Archives / March 2019

മുല്ലശ്ശേരി
നോവൽ വൃദ്ധൻ ..... ചുമലിൽ  ഭാണ്ഡം

(പതിനൊന്ന്)

(ഒന്ന് മുതൽ ആറ് വരെ
archives ജനുവരി 2019 -ൽ

ഏഴ് മുതൽ പത്ത് വരെ
archives ഫെബ്രുവരി 2019 -ലും വായിക്കാം.)

      രാവിലെ ഒൻപത് മണിയോടു കൂടി ഒരു നോട്ടുബുക്ക് ,ഒരു പേന ,പാൻസിന്റെ പോക്കറ്റിൽ ഒരു കുത്ത് ചീട്ട് ,ഇത്രയുമായി മഗ് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് പുറപ്പെടും. പ്രത്യേകിച്ച് ആരോടും കമ്പനിയില്ല. എങ്കിൽ എല്ലാ പേരുമായി കമ്പനിയുമാണ്.

            9 -30 ന് ഫസ്റ്റ് ''അവർ '' ക്ലാസ് - അപ്പോൾ ആര് ക്ലാസെടുത്താലും നിർബന്ധമായും മഗ് ക്ലാസിലുണ്ടാവും.  പിന്നെയുള്ള ''അവറു''കളെല്ലാം അത്ര വലിയ ഒരു നിർബന്ധവുമില്ല ,മഗിന് ക്ലാസിലിരിക്കാൻ.
ക്ലാസിലില്ലെങ്കിൽ ഉറപ്പാണ് __ ലൈബ്രറിയിൽ ആയിരിക്കും. ലൈബ്രറിയനുമായി നല്ല സൗഹൃദം മഗ് കാത്ത് സൂക്ഷിക്കുന്നുണ്ടു. മഗ് ആവശ്യപ്പെടുന്ന പുസ്തകം പ്രത്യേക നിഷ്ഠയോടെ തന്നെ കണ്ടുപിടിച്ച് കൊടുക്കുകയും ചെയ്യും. ഇല്ലാത്തവ എവിടെ കിട്ടുമെന്നു് പറഞ്ഞു കൊടുക്കുയും ചെയ്യും.
പുസ്തങ്ങളെ ക്കുറിച്ച് വ്യക്തമായ ധാരണ മഗിനുണ്ടെന്ന് തോന്നിയ നിമിഷം മുതൽ മഗിനോട് ഒരു പ്രത്യേക താല്പര്യം ലൈബ്രറിയനുമുണ്ടു  . വായിക്കുന്നതിനോടൊപ്പം നോട്ട്ക്കുറിച്ച് സൂക്ഷിക്കാറുമുണ്ട്. എങ്കിൽ ഒരു പുസ്തകവും ലൈബ്രറിയിൽ നിന്നും മഗ് കൊണ്ടുപോകാറുമില്ല. ''ഞാൻ കൊണ്ട് പോയാൽ ഉറപ്പായും കളയും പിന്നെ
ഫൈൻ അടയക്കാൻ എന്നെ കിട്ടുകയില്ല. പുതിയ പ്രശ്നങ്ങളുണ്ടാക്കാൻ എനിക്ക് താല്പര്യവുമില്ല.'' ഇതാണ്  മഗിന്റെ സ്ഥിരം നിലപാട്.

