Archives / February 2019

അസീം പള്ളിവിള
ഊളന്റെ നിറമുള്ള പട്ടികൾ

നീ എന്റെ കണ്ണിലേക്കു നോക്കൂ 

ഞാൻ നിന്നിലേക്ക്‌ വരും ......

ഞാൻ നിന്റെ നായയെ നോക്കട്ടെ 

അവൻ എന്നെ നിന്നിലേക്കെത്തിക്കും.... 

പട്ടികളും,മനുഷ്യരും  കാണുന്നത് ഒരു പോലെയാണ്.നേരായാലും നെറിയായാലും കണ്ണ് തുറന്ന് കാണും.പ്രതികരിക്കും. നിരത്തിലും തെരുവിലും വായും നോക്കി നടക്കും.  ഇരു വർഗ്ഗങ്ങളുടെയും നോട്ടത്തിലുടെ ഉണ്ടാകുന്ന രാസപ്രവർത്തനത്തിലൂടെ ഓക്സിടോക്സിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുകയും കാര്യങ്ങൾ ഒരു പോലെ ഗ്രഹിക്കാനുമാകുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

 നാൽപ്പതിനായിരം കൊല്ലങ്ങൾക്ക് മുമ്പേ തുടങ്ങിയ പട്ടിയും മനുഷ്യരും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തിന്റെ കഥകളാണ് സ്‌മോകി എന്ന യോറോപ്യൻ വംശജനായ നായ നഗരസഭയുടെ അടച്ച് മുടിയ വണ്ടിയിൽ ബന്ധിതതായപ്പോൾ ഓർമിക്കാൻ ശ്രമിച്ചത്.

ട്രക്കിന്റെ പുറക് വശത്തെ വാതിൽ ജയിലിന്റെ കവാടം  പോലെ ഉച്ചത്തിൽ തുറക്കപ്പെട്ടു. ഊർജ്വസ്വലത ഊറ്റിയെടുത്ത ചാവാലി നായ്ക്കൾ  ട്രക്കിൽ നിന്ന് ചാടാൻ ഭയന്നു. ഇരുട്ടിൽ ഒരു പറ്റം നായകളുടെ   കണ്ണുകൾ അക്കരക്കുന്നിലെ ആദിവാസികളുടെ കാവിൽ മുനിഞ്ഞ് കത്തുന്ന കൽ വിളക്കിന്റെ  എതിർ വെട്ടത്തിൽ പ്രകാശ പൂരിതമായി. മിന്നാമിനുങ്ങുകളുടെ  പച്ചവെളിച്ചം. ദിക്കറിയാതെ കാട്ടിൽ അകപ്പെട്ട പട്ടികൾ കനത്ത മഞ്ഞ് വീഴ്ച്ചയിൽ കിടന്ന് വിശന്ന് വിറച്ചു. കാട്ടിൽ തങ്ങളുടെ പൂർവ്വ ജാതിയിൽപെട്ട ഊളന്മാരുടെ കൂവൽ കേട്ട് മണം പിടിച്ച് നടന്നു. എപ്പോഴോ ആരാരുമില്ലാത്ത ഒരു പറ്റം പട്ടികൾ തപ്പി തടഞ്ഞ്  ഒരു പാറയിടുക്കിൽ അഭായാർത്ഥികളെപ്പോലെ ഒരുമിക്കുകയായിരുന്നു. 

കാടിന്റെ യജമാനൻ ഗുഹയ്ക്കുള്ളിൽ നിന്നും പാറപ്പുറത്ത് കയറിയിരുന്നു. വെയിലിന്റെ വെട്ടം വൻ മരുതിയുടെ  ഇലകൾക്കിടയിലെ ഓട്ടയിലൂടെ ചരിഞ്ഞിറങ്ങി വന്ന് സിംഹത്തിന്റെ പുരുഷന്റെ ഗാംഭീര്യമുള്ള ചെമ്പൻതാടിയിൽ വീണ് സ്വർണ്ണം പോലെ തിളങ്ങി. സിംഹ രാജന്റെ ബലിഷ്ടമായ ഉടൽ കണ്ട്  പട്ടികൂട്ടങ്ങൾക്കിടയിൽ ഏറ്റവും സൗന്ദര്യം തുളുമ്പുന്ന സ്മോഗിയുടെ  മുലകൾ ത്രസിക്കാൻ തുടങ്ങി.അവൾ നാണത്തോടെ തന്റെ  വന്ധ്യങ്കരിക്കപ്പെടാത്തതും എന്നാൽ കാത്തുസൂക്ഷിക്കപ്പെട്ടതുമായ നാണത്തെ ജഡ പിടിച്ചവാലുകൾ കൊണ്ട് മറച്ചു.

തൽക്കാലം വിശപ്പടക്കാൻ വേട്ടയാടി ബാക്കി വച്ചിരുന്ന പന്നിയുടെ മാംസങ്ങൾ മന്ത്രി ചെമ്പനൂളൻ  എടുത്തിട്ടു കൊടുത്തു.ടിൻ ഫുട്ട് പെടിഗ്രി അല്ലാത്ത സ്വാദുള്ള ഭക്ഷണം സ്മോഗി ആദ്യമായാണ് ആർത്തിയോടെ  രുചിച്ചത്.

പട്ടികളുടെ വിശേഷങ്ങൾ മൃഗരാജനെ ബോധിപ്പിക്കവെ ആശ്ചര്യപ്പെടുത്തുന്ന വീരസാഹസിക കഥകൾ കേട്ട് രാജാവും മന്ത്രിമാരായ ഊളന്മാരും ഉൽസാഹ പ്രിയരായി.

