Archives / March 2019

ഇന്ദുലേഖവയലാർ
കോടാലി

അടുക്കളയടുപ്പിലൂതിയൂതി,

പുകയിൽ കുതിരുന്ന മകളെ നോക്കി,

അടുപ്പിലെരിയുന്ന ചുള്ളിക്കമ്പും,

അറിയാതെ മിഴി നനഞ്ഞു,

താതഹൃദയവുമപ്പോൾ.

 

ഒരുപാടലഞ്ഞു കൊല്ലന്റെ  ആലയിൽ

ഒരുനല്ല കോടാലി പണിയിക്കാൻ.

അകലെയാണെങ്കിലും

മകളുടെയരികിൽ, ആ നല്ലയച്ഛന്റെ വ്യാകുലത.

 

പണിതിട്ടും പോരാതെ,

മൂർച്ച കൂട്ടിയും ഇരുമ്പിന്റെ കൈയും 

മിനുസമാക്കിക്കൊണ്ടുകൊടുത്താണാ കോടാലി,

ഇന്നിതാ മോഷണം പോയല്ലോ

ആകെത്തളർന്നാ മകളും,

അച്ഛൻ്റെ സ്നേഹസഹനസമ്മാനം,

ആരോ എടുത്തുകൊണ്ടുപോയില്ലേ ! 

ആരാണെങ്കിലും ചോദിച്ചാൽ കൊടുക്കില്ലേ ?

കോടാലിക്കാണോ ക്ഷാമമോ?

നാട്ടുകാർമൂക്കത്തുവിരൽവച്ചു.

ഇരുമ്പുകോടാലിയിലുണ്ടേ,

അച്ഛൻ്റെ വിയർപ്പിലെ ഉപ്പ്

അമ്മയുടെ ലാളനത്തണുപ്പ്.

 

കിട്ടിയിരുന്നേലെന്നാശിച്ചുപോയേ

അവരുടെ നൊമ്പരം കാൺകേ,

വിറകടുപ്പിൻ്റെ വേദന കണ്ടു,

ഗ്യാസടുപ്പിൻ്റെയാഹ്ലാദം

 

കോടാലിനോക്കിനടന്നൂ നിത്യം

വീടും പരിസരം വൃത്തിയായി,

നഷ്ടം മനസ്സിനെ ഹനിച്ചു

ഏതോ വീട്ടിലിരിക്കുകയാവാം

ആ പെൺകുഞ്ഞിൻനൊമ്പരം കാണാതെ !

Share :