട്ടില്ല. കാരക്കാട്ടിലെ വീട്ടിൽ നെയ്ച്ചോറുണ്ടാക്കാറുണ്ട്. പക്ഷേ, ബിരിയാണി ഉണ്ടാക്കുന്ന പാചകവിദ്യ ആർക്കും അറിയില്ലായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ ലക്കി ഹോട്ടലിൽ ഒരുറുപ്പിക കൊടുത്താൽ ഒരു പ്ലേറ്റ് കോഴിബിരിയാണി കിട്ടുമെന്ന് കേട്ടിരുന്നു. അന്തപ്പുരത്ത് തീൻമുറിയിൽ സുപ്രയ്ക്ക് (വട്ടപ്പായ) ചുറ്റും ഞങ്ങൾ കുട്ടികളെ വട്ടത്തിലിരുത്തി വലിയ സാണിൽ (പിഞ്ഞാണം) ബിരിയാണി കൊണ്ടുവന്നു നടുവിൽ വച്ചുതന്നത് ഇന്നലെയെന്നപോലെ ഓർമ്മയുണ്ട്. ആദ്യത്തെ പിടി തിന്നപ്പോൾ എനിക്ക് ഛർദ്ദിവന്നു."
അലിഗഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ദൽഹിയിൽ സന്ദർശനം നടത്തിയ കാര്യം അത്യുൽസാഹത്തോടെ വിവരിക്കുന്നുണ്ട്. എം. മുകുന്ദനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി. ചേട്ടൻ എം. രാഘവന്റെ കൂടെയാണ് മുകുന്ദന്റെ താമസം. മുകുന്ദന് ജോലി ആയിട്ടില്ല. ഫ്രഞ്ച് ഡിപ്ലോമ കോഴ്സിനു പഠിക്കുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ രാഘവനു സന്തോഷമേയുള്ളൂ. എന്നാൽ മദ്യത്തിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് പുനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. "മുകുന്ദൻ രാഘവേട്ടനെ വെട്ടിച്ച് ഫ്രഞ്ച് മദ്യം സംഘടിപ്പിക്കും. ബാൽക്കണിയിലിരുന്ന് ഞങ്ങൾ അത് നുണയും"- അദ്ദേഹം ഓർക്കുന്നു.
ജീവിതത്തിൽ എന്തായിത്തീരണമെന്ന ഒരു ലക്ഷ്യമില്ലാതെയാണ് അദ്ദേഹം പഠിച്ചുകൊണ്ടിരുന്നത്. ജീവിതം പഠിക്കണമെന്നുണ്ടായിരുന്നു. ജീവിതം മുൻനിശ്ചയപ്രകാരമുള്ള ഒരു നിർമ്മിതിയല്ലെന്ന് തോന്നിയിരുന്നു. കുട്ടിക്കാലം കളികളിൽ മുങ്ങിത്താഴ്‌ന്നു. "ബോധം വരുമ്പോൾ അതാ, ജീവിതത്തിന്റെ രാത്രി എത്തിയിരിക്കുന്നു."
പുനത്തിൽ പോലീസുകാരനാവാൻ ആഗ്രഹിച്ചിട്ടുണ്ട്. എഞ്ചിൻ ഡ്രൈവറായാലും കുഴപ്പമില്ല. കുതിരസവാരിക്കാരന്റെ പണിയും ഇഷ്ടമായിരുന്നു. വായനയും എഴുത്തും നേരത്തെതന്നെ ഹരമായിരുന്നു. ആ ഉറപ്പിന്മേലാണ് പ്രോഫ. എം.എൻ. വിജയന്റെ മുറിയിലേക്ക് ചെന്നത്. പൂരിപ്പിച്ച അപേക്ഷാഫോറം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. എന്താണ് കാര്യമെന്ന് തിരക്കിയ വിജയനോട് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അതിനു താൻ ഗുരുവല്ലെന്നായി വിജയൻ. വിജയൻ ഇങ്ങനെ പറഞ്ഞു:
"കുഞ്ഞബ്ദുള്ളാ. കഥയെഴുതാൻ മലയാളം എം.എ. പഠിക്കേണ്ടതില്ല. കഥയെഴുതാൻ അക്ഷരം മാത്രം അറിഞ്ഞാൽ മതി."
