ദീപഗോപുരം പോലെ എന്റെ പ്രിയ ഗുരുനാഥന്
ജീവിതത്തിന്റെ പാതിയിലേറെ വഴി പിന്നിട്ട് നില്ക്കുമ്പോൾ പിൻതി രിഞ്ഞു നോക്കാനുള്ള പ്രേരണ ഏറുക പതിവാണ്. ഗൃഹാതുരത ആത്മഭാവമായലിഞ്ഞു ചേർന്ന ഒരാളെന്ന നിലയ്ക്ക് എന്റെ കാര്യത്തിൽ അതല്പം കൂടുതലാണ്. പിന്നിട്ടുപോന്ന പാതകളിൽ കണ്ടു മുട്ടിയ മുഖങ്ങൾ , കൈ പിടിച്ചു നടത്തിയവർ , വഴിവിളക്കായവർ, പാദുകങ്ങളായവർ, തള ർന്നു വീണപ്പോഴെല്ലാം താങ്ങിനിറുത്തിയ കൈക ൾ, നിറുകയിലമർന്ന കൈത്തലങ്ങ ൾ , തകർന്നടിഞ്ഞുപോയ വേളകളിൽ സഞ്ജീവനിയായി മാറി ഉയ ർത്തെ ഴുന്നേല്പിച്ചവർ അങ്ങനെ...... അങ്ങനെ..... ഹൃദയത്തിൽ സൂര്യശോഭയോടെ എത്ര ചിത്രങ്ങൾ !
അനുഗ്രഹാശിസ്സുകളുടെ അമൃതവർഷം പെയ്ത സ്നേഹവത്സലരായ ഗുരുനാഥന്മാ രുടെ മുഖങ്ങളാണ് അവയി ൽ ഏറ്റവും തിളക്കമാ ർന്നു നി ൽ ക്കു ന്നത്. ആ ഗുരു സ്മൃതികൾക്കു മുന്നിൽ എന്നും കൃതജ്ഞതാഭരിതയായ് - നമ്രശീര്ഷയായ് നിൽക്കുകയാണ് ഞാൻ.
സ്കൂ ൾ വിദ്യാഭ്യാസകാലത്ത് എന്റെ രചനക ൾ വായിച്ച് പ്രോത്സാഹനവും വേണ്ട നിർദ്ദേശങ്ങളും നല്കിപ്പോന്ന മലയാളം അദ്ധ്യാപകൻ പുരുഷോത്തമൻ നമ്പൂതിരി സാർ, സാമൂഹ്യപാഠമാണ് പഠിപ്പിച്ചതെങ്കിലും എന്നുമെന്റെ ജീവിതത്തിൽ നന്മയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ പകർന്നുതന്ന ഗോവിന്ദ ൻകുട്ടി സാർ, പിന്നീട് പ്രീഡിഗ്രി കാലം മുതൽ ഡിഗ്രി തലം വരെ മലയാള സാഹിത്യം പഠിപ്പിച്ച - ഇന്നും എന്റെ വഴികാട്ടിയും പിതൃതുല്യനും, കവിതയുടെ രാജവീഥികളിലേയ്ക്ക് എന്നെ കൈപിടിച്ചു കയറ്റിയ ആചാര്യനുമായ ഡോ. അമ്പലപ്പുഴ ഗോപകുമാർ സാർ, മകളെപ്പോലെ എന്നെ സ്നേഹിക്കുകയും അലഭ്യമായ പുസ്തകങ്ങൾ പോലും ശേഖരിച്ച് പഠനത്തിനായി എനിക്കെത്തിച്ചു തരികയും ചെയ്തിട്ടുള്ള നാരായണൻകുട്ടി സാർ ഇങ്ങനെ ശിഷ്യവത്സരായ ഗുരുക്കന്മാരുടെ അനുഗ്രഹവും സ്നേഹവുമാണ് ഞാനെന്ന കോളേജദ്ധ്യാപികയെയും കവിയെയും വാർത്തെടുത്തത്.