കണ്ടാൽ കുള്ളനും എല്ലുന്തിയവനുമായ കറുപ്പിൽ വെളുത്ത പുളളികളുള്ള നാടൻ നായയുടെ കഥ മികവുറ്റത് തന്നെ.

ഊളൻ മന്ത്രി അവനെ പുള്ളികുത്തൻ എന്നാണ് വിളിച്ചത്.

 " പുള്ളികുത്താ 'നിന്റെ വീരകൃത്യം എന്തായിരുന്നു. ?രാജവിനോട് വിശദീകരിച്ചാലും "

പുള്ളിക്കുത്തൻ വാലാട്ടി മുന്നോട്ട് വന്നു .ഇരു കൈകളും കൂട്ടി പിടിച്ച് വണങ്ങി.മൂലം തറയിലൂന്നിയിരുന്ന്  അനുഭവo പറയാൻ തുടങ്ങി.

"രാജാവേ ,ഞാൻ രാജു. എന്നെ എന്റെ വളർത്തമ്മ സരള ചന്തയിലെ ചവറ് കൂനയിൽ നിന്ന് എടുത്ത് വളർത്തിയതാണ്. സരളമ്മയ്ക്ക് മക്കളില്ലായിരുന്നു. പെറാത്തോണ്ട് ചെല്ലപ്പനും നാടുവിട്ട് പോയി. സരളമ്മയ്ക്ക് കണ്ണെഴുതാനും പൊട്ട് തൊടാനും ഒക്കത്ത് കിടത്തി ഉറക്കാനും ഭയമില്ലാതെ ഉറങ്ങാനും രാജുവെന്ന ഞാൻ മാത്രമായിരുന്നു. സരളമ്മയ്ക്കും എനിക്കും തിന്നാൻ ഒരു പാത്രമേ ഉണ്ടായിരുന്നുള്ളു. കിടക്കാൻ ഒരു പരമ്പും. 

ഒരിക്കൽ അയൽവക്കത്തെ കബീർ ഹാ ജിയാർക്ക് റബ്ബറിന് വളമിടാൻ പോയി. മഴ ചാറി. പുകപ്പുരയിൽ വച്ച് സരളമ്മയെ ഹാജിയാർ കെട്ടിപ്പിടിച്ചു. ഹാജിയാരുടെ കൈകളിൽ കിടന്ന് സരളമ്മ പിടഞ്ഞു. റബ്ബർ ചോട്ടിൽ കിടന്ന ഞാനത് കണ്ട് ഭയന്നു. ഞാനയാളുടെ വൃക്ഷ്ണങ്ങൾ കടിച്ചെടുത്തു . ഹാജിയാർ ചോര വാർന്ന് മരിച്ചു.പട്ടി തൊട്ട മയ്യത്തിനെ ഏഴു വെള്ളത്തിൽ കുളിപ്പിച്ചടക്കി. ഭയന്നു വിറച്ച സരളമ്മ എന്നെ തെറി വിളിച്ച് പ്രാകിയിട്ട്  സാരി തലപ്പിൽ തൂങ്ങി . പോലീസ് വരും മുൻപ് ഗ്രാമം കടന്ന് ഞാൻ നഗരത്തിലെത്തി. ഒരു പാട് വിശന്നലഞ്ഞു. കവലയിൽ ആട്ടും തുപ്പും കൊണ്ട് തളർന്നു. ഈ കാട്ടിൽ ശിഷ്ടകാലം സ്വൈര്യമായി ജീവിക്കാൻ  അഭയം നൽകിയാലും."

രാജാവിന് സങ്കടം വന്നു. പാരിതോഷികമായി ഒരു മാൻ കുഞ്ഞിനെ വേട്ടയാടി കൊണ്ട് വന്ന് യഥേഷ്ടം ഭക്ഷിച്ചു കൊള്ളാൻ രാജാവ് പുള്ളിക്കുത്തൻ എന്ന രാജു പട്ടിയോട് ആജ്ഞാപിച്ചു.ഒപ്പം തന്റെ അനുവാദമില്ലാതെ കാട് വിട്ട് പുറത്തു പോവരുതെന്നും കൽപ്പിച്ചു.

ഉച്ചമങ്ങി.

സുഖമായി ഭക്ഷിച്ച് ഉറങ്ങി ക്ഷീണം മാറ്റി വരാൻ കൽപ്പിച്ച് രാജാവ് പാറപ്പുറത്ത് നിന്നും ഇറങ്ങി  ഗുഹയിലേക്ക് പോയി.

നേരം ഇരുട്ടി. ഊളൻ മന്ത്രി സുന്ദരിയായ സ്മോഗിയെ രാജാവ് പള്ളി വീട്ടിലേക്ക് ക്ഷണിച്ചതായി അറിയിച്ചു.

അനുസരണയോടെ സ്മോഗി അനുഗമിച്ചു.

മൃഗരാജൻ പറഞ്ഞു.

"അല്ലയോ നായകളിൽ അതീവ സുന്ദരി. നീ മധുരമായി പാടുമെന്ന് നാം അറിയുന്നു. നാം  ഇച്ഛിക്കുന്നു ആ നിമിഷത്തിനായ്."

സ്മോഗി നാണത്തോടെ നിന്നു.