         ഉച്ചക്ക് ക്ലാസിൽ നിന്നും മിക്കവാറും ഹോസ്റ്റിലിൽ ആദ്യമെത്തുന്നത് മഗാണ്. ധൃതിയിൽ ''വെട്ടി വിഴുങ്ങും.'' അതിനെക്കാൾ ധൃതിയിൽ സ്വന്തം റൂമിൽ കയറുക പോലും ചെയ്യാതെ തിരികെ കോളേജിലേക്ക് . ഹോസ്റ്റലിനും കോളേജിനു മിടയ്ക്ക് ''ഗുണ്ടക്കാട് ''.  കോളേജ് compound ൽ നിന്നും പടി കെട്ടിയിട്ടുണ്ടു , ''ഗുണ്ടക്കാട് '' ലേക്ക് പോകാൻ .  അത് വഴി നടന്നാൽ റോഡിൽ പോകാം. എങ്കിൽ അപൂർവ്വമായേ ആരെങ്കിലും അത് വഴി പോകാറുള്ളു. ആ പടി കെട്ടിന്റെ താഴെയുള്ള മരച്ചോട്ടിൽ -- കൈയിൽ കരുതിയിട്ടുള  ന്യൂസ് പേപ്പർ മഗ്  വിരിക്കും. അപ്പോഴേക്കും ''പങ്കാളികൾ '' എത്തും. First bell അടിക്കുന്നത് വരെ കാർഡ് കളി തന്നെ. പലപ്പോഴും ശ്രദ്ധിക്കാതെ ചെവിയിൽ തൂക്കിയിട്ടിരുന്ന ''അവാർഡുകളു''മായി ക്ലാസിൽ പോലും മഗ്  ധൃതിയിൽ വരുമായിരുന്നു.

           ചില വൈകുന്നേരങ്ങളിൽ ഹോസ്റ്റലിന്റെ മുറ്റത്തുള്ള മരത്തിൽ കയറി ഇരിക്കും. അവിടെയിരുന്ന് ഓടക്കുഴലിലൂടെ അതി മനോഹരമായി ''ഹിറ്റുകൾ'' ആലപിക്കുമ്പോൾ ആർക്കും മഗിനോട് അസൂയ തോന്നിപോകും. 
മഗിന്റെ ഭാഷയിൽ
''വെളളിമേഘങ്ങളിലൂടെ എന്റെ പ്രണയസന്ദേശങ്ങൾ ഞാൻ കൈയ്മാറുകയാണ് എന്റെ എല്ലാ പ്രിയകൾക്കും.'' 
         താഴെ ഞങ്ങൾ മുകളിലിലേക്ക് മഗിനെ നോക്കി നില്ക്കും.  അത് വഴി വാർഡനൊ മറ്റോ വരികയാണെങ്കിൽ പോലും ഹിറ്റുകൾ നിറുത്തുകയുമില്ല-- താഴോട്ട് നോക്കുകയുമില്ല. 

           ഹോസ്റ്റലിൽ ഒരു മുറിയിൽ നാല് പേർക്ക് വേണ്ടിയാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത്. ഇടക്ക് അരഭിത്തിയും കെട്ടിയിട്ടുണ്ടു. രാത്രി പ0നസമയങ്ങളിൽ വാതിൽ ചാരുകയേ പാടുള്ളു.  അത് അപ്രതീക്ഷിതമായി വാർഡന് റൂമിൽ കയറാൻ വേണ്ടിയാണ് അത്തരമൊരു നിർദ്ദേശമാണ് നിലനില്ക്കുന്നത്. അത് മഗിന് ഇഷ്ടമുള്ള കാര്യവുമല്ല. അത് ഒഴുവാക്കാൻ  മഗ് കണ്ടു പിടിച്ചത് രസകരമായ ഒരു വിദ്യയാണ്. ഒരു ദിവസം സന്ധ്യയോടെ ഒരു എഴുമണിയായിക്കാണും  റൂമിന്റെ വാതിലിൽ ഒരു വിഷപാമ്പിനെ മഗ് തല്ലിക്കൊന്നു.  പിന്നെ അന്ന് എന്തൊരു ഒച്ചയും ബഹളവുമാണുണ്ടായത്. 
വാർഡൻ വന്നു. കാര്യങ്ങൾ ഓരോരുത്തരോടും തിരക്കി. പലപ്പോഴും പാമ്പിനെ അവിടെ പലരും കണ്ടിട്ടുണ്ട്. പക്ഷേ റൂമിൽ ആദ്യമായാണ് പാമ്പ് കയറുന്നത്. പലരും മഗിന്റെ ധൈര്യത്തെ പ്രകീർത്തിച്ച് പിരിഞ്ഞു പോയി.
  (ഇവിടെയൊരു സത്യം കൂടി കുറിയ്ക്കട്ടേ-- ആ പാമ്പിനെ ഞാൻ അന്ന് ഉച്ചക്ക്  കണ്ടതാണ്.-- ഗുണ്ടകാട്ടിൽ ചത്ത് കിടക്കുന്നത്.  അപ്പോൾ തന്നെ മഗ് വലിയൊരു വാഴയില സംഘടിപ്പിച്ച് ആരും കാണാതെ അതിനെ മൂടിയിട്ടു. പക്ഷേ അന്ന് തന്നെ  അവൻ സന്ധ്യയോടെ ഇങ്ങനെയൊരു കലാപരിപാടി ഒപ്പിക്കുമെന്ന് ഞാൻ പോലും കരുതിയില്ല)

