Archives / March 2019

ആര്യ എ. ജെ. മാർ ഇവാനിയോസ് കോളേജ്‌ തിരുവനന്തപുരം
കുസൃതിച്ചിരി

ഇടറിയൊഴുകുന്നൊരാ പുഴവക്കിൽ കണ്ടൊരാ
ശ്വേത വർണ്ണം തുളുമ്പുന്ന കല്ല്
അതിനിടയിൽ വിരലിട്ട കൺമണി കണ്ടതോ
ഭീതിയിൽ ഒളിഞ്ഞിടും ചെറുമീനുകൾ
പുൽപാടം പോലൊരാ പാതയിൽ നീങ്ങവെ
ചോദ്യങ്ങളനവധിയുദിച്ചു ഹൃത്തിൽ
എങ്കിലും ആ നോട്ടം കൊണ്ടൊരാ മലയിതാ-
പകരുന്നു ശാന്തി തൻ മധുര സ്മിതം.
തേടി ഞാൻ പല വഴി ആ കാരണം
എന്തിനവൾ വെറുതെ ചിരി തൂകുന്നു?
വെട്ടിയ മാറുണ്ട്, പതറിയ നെഞ്ചുണ്ട്
ഇറ്റിറ്റു വീഴും ചുവപ്പുണ്ട്.
കൂർത്തൊരാ ചില്ലുകൾ പോറിച്ച വിരലുകൾ
എന്നിട്ടുമവളെന്തെ ചിരി തൂകുന്നു ...
കരയുവാൻ കണ്ണുനീർ ബാക്കിയില്ലാഞ്ഞിട്ടോ
ദു:ഖം മടുപ്പായി തോന്നിയിട്ടോ ?
എങ്കിലും അവളുടെ ആ ചിരി ഹൃദയത്തെ
കുത്തി നോവിപ്പിക്കുമെന്നു സത്യം.
ചിരിയുണ്ട് പ്രകൃതി തൻ അധരത്തിൻ മറവിലെ
വേദന മറച്ചിടും കുസൃതി ചിരി
സഹനത്തിൻ പര്യായം നീ തന്നെ മറ്റാര്
നിൻ മുന്നിൽ തല കുമ്പിടുന്നു ഞങ്ങൾ
വീഴില്ല നിൻ മെയ്യിൽ ഇനിയൊരു വിള്ളലും
കാക്കുവാൻ ഞാനുണ്ട്, ഞങ്ങളുണ്ട്.

Share :