"ലജ്ജയുണ്ടല്ലേ "

" ദൃഢഗാത്രനും, പൗരുഷപ്രഭുവുമായ അങ്ങയുടെ മുൻപിൽ ആർക്കാണ്  ലജ്ജിക്കാതിരിക്കാനാകുന്നത് മഹാരാജൻ? "

രാജാവ് ഒന്നു ഞെളിഞ്ഞമർന്നു .

" മൃഗരാജൻ അങ്ങയ്ക്ക് ഇഷ്ടമാണെങ്കിൽ ഷെഹറസേദ് സുന്ദരി ഷെഹരിയാർ സുൽത്താന് പറഞ്ഞു കൊടുത്ത ആയിരത്തൊന്ന് രാവുകളിലെ തീരാക്കഥൾ പോലെ ഞാൻ വർണ്ണശബളമായ കഥകൾ പറഞ്ഞു തരാം"

"ആയിക്കോട്ടെ സുന്ദരീ ,നിന്റെ മധുര നാദത്തിൽ ഞാനത് കേട്ട് മതി മറന്നോളാം .എന്റെ അരികിൽ ചേർന്നിരുന്ന് പറഞ്ഞാലും "

'"പണ്ട് പണ്ട് നാൽപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് സൈബീരിയയിലെ മഞ്ഞ് വീഴുന്ന രാവിലാണ് കാട്ടിൽ വസിച്ചിരുന്ന പൂർവ്വപിതാക്കന്മാരെ മനുഷ്യർ ചുട്ടെടുത്ത ഭക്ഷണം കൊടുത്ത് അനുനയിപ്പിച്ചെടുത്തത്. പണ്ട് മുതലേ വരാൻ പോകുന്ന ദുരന്തങ്ങളെ ദൈവം ഞങ്ങൾക്കറിയിച്ച് തരും. പ്രവാചകന്മാരോടൊപ്പം ആടുകളെ മേയ്ക്കാനും ദുരന്തങ്ങൾ  മണത്തറിയാനും ഞങ്ങൾക്കുള്ള അമാനുഷിക സിദ്ധി മനസിലാക്കി അവർ ഞങ്ങളെ വാത്സല്യത്തോടെ ഒപ്പം കൂട്ടി."

മൃഗരാജൻ കഥയിൽ ലയിച്ചിരുന്നു. നാക്കു കൊണ്ട് സ്മോഗിയുടെ കഴുത്തിൽ നക്കുകയും സുഗന്ധം മുക്കിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു. 

കഥ പറച്ചിൽ തുടരവേ നാക്ക് കൊണ്ട് മൃഗരാജന്റെ നെറ്റിയുടെ മേൽ സ്മോഗി ഒന്ന് മെല്ലെ നക്കി. മൃഗരാജൻ കൂർക്കം വലിച്ചുറ ങ്ങാൻ തുടങ്ങിയപ്പോൾ നേരം പരപരാ വെളുത്ത് വന്നു.

സ്മോഗി ഒരൽപ്പം ചൂടുള്ള മണൽതിട്ടയിൽ കയറി ഉറങ്ങാൻ കിടന്നു.

ഉച്ചകഴിഞ്ഞ് അനുഭവം പറയാൻ വിളിച്ചത് രാജപാളയം ഇനത്തിൽ പെട്ട കൈസർ പട്ടിയെയായിരുന്നു.മൃഗരാജനെ താണു വണങ്ങിയ ശേഷം കൈസർ പറയാൻ തുടങ്ങി. 

" മുവായിരം  രുപയ്ക്കാണ് ഇസ്മായിൽ സേട്ട് എന്നെ രാജപാളയത്ത് നിന്നും വാങ്ങിയത്. 

ഹറാമെന്ന് പറഞ്ഞ് എന്നെ സേട്ട് തൊടുകയോ തലോടുകയോ സ്വീകരണമുറിയിൽ കയറ്റുകയോ ചെയ്തിട്ടില്ല. ഡ്രൈവർ ബാബുവായിരുന്നു എന്നെ ഊട്ടിയതും കുളിപ്പിച്ചതും തൂറിപ്പിച്ചതും.

സേട്ടിന്റെ കശുവണ്ടി പുര സൂക്ഷിപ്പായിരുന്നു ജോലി. ചന്തയിൽ നിന്നും വാങ്ങി മഞ്ഞതൂറ്റി ഉപ്പിട്ട് അവിച്ച് തരുന്ന വില കുറഞ്ഞ കൊത്തെറച്ചിയും റേഷനരിയും തിന്ന് മടുത്ത ജീവിതം .ഒരിക്കൽ പോലും എന്റെ ആണത്വം തെളിയിക്കാൻ സേട്ട് അവസരം തന്നില്ല. അനക്കം കേൾക്കുന്ന ഭാഗം നോക്കി കുരച്ച് കുരച്ച് എന്റെ ശബ്ദം അടഞ്ഞു .സുബഹി നമസ്ക്കാരത്തിന് ബാങ്ക് വിളി കേട്ടാലും പുതച്ച് മൂടി ഉറങ്ങുന്ന അയാളെ ഞാൻ കൃത്യമായി കുരച്ചുണർത്തിയിരുന്നു.എന്റെ കുരയ്ക്ക് പ്രകമ്പനം കുറവായി വന്നതിനാൽ അയാൾ എന്നെ ഇറക്കിവിടാൻ ബാബുവിനോട് പറഞ്ഞു. തെരുവിലിറങ്ങിയപ്പോൾ ഒരു പെൺപട്ടികളും എന്നെ സ്വീകരിച്ചില്ല. നരവീണ ജന്മം. ക്രോണിക്ക് ബാച്ചിലർ എന്നൊക്കെ പറയാം മഹാരാജാവേ. ആർക്ക് വേണ്ടിയായിരുന്നു ഞാൻ ഇത്ര കാലം കുരച്ചത്?ഉത്തരമില്ലല്ലോ!. "

