Archives / February 2019

Prof, Susan Joseph Retired Principal, Mar Theophilus College Trivandrm
ഹൃദയസ്മൃതി

പത്തൊന്‍പതു വര്‍ഷത്തെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ പല നല്ല അദ്ധ്യാപകരുടെയും


കീഴില്‍ വിദ്യ അഭ്യസിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ തലത്തിലെ


അദ്ധ്യാപകര്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവര്‍ ഓരോ കുട്ടിയെയും


വ്യക്തിപരമായി അറിഞ്ഞിരുന്നു. പേര്, കുടുംബം, കുടുംബാന്തരീക്ഷം എന്നിവയെല്ലാം


അവര്‍ക്ക് ഏറെക്കുറെ അറിയാമായിരുന്നു. പഠിത്തത്തില്‍ പിന്നാക്കം നില്ക്കുന്നവരെ


മനസ്സിലാക്കി അവരെ പ്രത്യേകം ശ്രദ്ധിക്കയും, മുന്‍ നിരക്കാരെ പ്രോത്സഹിപ്പിക്കയും


ചെയ്തിരുന്നു.


എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ അങ്ങനെയൊരു വ്യക്തിബന്ധം ഞാന്‍ കണ്ടില്ല.


അദ്ധ്യാപകര്‍ പുസ്തകവുമായി വന്ന് ക്ലാസിനെ മൊത്തത്തില്‍ അഭിസംബോധന ചെയ്യുന്ന ഒരു


രീതിയായിരുന്നു സാധാരണമായി. സമയക്കുറവു കൊണ്ടോ, വിഷയത്തിന്‍റെ ഗൗരവം


കൊണ്ടോ അറിവിന്‍റെ ഒരു ചെറുവൃത്തത്തിലെ ചുറ്റിത്തിരിവ് മാത്രമായിരുന്നു


പലരുടെയും ക്ലാസ്സുകള്‍.


എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ ഒരു രീതിയായിരുന്നു ഹൃദയ കുമാരി


ടീച്ചറിന്‍റേത്. ഞാന്‍ ഒന്നാം വര്‍ഷം ഇന്‍റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍, ഒരു പുതിയ


അദ്ധ്യാപിക ഇംഗ്ലീഷിനായി വരുന്നുണ്ടെന്ന് അറിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍


ആകാംഷയോടെ വരാന്തയില്‍ ഇറങ്ങി കാത്തുനിന്നു. അകലെ അദ്ധ്യാപകരുടെയും


വിദ്യാര്‍ത്ഥികളുടെയും ഇടയിലൂടെ വെള്ള ഖദര്‍ വസ്ത്രമണിഞ്ഞ്


ചുറുചുറുക്കോടെ, നേരിയ മന്ദഹാസവുമായി വരുന്ന ടീച്ചറിനെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍


ക്ലാസ്സില്‍ കയറിയപ്പോഴേക്കും ടീച്ചറും എത്തിക്കഴിഞ്ഞു.


നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന പുസ്തകം ടീച്ചര്‍ മേശപ്പുറത്തു വച്ചു. മേശയ്ക്ക്


മുന്നിലേക്ക് വന്ന്, മേശയില്‍ ചാരി നിന്നു സ്വയം പരിചയപ്പെടുത്തി. ഞങ്ങള്‍ ഇതിനകം


പുസ്തകം തുറന്ന് കാത്തിരിക്കയാണ്. അപ്പോള്‍ ഒരു നിര്‍ദ്ദേശം, ഞാന്‍ പറയുമ്പോള്‍


പുസ്തകം തുറന്നാല്‍ മതി എന്ന്.

Pioneers of the Modern World എന്ന നോണ്‍ഡീറ്റൈയില്‍ഡ് പുസ്തകം ഞങ്ങള്‍


അടച്ച് നീക്കി വച്ചു. ആധുനിക ലോകത്തിലെ ഓരോ മേഖലയിലെയും വഴികാട്ടികളായ


വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രത്തലവന്മാര്‍, പോരാളികള്‍, വിപ്ലവകാരികള്‍


എന്നിവരുടെ ജീവചരിത്രമാണ് ആ പുസ്തകത്തില്‍. ടീച്ചര്‍ ഓരോരുത്തരെയായി


ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു. കൂടാതെ അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന


പുസ്തകങ്ങളുടെ പേരുകളും തന്നു. രണ്ടു മൂന്ന് ക്ലാസുകള്‍ ഇങ്ങനെ കഴിഞ്ഞപ്പോള്‍ പുസ്തകം

തുറന്ന് പഠിപ്പിക്കാന്‍ തുടങ്ങി. അതിനകം ഞങ്ങള്‍ ആഗോള തലത്തിലെ പല പ്രമുഖരെയും,


രാഷ്ട്രീയ സംഭവവികാസങ്ങളെയും പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. പൊതു വിജ്ഞാനം


എന്നൊരു മേഖല ഞങ്ങള്‍ക്ക് തുറന്നു തന്നത് ഹൃദയ ടീച്ചറായിരുന്നു.