എന്നാൽ എല്ലാവരിലുമേറെ ഗാഢമായി എന്റെ ഹൃദയത്തിൽ ശിലാലേഖനം പോലെ കൊത്തിവയ്ക്കപ്പെട്ട ഒരു ദേവരൂപമുണ്ട് - എന്റെ സാനു മാസ്റ്റർ . പ്രൊഫ. എം. കെ. സാനു എന്ന ആരാധ്യനായ ഗുരുനാഥന്, മഹാസാഹിത്യകാരന്, വാഗ്മി. അദ്ദേഹമെനിക്ക് ഗുരുവും അച്ഛനും ദൈവവുമാണ്.
1979 ലാണ് എറണാകുളം മഹാരാജാസ് കോളേജിൽ എം. എ. വിദ്യാർത്ഥി നിയായ് ഞാനെത്തുന്നത്. മലയാളത്തിന്റെ പ്രശസ്തയായ നിരൂപക ഡോ. എം. ലീലാവതി ടീച്ചറായിരുന്നു അന്ന് മലയാള വിഭാഗത്തിന്റെ അദ്ധ്യക്ഷ. സ്നേഹമയിയായ ഒരമ്മയെപ്പോലെ ടീച്ചർ ഞങ്ങളെ കരുതലോടെ നയിച്ചു. എങ്കിലും ഞാ ൻ വളരെ വേഗത്തിലടുത്തത് സാനു മാസ്റ്ററുമായിട്ടാണ്. മാസ്റ്ററുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റവും വാത്സല്യപൂ ർണ്ണ മായ വാക്കുക ളും ആയിരിക്കാം കാരണം. അന്നും ഇന്നും ഞാ ൻ മാസ്റ്ററുടെ പിറക്കാത്ത മകളാണ്. അദ്ദേഹത്തിന്റെ മുന്നിലെത്തുമ്പോ ൾ വ ർഷ ങ്ങളുടെ - പ്രായത്തിന്റെ അടരുക ൾ അകന്നുമാറി ഞാനൊരു പത്തുവയസ്സുകാരിയായ ബാലികയായി മാറുന്നു. പതിനായിരക്കണക്കിനുള്ള മാസ്റ്ററുടെ ശിഷ്യസമ്പത്തി ൽ മാസ്റ്റർ തന്നെയാണേറ്റവും സ്നേഹിക്കുന്നതെന്ന് പലരും അഭിമാനിക്കുന്നുണ്ടാവും. ഞാനും അഹങ്കാരത്തോടെ അങ്ങനെ പറയുന്നു.
മാസ്റ്ററെ ഫോണിൽ വിളിക്കുമ്പോ ൾ ഞാനാദ്യം ചോദിക്കാറുള്ളത് മാസ്റ്റർ തിരക്കിലാണോ എന്നാണ്. അപ്പോഴൊക്കെ മാസ്റ്റർ പറയാറുള്ള ഒരു മറുപടിയുണ്ട് - അമൃതയ്ക്കെന്നെ എപ്പോ ൾ വേണമെങ്കിലും വിളിക്കാമല്ലോ. പരമശിവന് പരശുരാമൻ എന്ന പോലെയല്ലേ അമൃതയെനിക്ക്. എന്റെ ഗുരുനാഥന് എന്നോടുള്ള സ്നേഹവാത്സല്യങ്ങൾക്കു ഇതിലും വലിയൊരു തെളിവ് വേണ്ടല്ലോ.