കൈസറിന്റെ കണ്ണു നിറഞ്ഞു .കൈസർ വാവിട്ട് കരഞ്ഞു. സങ്കടം കേട്ടവർ ഒപ്പം കരഞ്ഞു .അന്ന് രാജാവ് പതിവിലും നേരത്തേ കരഞ്ഞ് കരഞ്ഞ് തളർന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്കെപ്പോഴോ സ്മോഗി പട്ടിയുടെ മണം മൂക്കിൽ വലിച്ചു കേറ്റിയ രാജാവ് നിദ്ര വിട്ടുണർന്നു. മെല്ലെ ഊളൻ മന്ത്രിയെ അറിയിക്കാതെ നടന്ന് സ്മോഗിയുടെ അടുത്ത് ചെന്ന് കഴുത്തിൽ നാവുരച്ചു. സ്മോ ഗി ഉണർന്ന് ആഗ്രഹം മുറ്റി നിൽക്കുന്ന മൃഗരാജാവിന്റെ മുഖത്തോട് മുഖം ചേർത്തിട്ട് അവൾ മെല്ലെ പറഞ്ഞു.

 

" പ്രാണാനാഥാ അങ്ങയ്ക്ക് കേൾക്കാൻ ഇഷ്ടമാണെങ്കിൽ മഞ്ഞ് പൊഴിയുന്ന ഈ നിലാവെട്ടത്തിൽ  ആകാശവും കടന്ന് സ്പെയ്സിൽ പോയ  ഞങ്ങളുടെ വംശത്തിലെ സുന്ദരിയായ ബഹിരാകാശ സഞ്ചാരി അലൈഖയുടെ കഥ പറഞ്ഞു തരാം .

മൃഗരാജൻ ചെവി കൂർപ്പിച്ച് വെച്ച്  കണ്ണടച്ച് കഥ കേൾക്കാനായി കിടന്നു.

 

"മോസ്കോ തെരുവിൽ ജീവിച്ച ഒരു തെരുവ് പട്ടിയായിരുന്നു അലൈഖ. പ്രാചീന കാലം മുതൽ മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതികളായിരുന്നു പട്ടികൾ .വേട്ടയ്ക്കും, വിരുന്നുകാരന്റെ മുമ്പിലും, ജീവിതത്തോടൊപ്പം പൊരുതാനും പ്രതിരോധിക്കാനും, മാറ്റി നിർത്താൻ പറ്റാത്ത ഇടം പട്ടികൾക്കുണ്ടായിരുന്നു.

മോസ്കോവിലെ തെരുവിൽ നിന്നെടുത്ത മൂന്ന് പട്ടികളെ സോവിയറ്റ് സേന ബഹിരാകാശ യാത്രയ്ക്ക് പരിശീലിപ്പിച്ചെങ്കിലും യോഗ്യത നേടിയത് അലൈഖയായിരുന്നു മഹാരാജൻ. സ്പുട്നിക് 2ൽ അലൈഖയെ കയറ്റി ഇരുത്തി ശാസ്ത്രജന്മാർ മുത്തം കൊടുത്ത് മുതുകിൽ തട്ടി യാത്ര പറഞ്ഞു വിട്ടു " .

 

മൃഗരാജന്റെ കൂർക്കം വലി കേട്ട് സമോഗി കഥ നിർത്തി രാജാവിന്റെ തല മടിയിൽ നിന്ന് മെല്ലെ മാറ്റി. 

വ്യക്തമാകാത്ത ഭാഷയിൽ രാജാവ് പറഞ്ഞു 

"സ്മോഗീ പ്രിയപ്പെട്ടവളേ കഥ തുടർന്നാലും "...

"ജീവനിൽ പേടിയുള്ള ശാസ്ത്രഞൻമാരെ അമ്പരപ്പിച്ച് ആറ് ദിവസം കഴിഞ്ഞ് ഏഴാം നാൾ സ്പെയിസിൽ എത്താതെ അതികഠിനമായ ചൂടേറ്റ് ശ്വാസം മുട്ടി മരിച്ച ആദ്യത്തെ വീര നായ ഞങ്ങളുടെ അഭിമാനമല്ലേ സാർ?., സോറി ., മഹാ രാജൻ "

പുലർന്നമ്പോൾ  രാജാവ് പാറ പുറത്ത് കൂർക്കും വലിച്ചുറങ്ങുന്നത് പട്ടി കൂട്ടങ്ങൾ കണ്ടു.

ഒരു കാട്ടുപോത്തിനെയാണ് അന്നത്തെ അന്നത്തിനായി അവർ ചൂണ്ടിയത്. ഊളന്മാരെ പോലെ വാലുള്ള കാട്ടുനായകളായിരുന്നു വേട്ടയ്ക്ക് മുൻപിൽ. ഊളന്മാർ ഓരിയിടുമ്പോൾ കാട്ടുനായകൾ ഒറ്റ ക്കുര കൊണ്ട് കാട് വിറപ്പിച്ചു.

