Archives / October 2017

പ്രൊഫ: വി കാർത്തികേയൻ നായർ

കവിതകൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മലയാളികളെ പുതിയൊരു ഭാവനാ ലോകത്തേക്ക് നയിച്ച അനശ്വരനായ വയലാറിന്റെ മറ്റൊരു സ്മൃതിദിനം കൂടി കടന്നു പോവുകയാണ്. തൂലിക ഇന്ദ്രധനുസ്സായതാണോ, ഇന്ദ്രധനുസ്സ് തൂലികയായതാണോ എന്ന് സന്ദേഹിപ്പിക്കും വിധം നമുക്ക് ഭാവഗാനങ്ങൾ പ്രദാനം ചെയ്തു അദ്ദേഹം. വിപ്ലവകാരികൾക്ക് ഹരം പകരുന്ന ഗാനങ്ങളും, ആത്മീയവാദിയെ പുളകം പകരുന്ന ഗാനങ്ങളും, ഭൗതിക വാദികൾക്ക് ആവേശം പകരുന്ന തരത്തിലുളള ഗാനങ്ങളും പ്രകൃതിയേയും മനുഷ്യരേയും സ്നേഹിച്ചു മതിവരാത്ത പച്ചമനുഷ്യരുടെ ഹൃദയവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളും വയലാറിന്റെ തൂലികത്തുമ്പിൽ നിന്നും ഉതിർന്നു വീണു. ദൈവത്തേയും മതങ്ങളേയും നിർമ്മിച്ചത് മനുഷ്യനാണെന്ന പച്ചപരമാർത്ഥം ഉറക്കെ വിളിച്ചുപറയാൻ മറ്റൊരു മലയാള കവിയും ധൈര്യപ്പെട്ടിട്ടില്ല. യവന കഥയിലെ രാക്ഷസനായ Procrustes ഇരുമ്പു കട്ടിലിൽ കിടത്തി മനുഷ്യരെ അരും കൊല ചെയ്യുന്ന കഥാസന്ദർഭം ആവിഷ്ക്കരിച്ച് പ്രത്യയശാസ്ത്രത്തെ യാന്ത്രികമായി വ്യാഖ്യാനിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പണ്ഡിന്മാരെ കളിയാക്കാനുളള തന്റേടവും വയലാറിനു മാത്രമേ ഉണ്ടാവുകയുള്ളു. സ്നേഹിച്ചു തീരും മുമ്പേ ഭൂമിയെ വിട്ടു പിരിയേണ്ടി വന്ന ആ ഗന്ധർവ്വ ഗായകന്റെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

Share :

Photo Galleries