അപേക്ഷാ ഫോറം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊണ്ടിരുന്നു. എനനിട്ട് ഇതുകൂടി പറഞ്ഞു:
" എം.എ. പാസായാൽ ഭാഷാധ്യാപകനാവാം. പക്ഷേ അതിലും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. കുഞ്ഞബ്ദുള്ള മെഡിക്കൽ കോളജിൽ ചേർന്നോളൂ. ഒരു ഡോക്ടറായി തിരിച്ചുവരൂ. ഒരുപാട് കഥകൾ എഴുതാനാവും." ആ അപേക്ഷാഫോറം വിജയൻ ചുരുട്ടി ചവറ്റുകുട്ടയിലെറിഞ്ഞു.
പുനത്തിലിന്റെ ജീവിതകഥ പൊങ്ങച്ചമോ വെറുപ്പോ പ്രകടിപ്പിക്കുന്നില്ല. മറ്റുള്ളവർക്കൊപ്പം നീങ്ങുക എന്ന സഹവർത്തിത്വ മനോഭാവമാണ് ഇതിൽ തുടിക്കുന്നത്. ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാടുമായുള്ള സഹവാസം ഈ പുസ്തകത്തെ ദീപ്തമാക്കുന്നുണ്ട്. സ്വന്തം പണം ചെലവാക്കി ലോകം കണ്ട് സഞ്ചാരക്കുറിപ്പുകളെഴുതിയ പൊറ്റെക്കാടിന്റെ ഭക്ഷണപ്രിയം പുനത്തിൽ വിവരിക്കുന്നതിൽ നർമ്മമുണ്ട്:
"വിഭവങ്ങൾ എവിടെ കണ്ടാലും വെട്ടിവിഴുങ്ങും. വലിച്ചുവാരിത്തിന്നും. ആദ്യം ബിരിയാണി. പിന്നെ ചോറും മത്സ്യവും അവിയലും സാമ്പാറും. അവസാനം പായസം. പായസത്തിനു മീതെ പുളിശ്ശേരിയും കൂട്ടി ഒരു പിടിച്ചോറ്."
പുനത്തിലിന്റെ കഥകൾ വായിക്കുന്നതിനുമുമ്പ് ഈ ആത്മകഥ വായിക്കണം. കഥയുടെ വിചാരപ്പടർപ്പുകൾ തെളിഞ്ഞുവരും. 'മരുന്ന്' എന്ന നോവലിലും 'ജീവച്ഛവങ്ങൾ' എന്ന കഥയിലും കാണാനാവുന്ന ഡോ. മെഹ്ദി ഹസൻ യഥാർത്ഥ വ്യക്തിയാണ്. പോസ്റ്റുമോർട്ടം നടത്തുന്ന ചാറ്റർജി താളബോധവും സംഗീതവാസനയും ഒത്തിണങ്ങിയവനാണെന്ന നിരീക്ഷണം ആഴമുള്ളതാണ്: "ഏത് സമയത്തും അജ്ഞാതമായ ഏതോ ഒരു ഗാനത്തിന്റെ വീചികൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഉതിർന്നുകൊണ്ടിരിക്കും."
ഒരു കഥയിൽ മാത്രം നാം പ്രതീക്ഷിക്കുന്ന വാക്യങ്ങൾ യഥാർത്ഥ ജീവിതത്തിൽതന്നെ പ്രത്യക്ഷപ്പെടുന്നു. ഇത് അനുഭവങ്ങളുടെ സ്മാരകശിലകളാണ്. ജീവിതത്തിന്റെ വാർഡിലെ ഓർമ്മകളുടെ മരുന്നുമായി വരുകയാണ് ഒരു സാഹിത്യകാരൻ.