വരാനിരിക്കുന്ന ഉരുൾപൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യന്റെ കടന്നാക്രമണങ്ങളുടെ പ്രത്യാഘാതമാണെന്ന്  പട്ടികൾ രാജാവിനെ ഓർമിപ്പിച്ചു. പിന്നിൽ നിന്ന് കുത്തുന്നവനെയും നുണ പറയുന്നവനെയും ,കൂട്ടികൊടുപ്പ്കാരനേയും പ്രളയത്തിൽ മുക്കി കൊല്ലുക തന്നെ ചെയ്യുമെന്ന് ദൈവം പട്ടികളോട്' ദൂത് നൽകിയതായി  അറിയിച്ചു. God മുന്നറിയിപ്പ്  കൈമാറുമ്പോഴാണ് Dog കളായ ഞങ്ങൾ ഓരിയിട്ട് നാടറിയിക്കുന്നതെന്നും എന്നാൽ ചിന്താശേഷിയില്ലാത്ത സമൂഹം ആ നേരം ഞങ്ങളെ കല്ലെറിഞ്ഞ് പായിക്കുകയാണെന്നും ഉണർത്തി. മുന്നറിയിപ്പ് നൽകിയവരുടെ ചെകിട്ടിലടിച്ചും ,കുരിശിലേറ്റിയും, കഴുത്തിൽ കുടൽമാല തൂക്കിയും ആഘോഷിക്കുന്നവർ അനേകം വിഭാഗങ്ങളായി തമ്മിലടി ക്കുകയല്ലേ എന്ന് ചോദിച്ചത് 'മില്ല 'എന്ന് പേരുള്ള ലാബർഡോർ ഇനത്തിൽ പെട്ട പട്ടിയായിരുന്നു.

ഏട്ടാം നാൾ  അനുഭവം പങ്കിട്ട  'ഷെർളി' എന്ന നായ പറഞ്ഞ ജീവിത കുറിപ്പിങ്ങനെ.,

"പ്രഭോ. ജെർമൻ ഷെപ്പോർട് വിഭാഗത്തിൽ പെട്ട എന്നെ 4000 രൂപയ്ക്ക് വാങ്ങിയ ജോർജ് അച്ചായൻ എനിക്ക് മുന്തിയ പാൽപ്പൊടിയും, പെടിഗ്രിയും ടോണിക്കുകളും തന്ന് വളർത്തി. ഞാൻ വയസ്സറിയിച്ചോ എന്നറിയാനായിരുന്നു അയാൾക്ക് വെമ്പൽ. എന്റെ മുഖത്ത് വയ്യായ്ക അനുഭവപ്പെട്ടാൽ സംശയം തോന്നുന്ന അച്ചായൻ എന്റെ വാലു പൊക്കി ആർത്തിയോടെ നോക്കും. ഒരിക്കൽ ഒരു ഉച്ചനേരത്ത് വല്ലാതെ അടിവയറ് വേദനിക്കാൻ തുടങ്ങി. കൊഴുപ്പും രക്തവും ചേർന്ന ഒരു ദ്രാവകം എന്റെ യോനിയിലൂടെ ഞാനറിയാതെ ഒഴുകി. അതു കണ്ട് തുള്ളിച്ചാടിയ അച്ചായൻ എന്നെ കെട്ടിപ്പിടിച്ച് മുത്തുകയും രണ്ട് പെഗ്ഗ് കൂടുതലടിച്ച് തുള്ളിച്ചാടി മേരി അച്ചായത്തിയോട് ഇവളിനി പെറ്റ് കൂട്ടി എനിക്ക് പണം ഉണ്ടാക്കി തരുമെടീ എന്നും പറഞ്ഞു. "

പിറ്റേന്ന് പകലിൽ ശരീരമാസകലം വേദനയുള്ള നേരത്ത്  ഭോഗിക്കാൻ മാത്രം തിന്ന് കുടിച്ച് കിടക്കുന്ന കൂറ്റൻ ആൺ പട്ടി എന്റെ പെണ്ണുടലിനെ ആദ്യമായി മണപ്പിച്ചു. എന്റെ വാലിന്റെ ഭാഗം അവൻ നാക്ക് കൊണ്ടു രസി എന്നെ ഉണർത്തി. എന്റെ മുതുകിലേക്ക് അവൻ കൈകൾ ഉയർത്തി വച്ചു. ജോർജ് അച്ചായന്റെ സഹായത്തോടെ ചൂടുള്ള ഒരു അവയവം വെടിയുണ്ട പോലെ എന്നിലേക്ക് തുളച്ചു കയറി. അവന്റെ കരവലയത്തിൽ കിടന്ന് ഞാൻ പൊളളി.കണ്ണു നനഞ്ഞു. വേദനയുടെ ഒരശരീരി എന്നിൽ നിന്നടർന്നു വീണു. എപ്പഴോ ഇറുകി. ഞങ്ങൾ രണ്ട് ദിശയിലേക്ക് ഒട്ടിനിന്ന് ദാഹിച്ച് 

നാവു നീട്ടി. തുറന്ന് വച്ച വായിൽ നിന്നും തുപ്പൽ ഒഴുകി. അച്ചായൻ ആനന്തത്തോടെ അത് നോക്കുകയും ഇടക്കിടക്ക് അച്ചായത്തിയോട്

 "കണ്ടോ കണ്ടോ " എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.