    അന്ന് മുതൽ റൂമിലെ വാതിൽ കുറ്റിയിട്ട് അകത്തിരുന്നു പഠിക്കാം. വാർഡൻ നിലവിലെ ആചാരം മാറ്റി കുറിച്ചിട്ടു. പിന്നെ കഷ്ടിച്ച് മൂന്ന് ദിവസത്തിൽ കൂടുതൽ  ഒരു കുത്ത് ചീട്ട് ഉപയോഗിക്കാൻ പറ്റില്ല. അത്രക്ക് അത് മുഷിയും.

        രാത്രി മെസിൽ മിക്ക ദിവസും മഗിന്റെ കഥ പറച്ചിലുണ്ടു.( Story telling class) ഇങ്ങനെയൊരു പേരു് കൊടുത്തതും അവൻ തന്നെയാണു്. അച്ചൻ അത് വഴി പോകുകയാണെങ്കിൽ അല്പം ഉറച്ച് മഗ് കഥ പറയുന്നത് ഇങ്ങനെയായിരിക്കും. -- ''ദാവിദ് രാജാവ് തന്റെ രാജ്യത്തിന്റെ നാലു അതിരുകളിലും ''.........
പെട്ടെന്ന് നിറുത്തുo   അച്ചൻ ഇത് കേട്ട് മഗിനെ നോക്കി ചിരിക്കും. മഗും മറു ചിരി ചിരിക്കും. അച്ചൻ പോകുമ്പോൾ പറഞ്ഞു വന്നതോ  പറയാൻ തുടങ്ങിയതോ  ആയ കഥ പറഞ്ഞു തുടങ്ങും. മഗിന്റെ Story telling class ലെ ഒരു കഥ ഉദാഹരണമായി ഇവിടെ പറയാം.  ഇത് കഥയാണ്. കഥയിൽ ചോദ്യം പാടില്ല. എന്ന മുഖവുരയുമായി മഗ് കഥ പറഞ്ഞ് തുടങ്ങും.

