Archives / February 2019

മുല്ലശ്ശേരി
വൃദ്ധൻ.. .....                ചുമലിൽ ഭാണ്ഡം നോവൽ

(ഒൻപത് )

      അവിടെ വെച്ച് ഫിലിപ്പുമായി അങ്ങനെയൊരു  കണ്ടുമുട്ടൽ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.ഫിലിപ്പ്
 ആ നഗരത്തിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .അവിടെ വലിയൊരു റബ്ബർ ഗോഡൗണിൽ അവൻ കണക്കെഴുതുന്നു. കുറച്ച് കാലമേ ആയിട്ടുള്ള അവനവിടെ എത്തിയിട്ടു. അതിനടുത്ത് തന്നെയാണ് അവന്റെ താമസവും.  ബാങ്ക് ടെസ്റ്റ് എഴുതിയിട്ടുണ്ടു. അടുത്ത് തന്നെ ശരിയാകുമെന്ന്  ഉറപ്പുള്ള രീതിയിലായിരുന്നു അവന്റെ സംസാരവും.  ഇത്രയും അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഊഴമെത്തി. ഞാൻ എന്ത് പറയാൻ? ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇത്രയും പറഞ്ഞു .ഞാനൊരു സുഹൃത്തിനോടൊപ്പം ഈ നഗരത്തിലുണ്ട്. പക്ഷേ കക്ഷി ഇപ്പോൾ യു.എസിലാണ്. അടുത്ത മാസം മിക്കവാറും വരുമെന്ന് കരുതുന്നു. പെട്ടെന്ന് ഞാൻ സംസാരം തന്നെ മാറ്റിക്കളഞ്ഞു . കോളേജിൽ നിന്നും പിരിഞ്ഞ ശേഷം ആദ്യമായാണ്. ഫിലിപ്പിനെ കാണുന്നത്. പിന്നെ കോളേജിലെ പഴയ നാളുകളെക്കുറിച്ചുള്ള സംസാരത്തിൽ എന്നെക്കുറിച്ചുള്ള വിഷയം തന്നെ ഞാൻ മാറ്റിക്കളഞ്ഞു.

       പഴയ സുഹൃത്തുക്കളെ കുറിച്ചുള്ള വിശേഷങ്ങൾ ഫിലിപ്പ് പറഞ്ഞു കൊണ്ടിരുന്നു. കൂട്ടത്തിൽ ഞാൻ ''മാഗ്''  നെ ക്കുറിച്ച് മാത്രം തിരക്കി. അതും സാധാരണ ഗതിയിലായി രുന്നു എന്റെ ആ ചോദ്യം പോലും. മഗിനെ കുറിച്ച് യാതൊന്നുമറിയില്ലെന്നു്  ഫിലിപ്പ് പറയുമ്പോൾ എനിക്ക് മാത്രം അറിയാവുന്ന ''മഗിന്റെ '' കഥകൾ ---ആരോടും പങ്ക് വെയ്ക്കാൻ ഞാൻ ആഗ്രഹിക്കാത്ത അവന്റെ കഥകൾ ഞാൻ ഓർത്തു.

        അടുത്ത ദിവസം തന്നെ അവന്റെ ജോലി സ്ഥലത്ത് എത്താമെന്ന ഉറപ്പിൻ മേൽ ഫിലിപ്പിൽ നിന്നും വിടുതൽ വാങ്ങി . വീണ്ടും ഞാൻ എന്റെ എകാന്തതയിലേക്കു് തന്നെ മടങ്ങിയെത്തി. ഒറ്റക്കാകുമ്പോൾ എന്റെ ചിന്തകൾ ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചാവും. എങ്കിൽ കൂട്ടത്തിലാവുമ്പോൾ അവരിലൂടെ രസിച്ച് മുന്നേറുവാൻ ആകുന്നുമില്ല. പകരം എന്നിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത  വലയത്തിലമരാനുള്ള വ്യഗ്രത എന്നിൽ ത്രസിച്ച് നില്ക്കുന്നത് ഞാൻ അറിയുകയും ചെയ്യും.  ഈയിടെ എന്നിൽ കടന്ന് വരുന്ന മാറ്റങ്ങൾ പലപ്പോഴും എനിക്ക് ഉൾകൊള്ളാൻ തന്നെ കഴിയാതെ വരുന്നുണ്ടു.