ആദ്യ തവണ എട്ട് മക്കളെ പെറ്റു.അങ്ങനെ പത്തുവട്ടംപെറ്റു. ഒരു മക്കളെയും താലോലിക്കാനോ പിന്നീട് നേരിൽ കാണാനോ കഴിഞ്ഞിട്ടില്ല.8000 രൂപ വീതം വിറ്റുപോയ എന്റെ സന്തതിപരമ്പരകളെ അന്വേഷിച്ച് ഇനി പെറാൻ അവൾക്ക് ശേഷിയില്ലെന്ന് മൃഗഡോക്ടർ എന്റെ മുഖത്ത് നോക്കി വിധിയെഴുതിയ ദിവസം ' ഞാൻ മതിലു ചാടി. എന്റെ മക്കൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ തലമുറകളില്ലാതെ അസ്ഥമിച്ചുപോകുമോ പ്രഭോ?."

ഷെർളി പൊട്ടിക്കരഞ്ഞു.

മിന്നാമിനുങ്ങുകൾ കാടിളക്കി .

മേഘങ്ങൾക്കിടയിൽ നിന്ന് ഒരു മിന്നലുണ്ടാവുകയും തട്ടിന്റെ മണ്ടയിൽ തേങ്ങ വാരി തട്ടും പൊലെ ശബ്ദം ഉണ്ടാകുകയും ചെയ്തു.

ഒൻപതാം നാൾ സ്മോഗി പറഞ്ഞത് യജമാനനായ ഹിടേസ്ബറോയ്നോ എന്ന ടോക്കിയോ യൂണിവേഴ്സിറ്റി പ്രഫസറുടെ നായയുടെ കഥയാണ്.

"എന്നും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയും കൃത്യ സമയത്ത് തിരികെ എത്തുമ്പോൾ യജമാനനെ കൂട്ടികൊണ്ട് വരികയും ചെയ്ത ഹാച്ചികോ നായ.ഒരിക്കൽ അപകടത്തിൽ പെട്ട പ്രൊഫസർ മടങ്ങിയെത്തിയില്ല. ഒൻപത് വർഷം കൃത്യമായി ട്രൈൻ വരുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ നായ യജമാനനെ കാത്തിരുന്നു. ഒരു ദിവസം നിരാശ ബാധിച്ച നായ അവശതയോടെ ജപ്പാനിലെ തെരുവിൽ മരിച്ചുവീണു. "

പത്താം നാളിലെ കഥയിൽ ഇന്ത്യയിലെ മികച്ച പുരസ്ക്കാരങ്ങൾ നേടിയ പോലീസ് നായ ബാബുവിന്റെ സംഭാവനകൾ അഭിമാനത്തോടെ പറഞ്ഞു.

പതിനാലാംനാൾ പറഞ്ഞത് ഡിഫ്തീരിയ ബാധിച്ച്,  അതിശൈത്യത്തിൽ വിസ്മൃതിയാലാണ്ടു പോയേക്കാവുന്ന ഒരു ജനതയെ തൊണ്ടയിൽ നിന്നും ഒരു ദ്രാവകം കൊടുത്ത് രക്ഷപ്പെടുത്തിയ ബാൽറ്റോ നായയെക്കുറിച്ചാണ്.

ഇരുപതാം നാൾ  അപ്പോളോ നായയെയും പിന്നീട് മില്ലയെയും ബെല്ലയേയും തുടങ്ങി വൈറ്റ് ഹൗസിലെ ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട 'ബോ' യെയും ,ക്ലിൻറന്റെ 'ബഡ്ഡി' യെയും ,രണ്ടാം ലോകമഹായുദ്ധത്തിൽ ചരിത്രം അടയാളപ്പെടുത്തിയ റിൻ ടിൻ ടിൻ, സിൻബാദ്, ലക്സ്, തുടങ്ങി  ജീവിച്ചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും പ്രശസ്തരായ നായകളെ കുറിച്ചുള്ള കഥകൾ കേട്ട് രാജാവ് അത്ഭുതം കൊണ്ടു. രാജാവ് പറഞ്ഞു.

"പട്ടിയായി ജീവിച്ചാൽ മതിയായിരുന്നു. എത്ര മഹത്തരവും, സ്നേഹവും, കരുതലും, ക്ഷമയും ,സാഹസികതയും, വീറും നിറഞ്ഞ കഥകളാണ് പട്ടി വർഗ്ഗത്തിന്. നിങ്ങളാണ് ഭൂമിയുടെ അവകാശികൾ.,

കാടിന്റെ റാണിയായി ഞാൻ സ്മോഗിയെ വാഴ്ത്തപ്പെടുന്നു "

സ്മോഗി പറഞ്ഞു.

" അരുത് രാജൻ, അവിവേകം കാണിക്കരുത്. സൗന്ദര്യം കണ്ട് തളർന്ന് പോയ ഭരണാധികാരികൾക്കേറ്റ കനത്ത തിരിച്ചടി അങ്ങയ്ക്കൊണ്ടാകരുത്. മാത്രമല്ല താണ ജാതിക്കാരായ എന്റെ നായ വർഗ്ഗത്തിനിടയിൽ അങ്ങയുടെ ഉയർന്ന രാജ സിംഹസാനം ചേർത്ത് വയ്ക്കുന്നത് അങ്ങയുടെ വർഗ്ഗത്തിനോട് കാട്ടുന്ന വഞ്ചനയുമാകും. സ്ഥാനമാനങ്ങളെക്കാൾ സ്വതന്ത്രരായി ജീവിക്കുന്നവർക്കാണ് തുറന്ന് പറയാനും അനീതിക്കെതിരേ പ്രതിരോധിക്കാനും കഴിയുക. ധിക്കാരമാണെങ്കിൽ അടിയന് പൊറുത്തു തന്നാലും പ്രഭോ ".

