Archives / March 2019

 ദിവ്യ.സി.ആർ
തുടർയാത്ര.

നീണ്ട നാളത്തെ ഇടവേളക്കു ശേഷമാണ് എൻെറ ചിന്തകളിലേക്ക് അവൻ കടന്നുവന്നത്. വിഷാദം തളം കെട്ടിനിന്ന ദിനങ്ങളിലെന്നോ ആ പരിചയം പുതുക്കൽ സൗഹൃദത്തിനപ്പുറം പ്രണയത്തിൻെറ അത്യുന്നതങ്ങളിലെത്തിച്ചുവെന്ന് തന്നെ പറയാം. ഇനിയൊരു നിമിഷം പോലും പാഴാക്കാതെ പ്രണയത്തിൻെറ ലോലഭാവങ്ങളിലലിഞ്ഞു ചേരുവാൻ വെമ്പൽ കൊണ്ടു. സ്ത്രിസഹജമായ നാണത്തിൻെറ മുഖംമൂടിയണിയാതെ അവനു വേണ്ടി ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു. 

പലപ്പോഴും നിശബ്ദമായ പ്രണയം കൊണ്ടെന്നെ തഴുകുമ്പോഴും പിന്മാറുവാനുള്ള ഉപദേശം മുന്നോട്ടു വയ്ക്കുവാനും മറന്നില്ല. പക്ഷെ അവ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയവൻെറ മൗനസങ്കീർത്തനങ്ങളായി പ്രതിധ്വനിച്ചു. അവൻെറ സാമീപ്യം ഉപേക്ഷിച്ചു മടങ്ങാൻ കഴിയാത്ത വിധം പ്രണയാർദ്രയായി ഞാൻ മാറി.

എൻെറ വാശികൾ മനസ്സിലാക്കിയതിനാലാവണം കാട്ടാറും മലകളും പിന്നിട്ട് ഏഴാം കടലിനക്കരെ വസന്തഗോപുരത്തിലേക്ക് ഒരുനാൾ കൂട്ടാമെന്ന് ഉറപ്പു നൽകി.

      പ്രീയരെ..

ആ സുദിനം ഇന്നാണ്. പതിവു പോലെ പാതിരാ വെളുപ്പിന് തന്നെ അടുക്കളയുടെ ജാലകങ്ങൾ തുറന്നു. വൈദ്യുതദീപങ്ങൾ പ്രകാശം പൊഴിച്ചതിനാലാകണം പാടാൻ തയ്യാറെടുത്തു നിന്ന രാപ്പക്ഷി തൻെറ നാദപല്ലവി മുഴക്കിയത്.
''ഇന്ന് നിന്നോട് കിന്നാരം ചൊല്ലാൻ സമയമില്ല സഖീ.." അവളുടെ പാട്ടിന് അനുപല്ലവി മൂളാതെ ഞാൻ ജോലികളിൽ വ്യാപൃതയായി.

പുലരും വരെ നീണ്ട ജോലികളിൽ മനസ്സ് സംതൃപ്തമായിരുന്നു. അതുകൊണ്ടാവണം സ്റ്റീൽ പാത്രങ്ങളും അലമാരയിലെ കറിക്കൂട്ടുകളും കൈകളിലേക്കെത്താൻ ധൃതി കൂട്ടി. പിടി തരാതെ ഒഴിഞ്ഞുമാറി നടക്കാറുള്ള ഉരുളക്കിഴങ്ങും സവാളയും  ഇന്നിതാ എണ്ണയിൽ കിടന്നങ്ങനെ മസാലയിൽ മൊരിഞ്ഞു മണക്കുന്നു.

       കുട്ടികളും ഭർത്താവും ഉണർന്നു കഴിഞ്ഞു.. ഇനിയുള്ള അങ്കങ്ങൾ ഏവർക്കും സുപരിചിതമല്ലേ.. രണ്ടു കാലുകൾ നാലുകാലുകളായി അടുക്കളയും മുറികളുമായി പല തവണ കയറിയിറങ്ങുന്നു. കൈകൾ ആറ് കൈകളായി പരതുന്നു. 

  ഘടികാരത്തിലെ സൂചികൾ ദീർഘമായ യാത്രകൾ പിന്നിട്ട് ഒൻപതിലേക്കെത്താൻ തിടുക്കം കൂട്ടുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഊണുമായി ഓഫീസിലേക്കും സ്ക്കൂളുകളിലേക്കുമുള്ള യാത്രയിലായി അവർ. വലിയൊരു ഉത്സവ മാമാങ്കം കഴിഞ്ഞ തിരുമുറ്റം പോലെ വീട് ശാന്തമായി.
ഞാൻ വീണ്ടും വീടിനുള്ളിലെ അടുക്കലും പെറുക്കലും കഴിഞ്ഞ് സ്വസ്ഥമായി. കുളി കഴിഞ്ഞ് പട്ടു വസ്ത്രങ്ങളണിഞ്ഞ് അവനായി കാത്തിരിപ്പ് തുടർന്നു.

      തളർന്നുറങ്ങിയതെപ്പോഴാണെന്നറിയില്ല. അവൻെറ വിറയാർന്ന തണുത്ത കൈത്തലം നെറുകയിൽ തഴുകുമ്പോൾ ഏഴാം കടലിനക്കരെയുള്ള വസന്തലോകത്തേക്ക് ഞാൻ യാത്ര തുടർന്നിരുന്നു.

Share :