Archives / February 2019

സുരേഷ്‌ഗംഗാധരൻ
>ഓട്ടോക്കാരൻ.

വിലകൂടുമ്പോഴും
കുറയുമ്പോഴും
പിടലിക്കുതന്നേ പിടിക്കു
ഇരുപത്തഞ്ച് രൂപയ്ക്ക്
റോക്കറ്റിന്റെ വേഗതയില്ലെങ്കിൽ
തെറിപ്പാട്ടുകൊണ്ടഭിഷേകം തന്നെ
പകലടങ്ങിയാൽ
ബാറുകൾക്കുമുന്നിലാണവതാരം
പകൽമാന്യന്മാർക്കകമ്പടി
കൂലിയായ് പുളിച്ച ഭരണിപ്പാട്ടും
നല്ലപെടയും
പരിചയക്കാരന്റെ മുഖം
അകവാളുമിന്നിക്കും
ഇന്ന് പച്ചരിക്ക്
ഇരക്കാനണല്ലോ വിധി !
പേക്കിനാവുകളിൽ

നിറഞ്ഞുനിൽക്കുന്നത്
ഹർത്താലുകളാണ്
പ്രാദേശികനേതാവിന്റെ ചിരി
കാലിപ്പോക്കറ്റിനെ ഓർമ്മപ്പെടുത്തും
‘കാക്കി’കണ്ടാൽ
കലിയിളകുമെങ്കിലും
ഉള്ളിലൊതുക്കി
ഉള്ളതുകൊടുക്കും
അവളുടെ നെടുവീർപ്പുകൾ
പലപ്പോഴുമൊരശനിപാതത്തിന്റെ
അലകളുയർത്തി ഇരമ്പുന്നു;
കാത്തുകിടന്ന ടേണിൽ
ജീവിതത്തിന്റെ കിക്കറിടുമ്പോൾ
ലക്ഷ്യമെത്താൻ ഉള്ള് തുടിച്ചുനിൽക്കും
ഓരോ യാത്രക്കാരന്റെ
കണ്ണിലും ഗട്ടറില്ലാത്ത
റോഡുകൾ പ്രതീക്ഷിക്കുമെങ്കിലും
ജീവിതമെന്നും കുണ്ടും കുഴിയും
നിറഞ്ഞ പാതയിലാണ്.

Share :