Archives / February 2019

ദിവ്യ.സി.ആർ
വിസ്മൃതിയിലേക്കൊരു നാൾ

'ഞാൻ എന്തിനാണീ നാട്ടിലേക്കു വന്നത് ?'
'ആരെ കാണാൻ ?'
    അറിയില്ല. ഈ നാടും നാട്ടുകാരും അപരിചിതമാണ്. പക്ഷെ.. കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞ് കുത്തനേയുള്ള റോഡിൽ നിന്നും താഴേക്കിറങ്ങുമ്പോൾ അപരിചിതത്വം തോന്നിയില്ല. ചിരപരിചിതമായ വഴികൾ..
ദാ..നോക്കൂ.. ഈ വളവിനപ്പുറത്തെ രണ്ടാമത്തെ വീട് !
കാലം തെറ്റിയ മൂവാണ്ടൻ മാവും ജരാനര പോലെ പടർന്നുകയറിയ മുല്ലയുമേറെ പരിചിതം. അവിടെ താൻ തിരഞ്ഞു വന്ന ആ മനുഷ്യനുണ്ട് !
   ജൻമാന്തരങ്ങൾക്കപ്പുറം ഒന്നു കാണുവാനായി ഓടിയെത്തിയതാണവൾ !

     പഴകിദ്രവിച്ച് ഇളകിവീഴാറായ ആ ഇരുമ്പ് ഗേറ്റ് മെല്ലെ തൊട്ടു. നേർത്തൊരു കരച്ചിലോടെ അത് തുറന്നു നീങ്ങി. ആ ശബ്ദം മാവിൽ താമസിച്ചിരുന്ന പക്ഷികളെ തെല്ലൊന്ന് അലോസരപ്പെടുത്തി. മുല്ലവള്ളിയിൽ വിടർന്ന പൂക്കൾ തങ്ങളെ ആരോ വിളിച്ചുണർത്തിയതിൽ പരിഭവിച്ച് വീണ്ടും പകൽമയക്കത്തിലേക്ക് വഴുതി.

   മുറ്റം നിറയെ മെത്ത വിരിച്ച കരിയിലകളിലൂടെ അവൾ നടന്നു. ചെറിയൊരു ഞരക്കത്തോടെ, ആകാശ നീലിമയിലേക്ക് പറന്നുയരാൻ വെമ്പൽകൊണ്ട പൂർവ്വകാലസ്മരണകൾ അയവിറക്കി കരിയിലകൾ ഞെരിഞ്ഞമർന്നു. ആ വീടിൻെറ വരാന്തയിലേക്കു കയറുമ്പോൾ ഓർമകളുടെ അസ്ത്രങ്ങൾ നൂറിരട്ടിയായി മനസ്സിലേക്ക് ഓടിയെത്തി. വാതിലിലൊന്നു തൊട്ടതേയുള്ളൂ.. അലർച്ചയോടെ തുറന്നുവന്നു.

     'ആരാണ് നീ ?' എന്ന് ചോദിക്കാൻ ധൈര്യപ്പെടാതെ കടവാവലുകൾ കൂട്ടത്തോടെ പറന്നകന്നു. നടുമുറ്റം കടന്ന് വലതു ഭാഗത്തെ ആദ്യത്തെ മുറി !

അത് ഞങ്ങളുടേതായിരുന്നു. ഞാനും നീയും ഒന്നായി ചേർന്ന ശ്വാസനിശ്വാസങ്ങളുടെ താളങ്ങൾ ആ മുറിയിൽ തങ്ങി നിൽക്കുന്നതായി തോന്നി. നിറം മങ്ങിത്തുടങ്ങിയ പീലി പോലെ നരച്ച ഓർമ്മകൾക്കു പിന്നാലെ അവളുടെ മനസ്സ് വീണ്ടും സഞ്ചരിച്ചു തുടങ്ങി.

    അടഞ്ഞ കണ്ണുകളിൽ തെളിഞ്ഞു തുടങ്ങിയ രൂപം അവൾക്കരുകിലെത്തി. അവൻെറ കർപ്പൂര വാസന ആ മുറിക്കുള്ളിൽ നിറയുന്നതവളറിഞ്ഞു. അതിലോലമായൊരു കാറ്റായി ആ കൈകൾ അവളെ തഴുകി. സ്വയം മറന്നൊരു അപസർപ്പകയെ പോലെയവൾ നിന്നു. തണുത്ത വിറയാർന്ന അധരങ്ങൾ നെറുകയിൽ തൊട്ടപ്പോൾ, അവൾ ഞെട്ടിയുണർന്നു..തൻെറ സ്വത്വം നഷ്ടപ്പെടുകയാണെന്നവൾക്ക് തോന്നി..

അയാളെ തള്ളിമാറ്റി ,ആധിപത്യം സ്ഥാപിച്ച ക്ഷുദ്രജീവികളെയും മാറാല തുന്നി കെട്ടിയ വാതിലുകളും പിന്നിട്ടവൾ മുറ്റത്തേക്കിറങ്ങി.

 വിസ്മൃതിക്ക് വീണ്ടുമൊരു തണുത്ത നാൾ സമ്മാനിക്കുമ്പോഴേക്കും അപരിചിതമായ നാട്ടിൽ നിന്നവൾ മടക്കയാത്ര ആരംഭിച്ചിരുന്നു.

Share :