Archives / March 2019

ജോൺ പോൾ
പരിചായകം ---           ഇങ്ങനെയും കഥകളെ കാണാം

           ബാല്യകാലസഖി ,അന്നയും റസൂലും ,മാന്നാർ മത്തായി സ്പീക്കിങ് ,ഫോർ ദി പീപ്പിൾ ,ദൃശ്യം ,പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് ,കളിമണ്ണ് ,22 ഫീമെയിൽ കോട്ടയം ,ഷട്ടർ ,അച്ഛനുറങ്ങാത്തവീട് ,തുടങ്ങിയ ചിത്രങ്ങളുടെ പരിവൃത്തത്തോട് ചേർത്ത് ഷാഹുൽ ഹമീദ് കെ.ടി. എഴുതിയ ഏതാനും കഥകളാണ് ഈ ഗ്രന്ഥത്തിൽ.

      സംവിധായകൻ തീർത്ത സിനിമയിലെ കഥാപാത്രങ്ങൾ ചലച്ചിത്ര പ്രമേയത്തിന്റെ പരിധികളെ അതിഭവിച്ചു കൊണ്ട് സ്വന്തം ചുവടുകൾ വെച്ചു നീങ്ങുന്നതായി ചിത്രീകരിക്കുന്ന ഒരു സിനിമ വുഡി അല്ലൻ ഒരിക്കൽ ആവിഷ്കരിക്കുകയുണ്ടായി. കേന്ദ്ര കഥാപാത്രം ,ആ സിനിമ ആവർത്തിച്ചു കാണുന്ന ഒരു പ്രേക്ഷകയുടെ ജീവിത പ്രശ്നങ്ങൾ കണ്ടുള്ള  സഹഭാവത്തോടെ സിനിമയെ നിശ്ചലമാക്കി  സ്ക്രീനിൽ നിന്നിറങ്ങി പ്രേക്ഷകയുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതായിട്ടാണ് കഥാഗതി.  പിന്നീട് ചിത്രാന്ത്യത്തിൽ കഥാപാത്രം സ്ക്രീനിലേക്ക് മടങ്ങി ചെല്ലുന്നതോടെ നിന്നിടഞ്ഞു നിന്നു സിനിമ പുനരാരംഭിക്കുകയും ചെയ്യുന്നു.

        ഷാഹുൽഹമീദ്  കെ.ടി .നടത്തുന്ന യാത്രങ്ങൾ പക്ഷെ ,അതിൽ നിന്നും വ്യത്യസ്തമാണ്. ഓരോ സിനിമയും കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിലും ഇടയിലുമുണ്ടാക്കുന്ന സ്വാധീനങ്ങളും പ്രതികരണങ്ങളും ,കഥാപാത്രങ്ങൾ സംവിധായകൻ തെളിക്കുന്ന വഴിയിലൂടെ പറഞ്ഞു വെച്ചതിനുമപ്പുറത്തേക്ക്  ചിന്തിക്കുകയും ചുവടു വെക്കുകയും ചെയ്യുന്ന സന്ദർഭങ്ങളുമണിവിടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അവയുടെ ഭൂമിക ഈ ചിത്രങ്ങളാണ്. പക്ഷേ , ആശയപരമായി അവയ്ക്കു നൈരന്തര്യമോ പാരസ്പര്യമോ നേരിട്ടോ വിരുദ്ധശ്രുതിയിലോ നിഷ്കർഷിച്ചു കാണുന്നില്ല. അനുബന്ധ ചിന്തകളായിട്ടാണ് തുടർച്ചകളായിട്ടല്ല അവതരണം. ചിന്തകൾ ചിലപ്പോഴൊക്കെ സമാന്തരതലത്തിൽ കഥകളായി മാറുന്നു. മറ്റു ചിലയിടത്ത് അവ വിചാരണകളായും ഇടം തേടുന്നു.

      ആക്ഷേപഹാസ്യത്തിന്റെ വഴിയാണ് അനുവർത്തിക്കുവാൻ ശ്രമിച്ചു കാണുന്നത്. സറ്റ യറിനും കാർട്ടൂണിനും കാരിക്കേച്ചിറിനുമിടയിലുള്ള നേർത്ത നൂലിഴ ഭാവാന്തരങ്ങളെ സൂക്ഷ്മമായി പരിഗണിക്കാത്തത് ഏകതാനതയെ ബാധിച്ചിട്ടുണ്ടു ചിലയിടങ്ങളിൽ .

