സിറാജ്അമൽ - ഗസലിലെ പുതിയ സൂര്യോദയം.
മനസ്സ് അസ്വസ്ഥവും കലുഷിതവുമായിരിക്കുമ്പോൾ ഗസലുകൾ ആസ്വദിക്കുക. എന്തെന്നാൽ നിശബ്ദത കഴിഞ്ഞാൽ പിന്നെ മനസ്സിനെ സ്വാധീനിക്കാൻ കഴിവുള്ള ഏറ്റവും മനോഹരമായ സംഗീതധാരയാണ് ഗസൽ. ഗസലുകൾ കേൾക്കുമ്പോൾ ഹൃദയം അതിന്റെ ലോലമായ ചിറകുകൾ വിരിച്ച് വാനിലേക്ക് പറന്നുയരും. ആത്മാവിനുള്ളിൽ ഒരു പൂ വിരിയുന്നതിന്റെ അനുഭൂതിയുണർത്തും.
ഗസൽ യഥാർത്ഥത്തിൽ ഒരു സംഗീതരൂപമായിരുന്നില്ല.
ആരംഭത്തിൽ കവിതാലാപനരീതിലായിരുന്നു ഗസലുകൾ. ഇസ്ലാമിന്റെ വരവോടെ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഗസൽ ഇന്ത്യയിലെത്തുന്നത്. പേർഷ്യൻ ഭാഷയിലാണ് ഗസലുകൾ ആദ്യം ഇന്ത്യയിലെത്തുന്നത്. പിന്നീട് ഉറുദു ഭാഷയിലും ഗസലുകൾ രചിക്കാൻ തുടങ്ങി. ദക്ഷിണേന്ത്യയിലെ കർണ്ണാടകയിലുള്ള ബീജാപൂരിലും നശിച്ചു പോയ ഗോൽകൊണ്ട രാജ്യത്തിലും ആണ് ഉറുദു ഗസലുകൾ പിറവിയെടുത്തത് എന്നത് അത്ഭുതാവഹമാണ്.
ഗസൽ കവിതയും സംഗീതവുമാണ്. യഥാർത്ഥത്തിൽ ഗസൽ എന്നാൽ സംവദിക്കുക എന്ന അർത്ഥമാണ്. ഗായകനും ശ്രോതാവും തമ്മിലുള്ള മനസ്സിന്റെ സംവേദനം. പ്രകൃതിയും ഹൃദയവും തമ്മിലുള്ള സംവേദനം. പ്രണയം, വിരഹം, വിഷാദം, കാമന തുടങ്ങിയവയുടെ സ്ഥായിയായ ഭാവമാണ് ഗസലുകളുടേത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിലനിന്നിരുന്ന ദ്രുപതിൽ നിന്നും ഖയാലിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ സംഗീതാസ്വാദകരെ എളുപ്പം ആകർഷിക്കാൻ കഴിഞ്ഞ ലളിതമായ പ്രണയകാവ്യങ്ങളുടെ സംഗീതരൂപമാണ് ഗസൽ. ക്വാസിദ ആണ് ഗസലിന്റെ ആദിരൂപം. ക്വാസിദ എന്നത് രാജാക്കന്മാരെ കുറിച്ചുള്ള സ്തുതിഗീതങ്ങളായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ആണ് കവിതാലാപനത്തിൽ നിന്നും മാറി ഗസൽ ഒരു സംഗീതശാഖയായി വളർന്നത്. മട്ല എന്ന ആദ്യ ഈരടിയിൽ തുടങ്ങി മക്തയിൽ അവസാനിക്കുന്ന ശക്തമായ ഘടനയുള്ള സംഗീതരൂപമാണ് ഗസൽ.
ഗസലുകളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ഗസലിന്റെ ഷെഹൻഷാ മെഹ്ദി ഹസനും ജഗജിത് സിങ്ങും ആണ്. ഇവരുടെ ഗസലുകൾ ഇന്നും സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയിരിക്കുകയാണ്. ശുദ്ധസംഗീതം നിശ്വാസവായു പോലെ അവർക്ക് പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലെ ഗസൽ ഗായകർ അത്രത്തോളം പ്രാധാന്യത്തോടെ ശുദ്ധസംഗീതത്തെ കാണുന്നുണ്ടോ എന്നത് സംശയമാണ്. കേരളത്തിൽ ഗസൽ സംഗീതത്തെ ഗൗരവത്തോടെ കാണുന്ന സംഗീതജ്ഞർ തുലോം കുറവാണ്. പ്രസിദ്ധിക്കു വേണ്ടി പലതരം ഗിമ്മിക്കുകൾ കാണിച്ചു വരുന്ന ഗായകരാണ് കൂടുതലും. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി രാഗത്തിന്റെ പൗരാണിക വിശുദ്ധി അതേപോലെ നിലനിറുത്തണമെന്നു ആഗ്രഹിക്കുന്ന ഒരു ഗസൽ ഗായകനാണ് സിറാജ് അമൽ എന്ന ചെറുപ്പക്കാരൻ. സംഗീതം അദ്ദേഹത്തിന് ഒരു തൊഴിലല്ല. വിശുദ്ധമായ ആരാധനയാണ്. മെഹ്ദി ഹസന്റെ ക്ലാസ്സിക്കുകളോടാണ് അദ്ദേഹത്തിന് തീവ്രമായ മമത. ഉസ്താദിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതുപോലെയാണ് അദ്ദേഹം ഗസലുകൾ ആലപിക്കുമ്പോൾ ആസ്വാദകർക്ക് അനുഭവപ്പെടുക.
