Archives / March 2019

രാജു കാഞ്ഞിരങ്ങാട്
അവസാനത്തെ ഒരിറ്റ്

ഒരു കൂവലിന്നെവിടെയുമില്ല
കുടം നിറയ്ക്കുവാൻ.
വെള്ളരിവള്ളി കാണാനേയില്ല
കുളിരും പുലർവേളയിൽ
കുടവുമായെത്തും കന്യമാരുടെ
കളി ചിരിയില്ല
പടവലത്തിൻ പിരിവള്ളികളില്ല
നാട്ടുപച്ചയില്ല
വയലുതാനേയില്ല.
വെയ്ലു തിന്ന നെഞ്ചിൽ
വേരുപറിയും വേദന മാത്രം
നടുവൊടിഞ്ഞു കിടക്കുന്ന നദി
നെടുവീർപ്പിട്ടു കാലം കഴിക്കുന്നു
മൂങ്ങാംകുഴിയിട്ടൊരു നീർക്കിളി
ചെകിളപ്പൂക്കളിളക്കുന്ന
മീനിനെ സ്വപ്നം കാണുന്നു
കുന്നിന്റെ കണ്ണീർച്ചാലുകളിൽ
കുരുത്തു വന്ന കൗമാര പ്രണയങ്ങൾ
കാണാക്കരകളിൽ ചേക്കേറിയിരിക്കുന്നു
കുന്നിൻ മുകളിലെ കുയിൽ കൂട്ടിലും
മയിൽ മയിലെണ്ണയായിപട്ടണത്തിലും
കുന്ന് കുന്നിറങ്ങി പോയിട്ട് കാലം കുറേയായി
പച്ചമണങ്ങളും, ഓളപ്പെരുക്കവുമില്ല
എങ്ങും ചോരയുടെ ഗന്ധം, മരണത്തിന്റെ
മണം
എവിടെ ഒരു തുള്ളി ജലം
അവസാനത്തെ ഒരിറ്റ്

കുറിപ്പ്:
കൂവൽ - പച്ചക്കറികൾക്ക് വെള്ളം നനയ്ക്കുന്നതി
വയലിൽ കഴിക്കുന്ന ചെറുകുളം

Share :