രാജാവ് അഭിമാനത്തോടെ സ്മോഗിയുടെ തോളിൽ തട്ടി .സദസ്സിനെ ഒന്ന് നോക്കി.

"എത്ര കുലീനത്തമുള്ള വാക്കുകൾ. നിങ്ങളെ പോലുള്ളവരാണ് നാട് ഭരിക്കേണ്ടത്. നാം എന്റെ ഊർജസ്വലനും ദൃഢഗാത്രനുമായ ഊളൻ മന്ത്രിയെ അടിച്ചമർത്തപ്പെട്ടു ജീവിച്ച സ്മോഗിക്ക് ഇന്നു മുതൽ രതി ലീല ക്രിയകൾ ചെയ്ത് കൊടുത്തു ആഗ്രഹങ്ങൾ പൂർത്തികരിച്ചു നൽകാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. മണിയറ ഒരുങ്ങട്ടെ "

"മഹാരാജൻ അങ്ങയുടെ നല്ല മനസ്സിന് നന്ദി.  വിധവകളാകാതെ വിധവകളായി കഴിയുന്ന അനേകം കൂട്ടിലടക്കപ്പെട്ട നായകൾക്ക് വേണ്ടി പൊരുതാനാണ് ഇനിയെന്റെ ജന്മം. മണിയറയൊന്നും വേണ്ട ആ വെള്ളച്ചാട്ടത്തിനരികിലെ പാറമടയിൽ ഞാനും മന്ത്രിയും ജീവിച്ച് രസിച്ചോളാം. ഒരു കാര്യം കൂടി പറയാതെ വയ്യ. ഈയുള്ളവൾ എങ്ങനെ ഇവിടെ എത്തിപ്പെട്ടതെന്നുള്ള കഥ .

സദസ്സ് നിശബ്ദമായി.

സ്മോഗി പറയാൻ തുടങ്ങി.

"ന്യൂ ജനിയ കാട്ടിൽ നിന്നും അമേരിക്കൻ പട്ടാളക്കാരൻ വിലയ്ക്ക് വാങ്ങി വളർത്തി രണ്ടാം ലോകമഹായുദ്ധകാലത്ത് കപ്പലിൽ തീ പടരുമെന്ന് മുന്നറിയിപ്പ് നൽകിയതിന് നന്ദി സൂചകമായി  ലേക്ക് വുഡിലെ ഒഹിയോയിൽ പ്രതിമ സ്ഥാപിച്ചിട്ടുള്ള 'സ്മോഗി 'എന്ന നായയുടെ പേരാണ് ബ്രിഗേഡിയർ യജമാനൻ എനിക്കിട്ടത്. 

ഞാനും അയാളും തമ്മിൽ അച്ഛനെയും മകളെയും പോലെയായിരുന്നു. കഴിഞ്ഞ ജൂൺ 3ന് കനത്ത മഴ കഴിഞ്ഞ് 

നേരം പരാ പരാ വെളുക്കുമ്പോഴായിരുന്നു കൃത്യം നടത്തിയത്. പതിവ് നടത്തത്തിനായി  അയാൾ ഇറങ്ങി.  അനുസരണയുള്ളവളാണെന്നറിഞ്ഞിട്ടും മറ്റുള്ളവരുടെ മുൻപിൽ  അയാളെന്റെ യജമാനനാണെന്ന് കാണിക്കാനുള്ള ദാർഷ്ട്ര്യ ത്തെയാണ് ഞാൻ ഉന്നം വച്ചത് മുന്തിയ ഇനം ചെമ്പ് ചങ്ങല  എന്റെ കഴുത്തിൽ ബന്ധിപ്പിക്കുമ്പോഴായിരുന്നു പരാക്രമം. ചങ്ങലയിലെ ക്ലാവ് പിടിച്ച മടുപ്പിക്കുന്ന ഗന്ധം എന്നെ അസ്വസ്ഥതപ്പെടുത്തി. 

മറ്റൊരു തൊഴിലുമില്ലാതെ ബാക്കി നാളുകൾ  ഇനി ആസ്വാദിക്കാമെന്ന് കരുതി ക്ലബ്ബിൽ അംഗത്വമെടുത്ത്  ജീവിതം ആഘോഷിക്കുന്ന റിട്ടേർട് കേണലിന്റെ വെളുപ്പാൻ കാലത്തേ  ഉദ്ധരിച്ചു നിൽക്കുന്ന ലൈംഗികാവയവത്തെ ആർത്തിയോടെ കടിച്ചെടുക്കുകയായിരുന്നു ഞാൻ.

അതു പറയുമ്പോൾ സ്മോഗിയുടെ പുറം പെരുത്തു . രോമങ്ങൾ എഴിച്ച് നിന്നു. മറ്റ് നായകൾ നാവ് പുറത്തേക്ക് തള്ളിയിട്ട് കിതച്ചു.

പാറയുടെ ഉച്ചിയിലിരുന്ന് സിംഹം കഥ കേട്ട് പേടിച്ചു..