ഒരു ദിവസം ടീച്ചര്‍ ഞങ്ങളോട് ചോദിച്ചു, പാഠപുസ്തകമല്ലാതെ


മറ്റെന്തെല്ലാം വായിക്കുമെന്ന്. മിക്കവാറും എല്ലാവരും പത്രവായനയില്‍ ഉത്തരം


ഒതുക്കി. അപ്പോള്‍ ടീച്ചര്‍ വായനയുടെ ആവശ്യത്തെക്കുറിച്ച് ഒരു ക്ലാസ്സെടുത്തു. വായന


അറിവ് വര്‍ദ്ധിപ്പിക്കുന്നതും, ശക്തരാക്കുന്നതും മറ്റും വിശദമായി പറഞ്ഞുതന്നു. ഒപ്പം


P.G.Wodehouse, Rider Haggard, Thomas Hardy, Sir Arthur Conan Doyle />

എന്നിവരുടെ പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു. അങ്ങനെ വിശാലമായ വായനയുടെ ലോകത്തിലേക്ക്


ഞങ്ങളെ കൈപിടിച്ചു നടത്തി.


ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ ലൈബ്രറി നോട്ട് ടീച്ചറിനെ കാണിച്ചു.


ടീച്ചര്‍ അത് ഓടിച്ചു നോക്കുകയുംExcellent എന്ന് എഴുതി ഒപ്പിടുകയും ചെയ്തു.


ഞാന്‍ ഇന്നും ആ ബുക്ക് ഒരു അമൂല്യ നിധിയായി സൂക്ഷിക്കുന്നു.


ഞാന്‍ B.Sc. യ്ക്ക് പഠിക്കുമ്പോള്‍ ഹൃദയടീച്ചര്‍ കവിതയാണ് പഠിപ്പിച്ചത്.


ഓരോ ക്ലാസും വേറിട്ട ഒരനുഭവമായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തില്‍ ആഴത്തില്‍


ഇറങ്ങി, ആസ്വദിച്ച്, അറിവിന്‍റെയും ആസ്വാദനത്തിന്‍റെയും മുത്തുകള്‍ വാരിയെടുത്ത്


കേള്‍വിക്കാര്‍ക്ക് നല്‍കുന്ന ഒരു രീതിയായിരുന്നു ടീച്ചറിന്‍റെത്. ശബ്ദം ക്രമീകരിച്ചുള്ള


വായനയിലും വിശദീകരണത്തിലും ഞങ്ങള്‍ ടീച്ചര്‍ക്കൊപ്പം അതുവരെ കണ്ടിട്ടില്ലാത്ത


ലോകങ്ങളിലൂടെ സഞ്ചരിച്ചിരുന്നു.


 The Forsaken Merman എന്ന കവിത വികാരവായ്പോടെ


ഹൃദയടീച്ചര്‍ പഠിപ്പിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആത്മാവിന്‍റെ രക്ഷയ്ക്കായി കരയിലേക്ക്


മടങ്ങിയ മാര്‍ഗററ്റിനെ തിരികെ വിളിച്ച് മക്കളുമായി തിരയില്‍ അലയുന്ന ഭര്‍ത്താവ്


മെര്‍മാനൊപ്പം ഞങ്ങളും പങ്കുചേര്‍ന്നു. മാര്‍ഗററ്റ് തന്‍റെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചതിന്‍റെ


ന്യായാന്യായങ്ങളെക്കുറിച്ച് ഞങ്ങള്‍ വാദിച്ചു.


 The Rime of the Ancient Mariner The Haystack in the Floods ഞങ്ങള്‍ ഏറ്റവും രസിച്ച ഒരു


കവിതയായിരുന്നു. ശാപഗ്രസ്തനായ കപ്പല്‍ക്കാരന്‍, ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയെ


കഴുത്തില്‍ അണിഞ്ഞ്, പ്രേതങ്ങളുടെ ഇടയില്‍ ഒറ്റയ്ക്ക് കഴിയുന്ന ചിത്രം ഞങ്ങള്‍ മനസ്സില്‍


കണ്ടു. ആഴക്കടലിലെ വൈവിധ്യമാര്‍ന്ന ജീവികള്‍ കെട്ടിമറിഞ്ഞ് നീന്തിത്തുടിക്കുന്നത് ഞങ്ങള്‍



വ്യക്തമായി കണ്ടു. വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന അസാമാന്യമായ


പാടവമായിരുന്നു ഹൃദയടീച്ചറിന്‍റെത്. അത് ആസ്വദിക്കുന്ന കാണികള്‍ ഞങ്ങളും.