'' പണ്ട് പണ്ട് ഒരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരന്നു. അയാൾക്ക് കുറേ ഏറേ പശുക്കളുണ്ടായിരുന്നു. ഒരു ദിവസം ഒരു പശു കൂട്ടം തെറ്റി പോയി. അയാൾ ദുഃഖിതനായി .അയാൾ ആ പശുവിനെ  തിരക്കി നടക്കാൻ തുടങ്ങി. ആ ഗ്രാമം വിട്ട് അടുത്ത ഗ്രാമത്തിലും ആ പശുവിനെ കണ്ടെത്താൻ ആയില്ല . രാത്രിയായി. അക്കാലത്ത് താമസിക്കാൻ സത്രങ്ങളെയുള്ളു. അത്തരമൊരു സത്രത്തിൽ അയാൾ പശുവിനെയും ഓർത്ത് ദുഃഖിതനായി ഉറങ്ങാൻ കഴിയാതെ കിടക്കുകയാണ്. സത്രത്തിലെ അടുത്ത മുറിയിൽ ഒരു പുതുമണവാളനും ഒരു പുതുമണവാട്ടിയുമാണ്  . അവർ ''വിരുന്നുണ്ടു''  നടക്കുന്ന കാലം.
         അയാൾ കണ്ണടക്കാൻ തുടങ്ങുമ്പോൾ ആ പശു അടുത്ത് നില്ക്കുന്നതായി അയാൾക്ക് തോന്നും. അതിന്റെ നെറ്റിയിലെ ചുട്ടിയും പൂവാലും കാലിലെ ചിലമ്പും അയാളുടെ മനസ്സിനെ ഇപ്പോൾ വല്ലാതെ വേദനിപ്പികയാണ്. അപ്പോഴാണ് അടുത്ത മുറിയിൽ നിന്നും നിർവൃതിയുടെ ഏതോ നിമിഷത്തിൽ അവരിരുവരിൽ ആരോ പറഞ്ഞു പോയി.-'' ഏഴു ലോകവും കണ്ടു..

       നമ്മുടെ കൃഷിക്കാരൻ അത് കേട്ടു.  ഏഴു ലോകവും കാണാമെങ്കിൽ ഉറപ്പായും തന്റെ പശുവിനെയും അവർ കാണുന്നുണ്ടാവും. എല്ലാം മറന്ന് ആ പാവം ചാടി എഴുന്നേറ്റ് '' അവിടെ യെങ്ങാനും എന്റെ പശൂ നിൽക്കുന്നുവോ  ... ഒന്ന് നോക്കിയേ......

         Story telling class കഴിഞ്ഞാൽ  എല്ലാപേരും മുറികളിലേക്ക് പോകുകയാണ് പതിവ്.

          പുതിയ ആചാരപ്രകാരം വാതിൽ  കുറ്റിയിടാമെന്നായപ്പോൾ ''കമ്പയിൻ സ്റ്റഡിക്ക് '' മഗിന്റെ  റൂമിൽ ആളുകൾ കൂടുതലാണ്. പത്ത് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്നുള്ള ആചാരം നിലനിൽക്കുന്നത് കൊണ്ട് പത്ത് മണിക്ക് തന്നെ എല്ലാവരും വിടുതൽ വാങ്ങി പിരിയും

         ഇനി ഞായറാഴ്ചകളിലെ കാര്യങ്ങൾ കൂടി പറയാം. സഹമുറിയന്മാർക്ക് ചർച്ചിൽ പോകേണ്ടത് കൊണ്ടും അവരോടൊപ്പം മഗും ചർച്ചിൽ പൊയെന്ന് അച്ചനെ ബോധിപ്പിക്കേണ്ടത് കൊണ്ടും റൂമിന്റെ താഴ് വെളിയിൽ പൂട്ടുന്നു. സഹമുറിയന്മാർ' ചർച്ചില്ലേക്കും മഗ് റൂമിനകത്ത് തന്റെ കിടക്കയിൽ ''പള്ളി'' കൊള്ളാനും തുടങ്ങുന്നു.

         ചർച്ചിൽ  നിന്ന് അവർ തിരികെ വന്ന് വിളിച്ചുണർത്തുന്നത് വരെ മഗ് സുഖനിദ്രയിലാണ്. അന്നത്തെ രാത്രിയിലെ   Story telling class -ൽ ഉറക്കത്തിൽ കണ്ട സ്വപ്നത്തെക്കുറിച്ചും 'അവൻ' നേരിട്ട് മഗിനെ അനുഗ്രഹിച്ചതിനെക്കുറിച്ചും   രസകരമായി മഗ് പറഞ്ഞു് വെയ്ക്കും.

(തുടരും)

Share :