Archives / February 2019

മായാ ബാലകൃഷ്ണൻ 
മോഹനം! സമ്മോഹനം!

സാഗരസീമകൾക്കുമപ്പുറം പുറ്റുപോൽ

മാമലക്കൂട്ടം പോലൊട്ടി നിൽക്കുന്നു

ദ്വീപസമൂഹങ്ങളാം വെൺതുരുത്തുകൾ !

പവിഴലോകം മുങ്ങിത്തപ്പിയാൽ കാണുമോ

മത്സ്യകന്യകമാർ നട്ടുവളർത്തിയ പൂന്തോട്ടം?

വർണ്ണനികുഞ്ജങ്ങൾ ചാരുതയേകിയ 

കടലാഴങ്ങൾ തൻ ചിപ്പികൾ മുത്തുകൾ

മണിനക്ഷത്രക്കൂടുകൾ...! അതിലൊന്നിലാം

കുനുകുനേ വാസന്തനൃത്തംതുടിച്ച മധുഭ്രമരങ്ങൾ

ചുറ്റിനുംപരിരംഭണശീലുകൾ മൂളിയന്തപ്പുരംപൂകുന്നു 

ഒരുവട്ടം കടന്നാലതിനുള്ളിൽ ജീവിതാന്ത്യംവരെ

ആനന്ദോന്മാദ പുളകിതരായെന്നും മലർമെത്ത -

യായ് പ്രേമത്തിൻ, അനശ്വരഗേഹം പണിയുമവർ .

ഒരുമിച്ചുവാണൊരുമിച്ചു മരണം പൂകിയോർ 

ദേഹിവെടിഞ്ഞൊരു ദേഹം പോലവശേഷിപ്പിച്ചതോ

മൃദുമൃദുത്തൊരു സുന്ദരകവചമൊന്നുമാത്രം !

സ്നേഹത്തിൻ അനശ്വരസ്മൃതിയായ് ശേഖ -

രിച്ചീടുന്നവർ വർണ്ണമനോഹര പൂക്കുടകൾ ;

നവദമ്പതികൾക്കേകിടാനതിലേറെ നിത്യ -

സുരഭില സന്ദേശമായ് മറ്റെന്തുണ്ട് പാരിൽ ?

ജാപ്പനീസ് നാടിന്നാചാരമായ് വധൂവരന്മാർ-

ക്കേകീയവരാ സമ്മോഹന പൈതൃകപ്പെരുമ !

ലോകമിതിന്നേറ്റു കീർത്തിക്കുന്നു സ്നേഹത്തി - 

ന്നിഴപിരിയാ ബന്ധമായ് മംഗളമോതുവാനായ്

നമ്മളുമേകിടുന്നീ പുതുപുതു വർണ്ണപ്പൂക്കുടകൾ ! 

Share :