        ഫിലിപ്പിന്റെ വാക്കുകളിൽ തെളിഞ്ഞു വരുന്ന വികാരങ്ങൾ മുന്നോട്ടുള്ള അവന്റെ പോക്കിനെ കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത്.  ''അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനുള്ള എന്റെ ശ്രമങ്ങളാണ് ഒരു പക്ഷേ എന്നെ ഇവിടെ വരെ എത്തിച്ചതും ഇനി മുന്നോട്ട് നയിക്കുന്നതും .
ഈ ഗോഡൗണിലെ കണക്കെഴുത്ത് എനിക്ക് വേണമെങ്കിൽ ഒഴുവാക്കാമായിരുന്നു .പക്ഷേ നിമിഷങ്ങൾ പോലും പാഴാക്കാനില്ല എനിക്ക് , എന്ന ബോധമാണ് ഇവിടെ ഞാൻ തുടരുന്നത്.  ജോലിക്ക് വന്ന് മൂന്നാമത്തെ ദിവസം തന്നെ ,മുതലാളിക്ക് പതിവായി നഷ്ടം വന്നിരുന്ന രൂപ ഞാൻ കണക്കിൽ കണ്ടു പിടിച്ചു മുതലാളിയെ തന്നെ ബോദ്ധ്യപ്പെടുത്തി. അതോടെ അയാൾക്ക് എനിൽ വിശ്വാസം കുടുകയാണണ്ടായത്.. ''

         ഫിലിപ്പിനെ കണ്ട ശേഷമാണ് എനിക്കും ഒരു ജോലി വേണമെന്ന് തോന്നി തുടങ്ങിയത്. അടുത്ത ദിവസം ഫിലിപ്പിനെ കാണാൻ പോകുമ്പോൾ ഇക്കാര്യം പറയണമെന്ന് ഞാൻ കരുതി വെയ്ക്കുകയും ചെയ്തു.

        എന്റെ ചിന്ത ''മഗ്'' (Mug) ലേക്ക് വന്നു. അവൻ ഇപ്പോൾ എവിടെയായിരിക്കും. ? ഒരിക്കലും മറക്കാൻ കഴിയാത്ത കുറേ ചിത്രങ്ങൾ അവൻ എന്റെ മനസിൽ വരച്ചിട്ട് എങ്ങോട്ടോ പോയി.

        കോളേജ് ഹോസ്റ്റലിൽ എല്ലാപേർക്കും അവനെ ഇഷ്ടമാണ് . നല്ല രസകരമായിട്ടാണ് ഏത് കാര്യവും അവൻ അവതരിപ്പിക്കുന്നത്. ,അവന്റെതായ ഒരു ശൈലി തന്നെയുണ്ട്.  ഒരിക്കലും ആരേയും മുഷിപ്പിക്കില്ല.-- ഓരോ ദിവസവും പുതിയതൊന്ന് വീതം  ശരിക്കും അവന്റെ വകയായി തന്നെ പുറത്തെടുക്കും. ഒരു ദിവസം പറയുന്നത് പിന്നീട് അവൻ പറയില്ല. എന്നും പുതുമ വേണം. അതും അവന് നിർബന്ധമാണ്. ഹോസ്റ്റലിൽ മുമ്പുണ്ടായിരുന്ന സീനിയേഴ്സിൽ ആരൊ ആണ് അവന് ''മഗ്' '' എന്ന് പേര് കൊടുത്തത്. ആ  പേര് പെട്ടെന്ന് ''ക്ലിക്ക് '' ആയി. അതിൽ അവന് യാതൊരു പരാതിയുമില്ല. അതിനെ കുറിച്ച് അവന്റെ ഭാഷ തന്നെ ഇങ്ങനെയാണ്  - ''വലിയ മനസ്സുള്ളവർക്ക് മാത്രമേ കീടങ്ങളുടെ  വായ്ത്താരി ആസ്വദിയ്ക്കാനാവൂ.'

(തുടരും

Share :