" അല്ലയോ മൃഗരാജൻ ഞാനത് ചെയ്യില്ലായിരുന്നു. എനിക്കത് ചെയ്യേണ്ടി വന്നു. എന്റെ സ്ഥാനത്ത് അങ്ങായിരുന്നെങ്കിൽ കൃത്യം മറ്റൊന്നാകുമായിരുന്നു ഉറപ്പ്. "

പറയൂ സ്മോഗീ എന്താണത്ര വലിയ കുറ്റം ബ്രിഗേഡിയർ ചെയ്തത്. ?

"മൃഗരാജൻ ഞാൻ ലജ്ജിക്കുന്നു. എന്റെ യജമാനനെ കുറിച്ച് ഞാൻ പറയേണ്ടി വരുന്നതിൽ.

അയാളുടെ അൾഷിമേഴ്സ് ബാധിച്ചു കിടക്കുന്ന ഭാര്യാമാതാവിനെ (അമ്മായിയെ) മാഡം ക്ലബ്ബിൽ പോകുമ്പോൾ ബ്രിഗേഡിയർ ലൈംഗികമായി പലതവണ ഉപയോഗിക്കുമായിരുന്നു . അവരുടെ ചെവിയിൽ ഉറക്കെ പറഞ്ഞത് ഞാൻ നിന്റെ കാമുകനായിരുന്ന ജോർജ് ജോസഫ് ആണെന്ന കള്ളമാണ്. അപ്പോൾ വൃദ്ധ മാതാവിന്റെ മുഖം പ്രസന്നമാകുകയും കുഞ്ഞുങ്ങളെപ്പോലെ ലാളിത്യമായി ചിരിക്കുകയും ചെയ്യുമായിരുന്നു മഹാ രാജാവേ. എനിക്ക് അതു കണ്ടു സഹിക്കാക്കാനായില്ല. എത്ര വൈകൃതമായ സെക്സാണ്  അയാൾ ആ എൺപതു വയസ്സുകാരിയെ അടിച്ചേൽപ്പിച്ചിരുന്നത്. കാടൻ. മനുഷ്യ പറ്റില്ലാത്തവൻ.  അയാൾ എന്നെ വളർത്തിയത് അതിഥികൾക്ക് മുമ്പിൽ എന്നെയും എന്റെ ഇനത്തെയും വർഗ്ഗത്തേയും പുകഴ്ത്താനായിരുന്നു. പാസ്പോർട്ടും എനിക്ക് കിട്ടിയ ബഹുമതികളും കാണിച്ച് അയാൾ അഭിമാനം കൊള്ളും. പച്ച മലയാളത്തിൽ പറഞ്ഞാൽ അയാളെ പത്ത് പേരറിയാൻ വേണ്ടി വളർത്തിയെടുത്ത  ജീവനുള്ള യന്ത്രമായിരുന്നു ഞാൻ. എല്ലാം കൂടി കൂട്ടി വച്ച് പകൽ മാന്യനെ ഒടുവിൽ ഞാനങ്ങനെ ചെയ്തു."

" മിടുക്കി.സ്മോഗീ താങ്കൾ വനവാസം കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ച് പോകണം. കാടിനെ , പ്രകൃതിയെ ,സംസ്ക്കാരത്തെ, അടയാളങ്ങളെ ഒക്കെ നശിപ്പിക്കുന്ന തമ്മിലടിപ്പിക്കുന്ന, മതിലുകൾ കെട്ടി പൊക്കി പ്രളയമുണ്ടാക്കുന്ന വൃത്തികെട്ട മനുഷ്യവർഗ്ഗത്തെ തെരഞ്ഞു പിടിച്ച് കടിച്ച് കീറി ചുവരിലൊട്ടിക്കണം. "

ശരി ,മഹാരാജൻ .അപ്രകാരം അനുസരിച്ച് കൊള്ളാം"

നാളുകൾ ഏറെ നീളാതെ ആകാശം തെളിഞ്ഞു. സ്മോഗി കാടിറങ്ങിയപ്പോൾ 

കാടും മൃഗങ്ങളും കരഞ്ഞു.

പുഴ ഒഴുകും വഴികളിലൂടെ

നഗരത്തിലെത്തി .

റെയിൽവേ ട്രാക്കിൽ പെറ്റ സ്മോഗിയുടെ കുട്ടികൾക്ക് കാട്ടിലെ ഊളന്റെ നിറം. കൊഴുപ്പ് . ഇനി കുറേച്ചെ നഗരം കയ്യടക്കണം.

അതിജീവിക്കണം.

നഗരപ്രദക്ഷിണത്തിനിടയിൽ സ്മോഗിയും മക്കളും മനുഷ്യ നിർമ്മിതമായ ഒരു കുന്നു കണ്ടു. വെട്ടിയൊതുക്കിയ പച്ചപ്പ്. പാറിക്കളിക്കുന്ന ദേശീയ പതാകയുടെ ചരിവിൽ സ്മോഗി എല്ലാം മറന്ന് മൂടുന്നിയി രുന്നു. എന്നിട്ട് മുകളിലേക്ക് നോക്കി. അന്തം വിട്ടൊരു  ഓരിയിട്ടു . ആദ്യമായി നഗരം വിറപ്പിച്ച പരുക്കൻ ശബ്ദം ലക്ഷണമൊത്ത ഊളന്റെതു പോലെ പ്രകമ്പനം കൊണ്ടു. തുരുമ്പെടുത്ത ചങ്ങലകൾ പൊട്ടിച്ച് മതിലുകൾ ചാടി കടന്നെത്തിയ അനേകം നായകൾ അതേറ്റു വിളിച്ചു.

അതൊരു പുതിയ തുടക്കമായിരുന്നു!

Share :