Archives / March 2019

  ദിവ്യ.സി.ആർ
കാറ്റ് പറഞ്ഞ കഥ

 "ദാ.. നോക്കൂ.. തിരകളെ തഴുകി വരുന്ന കാറ്റിനെന്തു സുഗന്ധമാണ്.."ബീച്ചിലെ സിമൻറ് ബെഞ്ചിലിരുന്ന് അയാളതു പറയുമ്പോൾ അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. "ടോ..." തനിതേതു ലോകത്താണ്.." അലസമായിരുന്ന അവളുടെ ശ്രദ്ധയെ അയാൾ വീണ്ടും തന്നിലേക്കു ക്ഷണിച്ചു. തിരകളിൽ നിന്നുതിർന്ന കാറ്റ്, അഴിഞ്ഞുലഞ്ഞ മുടികളെ തഴുകി. അവ കാറ്റിൻെറ താളത്തിനൊത്ത് മുഖത്തേക്കു ചാഞ്ഞ് നൃത്തമാടി. 

അവളുടെ വിടർന്ന കണ്ണുകളിലൊരു മഹാസമുദ്രത്തെ ഒളിപ്പിക്കാനാകുമെന്ന് അവൻ പറഞ്ഞപ്പോൾ അവൾ വെറുതെ ചിരിച്ചുവെന്ന് വരുത്തി. 
"സ്വാർത്ഥമായ സ്നേഹമെന്നും വേദനയാണ് മോളെ.." അവളെ ചേർത്തു പിടിക്കുമ്പോൾ അയാൾക്കത് പറയണമെന്നു തോന്നി. അവളുടെ തകർന്ന മനസ്സിൻെറ സ്പന്ദനങ്ങളേറ്റു വാങ്ങാൻ  തുടിക്കുന്ന കാറ്റ് അവളെ പുൽകി.
കടൽ !
അവൾക്കെന്നും മായാപ്രപഞ്ചമാണ്. സൂര്യൻ കടലിൽ താഴുമ്പോൾ പവിഴം കട്ടെടുക്കുന്ന തിരകൾ...
അത് കടലിൽ ഒളിപ്പിക്കാതെ കരയിലേക്കു കൊണ്ടുവന്ന് തിരകൾക്ക് കൈമാറുണ്ടത്രേ! 
തനിക്ക് അവകാശപ്പെട്ടതല്ലാത്തതിനാൽ മറു തിര വന്ന് ആ പവിഴം ആവശ്യപ്പെടുമ്പോളവൾ സങ്കോചമില്ലാതെ തിരികെ നൽകി. കൂരിരുൾ പടർന്ന് നക്ഷത്രങ്ങൾ കൺച്ചിമ്മും വരെയിത് തുടർന്നുകൊണ്ടേയിരുന്നു. അവളതിൽ സന്തോഷവതിയായിരുന്നു.
   പക്ഷെ ഇപ്പോൾ !
"ദേവൂ.. നമുക്ക് തിരിച്ചു പോകാം." കടലിൻെറ ആഴങ്ങളിലേക്കു പോയ പ്രിയപ്പെട്ടവനെ നോക്കി , മറുപടിയൊന്നും പറയാതെ അവൾ എഴുന്നേറ്റു. അവളാ തിരകളെ നോക്കി ദീർഘമായി നിശ്വാസിച്ചു. ധീരമായി ദൂരെ നിന്നാഞ്ഞടിച്ചു വന്ന തിര വാടിതളർന്ന ദേവുവിനെ സ്പർശിക്കാതെ പോയി.. 
നിരാശയായി തിരികെ നടക്കുവാനൊരുങ്ങുമ്പോൾ മെല്ലെ വന്നൊരു തിര അവളുടെ സാരിത്തലപ്പ് നനച്ച് വെൺമണി പാദസരങ്ങളോടെന്തോ സ്വകാര്യം പറഞ്ഞ് തിരികെ പോയി.

Share :