      സിനിമയിൽ മാത്രമല്ല ,ഏത് രചനയിലും എഴുത്തുകാരന്റെ തീർപ്പുകൾക്കൊത്തുളള ശ്രുതിയിലാണ് കഥാപാത്രങ്ങൾ ആദിപാദത്തിൽ ചലിക്കുക. കൈപിടിയിലൊതുക്കിയ ചരടുകളുടെ മേലറ്റത്ത് മാനത്ത് ഊയലാടുവാൻ വിട്ട പട്ടങ്ങളെപ്പോലെ അവർ ആ ഘട്ടത്തിൽ എഴുത്തുകാരന്റെ മനോധർമ്മമാണ് ആടുക. പക്ഷേ ,എഴുത്ത് അതിന്റെ  സർഗ്ഗാത്മകമായ തലത്തിലേക്ക് സ്വമേധയാ ലയിച്ചുണമ്പോൾ പട്ടങ്ങൾ തങ്ങളെ ബന്ധിച്ചിരിക്കുന്ന എഴുത്തുകാരന്റെ കൈ പിടിയിൽനിന്ന്  വഴുതിയിnങ്ങും .കഥാപാത്രങ്ങൾ തങ്ങളാടുന്നത് തങ്ങളുടെ ജീവിതമാണെന്നും എഴുത്തുകാരന്റെ ഇച്ഛയോ ഭാവനയോ അല്ല അതിനെ നയിക്കുന്നതെന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കും.  പിന്നെ അവരാടുക അവരവരുടെ മനോധർമ്മത്തിന്റെ താളതുടിയിലാണ്  .  അപ്രകാരമൊരു പുനരെഴുത്തിലേക്കു് ഷാഹുൽ ഹമീദ് കഥാപാത്രങ്ങളെ തുറന്നു വിടുകയോ ആനയിക്കുകയോ ചെയ്യുന്നില്ല. അവർ ചലച്ചിത്ര ബാഹ്യമായ വിചാര വിചാരണകളിൽ ആടുന്നത് കഥാകൃത്തിന്റെ ഇച്ഛകൾക്കും ധാരണകൾക്കും ഒത്താണ്.   അതിന്റെ പ്ലസും മൈനസും ഈ കഥകളിൽ കാണാം.

         ''ചത്തവരുടെ കുഴി തോണ്ടാതെ തലച്ചോറുപയോഗിച്ച് സിനിമയുണ്ടാക്കരുതോ ......?''   എന്ന ചോദ്യം ഷാഹുൽ ഹമീദ് വിചാരണ വേളയിൽ കഥാപാത്രത്തിന്റെ ചുണ്ടിൽ തിരുകുമ്പോൾ കേൾവി മാത്രയിൽ അതു നമ്മെ സുഖിപ്പിക്കുന്നു. പക്ഷേ ആരെയാണ് ആ വാക്കുകളുമായി അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്ന് കാണുമ്പോൾ ,ആ നിലപാടിനോട് യോജിപ്പുമാത്രമല്ല വിയോജിപ്പും ഉണരുക സ്വാഭാവികം. അവിടെ വിചാരണയുടെ ലക്ഷ്യം ചോദ്യമുതിർക്കുകയെന്നതല്ലേ എന്ന നിശ്ശബ്ദമായ ചോദ്യം കൊണ്ട് അദ്ദേഹം സ്വയം പ്രതിരോധം തീർക്കുന്നു.

           തിരക്കഥ മാറ്റിയെഴുതിയത് കഥാകാരനായ ബഷീറിനു വേണ്ടിയല്ല.  കഥാപാത്രങ്ങളായ മജീദിനും സുഹറക്കും വേണ്ടിയല്ല എന്ന പ്രസ്താവത്തിന്റെ തുടർച്ചയിൽ പിന്നെ യാർക്കു വേണ്ടി....? എന്ന ചോദ്യമുയരുമ്പോൾ  അതിനുത്തരം വാക്കു കൊണ്ടു പറയാതെ മാനത്തേക്കുയർന്ന് നിൽക്കുന്ന കട്ടൗട്ടിന്റെ വാക്കുകൾകൊണ്ട്  കാണിച്ചുതരുന്നുണ്ട് ഷാഹുൽ ഹമീദ്.

             മലയാളത്തിൽ ഇത്തരമൊരു ചലച്ചിത്ര സമീപനത്തിന്നും ചലച്ചിത്രാനന്തര ചിന്തക്കും പുതുമയുണ്ട്. സ്വാഗതം . വിചാരണയെ നയിക്കുന്നത് കുറെ കൂടി ആഴത്തിലുള്ള ചലച്ചിത്രാവബോധവും അതിൽ നിന്ന് ലഭ്യമാവുന്ന ചിന്താ സ്ഥൈര്യവുമായിരുന്നുവെങ്കിൽ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വർദ്ധിക്കുമായിരുന്നു. തുടർന്നുള്ള എഴുത്തു വഴിയിൽ ആ സാംഗത്യവും അത് നൽകാവുന്ന ഗരിമ യും ഷാഹുൽ ഹമീദിന്റെ ചലച്ചിത്ര മനസ്സിനെ നയിക്കട്ടെയെന്ന് ആശംസിക്കുന്നു . വിചാരണകളും അനുബന്ധ ചിന്തകളും ആ പ0നവഴിയിലേക്കുള്ള വാതായനങ്ങളാവട്ടെ....

Share :

Photo Galleries