ഹിന്ദുസ്ഥാനി സംഗീതവും ഹാർമോണിയവും ഒരു ഗുരുനാഥന്റെയും ശിക്ഷണത്തിൽ ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത സിറാജ് അമലിന്റെ ശ്രുതിമാധുര്യമുള്ള ഗാനാലാപന ശൈലി അത്ഭുതമുളവാക്കുന്ന തരത്തിലുള്ളതാണ്. ശാന്തമായി ഒഴുകുന്ന ശബ്ദസവിശേഷതയാണ് സിറാജ് അമലിന്റേത്. താളത്തിന്റെ അകമ്പടിയില്ലാതെ പതിയെ പതിയെ രാഗത്തിന്റെ ഹൃദയത്തെ തൊട്ടുണർത്താൻ കഴിയുന്ന വിധത്തിൽ ആലാപിലേക്ക് കടക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഓരോ രാഗത്തിനും സ്വരത്തിനും അതിന്റെതായ വർണ്ണവും സുഗന്ധവും ഉണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം ആലാപനത്തിൽ അയവില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സംഗീതം സിറാജ് അമലിന് ഒരു ധ്യാനമാണ്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ പ്രശസ്തിക്കുവേണ്ടി സംഗീതത്തെ നശിപ്പിക്കുന്ന രീതിയിൽ കണ്ടുവരുന്ന പല പേക്കൂത്തുകളോടും യോജിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അഞ്ഞൂറിൽ പരം ഗസലുകൾ ഹൃദ്യസ്ഥമാക്കിയ ഒരു ഘരാനയാണ് സിറാജ് അമൽ. അങ്ങിനെയൊരു ഗസൽ ഗായകൻ ഇന്ന് കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ഒരു പൂവിരിയുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ആലാപനശൈലി. സംഗീതാലാപനത്തിൽ തന്റേതായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗായകനാണ് അദ്ദേഹം. സിറാജ് അമൽ നല്ലൊരു സംഗീതജ്ഞനും കൂടിയാണ്. ഏതു കവിതകൾ ലഭിച്ചാലും കുറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായി ഹിന്ദുസ്ഥാനി രാഗങ്ങളിൽ ഈണം നൽകാൻ കഴിവുള്ള ഇദ്ദേഹം ഓരോ കാരണങ്ങൾ നിരത്തി മനപ്പൂർവ്വം തന്റെ കഴിവുകളിൽ നിന്നെല്ലാം സ്വയം ഉൾവലിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.
യഥാർത്ഥ സംഗീതാസ്വാദകരുടെ മുൻപിലെത്തിയാൽ മണിക്കൂറുകളോളം സ്വയം മറന്നു പാടും സിറാജ്അമൽ. അദ്ദേഹത്തിന്റെ സ്വന്തം ഘരാനയായ ചാവക്കാട് താലൂക്ക് അകലാട് ദേശത്തുള്ള 'പർവാസി' ലെ സന്ധ്യകൾ സംഗീതത്തിന്റെ ലഹരി നുരയുന്നവയാണ്. സംഗീതാസ്വാദകരായ വളരെ അടുത്ത സുഹൃത്തുക്കൾക്കു മുൻപിൽ തന്റെ ഹാർമോണിയത്തിൽ ശ്രുതിയിട്ട് അദ്ദേഹം സ്വയം മറന്നു പാടും. കൂട്ടിന് സിറാജ് അമൽ എന്ന ഗായകന്റെ ഹൃദയം തൊട്ടറിഞ്ഞ ഋഷികേശ് എന്ന ചെറുപ്പക്കാരന്റെ തബലയുടെ താളപ്പെരുക്കവും കൂടിയാവുമ്പോൾ പർവാസിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യും. തബലയിൽ ഇന്ത്യൻ സംഗീതത്തിന് മഹാത്ഭുതങ്ങൾ കാഴ്ച വെക്കാൻ കഴിവുള്ള ചെറുപ്പക്കാരനാണ് ഋഷികേഷ്. ഇവരുടെ സ്വരവും ജതിയും തമ്മിലുള്ള ലയനം അതിമനോഹരമാണ്. ഒരിക്കൽ ആ സംഗീതമഴ നനഞ്ഞ ആസ്വാദകർക്ക് പിന്നെ ആ കുളിരിൽ നിന്നും മോചനമില്ല എന്നതാണ് സത്യം. സംഗീതാസ്വാദകർക്ക് മുന്നിൽ സ്വയം മറന്നു പാടി ഗസൽ സംഗീതത്തിൽ പുതിയ ചരിത്രം രചിക്കാൻ ഇവർക്കാവട്ടെ. യഥാർത്ഥ സംഗീതപ്രേമികളുടെ ഹൃദയത്തിലേക്ക് ഈ മാസ്മരിക ശബ്ദത്തിന്റെ മാധുര്യം പരന്നൊഴുകട്ടെ. സംഗീതം മുറിഞ്ഞ ഹൃദയങ്ങൾക്ക് മേൽ ലേപനം ചെയ്യുന്ന ദിവ്യ ഔഷധമാണ്.
For video Watch : https://youtu.be/61ICfWmFYzo