Archives / March 2019

അജിത്രി'::
ഉഷ്ണമൃഗം

മരുപ്പച്ചയിൽ
കൽപ വൃക്ഷഫലത്തിനുമുമ്പിൽ
ആത്മാവിനെ അഴിച്ചുവെച്ച്
ദാഹം ശമിപ്പിക്കുന്ന
ഭാവനയാണ് വേണ്ടത്.
ഇല്ലാത്തതെല്ലാം
വേരോടെ പൊട്ടി മുളച്ച്
പൂത്ത് കായ്ച്ച് കണ്ണൂ
കുളിർപ്പിക്കുന്ന ഭാവന!

വരണ്ട ഭൂമിയിൽ
ആ പ്രതിഭാ ധാരിണി
മഴ പെയ്യിക്കുന്നു.
കുതിരുന്നു
പൊരുളറിയുന്നു.
ഉറവയ്ക്കായ്
കാത്തു നിൽക്കുന്നില്ല.
തനിയെ ഒഴുകി പടരുന്നു

മ സ്തിഷ്ക മരണം
പേടിച്ച മരീചികയുടെ
പേറ്റു നോവിനു
മറ നിൽക്കുന്നില്ല.
ഈറൻ നിലാവിന്റെ
വയറ്റാട്ടി പെട്ടിയും ചാരി
ഇഞ്ചയും പേറ്റൊട്ടിയും
ചതച്ച്
ഒരുവൻ
ഋതുക്കളെ കുറിച്ച്
കവിതയെഴുതുന്നു.
ഗ്രീഷ്മത്തിൽ
വാടിപ്പോയ ഒരുവൾ
വസന്തത്തിൽ
തിരിച്ചു വന്ന
ഉദ്ദിഷ്ട കാര്യത്തിന്
ഉപകാരസ്മരണയ്ക്കായ്
രണ്ടു വരി മായ്ച്ചു കളയുന്നു.

വസന്തത്തിന്റെ 
സൃഷ്ടാവായ,
നിന്നെ പൂജിക്കുന്നു.
സരസ്വതിയുടെ വീണ
കടം ചോദിച്ച്
ദുർഗയ്ക്ക് സമ്മാനിക്കുന്നു.
ഞാൻ നിന്റെ
വിജയത്തിന്റെ 
പിന്നിലെ സ്ത്രീയാവാൻ
ആഗ്രഹിക്കുന്നു.
പടിയിറങ്ങി പോയ
പാർവ്വതി ആനത്തലയുമായ്
തിരിച്ചു വന്നതു പോൽ
"എന്റെ പ്രാർത്ഥനയുടെ തുടക്കം"
അവിഘ്നമസ്തു
മഹാ വിഘ്നേശ്വരാ ..
പക്ഷെ,
എന്റെ ദൈവത്തോടുള്ള
പ്രാർത്ഥനയിൽ ഞാൻ
പരാജയപ്പെട്ടിരിക്കുന്നു.
തിരുജടയിൽ മറ്റൊരു
പെണ്ണ്
വിജയത്തിന്റെ പിന്നിലെ
നാരീ വിജയം.

ഇപ്പോൾ,ഞാൻ,
നിന്റെ വിജയത്തിന്റെ വീഞ്ഞ്
വിളമ്പുന്ന ഒരുവൾ.
കല്പവൃക്ഷരസ ദാ യി നി .
ഭാവനയിലെ ഉദാത്ത ഭാവവും താളവും
വീഞ്ഞിൻ നുരകളിൽ
ഒളിപ്പിച്ച്
ഒരു കുളിർ കാറ്റ്
ഉഷ്ണമൃഗത്തെ തഴുകി
തെക്കോട്ട് വീശുന്നു.

 

Share :