The Haystack in the Floods  എന്ന കവിതയുടെ


ആമുഖമായി ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘനാളത്തെ പോരാട്ടങ്ങള്‍ ഒരു


ചരിത്ര ക്ലാസ്സിലെന്നപോലെ ഞങ്ങള്‍ കേട്ടിരുന്നു. കവിതയിലെ കമിതാക്കളായ


റോബര്‍ട്ടും, ജിഹേനും ഫ്രഞ്ച് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും,


ഗോഡ്മാര്‍ റോബര്‍ട്ടിനെ വധിക്കുന്നതും ഞങ്ങള്‍ വേദനയോടെ മനസ്സില്‍ കണ്ടു.


ശിക്ഷാവിധിക്കായി നദീപ്രവാഹമോ, തീക്കുണ്ഡമോ ജിഹേനെ കാത്തിരിക്കുന്നുവെന്ന


ഭാഗം ഞങ്ങളെ തീര്‍ത്തും ദുഃഖിതരാക്കി. വികാര നിര്‍ഭരമായ സ്വരത്തില്‍,


Had she come all the way for this

To part at last without a kiss?!

എന്ന വരികള്‍ ഹൃദയ ടീച്ചര്‍ ആവര്‍ത്തിച്ചപ്പോള്‍, കൗമാരക്കാരായ ഞങ്ങളുടെ കണ്ണുകള്‍


നിറഞ്ഞു. ഇത് അവതരണത്തിന്‍റെ ശ്രേഷ്ഠമായ തലമല്ലെങ്കില്‍ പിന്നെന്താണ്?


കാല്പനിക കവിതകള്‍ മാത്രമല്ല ടീച്ചര്‍ പ്രാഗത്ഭ്യത്തോടെ കൈകാര്യം ചെയ്തത്.


റോബട്ട് ബ്രൌണിംഗിന്‍റെ Rabbi Ben Ezra എന്ന ദാര്‍ശനിക കവിത എത്ര ലളിതമായി


ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു. ഗൗരവമേറിയ ചില തത്വങ്ങളാണ് വൃദ്ധനായ റബ്ബി തന്‍റെ


യുവശിഷ്യര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ജീവത ചക്രത്തിലെ ഏറ്റവും നല്ല ഭാഗമാണ്


വാര്‍ദ്ധക്യമെന്നും യൗവ്വനം അതിനു വേണ്ടിയുള്ള പ്രാരംഭ ഘട്ടമാണെന്നും റബ്ബി


സമര്‍ത്ഥിക്കുന്നു കുശവന്‍റെ കയ്യിലെ കളിമണ്ണാണ് മനുഷ്യന്‍ എന്ന് കവി ഓര്‍മ്മിപ്പിക്കുന്നു.


My times be in Thy hand!

Perfect the cup as planned! എന്ന വരികള്‍ ടീച്ചര്‍ വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍


മറ്റൊരു റബ്ബിയെ കണ്ടു.


ഞാന്‍ ട്രെയിനിംഗ് കോളജില്‍ പഠിപ്പിക്കുമ്പോള്‍ ഒരു ഉത്തമ അദ്ധ്യാപികയായി


വിദ്യാര്‍ത്ഥികള്‍ക്ക് കാട്ടിക്കൊടുത്തത് ഹൃദയ ടീച്ചറിനെയാണ്. അറിവിന്‍റെ ചെറു


വൃത്തത്തില്‍ നിന്ന് ജ്ഞാനത്തിന്‍റെ വിശാലമായ ലോകത്തിലേക്ക് കടക്കുവാനുള്ള വാതില്‍ ടീച്ചര്‍


ഞങ്ങള്‍ക്ക് തുറന്നു തന്നു. അറിവിന്‍റെ തലത്തില്‍ മാത്രം ഒതുങ്ങാതെ,


ധാരണയുടെയും, പ്രവൃത്തിയുടെയും, ആത്മീയതയുടെയും തലങ്ങളിലേക്ക് നയിക്കുന്ന


അദ്ധ്യാപകര്‍ മാത്രമാണ് ഗുരുവിന്‍റെ നിലയിലെത്തുക.

ഒരു അദ്ധ്യാപികയായിരുന്ന എന്നെ പൂര്‍ണ്ണമായും സ്വാധീനിച്ചിരുന്ന


വ്യക്തിയായിരുന്നു ഹൃദയടീച്ചര്‍. അറുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പരിശീലനം എന്‍റെ


ജീവിതശൈലിയെയും, വീക്ഷണത്തെയും രൂപപ്പെടുത്തിയെന്ന് ഞാന്‍ അഭിമാനത്തോടും


നന്ദിയോടും ഓര്‍ക്കുന്നു. ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ എന്നെ സ്നേഹത്തോടെ


ഓര്‍ക്കുന്നുവെങ്കില്‍ ആ ഓര്‍മ്മ ഞാന്‍ ഗുരുദക്ഷിണയായി ഹൃദയ ടീച്ചറിന്‍റെ കാല്ക്കല്‍


സമര്‍പ്പിക്കുന്നു.


 

Share :

Photo Galleries