ഒരു ഗുരുനാഥന് തന്റെ ശിഷ്യയ്ക്ക് നല്കാവുന്ന ഏറ്റവും മഹത്തായ അനുഗ്രഹം - വരപ്രസാദം സാനു മാസ്റ്റർ എനിക്ക് നല്കിയിട്ടുണ്ട്. എസ്. എ ൻ. ട്രസ്റ്റിൽ മലയാളം അദ്ധ്യാപകരുടെ ഇന്റര്വ്യൂ നടക്കുമ്പോ ൾ സാനു മാസ്റ്റർ എന്ന ആ സ്നേഹനിധിയാണ് എന്നെ ഒരു കോളേജ് അദ്ധ്യാപികയാവാ ൻ സഹായിച്ചത്. \"എനിക്ക് മകളെപ്പോലെ പ്രിയപ്പെട്ട കുട്ടിയാണ്. ഭാവിയി ൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ടാവും\" എന്ന് ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്ന ശ്രീ. എം. കെ. രാഘവനോട് എന്നെക്കുറിച്ച് മാസ്റ്ററന്ന് പറഞ്ഞിരുന്നില്ലെങ്കിൽ ഒരിക്കലും ഞാനൊരു കോളേജ് അദ്ധ്യാപികയാവില്ലായിരുന്നു. എന്റെയും എന്റെ വരും തലമുറകളുടെയും ജ ന്മങ്ങൾ ആ വന്ദ്യഗുരുനാഥനോട് കടപ്പെട്ടിരിക്കുന്നു.
മീറ്റിംഗുക ൾക്കും മറ്റുമായി സാനു മാസ്റ്റർ എത്തുമ്പോൾ ആരാധകരുടെ ആ ൾ ക്കു ട്ടത്തിനിടയിലും ഏറെ സ്നേഹത്തോടെ എന്നെ അടുത്ത് നി ർത്താ റുള്ളതോർക്കുന്നു. എന്റെ നാട്ടി ൽ വച്ച് അദ്ദേഹത്തിന് ഒരു പുരസ്കാരം നല്കിയപ്പോ ൾ പ്രശസ്തിപത്രത്തി ൽ അദ്ദേഹത്തെക്കുറിച്ചുള്ള വരിക ൾ അല്പം അധൈര്യത്തോടെയാണെങ്കിലും എഴുതാൻ എനിക്ക് അവസരമുണ്ടായത് ചാരിതാർഥ്യം നല്കുന്നുണ്ട്.
അനേകായിരങ്ങൾക്കു തണലേകുന്ന മഹാവൃക്ഷമാണ് എന്റെ ഗുരുനാഥ ൻ. അതിന്റെ ശീതളച്ഛായയിലാണ് പലപ്പോഴും ഞാനെന്റെ ദുരന്തങ്ങളിനിന്നും സങ്കടങ്ങളിൽ നിന്നും ഓടിയെത്തി ആശ്വസിച്ചിട്ടുള്ളത്. സൗമ്യാർദ്രമായ ആ സ്നേഹവായ്പിന്റെ സാന്ത്വനം കുറച്ചൊന്നുമല്ല എന്നെ തകർച്ചകളിൽ നിന്നും വീണ്ടെടുത്തിട്ടുള്ളത്.
ഇപ്പോഴൊക്കെ മാസ്റ്ററെ വിളിക്കുമ്പോ ൾ ആ ശബ്ദത്തിൽ നിഴലിക്കുന്ന തളർച്ചയും ആത്മവിശ്വാസക്കുറവും എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രായം ആ മനസ്സിന്റെ ബലവും പ്രസാദാത്മകതയും കുറയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു. എപ്പോഴും കണ്ടില്ലെങ്കിലും വിളിച്ചില്ലെങ്കിലും കുറച്ചകലെ ഒരു ദീപഗോപുരം പോലെ എന്റെ ഗുരുനാഥനുണ്ട് എന്ന ഓർമ്മ എനിക്കും എന്നെപ്പോലെയുള്ള നിരവധി ശിഷ്യർക്കും ശക്തിയും ആശ്വാസവുമാണ്.
എന്റെ പ്രിയപ്പെട്ട സാനു മാസ്റ്റർ - ഞങ്ങളുടെ ആരാധ്യനായ ഗുരുനാഥന് ഇനിയും അനേകകാലം ദീ ർഘാ യുസ്സോടെ ആരോഗ്യത്തോടെ ഐശ്വര്യത്തോടെ ഉണ്ടാവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
*****