Archives / February 2019

ചെറുതാഴം കൃഷ്ണൻ നമ്പൂതിരി
തത്ത്വമസി

പുരുഷായുസ്സിലൊതു-
ങ്ങാതേറും മോഹതരംഗം.
ശത്രുതയേറും നാട്ടിൽ
ശാന്തിക്കഭയം തേടുന്നേ!
ദേഹബലത്തിലേറും
ദേവാലയമതിലെങ്ങും.
കൂട്ടം കൂടിയിളക്കം
കൂട്ടും ,കച്ചവടമിതോ!
മത്സരമെങ്ങും ദേവാ,
മമത വെടിഞ്ഞേ പോയീ.
നിരനിരതെറ്റാതെ
നരവർഗ്ഗം തെറ്റുന്നെന്നായ്.
ശരികാണും വഴിയേ
ശരണമതില്ലാതെങ്ങും.
ആത്മീയത പകരു-
ന്നാത്മാർത്ഥത കൂടാതെങ്ങും.
അന്ധർ നയിക്കും കാല-
ത്തന്ധതയേറും ബിരുദം.
തത്ത്വം പെരുകുന്നെങ്ങും
തത്ത്വമസി,പൊരുളെങ്ങോ!

Share :